Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രോഹിത്തിന്റെ മിന്നും സെഞ്ച്വറി വിഫലമായി; ഡുമിനിയും ഡിവിലിയേഴ്‌സും തിളങ്ങിയപ്പോൾ 200 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്കു പരമ്പരയിലെ ആദ്യ ജയം

രോഹിത്തിന്റെ മിന്നും സെഞ്ച്വറി വിഫലമായി; ഡുമിനിയും ഡിവിലിയേഴ്‌സും തിളങ്ങിയപ്പോൾ 200 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്കു പരമ്പരയിലെ ആദ്യ ജയം

ധർമശാല: തകർപ്പൻ സെഞ്ച്വറിയുമായി രോഹിത് ശർമ കളം നിറഞ്ഞാടിയിട്ടും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി 20യിൽ ഇന്ത്യക്കു തോൽവി. ജെ പി ഡൂമിനിയും എ ബി ഡിവില്ലിയേഴ്‌സും ബാറ്റിലൂടെ മറുപടി പറഞ്ഞപ്പോൾ 200 റൺസിന്റെ വിജയലക്ഷ്യം രണ്ടു പന്തു ബാക്കി നിൽക്കെ മറികടന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശർമയുടെ സെഞ്ചുറിയുടെ മികവിൽ 199 റൺസാണ് അടിച്ചുകൂട്ടിയത്. എന്നാൽ, ഹാഷിം അംലയും (24 പന്തിൽ 36)ഡിവില്ലിയേഴ്‌സും (32 പന്തിൽ 51) തുടങ്ങിവച്ച തിരിച്ചടി ഡൂമിനിയും (34 പന്തിൽ 68 നോട്ടൗട്ട്) ബെഹാർദ്ദീനും(23 പന്തിൽ 32 നോട്ടൗട്ട്) ചേർന്ന് പൂർത്തിയാക്കിയതോടെ പരമ്പരയിലെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കയ്ക്കു സ്വന്തമായി.

സ്‌കോർ ഇന്ത്യ 20 ഓവറിൽ 3ന് 199, ദക്ഷിണാഫ്രിക്ക 19.4 ഓവറിൽ 3ന് 200. ഡൂമിനിയാണ് കളിയിലെ കേമൻ.

ആദ്യ വിക്കറ്റിൽ 7.4 ഓവറിൽ 77 റൺസ് കൂട്ടിച്ചേർത്തപ്പോൾ അനായാസ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വപ്‌നം കണ്ടത്. എന്നാൽ മൂന്നിനു 95 എന്ന നിലയിലേക്ക് വീണുപോയ ദക്ഷിണാഫ്രിക്ക കളി കൈവിടുമെന്ന ഘട്ടത്തിലേക്കു പതിച്ചു. തുടർന്നു ക്രീസിലെത്തിയ ഡൂമിനി ആളിക്കത്തിയതോടെ അപ്രാപ്യമെന്ന് തോന്നിച്ച ജയം ദക്ഷിണാഫ്രിക്ക അടിച്ചെടുക്കുകയായിരുന്നു.

ഏഴ് സിക്‌സറും ഒരു ബൗണ്ടറിയുടമടക്കമാണു ഡുമിനി 68 റൺസെടുത്തത്. ഡൂമിനി കനത്ത മഞ്ഞുവീഴ്ചമൂലം ബൗളർമാർക്ക് പന്ത് ഗ്രിപ്പ് ചെയ്യാൻ കഴിയാഞ്ഞതും ഇന്ത്യക്ക് വിനയായി. 26 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത അശ്വിനൊഴികെയുള്ള ബൗളർമാരെല്ലാം ഓവറിൽ 10 റൺസിനുമുകളിൽ വിട്ടുകൊടുത്തപ്പോൾ ജയം ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പം നിന്നു.

ഇന്ത്യക്കുവേണ്ടി 66 പന്തിലാണ് രോഹിത് ശർമ 106 റൺസെടുത്തത്. ടീം സ്‌കോർ 22ൽ നിൽക്കെ റണ്ണൗട്ടിന്റെ രൂപത്തിൽ ധവാനെ(3)നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ രോഹിത്‌കൊഹ്‌ലി സഖ്യം 138 റൺസ് അടിച്ചു കൂട്ടി. 27 പന്തിൽ 43 റൺസുമായി കൊഹ്‌ലി രോഹിതിന് മികച്ച പങ്കാളിയായി. പതിനാറാം ഓവറിൽ രോഹിത് സെഞ്ചുറി തികച്ചയുടനെ കൊഹ്‌ലി പുറത്തായി. തൊട്ടു പിന്നാലെ 66 പന്തിൽ 106 റൺസെടുത്ത രോഹിതും 14 റൺസെടുത്ത റെയ്‌നയും വീണു.

ഇന്നിങ്‌സിലെ അവസാന പന്ത് സിക്‌സറിന് പറത്തിയ ക്യാപ്റ്റൻ ധോണിയാണ് ദക്ഷിണാഫ്രിക്കൻ വിജയലക്ഷ്യം 200 ആക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ആബട്ട് 29 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP