Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മിച്ചൽ ജോൺസൺ എറിഞ്ഞ ബൗൺസർ പതിച്ചത് കോലിയുടെ നെറ്റിയിൽ; ഹ്യൂസിനെ ഓർത്ത് ഓസീസ് താരങ്ങൾക്ക് പരിഭ്രാന്തി

മിച്ചൽ ജോൺസൺ എറിഞ്ഞ ബൗൺസർ പതിച്ചത് കോലിയുടെ നെറ്റിയിൽ; ഹ്യൂസിനെ ഓർത്ത് ഓസീസ് താരങ്ങൾക്ക് പരിഭ്രാന്തി

അഡ്‌ലെയ്ഡ്: ഒരു ബൗൺസറിൽ പൊലിഞ്ഞത് ഫിൽ ഹ്യൂസെന്ന് ഓസീസ് ബാറ്റ്‌സ്മാന്റെ ജീവനായിരുന്നു. ഇങ്ങനെ ഫിൽ ഹ്യൂസിന്റെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന അഡ്‌ലൈഡ് ക്രിക്കറ്റ് ടെസ്റ്റിൽ മിച്ചൽ ജോൺസൺ എറിഞ്ഞ ബൗൺസർ ആശങ്കകൾക്ക് ഇടയാക്കി. ഓസീസ് പേസ് ബൗളർ മിച്ചൽ ജോൺസൺ എറിഞ്ഞ പന്ത് ഇന്ത്യൻ നായകൻ വിരാട് കോലിയുടെ നെറ്റിയിൽ പതിച്ചതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. ഉച്ചഭക്ഷണത്തിന് മുമ്പുള്ള അവസാന ഓവറിലാണ് ആകാംക്ഷ നിറഞ്ഞ നിമിഷങ്ങൾക്ക് കളിക്കളം സാക്ഷിയായത്.

ഓസീസ് ബൗളർ മിച്ചൽ ജോൺസൺ ഓവറിലെ ആദ്യ പന്ത് എറിയാൻ റൺ അപിലെത്തി. നേരിടാനൊരുങ്ങി ഇന്ത്യൻ നായകൻ വിരാട് കോലിയും നിന്നും. ജോൺസൺ എറിഞ്ഞ ബൗൺസറിൽ നിന്നും വഴുതിമാറാൻ കോലിക്ക് കഴിഞ്ഞില്ല. പന്ത് ഇന്ത്യൻ നായകന്റെ കെൽമെറ്റിൽ അടിക്കുകയായിരുന്നു. വേഗതയിലുള്ള ബൗൺർ ഏറ്റ് കോലി ഹെൽമറ്റ് അഴിച്ചുമാറ്റുന്നത് കണ്ട് ഓസീസ് താരങ്ങൾ അദ്ദേഹത്തിന് നേരെ ഓടിയെത്തി.

ഹ്യൂഗ്‌സിന് അപകടം നടക്കുമ്പോൾ ദൃക്‌സാക്ഷികളായിരുന്ന ഹാഡിൻ, വാട്‌സൺ, വാർണർ, ലയോൺ എന്നിവരായിരുന്നു ഇവരിൽ മുൻപന്തിയിൽ. ആകാംക്ഷ നിറഞ്ഞ മുഖഭാവത്തോടെ ബൗളർ ജോൺസണും കോലിയുടെ അരികിലെത്തി. തനിക്ക് കുഴപ്പമൊന്നുില്ലെന്ന് കോലി വ്യക്തമാക്കിയതോടെയാണ് ഓസീസ് താരങ്ങൾ പിരിഞ്ഞുപോയത്. കുഴപ്പമില്ലെന്നും കളി പുനഃരാരംഭിക്കാമെന്നും കോലി പറഞ്ഞതോടെ റൺ അപിലേക്ക് മടങ്ങുകയായിരുന്ന മിച്ചൽ ജോൺസന്റെ തലമുടിയിലൂടെ കൈകളോടിച്ച് ക്ലാർക്ക് തോളിൽ തട്ടി ആശ്വസിപ്പിക്കുന്നതും കാണാമായിരുന്നു.

പരമ്പരയിൽ കോലി നേരിട്ട ആദ്യ പന്തായിരുന്നു മിച്ചൽ ജോൺസന്റേത്. മുരളി വിജയ് ഒരു ഷോട്ട് ബോൾ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ വിക്കറ്റിന് പിറകിൽ ക്യാച്ച് നൽകിയ മടങ്ങിയതിനുശേഷമുള്ള ജോൺസന്റെ അടുത്ത പന്താണ് കുനിഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിച്ച കോലിയുടെ കണക്കുകൂട്ടൽ തെറ്റിച്ച് ഹെൽമറ്റിന്റെ ഇടതുവശത്ത് ഇടിച്ചത്.

നവംബർ 27നണ് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഷെഫീൽഡ് ഷീൽഡ് മത്സരത്തിനിടെ ഷോൺ ആബട്ട് എറിഞ്ഞ പന്ത് തലയിൽ കൊണ്ട് ഫിലിപ്പ് ഹ്യൂസ് മരിച്ചത്. ഹ്യൂസിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ഓസ്‌ട്രേലിയ ആരംഭിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP