Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെല്ലുവിളിച്ച ഡാരൻ ലീമാന് മക്കല്ലത്തിന്റെ മറുപടി; കുറഞ്ഞ സ്‌കോറുകൾ പിറന്ന മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ന്യൂസിലൻഡിന് നാടകീയ ജയം; ഓസീസിന്റെ നടുവൊടിച്ച ബോൾട്ട് മാൻ ഓഫ് ദ മാച്ച്

വെല്ലുവിളിച്ച ഡാരൻ ലീമാന് മക്കല്ലത്തിന്റെ മറുപടി; കുറഞ്ഞ സ്‌കോറുകൾ പിറന്ന മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ന്യൂസിലൻഡിന് നാടകീയ ജയം; ഓസീസിന്റെ നടുവൊടിച്ച ബോൾട്ട് മാൻ ഓഫ് ദ മാച്ച്

ഓക്‌ലൻഡ്: ലോകകപ്പിലെ ആതിഥേയരുടെ പോരാട്ടത്തിൽ ന്യൂസിലൻഡിനു ജയം. കുറഞ്ഞ സ്‌കോറുകളുടെ പോരാട്ടത്തിൽ ഒരു വിക്കറ്റിനാണ് ന്യൂസിലൻഡ് ഓസ്‌ട്രേലിയയെ തോൽപ്പിച്ചത്.

മറ്റു ടീമുകൾക്കെതിരായ വെടിക്കെട്ടു പ്രകടനം തങ്ങൾക്കെതിരെ ആവർത്തിക്കാൻ ധൈര്യമുണ്ടോ എന്ന് മത്സരത്തിനു മുമ്പ് ഓസ്‌ട്രേലിയൻ പരിശീലകൻ ഡാരൻ ലീമാൻ ന്യൂസിലൻഡ് നായകൻ ബ്രൻഡൻ മക്കല്ലത്തെ വെല്ലുവിളിച്ചിരുന്നു. 21 പന്തിൽ നേടിയ അർധസെഞ്ച്വറിയിലൂടെയാണ് ഇതിന് ഇന്നത്തെ മത്സരത്തിലൂടെ മക്കല്ലം മറുപടി നൽകിയത്.

എന്നാൽ, ഓസ്‌ട്രേലിയയെ കുറഞ്ഞ സ്‌കോറിന് പുറത്താക്കിയെങ്കിലും ജയിക്കാൻ ഒമ്പതു വിക്കറ്റുകളാണ് ന്യൂസിലൻഡിനു ബലി കഴിക്കേണ്ടി വന്നത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ 32.2 ഓവറിൽ 151 റണ്ണിന് എല്ലാവരും പുറത്താകുകയായിരുന്നു.

ഏഴു പന്തിൽ 14 റണ്ണുമായി ആരോൺ ഫിഞ്ചും 42 പന്തിൽ 34 റണ്ണുമായി ഡേവിഡ് വാർണറും തുടക്കത്തിൽ ആഞ്ഞടിച്ചപ്പോൾ ആദ്യ ഓവറുകളിൽ റൺ മഴയായിരുന്നു. മൂന്നാം ഓവറിൽ ഫിഞ്ച് പുറത്താകുമ്പോൾ ഓസ്‌ട്രേലിയൻ സ്‌കോർ 30 ആയിരുന്നു. തുടർന്നെത്തിയ വാട്‌സൺ 23 റണ്ണെടുത്തു പുറത്താകുമ്പോൾ 13 ഓവറിൽ രണ്ടിന് 80 ആയിരുന്നു ഓസ്‌ട്രേലിയ.

എന്നാൽ പിന്നീട് മുൻ ലോകചാമ്പ്യന്മാരുടെ ബാറ്റിങ് നിര തകർന്നു തരിപ്പണമായി. ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക് 12നും സ്റ്റീവൻ സ്മിത്ത് നാലിനും ഗ്ലെൻ മാക്‌സ്‌വെൽ ഒന്നിനും പുറത്തായി. മിച്ചൽ മാർഷിന് സ്‌കോർ തുറക്കാൻ പറ്റിയില്ല. വിക്കറ്റ് കീപ്പർ ബ്രാഡ് ഹാഡിൻ 41 പന്തിൽ രണ്ടു സിക്‌സും നാലു ഫോറുമുൾപ്പെടെ നേടിയ 43 റണ്ണാണ് ഓസീസിനെ 150 കടത്തിയത്.

ന്യൂസിലൻഡിനു വേണ്ടി ട്രെന്റ് ബോൾട്ട് 27 റണ്ണിന് അഞ്ചുവിക്കറ്റു വീഴ്‌ത്തി. ബോൾട്ടിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ആണിത്. ബോൾട്ടാണ് കളിയിലെ കേമനും. രണ്ടാം സ്‌പെല്ലിനെത്തിയ ബോൾട്ട് എറിഞ്ഞ അഞ്ചോവറിലാണ് അഞ്ചുവിക്കറ്റും വീണത്. ഇതിൽ മൂന്നോവറിൽ ഓസീസിന് റണ്ണൊന്നും നേടാനായില്ല. മറ്റു രണ്ടോവറിൽ നിന്ന് വെറും രണ്ടുറണ്ണാണ് ഓസീസിനു ലഭിച്ചത്. സൗത്തിയും വെട്ടോറിയും രണ്ടുവിക്കറ്റ് വീതം വീഴ്‌ത്തി. കോറി ആൻഡേഴ്‌സണ് ഒരു വിക്കറ്റു ലഭിച്ചു.

മറുപടിക്കിറങ്ങിയ ന്യൂസിലൻഡ് തുടക്കത്തിൽ ബ്രൻഡൻ മക്കല്ലത്തിന്റെ അതിവേഗ അർധസെഞ്ച്വറിയുടെ കരുത്തിൽ സ്‌കോർ ഉയർത്തിയെങ്കിലും പിന്നീട് തകർന്നു. ആറുവിക്കറ്റു നേടിയ മിച്ചൽ സ്റ്റാർക്കാണ് ന്യൂസിലൻഡിനെ തകർത്തത്. 21 പന്തിൽ അർധ സെഞ്ച്വറി നേടിയ മക്കല്ലം മൂന്നു പന്തുകൾ കൂടി നേരിട്ട് അതേ സ്‌കോറിനു പുറത്തായി. 7.4 ഓവറിൽ രണ്ടിന് 78 റണ്ണായിരുന്നു മക്കല്ലം പുറത്താകുമ്പോൾ ന്യൂസിലൻഡിന്റെ സ്‌കോർ. പിന്നീട് റോസ് ടെയ്‌ലർ (1), ഗ്രാന്റ് എലിയട്ട് (0), ലൂക്ക് റോഞ്ചി (6), വെട്ടോറി (2) തുടങ്ങിയവർ കുറഞ്ഞ സ്‌കോറിന് പുറത്തായി.

ഒടുവിൽ 24-ാം ഓവറിൽ വിജയലക്ഷ്യമായ 152 റണ്ണിൽ എത്തുമ്പോഴേക്കും ഒമ്പതുവിക്കറ്റ് ന്യൂസിലൻഡിന് നഷ്ടമായിരുന്നു. കെയ്ൻ വില്യംസൺ 45 റണ്ണുമായി പുറത്താകാതെ നിന്നതാണ് ന്യൂസിലൻഡിന് തുണയായത്. കോറി ആൻഡേഴ്‌സൺ 26 റണ്ണെടുത്തു.

ഓസീസിനു വേണ്ടി പാറ്റ് കമ്മിൻസ് രണ്ടും മാക്‌സ്‌വെൽ ഒരു വിക്കറ്റും വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP