Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡിവില്ലിയേഴ്‌സിന്റെ തകർപ്പൻ സെഞ്ച്വറി; പിന്തുണയുമായി കോഹ്‌ലിയും; ബംഗളൂരുവിന്റെ ബാറ്റിങ് കരുത്തിനു മുന്നിൽ മുട്ടുമടക്കി മുംബൈ

ഡിവില്ലിയേഴ്‌സിന്റെ തകർപ്പൻ സെഞ്ച്വറി; പിന്തുണയുമായി കോഹ്‌ലിയും; ബംഗളൂരുവിന്റെ ബാറ്റിങ് കരുത്തിനു മുന്നിൽ മുട്ടുമടക്കി മുംബൈ

മുംബൈ: തന്റെ രണ്ടാം ഐപിഎൽ സെഞ്ച്വറിയുമായി എ ബി ഡിവില്ലിയേഴ്‌സും അർദ്ധസെഞ്ച്വറിയുമായി വിരാട് കൊഹ്‌ലിയും കളംനിറഞ്ഞപ്പോൾ സ്വന്തം ഗ്രൗണ്ടിൽ മുംബൈ ഇന്ത്യൻസിനു തോൽവി.

നിർണായക മൽസരത്തിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്‌സിനോട് 39 റൺസിനു തോറ്റതോടെ മുംബൈ പോയിന്റ് പട്ടികയിൽ വീണ്ടും രണ്ടാം പകുതിയിലേക്കിറങ്ങി. ആർസിബി ഒരുക്കിയ 236 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം തേടി ബാറ്റുചെയ്ത മുംബൈ ഇന്ത്യൻസിന്റെ പോരാട്ടം 20 ഓവറിൽ ഏഴിന് 196 റൺസ് എന്ന നിലയിൽ അവസാനിക്കുകയായിരുന്നു.

മുംബൈ ഇന്ത്യൻസിനുവേണ്ടി ലെൻഡൽ സിമ്മൺസ് പുറത്താകാതെ 68 റൺസും കെയ്‌റോൺ പൊള്ളാർഡ് 49 റൺസും നേടി. രോഹിത് ശർമ്മ(15), അമ്പാട്ടി റായിഡു(14) ഉൾപ്പടെയുള്ളവർ നിരാശപ്പെടുത്തി. ബംഗളുരുവിനുവേണ്ടി ഹർഷൽ പട്ടേൽ രണ്ടു വിക്കറ്റ് നേടി. മുംബൈയ്‌ക്കെതിരായ ജയത്തോടെ 11 മൽസരങ്ങളിൽനിന്ന് 13 പോയിന്റുമായി നാലാം സ്ഥാനത്തെത്തിയ ആർസിബി പ്ലേഓഫ് സാധ്യതകൾ സജീവമാക്കി. എന്നാൽ 12 കളികളിൽനിന്ന് 12 പോയിന്റുമായി ആറാം സ്ഥാനത്തായ മുംബൈയ്ക്ക് ഇനിയുള്ള മൽസരങ്ങളെല്ലാം ജയിച്ചെങ്കിൽ മാത്രമെ പ്ലേ ഓഫ് സാധ്യതയുള്ളു. സെഞ്ച്വറി നേടിയ ഡിവില്ലിയേഴ്‌സാണ് മാൻ ഓഫ് ദ മാച്ച്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ബംഗളൂരു റോയൽചലഞ്ചേഴ്‌സ് 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 235 റൺസ് അടിച്ചുകൂട്ടുകയായിരുന്നു. ഈ സീസണിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന ടീം സ്‌കോറായിരുന്നു ഇത്. 133 റൺസുമായി പുറത്താകാതെ നിന്ന ഡിവില്ലിയേഴ്‌സും 82 റൺസുമായി ഒപ്പമുണ്ടായിരുന്ന വിരാട് കൊഹ്ലിയും ചേർന്ന് മുംബൈ ബൗളർമാരെ അടിച്ചുപറത്തി. നാലു സിക്‌സറും 19 ബൗണ്ടറികളും ഉൾപ്പടെ 59 പന്തിൽനിന്നാണ് ഡിവില്ലിയേഴ്‌സ് രണ്ടാമത്തെ ഐപിഎൽ സെഞ്ച്വറി നേടിയത്. ഈ സീസണിലെ മൂന്നാമത്തെ സെഞ്ച്വറിയും ഏറ്റവുമുയർന്ന വ്യക്തിഗത സ്‌കോറുമാണ് ഡിവില്ലിയേഴ്‌സ് മുംബൈയ്‌ക്കെതിരെ നേടിയത്. 50 പന്ത് നേരിട്ട വിരാട് കൊഹ്‌ലി ആറു ബൗണ്ടറികളും നാലു സിക്‌സറുകളും ഉൾപ്പടെയാണ് 82 റൺസെടുത്തത്.

ഡിവില്ലിയേഴ്‌സ് - കൊഹ്‌ലി സഖ്യം രണ്ടാം വിക്കറ്റിൽ വേർപിരിയാതെ 215 റൺസാണ് നേടിയത്. ഐപിഎല്ലിലെ ഏറ്റവും മികച്ച പാർട്ട്ണർഷിപ്പാണിത്. 2013ൽ ഗെയ്‌ലും ദിൽഷനും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽനേടിയ 167 റൺസിന്റെ റെക്കോർഡാണ് ഡിവില്ലിയേഴ്‌സും കൊഹ്‌ലിയും ചേർന്ന് പഴങ്കഥയാക്കിയത്.

നേരത്തെ 13 റൺസെടുത്ത ക്രിസ് ഗെയ്‌ലിന്റെ വിക്കറ്റാണ് ആർസിബിക്ക് നഷ്ടമായത്. ടീം സ്‌കോർ 20ൽ നിൽക്കെ ഗെയ്‌ലിനെ മലിംഗയാണ് പുറത്താക്കിയത്.

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ 13നാണ് ബംഗളൂരു റോയൽ ചലഞ്ചേഴ്‌സിന്റെ അടുത്ത മൽസരം. മെയ് 14ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായാണ് മുംബൈ ഇന്ത്യൻസിന്റെ അടുത്ത കളി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP