Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചരിത്രത്തിലാദ്യമായി ന്യൂസിലൻഡ് ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ; ആവേശപ്പോരാട്ടത്തിൽ ജയം നാലുവിക്കറ്റിന്; ഹതഭാഗ്യരായ ദക്ഷിണാഫ്രിക്കയ്ക്ക് നിറകണ്ണുകളോടെ വിട

ചരിത്രത്തിലാദ്യമായി ന്യൂസിലൻഡ് ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ; ആവേശപ്പോരാട്ടത്തിൽ ജയം നാലുവിക്കറ്റിന്; ഹതഭാഗ്യരായ ദക്ഷിണാഫ്രിക്കയ്ക്ക് നിറകണ്ണുകളോടെ വിട

ഓക്‌ലൻഡ്: മഴ തടസപ്പെടുത്തിയ ലോകകപ്പ് സെമി ഫൈനൽ മത്സരം കാണികൾക്ക് ആവേശം പകർന്ന് അവസാനിച്ചപ്പോൾ ചിരി തൂകിയത് ന്യൂസിലൻഡ്. നിരാശരാണെങ്കിലും വിജയത്തോടടുത്ത പോരാട്ടം നടത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് തലയുയർത്തിത്തന്നെ മടങ്ങാം.

43 ഓവറായി ചുരുക്കിയ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ അഞ്ചുവിക്കറ്റിന് 281 റണ്ണാണ് ദക്ഷിണാഫ്രിക്ക നേടിയത്. ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരം ന്യൂസിലൻഡിന്റെ വിജയലക്ഷ്യം 43 ഓവറിൽ 298 റണ്ണായി പുനർനിർണയിച്ചു. മറുപടിക്കിറങ്ങിയ ന്യൂസിലാൻഡ് ഒരു പന്തു ശേഷിക്കെ ലക്ഷ്യത്തിലെത്തി. 73 പന്തിൽ മൂന്നു സിക്‌സും 7 ഫോറുമായി പുറത്താകാതെ 84 റണ്ണെടുത്ത ഗ്രാന്റ് എലിയട്ടാണ് ന്യൂസിലൻഡിനെ വിജയതീരത്തിലെത്തിച്ചത്.

സ്‌കോർ: ദക്ഷിണാഫ്രിക്ക അഞ്ചിന് 281 (43 ഓവർ); ന്യൂസിലൻഡ് ആറിന് 299 (42.5 ഓവർ).

മഴ ഇക്കുറിയും ദക്ഷിണാഫ്രിക്കയ്ക്കു വില്ലനായ കാഴ്ചയാണ് ഇന്നും ലോകകപ്പ് വേദിയിൽ കണ്ടത്. 1992ൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ മഴനിയമം ചതിച്ച ദക്ഷിണാഫ്രിക്ക മടങ്ങുന്നത് ഇന്നും നിറകണ്ണുകളോടെയാണ് കളിപ്രേമികൾ ഓർക്കുന്നത്. മഴ തടസപ്പെടുത്തും മുമ്പ് നാനൂറും കടന്ന് പോകുന്ന ഒരു സ്‌കോർ തന്നെ ദക്ഷിണാഫ്രിക്ക നേടുമെന്നായിരുന്നു ആരാധകർ കരുതിയിരുന്നത്. മഴയിൽ ഓവർ വെട്ടിക്കുറച്ചപ്പോൾ ദക്ഷിണാഫ്രിക്ക പരമാവധി റൺ നേടിയെങ്കിലും വിജയം നേടാൻ അതു മതിയാകില്ലായിരുന്നു. ഇതു നാലാം തവണയാണ് സെമി ഫൈനലിൽ ദക്ഷിണാഫ്രിക്ക തോറ്റുമടങ്ങുന്നത്. ആറാം തവണ സെമിയിലെത്തിയ ന്യൂസിലൻഡ് സ്വന്തം തട്ടകത്തിൽ ഇക്കുറി വിജയം കാണുകയും ചെയ്തു.

മികച്ച നിരക്കിലാണ് ന്യൂസിലൻഡ് റണ്ണടിച്ചുകൂട്ടിയത്. തുടക്കത്തിൽ തന്നെ തകർപ്പൻ ബാറ്റിങ്ങാണ് ഓപ്പണർ കൂടിയായ ക്യാപ്റ്റൻ ബ്രൻഡൻ മക്കല്ലം കാഴ്ചവച്ചത്. 26 പന്തിൽ 4 സിക്‌സും 8 ഫോറുമുൾപ്പെടെ 59 റണ്ണെടുത്താണ് മക്കല്ലം പുറത്തായത്. 6.1 ഓവറിൽ 71 റണ്ണായിരുന്നു സ്‌കോർ ബോർഡിൽ.

ഒമ്പതാം ഓവറിൽ വെറും ആറു റണ്ണിന് കെയ്ൻ വില്യംസൺ പുറത്തായതോടെ ന്യൂസിലൻഡ് സമ്മർദത്തിൽ ആകുമെന്നു തോന്നിച്ചെങ്കിലും മാർട്ടിൻ ഗുപ്ടിലും (34), റോസ് ടെയ്‌ലറും (30) രക്ഷാപ്രവർത്തനം നടത്തി. ഇരുവരും പുറത്തായതോടെ ഒത്തുചേർന്ന ഗ്രാന്റ് എലിയട്ടും കോറി ആൻഡേഴ്‌സണും (58) ന്യൂസിലൻഡിനെ വിജയതീരത്തിലേക്ക് അടുപ്പിക്കുമെന്നു തോന്നിച്ച ഘട്ടത്തിലാണ് ആൻഡേഴ്‌സണെ പുറത്താക്കി മോണി മോർക്കൽ ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. ആ ഘട്ടത്തിൽ 30 പന്തിൽ 46 റണ്ണാണ് ന്യൂസിലാൻഡിന് വേണ്ടിയിരുന്നത്.

പിന്നാലെ വന്ന ലൂക്ക് റോഞ്ചി എട്ടു റണ്ണുമായി മടങ്ങിയപ്പോൾ ന്യൂസിലൻഡ് പിന്നെയും പ്രതിസന്ധിയിലായി. ആ ഘട്ടത്തിൽ ജയിക്കാൻ വേണ്ടിയിരുന്നത് 17 പന്തിൽ 29 റൺ. എലിയട്ടിനെ റണ്ണൗട്ടാക്കാൻ ലഭിച്ച അവസരം വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്ക് നഷ്ടമാക്കുക്കയും ചെയ്തു. 42-ാം ഓവറിലെ അവസാന പന്തിൽ ഗ്രാന്റ് എലിയട്ടിന്റെ ക്യാച്ച് ബൗണ്ടറി ലൈനിനരികിൽ കൈവിട്ടത് അവിശ്വസനീയതയോടെയാണ് ദക്ഷിണാഫ്രിക്കൻ ആരാധകർ കണ്ടത്. ഒരോവറിൽ 12 റൺ വേണ്ടിയിരുന്നു ന്യൂസിലൻഡിനപ്പോൾ.

സ്റ്റെയിൻ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് വെട്ടോറിയുടെ ബാറ്റിൽ കൊള്ളാതെ പോയെങ്കിലും ന്യൂസിലൻഡ് ഒരു റൺ നേടി. രണ്ടാം പന്തിൽ എലിയട്ട് സിംഗിളെടുത്തു. മൂന്നാം പന്തിൽ വെട്ടോറി ബൗണ്ടറി പായിച്ചു. വിജയം മൂന്നു പന്തിൽ ആറു റണ്ണകലെ. അടുത്ത പന്ത് ബാറ്റിൽ കൊള്ളാതെ പോയെങ്കിലും ഒരു റൺ ന്യൂസിലൻഡ് നേടി. അഞ്ചാം പന്തിൽ സ്റ്റെയ്‌നെ സിക്‌സർ പായിച്ച് എലിയട്ട് ന്യൂസിലൻഡിന് മത്സരവും ഫൈനൽ ബർത്തും സമ്മാനിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി മോണി മോർക്കൽ മൂന്നും സ്റ്റെയ്‌നും ജെ പി ഡുമിനിയും ഓരോ വിക്കറ്റും വീഴ്‌ത്തി.

ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ ഡിവില്ലിയേഴ്‌സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഘട്ടത്തിലെ തകർച്ചയിൽ നിന്ന് കരകയറിയ ദക്ഷിണാഫ്രിക്കയ്ക്കു തുണയായത് ക്യാപ്റ്റൻ എ ബി ഡിവില്ലിയേഴ്‌സിന്റെ വെടിക്കെട്ടും ഫാ ഡുപ്ലെസിയുടെ 82 റണ്ണുമാണ്. 38 ഓവറിൽ 216/3 എന്ന നിലയിൽ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുമ്പോഴാണ് മഴ കളി തടസപ്പെടുത്തിയത്.

38 പന്തിൽ 60 റൺസുമായി ഡിവില്ലിയേഴ്‌സും 106 പന്തിൽ 82 റൺസുമായി ഫാഫ് ഡുപ്ലെസിയുമായിരുന്നു അപ്പോൾ ക്രീസിൽ. പിന്നീടുള്ള അഞ്ച് ഓവറിൽ 65 റണ്ണാണ് ദക്ഷിണാഫ്രിക്ക അടിച്ചുകൂട്ടിയത്. 107 പന്തിൽ 82 റണ്ണുമായി ഡുപ്ലെസി പുറത്തായപ്പോൾ 45 പന്തിൽ 65 റണ്ണുമായി ഡിവില്ലിയേഴ്‌സ് പുറത്താകാതെ നിന്നു. ഡേവിഡ് മില്ലർ 18 പന്തിൽ 49 റണ്ണെടുത്തു. ഡുമിനി എട്ടു റണ്ണുമായി പുറത്താകാതെ നിന്നു.

ഹാഷിം ആംല (10), ഡി കോക് (14), റില്ലി റൂസ്വോ (39) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്മാർ. ന്യൂസിലൻഡിനായി കോറി ആൻഡേഴ്‌സൺ മൂന്നുവിക്കറ്റും ട്രെന്റ് ബോൾട്ട് രണ്ടു വിക്കറ്റും നേടി.

ഇതുവരെ ലോകകപ്പ് ഫൈനൽ കളിച്ചിട്ടില്ലാത്ത ടീമുകളാണ് ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും. അതിനാൽതന്നെ ഇന്നത്തെ മത്സരം ചരിത്രത്തിലാണ് ഇടംപിടിച്ചത്. 26ന് സിഡ്‌നിയിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടക്കുന്ന സെമി ഫൈനലിൽ ആരു ജയിക്കുമെന്നു കാത്തിരിക്കുകയാണ് ആരാധകർ. 29ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഫൈനൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP