Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കാർഡിഫ് ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം; സുരേഷ് റെയ്‌നയ്ക്ക് സെഞ്ച്വറി; ജഡേജയ്ക്ക് 4 വിക്കറ്റ്‌

കാർഡിഫ് ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം; സുരേഷ് റെയ്‌നയ്ക്ക് സെഞ്ച്വറി; ജഡേജയ്ക്ക് 4 വിക്കറ്റ്‌

കാർഡിഫ്: കാർഡിഫ് ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 133 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകർത്തത്. സെഞ്ച്വറി നേടിയ സുരേഷ് റെയ്‌നയാണ് മാൻ ഓഫ് ദ മാച്ച്. ഇന്ത്യക്കുവേണ്ടി രവീന്ദ്ര ജഡേജ 4 വിക്കറ്റ് വീഴ്‌ത്തി. പുതുതായി ടീം ഡയറക്ടർ പദവി ഏറ്റെടുത്ത രവി ശാസ്ത്രിക്ക് ഗംഭീര ജയത്തോടെയാണ് ടീം ഇന്ത്യ വരവേൽപ് നൽകിയത്.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിൽ  ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത  ഇന്ത്യ കൂറ്റൻ സ്‌കോറാണ് പടുത്തുയർത്തിയത്. സുരേഷ് റെയ്‌നയുടെ സെഞ്ച്വറിയുടെ ബലത്തിൽ ഇന്ത്യ ആറ് വിക്കറ്റിന് 304 റണ്ണെടുത്തു. ഇന്ത്യയുടെ ബാറ്റിങ് കഴിഞ്ഞയുടൻ മഴ പെയ്തതിനാൽ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 47 ഓവറിൽ 295 റൺസായി നിശ്ചയിച്ചു. എന്നാൽ 38.1 ഓവറിൽ 161 റൺസിന് ഇംഗ്ലണ്ട് ഓൾ ഔട്ടായി.

74 പന്തിലാണ് റെയ്‌ന സെഞ്ച്വറി നേടിയത്. റെയ്‌നയുടെ നാലാം സെഞ്ച്വറിയാണിത്. ഇംഗ്ലണ്ടിനെതിരെയും വിദേശത്തും ആദ്യ സെഞ്ച്വറിയാണ് റെയ്‌ന സ്വന്തം പേരിൽ കുറിച്ചത്. ഓപ്പണർ രോഹിത് ശർമയും ക്യാപ്റ്റൻ എം എസ് ധോണിയും അർധസെഞ്ച്വറി നേടി. 87 പന്തിൽ ഒരു സിക്‌സും നാല് ഫോറുമുൾപ്പെടെയാണ് രോഹിത് 52 റൺസെടുത്തത്. ധോണി 51 പന്തിൽ 52 റണ്ണെടുത്തു. രഹാനെ 41, ശിഖർ ധവാൻ 11, അശ്വിൻ 10, ജഡേജ 9 എന്നിങ്ങനെയാണ് ഇന്ത്യയുടെ മറ്റു ബാറ്റ്‌സ്മാന്മാരുടെ സ്‌കോർ. വിരാട് കോഹ്‌ലി പൂജ്യത്തിന് പുറത്തായി.

ധവാനും രോഹിത് ശർമയും ചേർന്നാണ് ഇന്ത്യൻ ഇന്നിങ്‌സ് ഓപ്പൺ ചെയ്തത്. എന്നാൽ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ആദ്യ 10 ഓവറിൽ വെറും 26 റണ്ണാണ് ഇന്ത്യയെടുത്തത്. ധവാനും കോഹ്‌ലിയും പത്തോവറിനുള്ളിൽ പുറത്താകുകയും ചെയ്തു. രോഹിത് ശർമയും അജിൻക്യ രഹാനെയും ചേർന്നാണ് ഇന്ത്യൻ ഇന്നിങ്‌സിനെ പിടിച്ചുയർത്തിയത്. ഇരുവരും മൂന്നാം വിക്കറ്റിൽ 91 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി. റെയ്‌നയും ധോണിയും ചേർന്ന കൂട്ടുകെട്ട് 144 റൺസാണ് നേടിയത്.

മറുപടി ബാറ്റിങ്ങിനെത്തിയ ഇംഗ്ലണ്ടിന്റെ തുടക്കം ഗംഭീരമായിരുന്നെങ്കിലും അത് നിലനിർത്താൻ അവർക്കായില്ല. നാല് വിക്കറ്റ് വീഴ്‌ത്തിയ രവീന്ദ്ര ജഡേജയാണ് ഇംഗ്ലണ്ടിന്റെ നട്ടെല്ലൊടിച്ചത്. മുഹമ്മദ് ഷാമിയും ആർ അശ്വിനും രണ്ടുവിക്കറ്റ് വീതം വീഴ്‌ത്തി. ഭുവനേശ്വർ കുമാറും റെയ്‌നയും ഓരോ വിക്കറ്റും സ്വന്തമാക്കി. 40 റൺസെടുത്ത അലക്‌സ് ഹെയിൽസാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ.

അഞ്ചു മത്സര പരമ്പരയിൽ ഇന്ത്യയിപ്പോൾ 1-0ന് മുന്നിലാണ്. മൂന്നാം മത്സരം 30ന് നോട്ടിങ്ഹാമിൽ നടക്കും. കഴിഞ്ഞ ദിവസം ബ്രിസ്‌റ്റോളിൽ നടക്കേണ്ടിയിരുന്ന പരമ്പരയിലെ ആദ്യ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ടെസ്റ്റ് പരമ്പരയിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ ഏകദിനത്തിന് ഇറങ്ങിയത്. ഏകദിന പരമ്പര നേടി മുഖം രക്ഷിക്കേണ്ട അവസ്ഥയിലാണ് ഇന്ത്യൻ ടീം. മലയാളി താരം സഞ്ജു സാംസൺ ഏകദിന പരമ്പരയിലെ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇന്നത്തെ മത്സരത്തിൽ അവസരം ലഭിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP