Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു ഇന്നിങ്‌സിൽ 1000 റൺസ് എടുത്തിട്ടും ഓട്ടോക്കാരന്റെ മകൻ ടീമിൽ ഇല്ല; സച്ചിന്റെ മകനെ തിരുകി കയറ്റിയെന്ന് ആരോപണം; ഒന്നും മിണ്ടാതെ ക്രിക്കറ്റ് ദൈവവും

ഒരു ഇന്നിങ്‌സിൽ 1000 റൺസ് എടുത്തിട്ടും ഓട്ടോക്കാരന്റെ മകൻ ടീമിൽ ഇല്ല; സച്ചിന്റെ മകനെ തിരുകി കയറ്റിയെന്ന് ആരോപണം; ഒന്നും മിണ്ടാതെ ക്രിക്കറ്റ് ദൈവവും

വഡോദര: ലോക ക്രിക്കറ്റിന്റെ കണ്ണിൽ സച്ചിൻ ടെണ്ടുൽക്കർ എന്ന അത്ഭുത പ്രതിഭയെ ലോകം അറിയുന്നത് സ്‌കൂൾ ക്രിക്കറ്റിൽ വിനോദ് കാംബ്ലിക്കൊപ്പം ചേർന്ന് നടത്തിയ ലോക റെക്കോർഡ് പ്രകടനമായിരുന്നു. ഈ പ്രകടനമായിരുന്നു അദ്ദേഹത്തിന് ഇന്ത്യൻ ക്രിക്കറ്റിലേക്ക് വഴിതുറക്കാൻ ഇടയാക്കിയതും. അത്തരത്തിൽ ഒരു അത്ഭുത പ്രകടനത്തിലൂടെയാണ് പ്രണവ് ധൻവാഡെ എന്ന കൊച്ചു പയ്യൻ ക്രിക്കറ്റ് ലോകത്ത് അറിയപ്പെട്ടതും. എന്നാൽ, പ്രണവിന് മുന്നോട്ടു പോകാൻ തടസമായി നിൽക്കുന്നത് ഇതിഹാസ താരത്തിന്റെ മകനാണ്. സച്ചിന്റെ മകൻ അർജുൻ ടെണ്ടുൽക്കറിന് വേണ്ടി ഓട്ടോറിക്ഷാ ഡ്രൈവറുടെ മകനായ പ്രണവ ധൻവാഡെയെ ഒഴിവാക്കിയെന്നതിനെ ചുല്ലിുള്ള വിവാദം കൊഴുക്കുകയാണ്.

സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കർ അണ്ടർ16 മേഖലാ ടൂർണമെന്റിനുള്ള വെസ്റ്റ് സോൺ ടീമിൽ ഇടംനേടിയതാണ് വിവാദമായത്. ഒരു ഇന്നിങ്‌സിൽ പുറത്താകാതെ 1009 റൺ നേടി റെക്കോർഡിട്ട മുംബൈയിലെ ഓട്ടോറിക്ഷാ ഡ്രൈവറിന്റെ മകനായ പ്രണവ് ധൻവാഡെയെ തഴഞ്ഞാണ് അർജുനെ ടീമിൽ ഉൾപ്പെടുത്തിയത്. കളിമികവിനേക്കാൾ പണത്തിനും പ്രശസ്തിക്കും താൽപ്പര്യം നൽകുന്നിടമാണ് ക്രിക്കറ്റ് ലോകം. അതുകൊണ്ട് തന്നെ ഓട്ടോറിക്ഷാ ഡ്രൈവറിന്റെ മകനായതുകൊണ്ടാണ് പ്രണവ് തഴയപ്പെട്ടതെന്നും അർജുൻ ടീമിൽ ഇടം കണ്ടെത്തിയത് സച്ചിന്റെ മകനെന്ന 'യോഗ്യത'യുടെ പേരിലാണെന്നുമാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന പ്രധാന വിമർശനം.

ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഒരു ഇന്നിങ്‌സിൽ ആയിരം റൺസ് അടിച്ചെടുത്താണ് മുംബൈയിൽ സ്‌കൂൾ വിദ്യാർത്ഥിയായ പ്രണവ് ലോകശ്രദ്ധയിലെത്തിയത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ അണ്ടർ-16 ഇന്റർ സ്‌കൂൾ ടൂർണമെന്റിലാണ്, പ്രണവ് ധനവാഡെ (15) പുറത്താകാതെ 1009 റൺസ് നേടി ചരിത്രം കുറിച്ചത്. 323 പന്തിൽ 395 മിനിറ്റിലായിരുന്നു പ്രണവിന്റെ അവിശ്വസനീയ പ്രകടനം. 129 ഫോറും 59 സിക്‌സും. സ്‌ട്രൈക്ക് റേറ്റ്312.38. ക്രിക്കറ്റിന്റെ ഏതു ഫോർമാറ്റിലും ഒരു ഇന്നിങ്‌സിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറാണിത്. 1899ൽ ഇംഗ്ലണ്ടിലെ ഒരു ക്ലബ് മൽസരത്തിൽ ആർതർ കോളിൻസ് കുറിച്ച 628 റൺസിന്റെ 117 വർഷം പഴക്കമുള്ള റെക്കോർഡാണു പ്രണവ് മറികടന്നത്.

അതേസമയം, ഓൾറൗണ്ടറെന്ന പേരിൽ കായികരംഗത്ത് ശ്രദ്ധ നേടിയ താരമാണ് അർജുൻ തെൻഡുൽക്കർ ബാറ്റുകൊണ്ടും ബോളുകൊണ്ടും അർജുൻ നടത്തിയ പ്രകടനങ്ങൾ പലകുറി ദേശീയ ശ്രദ്ധനേടിയിരുന്നു. ഇതിന് പുറമെ, പ്രണവിന്റെ റെക്കോർഡ് നേട്ടം 10 വയസിൽ താഴെയുള്ള ബോളർമാർക്കെതിരെ ആയിരുന്നെന്നും സച്ചിന്റെ മകനെ ടീമിൽ ഉൾപ്പെടുത്തിയതിനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, സച്ചിന്റെ മകൻ എന്ന നിലയിലുള്ള പരിഗണന തന്നെയാണ് അർജുന് പലയിടത്തും ഗുണം ചെയ്തതെന്നാണ് പൊതുവിലയിരുത്തൽ.

അതേസമയം ചെറിയ ബൗണ്ടറിയും പ്രണവിന്റെ റെക്കോർഡ് നേട്ടത്തിൽ സഹായകരമായെന്നാണ് ഉയരുന്നു മറ്റൊരു വിമർശനം. എതിർടീമിലെ ഫീൽഡർമാർ കുറഞ്ഞത് 25 തവണയെങ്കിലും 'കൈവിട്ട്' സഹായിച്ചതാണ് പ്രണവിനെ റൺ കൊടുമുടിയിലെത്തിച്ചതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ജൂൺ ആറു മുതൽ ഹൂബ്ലിയിലാണു 'വിവാദ' ടൂർണമെന്റ്. ഒ എം ഭോസ്ലെയാണ് നായകൻ. ഇന്ത്യൻ ജൂനിയർ ടീം സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്ത ടീം ബറോഡ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സ്‌നേഹൽ പരീഖാണ് പ്രഖ്യാപിച്ചത്. അതേസമയം വിവാദം മുറുകുമ്പോൾ ഇതേക്കുറിച്ച് മൗനം പാലിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP