Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

138 പന്തിൽ 350 റൺ; ഏകദിന ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി ലിവിങ്സ്റ്റൺ; ഇംഗ്ലീഷ് ക്ലബ് ക്രിക്കറ്റിൽ വിരിഞ്ഞത് പുതിയ റെക്കോർഡ്

138 പന്തിൽ 350 റൺ; ഏകദിന ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി ലിവിങ്സ്റ്റൺ; ഇംഗ്ലീഷ് ക്ലബ് ക്രിക്കറ്റിൽ വിരിഞ്ഞത് പുതിയ റെക്കോർഡ്

ലണ്ടൻ: ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി എന്ന നേട്ടം ഇപ്പോൾ അത്ര പുതുമയല്ല. എന്നാൽ ട്രിപ്പിൾ സെഞ്ച്വറി അപൂർവ നേട്ടം തന്നെയാണ്. അത്തരമൊരു ഇന്നിങ്‌സാണ് ഇംഗ്ലീഷ് ക്രിക്കറ്റ് താരം ലിയാം ലിവിങ്സ്റ്റൺ കാഴ്ചവച്ചത്.

ഇംഗ്ലീഷ് ക്ലബ്ബ് ക്രിക്കറ്റിലാണ് ലിവിങ്സ്റ്റൺ പുതിയ ചരിത്രമെഴുതിയത്. കാൾഡി ക്ലബ്ബിനെതിരായ 45 ഓവർ മത്സരത്തിൽ നാന്റ്‌വിച്ച് ക്ലബ്ബിനായി ലിവിങ്സ്റ്റൺ നേടിയത് 138 പന്തിൽ 350 റൺസ്. 34 ഫോറും 27 സിക്‌സറുകളുമടങ്ങുന്നതായിരുന്നു ലിവിങ്സ്റ്റണിന്റെ ഇന്നിങ്‌സ്.

ലിംവിങ്സ്റ്റണിന്റെ ബാറ്റിങ് വെടിക്കെട്ടിൽ ടീം നേടിയത് 579 റണ്ണാണ്. ഇന്ത്യയിലെ സ്‌കൂൾ ക്രിക്കറ്റിൽ നിഖിലേഷ് സുരേന്ദ്രൻ നേടിയ 334 റൺസായിരുന്നു പരിമിത ഓവർ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറായി രേഖപ്പെടുത്തിയിരുന്നത്. ഇതാണ് ഇപ്പോൾ ലിവിങ്സ്റ്റൺ തിരുത്തിയെഴുതിയിരിക്കുന്നത്.

കാൾഡിയുടെ മൂന്ന് ബൗളർമാർ 100 റൺസിലേറെ വഴങ്ങി. കാൾഡി ബാറ്റ്‌സ്മാന്മാരുടെ മറുപടിയാകട്ടെ കേവലം 79 റൺസിലൊതുങ്ങി. നാന്റ്‌വിച്ച് സ്വന്തമാക്കിയത് 500 റൺസിന്റെ വമ്പൻ ജയവും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇതുവരെ അരങ്ങേറിയിട്ടില്ലാത്ത ലിവിങ്സ്റ്റൺ ഇംഗ്ലീഷ് ക്രിക്കറ്റിന് മുതൽക്കൂട്ടാവുമോ എന്നു കാത്തിരിക്കുകയാണ് ആരാധകർ.

2008 ഒക്‌ടോബറിൽ ഹൈദരാബാദ് സെന്റ് ജോൺസ് ജൂനിയർ കോളജിനു വേണ്ടി പുറത്താകാതെ 334 റൺസ് നേടിയാണു പാലക്കാട്ടുകാരനായ നിഖിലേഷ് സുരേന്ദ്രൻ ഏറ്റവും വലിയ പരിമിത ഓവർ സ്‌കോറെന്ന റെക്കോർഡ് സ്വന്തമാക്കിയത്. സ്‌കൂൾ ഏകദിന ടൂർണമെന്റുകളിലെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോറാണിത്. ബൂസ്റ്റ് അണ്ടർ 16 ഇന്റർ സ്‌കൂൾസ് ടൂർണമെന്റിൽ സെന്റ് ജോൺസിനു വേണ്ടി ഓപ്പണറായി ഇറങ്ങിയ നിഖിലേഷ് 176 പന്തുകളിൽ നിന്നാണ് 54 ബൗണ്ടറികളടക്കം ഈ കൂറ്റൻ സ്‌കോർ നേടിയത്. എതിരാളികളായ ബ്രില്യന്റ് ഗ്രാമർ സ്‌കൂൾ ടീം 48ൽ പുറത്തായതോടെ 510 റൺസിന്റെ വിജയമാണ് സെന്റ് ജോൺസ് അന്നു നേടിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP