Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാക്കിസ്ഥാൻ ചരിത്രം തിരുത്തിയില്ല; ഇന്ത്യക്ക് അതിനാകുമോ? മോക്കാ മോക്കാ പരസ്യം അറംപറ്റുമോ എന്ന പേടിയിൽ ആരാധകർ; കളി തോറ്റ് സൈബർ ലോകത്തിന്റെ തെറിവിളി വാങ്ങില്ലെന്നുറപ്പിച്ച് ധോണിയും കൂട്ടരും

പാക്കിസ്ഥാൻ ചരിത്രം തിരുത്തിയില്ല; ഇന്ത്യക്ക് അതിനാകുമോ? മോക്കാ മോക്കാ പരസ്യം അറംപറ്റുമോ എന്ന പേടിയിൽ ആരാധകർ; കളി തോറ്റ് സൈബർ ലോകത്തിന്റെ തെറിവിളി വാങ്ങില്ലെന്നുറപ്പിച്ച് ധോണിയും കൂട്ടരും

പാകിസ്ഥാൻ ആരാധകരെ കളിയാക്കി സ്റ്റാർ സ്പോർട്സ് പരസ്യം സംപ്രേഷണം ചെയ്തപ്പോൾ ഇന്ത്യക്കാർക്ക് അത് ഏറെ ബോധിച്ചു. പാക്കിസ്ഥാനെ തുടർച്ചയായി ആറാം ലോകകപ്പ് മത്സരത്തിൽ കീഴടക്കിയപ്പോൾ സ്റ്റാർ സ്പോർട്സ് നിർത്തിയിടത്തു നിന്ന് സൈബർ ലോകം കളിയാക്കൽ തുടരുകയും ചെയ്തു.

അപ്പോഴിതാ പുതിയ 'മോക്കാ മോക്കാ' പരസ്യവുമായി സ്റ്റാർ സ്‌പോർട്‌സിന്റെ രംഗപ്രവേശം. ദക്ഷിണാഫ്രിക്കയാണ് ഇക്കുറി എതിരാളികൾ. ലോകകപ്പിൽ മൂന്നു മത്സരങ്ങൾ മണ്ടേലയുടെ നാട്ടുകാരുമായി കളിച്ചിട്ടും ഇതുവരെ ഇന്ത്യക്ക് ജയം നേടാനായിട്ടില്ല. പുതിയ പരസ്യത്തിൽ വിഷയം ഇതുതന്നെയാണ്.

ഇത്തവണ ജയിച്ചാൽ ഈ പടക്കം പൊട്ടിക്കാൻ നിങ്ങൾക്കും ഒരവസരം എന്ന രീതിയിലാണ് പരസ്യം. ദക്ഷിണാഫ്രിക്കൻ ജേഴ്‌സി അണിഞ്ഞെത്തുന്ന ആരാധകർ ഇന്ത്യൻ ആരാധകർക്ക് ഒരു പെട്ടി പടക്കം നൽകുന്നതാണ് പരസ്യത്തിന്റെ ഇതിവൃത്തം. സൈബർ ലോകം പരസ്യവും വെല്ലുവിളിയും ഏറ്റെടുത്തതോടെ ഇനി തോൽക്കാൻ കഴിയില്ലെന്ന അവസ്ഥയിലാണ് ധോണിയും കൂട്ടുകാരും.

ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിച്ചാൽ പൊട്ടിക്കാനായി പാക് ആരാധകൻ കരുതിവെക്കുന്ന പടക്കം കഴിഞ്ഞ അഞ്ചു ലോകകപ്പുകളിലും പൊട്ടിക്കാനാവാത്തതിന്റെ സങ്കടം ചിത്രീകരിച്ചാണ് സ്റ്റാർ സ്പോർട്സ് നേരത്തെ പരസ്യം അവതരിപ്പിച്ചത്. ഈ പരസ്യം സോഷ്യൽ മീഡിയയിൽ ആകെ തരംഗമാകുകയും ചെയ്തു. സ്റ്റാർ സ്‌പോട്‌സിന്റെ ഈ പരസ്യത്തിനെതിരെ പാക് ടെലിവിഷൻ ചാനൽ മറുപടി പരസ്യം തയാറാക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ വീണ്ടും ഇന്ത്യ തന്നെ വിജയിച്ചതോടെ പരസ്യത്തെ അടിസ്ഥാനമാക്കി നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.

1992 ലോകപ്പിലെ ആദ്യം ഇന്ത്യാപാക് പോരാട്ടം മുതൽ തുടരുന്ന പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ സമ്പൂർണ വിജയ റെക്കോർഡിനെ അടിസ്ഥാനമാക്കിയായിരുന്നു സ്റ്റാർ സ്പോർട്സ് പരസ്യം തയാറാക്കിയത്. ലോകകപ്പിൽ ആദ്യമായി ഇന്ത്യ-പാക് പോരാട്ടം നടന്ന 1992ലെ ലോകപ്പിൽ പാക് വിജയം ആഘോഷിക്കാനൊരുങ്ങുന്ന ആരാധകനിലൂടെയാണ് പരസ്യം തുടങ്ങുന്നത്. മത്സരത്തിൽ പാക്കിസ്ഥാൻ തോറ്റതോടെ പടക്കമെടുത്ത് അട്ടത്തുവെയ്ക്കുന്ന ആരാധകൻ 1996ലും 1999ലും 2003ലും 2011ലും പടക്കം പൊട്ടിക്കാനായി പൊടി തട്ടിയെടുക്കുന്നുണ്ടെങ്കിലും അപ്പോഴോക്കെയും വിജയം ഇന്ത്യക്കൊപ്പം നിന്നു.

പഴയ പരസ്യത്തെ കളിയാക്കിയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിക്കുന്നത്. ഇതിനു പിന്നാലെയാണ് പുതിയ പരസ്യം വന്നത്. എന്തായാലും ഇന്ത്യൻ ആരാധകൻ പടക്കം പൊട്ടിക്കുമോ അതോ ചരിത്രം തിരുത്താനാകാതെ ഇന്ത്യൻ ടീം തലകുനിക്കേണ്ടി വരുമോ എന്നു കാണാൻ ഞായറാഴ്ച വരെ കാത്തിരിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP