Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

യുഎഇയെ തകർത്ത് ഇന്ത്യ ക്വാർട്ടറിൽ; ജയം ഒമ്പതു വിക്കറ്റിന്; നാലുവിക്കറ്റെടുത്ത അശ്വിൻ മാൻ ഓഫ് ദ മാച്ച്; രോഹിത്തിന് അർധ സെഞ്ച്വറി; യുഎഇയുടെ മലയാളി താരം കൃഷ്ണചന്ദ്രൻ നാലുറണ്ണിന് പുറത്തായി

യുഎഇയെ തകർത്ത് ഇന്ത്യ ക്വാർട്ടറിൽ; ജയം ഒമ്പതു വിക്കറ്റിന്; നാലുവിക്കറ്റെടുത്ത അശ്വിൻ മാൻ ഓഫ് ദ മാച്ച്; രോഹിത്തിന് അർധ സെഞ്ച്വറി; യുഎഇയുടെ മലയാളി താരം കൃഷ്ണചന്ദ്രൻ നാലുറണ്ണിന് പുറത്തായി

പെർത്ത്: ലോകകപ്പ് ക്രിക്കറ്റ് പൂൾ ബിയിലെ മൂന്നാം മത്സരത്തിൽ ദുർബലരായ യുഎഇയ്‌ക്കെതിരെ ഇന്ത്യക്കു ജയം. യുഎഇ ഉയർത്തിയ 103 റൺ വിജയലക്ഷ്യം വെറും 18.5 ഓവറിൽ ഇന്ത്യ മറികടന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത യുഎഇ 31.3 ഓവറിൽ 102 റൺസിന് പുറത്തായി. ആർ അശ്വിന്റെ നാലുവിക്കറ്റ് പ്രകടനത്തിനു മുന്നിലാണ് യുഎഇ ബാറ്റിങ് നിര തകർന്നടിഞ്ഞത്. അശ്വിനാണ് മാൻ ഓഫ് ദ മാച്ച്.

ഇന്ത്യൻ ബൗളർമാർക്കു മുന്നിൽ തുടക്കം മുതൽ തന്നെ യുഎഇയ്ക്കു പിഴച്ചു. രണ്ടാം ഓവറിൽ ആന്ദ്രി ബെറെങ്ങറെ ധോണിയുടെ കൈയിലെത്തിച്ച് ഉമേഷ് യാദവാണ് വിക്കറ്റുവേട്ടയ്ക്കു തുടക്കമിട്ടത്. അഞ്ചാം ഓവറിൽ അംജദ് അലിയെ ധോണിയുടെ കൈയിൽ തന്നെ എത്തിച്ച് ഭുവനേശ്വർ കുമാർ ലോകകപ്പിലെ തന്റെ ആദ്യ വിക്കറ്റു സ്വന്തമാക്കി. ഇരുവരും നാലുറൺ വീതമാണെടുത്തത്.

യുഎഇയുടെ മലയാളി താരം കൃഷ്ണചന്ദ്രന്റേതായിരുന്നു പിന്നീടുള്ള ഊഴം. 11-ാം ഓവറിൽ അശ്വിന്റെ പന്തിൽ റെയ്‌നയ്ക്കു പിടികൊടുക്കുമ്പോൾ വെറും നാലുറൺ മാത്രമാണ് കൃഷ്ണചന്ദ്രനും നേടിയിരുന്നത്. പിന്നീട് ഏഴു റണ്ണെടുത്ത ഇന്ത്യൻ വംശജൻ സ്വപ്നിൽ പാട്ടീലിനെയും 14 റണ്ണെടുത്ത ഖുറം ഖാനെയും ആറു റണ്ണെടുത്ത വാലറ്റക്കാരൻ മുഹമ്മദ് നവീദിനെയും അശ്വിൻ മടക്കി.

35 റൺസെടുത്ത ഷായിമാൻ അൻവറാണ് യുഎഇ നിരയിലെ ടോപ് സ്‌കോറർ. അൻവറിനെ ഉമേഷ് യാദവ് ക്ലീൻ ബൗൾഡാക്കി. രവീന്ദ്ര ജഡേജയ്ക്കും രണ്ടു വിക്കറ്റു ലഭിച്ചു. മോഹിത് ശർമയും ഒരു വിക്കറ്റ് വീഴ്‌ത്തിയതോടെ ഇന്ത്യക്കു വേണ്ടി ഇന്നു പന്തെറിഞ്ഞവർക്കെല്ലാം വിക്കറ്റു ലഭിച്ചു.

ചെറിയ സ്‌കോർ പിന്തുടരാനെത്തിയ ഇന്ത്യൻ ഓപ്പണർമാർ പതിയെയാണു തുടങ്ങിയത്. 14 റണ്ണെടുത്ത ശിഖർ ധവാൻ പുറത്താകുമ്പോൾ ഏഴാം ഓവറിൽ 29 റൺ മാത്രമായിരുന്നു ഇന്ത്യയുടെ സ്‌കോർ ബോർഡിൽ. മുഹമ്മദ് നവീദാണ് ധവാനെ പുറത്താക്കിയത്. അർധ സെഞ്ച്വറി നേടിയ (55 പന്തിൽ 10 ഫോറും ഒരു സിക്‌സുമുൾപ്പെടെ 57) രോഹിത് ശർമയ്ക്കു കൂട്ടായി വിരാട് കോഹ്‌ലി എത്തിയതോടെ കൂടുതൽ വിക്കറ്റു നഷ്ടമില്ലാതെ ഇന്ത്യ വിജയതീരമണഞ്ഞു. കോഹ്‌ലി 41 പന്തിൽ അഞ്ചു ഫോറുൾപ്പെടെ 33 റണ്ണെടുത്തു. മലയാളി താരം കൃഷ്ണചന്ദ്രൻ മൂന്നു ഓവറിൽ 17 റൺ വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.

പരിക്കേറ്റ മീഡിയം പേസർ മുഹമ്മദ് ഷമിയെ കൂടാതെയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ആദ്യ മൂന്നു മത്സരങ്ങൾ ജയിച്ച ഇന്ത്യ ഇപ്പോൾ ഗ്രൂപ്പിൽ ആറു പോയിന്റുമായി ഒന്നാമതാണ്. യുഎഇ. മൂന്നു കളിയും തോറ്റു. ഇന്നത്തെ ജയത്തോടെ ഇന്ത്യ ക്വാർട്ടർ ബർത്ത് ഉറപ്പാക്കി. വെള്ളിയാഴ്ച വെസ്റ്റ് ഇൻഡീസുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP