Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യക്കു നാണംകെട്ട തോൽവി; അവസാന ഓവറിൽ അഞ്ചുവിക്കറ്റു കൈയിലിരിക്കെ വെറും 8 റൺസെടുക്കാൻ കഴിയാതെ ധോണിപ്പട മുട്ടുമടക്കി

സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യക്കു നാണംകെട്ട തോൽവി; അവസാന ഓവറിൽ അഞ്ചുവിക്കറ്റു കൈയിലിരിക്കെ വെറും 8 റൺസെടുക്കാൻ കഴിയാതെ ധോണിപ്പട മുട്ടുമടക്കി

ഹരാരെ: ഇന്ത്യയെ നാണംകെടുത്തി ആദ്യ ട്വന്റി 20 മത്സരത്തിൽ സിംബാബ്‌വെയ്ക്കു ജയം. അവസാന ഓവറിൽ അഞ്ചുവിക്കറ്റു കൈയിലിരിക്കെ വെറും എട്ടു റൺസെടുക്കാൻ കഴിയാതെയാണ് ഇന്ത്യൻ ടീം മുട്ടുമടക്കിയത്.

ക്യാപ്റ്റൻ എം എസ് ധോണി ക്രീസിലുണ്ടായിട്ടും ഇന്ത്യക്കു ലക്ഷ്യം കാണാനായില്ല. സിംബാബ്‌വെയുടെ സ്‌കോറിനു രണ്ടു റൺസ് അകലെ ഇന്ത്യ കിതച്ചുവീഴുകയായിരുന്നു.

ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വെ നിശ്ചിത ഓവറിൽ ആറിന് 170 റൺസെടുത്തു. ഓൾറൗണ്ടർ എൽട്ടൻ ചിഗുംബുരയുടെ അതിവേഗ അർധസെഞ്ച്വറിയാണു പൊരുതാവുന്ന സ്‌കോറിലേക്ക് സിംബാബ്‌വെയെ നയിച്ചത്.

ചിഗുംബുര 26 പന്തിൽ ഒരു ഫോറും ഏഴു സിക്‌സും ഉൾപ്പെടെ 54 റൺസെടുത്തു പുറത്താകാതെ നിന്നു. തുടക്കം തകർന്ന സിംബാബ്‌വെയെ കരകയറ്റിയതും ഈ ഇന്നിങ്‌സാണ്. മാൽക്കം വാളർ 30ഉം ഹാമിൽടൺ മസകാദ്‌സ 25ഉം റൺസെടുത്തു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ രണ്ടു വിക്കറ്റെടുത്തു. റിഷി ധവാൻ, അക്ഷർ പട്ടേൽ, യുസ്‌വേന്ദ്ര ചഹാൽ എന്നിവർ ഓരോ വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ പന്തിൽ തന്നെ ഏകദിന പരമ്പരയുടെ താരമായ ലോകേഷ് രാഹുലിന്റെ വിക്കറ്റു നഷ്ടമായി. നിർണായക ഘട്ടങ്ങളിൽ വിക്കറ്റുകൾ വീഴ്‌ത്താൻ കഴിഞ്ഞതാണ് സിംബാബ്‌വെയ്ക്കു നേട്ടമായത്. അവസാന ഓവറിൽ ഇന്ത്യക്കു ജയിക്കാൻ എട്ടു റൺസ് മാത്രം മതിയായിരുന്നു. ധോണിയും അക്ഷർ പട്ടേലുമായിരുന്നു ക്രീസിൽ. ആദ്യ മൂന്നോവറിൽ നന്നായി തല്ലുകൊണ്ട നെവിൽ മദ്‌സീവയായിരുന്നു പന്തെറിയാൻ വന്നത്. ഇതോടെ ഇന്ത്യൻ ആരാധകർ ജയമുറപ്പിക്കുകയും ചെയ്തു.

ആദ്യ പന്തിൽ ധോണി സിംഗിളെടുത്തു. എന്നാൽ, രണ്ടാം പന്തിൽ ലോങ് ഓഫിലേക്കു പന്തു പായിച്ച അക്ഷർ പട്ടേൽ പകരക്കാരൻ ഫീൽഡറുടെ കൈയിൽ ഒതുങ്ങി. 9 പന്തിൽ 18 റൺസെടുത്താണ് പട്ടേൽ മടങ്ങിയത്. മൂന്നാം പന്തിൽ വീണ്ടും ധോണി ഒരു റൺസെടുത്തു. നാലാം പന്തിൽ റൺസെടുക്കാൻ കഴിയാത്ത റിഷി ധവാനു തൊട്ടടുത്ത പന്ത് വൈഡ് എറിഞ്ഞ് ഒരു റൺസ് ദാനം ചെയ്യുകയും ചെയ്തു.

അഞ്ചാം പന്തിൽ ധവാൻ ഒരു റൺസെടുത്തതോടെ അവസാന പന്തിൽ നാലു റൺസായിരുന്നു ഇന്ത്യക്കു വേണ്ടിയിരുന്നത്. ഡീപ് പോയിന്റിലേക്കു പന്തു പായിച്ച ധോണിക്ക് ഒരു റൺസ് മാത്രമാണു നേടാനായത്.

35 പന്തിൽ 48 റൺസെടുത്ത മനീഷ് പാണ്ഡെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. മൻദീപ് സിങ് 31 റൺസെടുത്തു. സിംബാബ്‌വെയ്ക്കായി ചാമു ചിഭാഭയും ടൗറായ് മുസറാബാനിയും രണ്ടു വിക്കറ്റു വീതം വീഴ്‌ത്തി. ഡൊണാൾഡ് തിരിപാനോയും നെവിൽ മദ്‌സീവയും ഓരോ വിക്കറ്റുവീഴ്‌ത്തി.

ഇന്ത്യൻ ബൗളർമാരെ തച്ചുതകർത്ത ചിഗുംബുരയാണു മാൻ ഓഫ് ദ മാച്ച്. ഇന്ത്യയോട് ഏകദിന പരമ്പരയിലേറ്റ സമ്പൂർണ തോൽവിക്കുള്ള മധുരപ്രതികാരം കൂടിയായി സിംബാബ്‌വെയുടെ ജയം. ചഹാൽ, ധവാൻ, മൻദീപ് സിങ്, ലോകേഷ് രാഹുൽ, ജയ്‌ദേവ് ഉനാദ്കത് എന്നിവർ ഇന്നത്തെ മത്സരത്തിൽ ഇന്ത്യക്കുവേണ്ടി ട്വന്റി 20യിൽ അരങ്ങേറ്റം കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP