Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫൈനൽ കടമ്പയിൽ അർജന്റീനയ്ക്കു വീണ്ടും കാലിടറി; അന്താരാഷ്ട്ര കിരീടത്തിനു മെസ്സി ഇനിയും കാക്കണം; ഹിഗ്വയ്‌നും ബനേഗയും ദുരന്തമായപ്പോൾ ചരിത്രത്തിലാദ്യമായി ചിലി ലാറ്റിനമേരിക്കൻ ചാമ്പ്യന്മാർ

ഫൈനൽ കടമ്പയിൽ അർജന്റീനയ്ക്കു വീണ്ടും കാലിടറി; അന്താരാഷ്ട്ര കിരീടത്തിനു മെസ്സി ഇനിയും കാക്കണം; ഹിഗ്വയ്‌നും ബനേഗയും ദുരന്തമായപ്പോൾ ചരിത്രത്തിലാദ്യമായി ചിലി ലാറ്റിനമേരിക്കൻ ചാമ്പ്യന്മാർ

സാന്റിയാഗോ: ഫൈനൽ കടമ്പയിൽ അർജന്റീനയ്ക്കു വീണ്ടും കാലിടറി. അന്താരാഷ്ട്ര കിരീടത്തിനായുള്ള സൂപ്പർ താരം ലയണൽ മെസിയുടെ കാത്തിരിപ്പ് വീണ്ടും ദീർഘിപ്പിച്ച് കോപ്പ അമേരിക്കയിൽ ചിലിക്കു ചരിത്ര ജയം. ആതിഥേയരായ ചിലി ആദ്യമായാണ് കാൽപ്പന്തുകളിയുടെ ലാറ്റിനമേരിക്കൻ കിരീടത്തിൽ മുത്തമിടുന്നത്.

പെനാൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട മത്സരത്തിൽ ഗോൺസാലോ ഹിഗ്വയ്‌നും എവർ ബനേഗയും ദുരന്തമായപ്പോൾ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ചിലിയുടെ ജയം. നിശ്ചിതസമയത്തും അധികസമയത്തും ഇരു ടീമുകൾക്കും ഗോൾ നേടാനാകാത്തതിനാൽ പെനാൽറ്റി ഷൂട്ടൗട്ട് വിധി നിർണയിക്കുകയായിരുന്നു.

ചിലിയുടെ ആദ്യ നാലുകിക്കുകളും ലക്ഷ്യം കണ്ടപ്പോൾ അർജന്റീനയ്ക്കായി മെസ്സിക്കു മാത്രമേ പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിക്കാനായുള്ളു. രണ്ടാം കിക്കെടുത്ത ഹിഗ്വയ്ൻ പന്ത് പുറത്തേക്ക് അടിച്ചു കളഞ്ഞപ്പോൾ മൂന്നാം കിക്കെടുത്ത ബനേഗ ചിലി ഗോളി ക്ലോഡിയോ ബ്രാവോയുടെ കൈയിലേക്ക് ദുർബലമായ ഷോട്ട് തൊടുത്തുവിടുകയായിരുന്നു.

ചിലിയുടെ ആദ്യ മൂന്നു പെനാൽറ്റി കിക്കുകൾ ഫെർണാണ്ടസ്, വിദാൽ, അരാൻക്വിസ് എന്നിവർ അർജന്റീന ഗോളി റൊമേറൊയെ മറികടന്ന ലക്ഷ്യത്തിലെത്തി. രണ്ടും മൂന്നും കിക്കുകൾ അർജന്റീന പാഴാക്കിയതോടെ നാലാം കിക്കെടുത്ത സാഞ്ചസിന്റെ ബൂട്ടുകളിലേക്കായി ലോകത്തിന്റെ ശ്രദ്ധമുഴുവൻ. റൊമേറൊയെ നിഷ്പ്രഭനാക്കി വലയിലേക്ക് പന്തു തട്ടിയിട്ട സാഞ്ചസിലൂടെ ചിലി കോപ്പ അമേരിക്കയിൽ പുതിയ ചരിത്രം കുറിച്ചു.

അർജന്റീനയുടെ നായകൻ മെസ്സി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും സഹതാരങ്ങൾ ഒപ്പമെത്താത്തത് അർജന്റീനയ്ക്കു വിനയായി. ഗോളെന്നുറച്ച നിരവധി അവസരങ്ങളാണ് അർജന്റീന പാഴാക്കിയത്. മറുവശത്ത് അലകടലായെത്തിയ സ്വന്തം നാട്ടുകാർക്കു മുന്നിൽ മികച്ച പ്രകടനം കാഴ്ചവച്ച് അർജന്റീനയെ ഗോളിൽ നിന്ന് അകറ്റാനും എതിർ ഗോൾമുഖം വിറപ്പിക്കാനും ചിലിക്കും കഴിഞ്ഞു. ചിലിയുടെ മുന്നേറ്റനിരയെ പിടിച്ചുകെട്ടാൻ അർജന്റീനിയൻ പ്രതിരോധവും നന്നെ പാടുപെട്ടു.

മധ്യനിരയിൽ കളി നിയന്ത്രിക്കുന്ന എയ്ഞ്ചൽ ഡി മരിയക്ക് പരിക്കേറ്റു പുറത്തുപോകേണ്ടി വന്നത് അർജന്റീനയ്ക്കു തിരിച്ചടിയായി. പകരമിറങ്ങിയ ലാവേസിയും നല്ല കളി കാഴ്ചവച്ചെങ്കിലും ഗോൾ എന്ന ലക്ഷ്യത്തിലെത്താൻ അർജന്റീനയ്ക്കു കഴിഞ്ഞില്ല.

രണ്ടാം പകുതി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കി നിൽക്കെ ഹാഫ് ലൈനിൽ നിന്ന് മെസി നടത്തിയ മുന്നേറ്റം നിർഭാഗ്യം കൊണ്ടു മാത്രമാണ് ഗോളിലെത്താത്തത്. ഭാഗ്യം ഇത്തവണയും അർജന്റീനയ്‌ക്കൊപ്പം ഇല്ലെന്നു തെളിയിക്കുന്നതായിരുന്നു ആ അവസരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP