Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യം വല ചലിപ്പിച്ചപ്പോൾ കടലിരമ്പം പോലെ ശബ്ദമുഖരിതം; രണ്ടാമത്തെ ചലനത്തിൽ നെഞ്ചിടിപ്പിന്റെ ശബ്ദം ഉയർന്നു; പെനാൽട്ടി ഷൂട്ടൗട്ട് നടക്കുമ്പോൾ സമർദ്ദത്താൽ മഞ്ഞക്കടൽ വരിഞ്ഞു മുറുകി; നിർഭാഗ്യത്തിന്റെ അവസാന ഗോൾ നിശബ്ദതയുടെ നിലവിളിയായി മാറി; ഇന്നലെ കേരളം കരഞ്ഞത് ഇങ്ങനെ

ആദ്യം വല ചലിപ്പിച്ചപ്പോൾ കടലിരമ്പം പോലെ ശബ്ദമുഖരിതം; രണ്ടാമത്തെ ചലനത്തിൽ നെഞ്ചിടിപ്പിന്റെ ശബ്ദം ഉയർന്നു; പെനാൽട്ടി ഷൂട്ടൗട്ട് നടക്കുമ്പോൾ സമർദ്ദത്താൽ മഞ്ഞക്കടൽ വരിഞ്ഞു മുറുകി; നിർഭാഗ്യത്തിന്റെ അവസാന ഗോൾ നിശബ്ദതയുടെ നിലവിളിയായി മാറി; ഇന്നലെ കേരളം കരഞ്ഞത് ഇങ്ങനെ

കൊച്ചി : ബ്ലാസ്റ്റേഴ്‌സ് .. ബ്ലാസ്റ്റേഴ്‌സ്.... ബ്ലാസ്റ്റേഴ്‌സ്..... കളിയുടെ അവസാന നിമിഷം വരെ ഗാലറി ആർത്തിരമ്പി. ആദ്യ ഗോൾ നേടിയപ്പോൾ ആവശം അലതല്ലി. കൊൽക്കത്ത ഗോൾ മടക്കിയപ്പോൾ വീണ്ടും നിശബ്ദത. അപ്പോഴും കടലിരമ്പത്തോടെ ആർപ്പുവിളിച്ചാൽ കേരളം മുന്നോട്ട് കുതിക്കുമെന്ന് തന്നെ കരുതി. അതുകൊണ്ട് തന്നെ ആരാധകർ ആർപ്പുവിളികൾ തുടങ്ങി. പെനാൽട്ടി ഷൂട്ടൗട്ടിലെ ആദ്യ കിക്ക് കേരളത്തിന്റെ ഗോളി തടുത്തപ്പോൾ യഥാർത്ഥ ഹീറോ കൊമ്പന്മാർ തന്നെയാകുമെന്ന് കരുതി. പക്ഷേ പ്രതീക്ഷിച്ചതല്ലായിരുന്നു നടന്നത്. അങ്ങനെ കൊച്ചിയിൽ കേരളം കരഞ്ഞു. ഗ്രൗണ്ടിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് തോൽവി സമ്മതിച്ചപ്പോൾ മൈതനാത്തിന് പുറത്തും നിശബ്ദത പടർന്നു. ഐ എസ് എല്ലിൽ സച്ചിന്റെ ഉടമസ്ഥതയിലുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു കാണണമെന്ന് മലയാളി എത്രത്തോളം ആഗ്രഹിച്ചുവെന്നതിന് തെളിവായി കത്തി പടർന്ന നിശബ്ദത.

ഐഎസ്എൽ മൂന്നാം പതിപ്പിന്റെ ഫൈനലിൽ 1-1 സമനിലയ്ക്കുശേഷം ടൈബ്രേക്കറിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ 4-3നു കീഴടക്കി അത്ലറ്റിക്കോ ഡി കൊൽക്കത്ത കിരീടം ചൂടി. അവരുടെ രണ്ടാം കിരീട വിജയം. പ്രഥമ ഐഎസ്എൽ ടൂർണമെന്റിലും ബ്ലാസ്റ്റേഴ്‌സിനെ തോൽപിച്ചായിരുന്നു കൊൽക്കത്തയുടെ കിരീടധാരണം. അങ്ങനെ സച്ചിനും ഗാഗുംലിയും തമ്മിലെ യുദ്ധത്തിൽ കൊൽക്കത്തൻ രാജകുമാരന് ജയം. ആദ്യപകുതിയിൽ ആയിരുന്നു രണ്ടു ഫീൽഡ് ഗോളും. 37-ാം മിനിറ്റിൽ ആരാധകരെ കോരിത്തരിപ്പിച്ച ഹെഡ്ഡറിലൂടെ മുഹമ്മദ് റാഫി ബ്ലാസ്റ്റേഴ്‌സിനു ലീഡ് നൽകിയെങ്കിലും 44-ാം മിനിറ്റിൽ ഹെന്റിക് ഫൊൺസെക്കാ സെറീനോ സമനില ഗോൾ നേടി. വിരസമായ രണ്ടാം പകുതി. എക്‌സ്ട്രാ ടൈമിൽ ജയമുറപ്പിക്കാനുള്ള ഗോളിനായി ഇരു ടീമുകളും ശ്രമിച്ചെങ്കിലും വല മാത്രം കുലുങ്ങിയില്ല. പിന്നെ കേരളത്തെ കരയിച്ച എസ്ട്രാ ടൈമും. ടൈബ്രൈക്കറിൽ ബ്ലാസ്റ്റേഴ്‌സിന്റെ അന്റോണിയോ ജർമൻ, കെർവൻസ് ബെൽഫോർട്ട്, മുഹമ്മദ് റഫീഖ് എന്നിവർ ഗോൾ നേടിയപ്പോൾ എൽഹാജി എൻഡോയെ, പ്രതിരോധത്തിലെ നെടുംതൂൺ സെഡ്രിക് ഹെങ്ബാർത് എന്നിവരുടെ കിക്കുകൾ ലക്ഷ്യം കണ്ടില്ല. മറുവശത്ത് സമീ ഡൂട്ടി, ക്യാപ്റ്റൻ ബോറിയ ഫെർണാണ്ടസ്, ഹവിയർ ലാറ, ജ്യൂവൽ രാജ എന്നിവർ സ്‌കോർ ചെയ്തു. മലയാളികളുടെ ഹ്യൂമേട്ടനാണ് ആദ്യകിക്ക് എടുത്തത്. ബ്ലാസ്റ്റേഴ്‌സ് ഗോളി ഗ്രഹാം സ്റ്റാക്ക് അതു തടഞ്ഞിട്ടു. പക്ഷേ പിന്നീട് പെനൽറ്റി ബോക്‌സിലെ കാറ്റു മാറി വീശുകയായിരുന്നു.

കളി കാണാനെത്തിയത് സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ ഉൾപ്പെടെയുള്ള പ്രമുഖർ. ഗാലറിയിൽ തടിച്ചു കൂടിയത് 50,000ലധികം ആരാധകർ. അതിരാവിലെ തന്നെ ടിക്കറ്റുമായി ഗാലറിയിലെത്തിയവരും ഇക്കൂട്ടത്തിലുണ്ട്. എല്ലാ അർത്ഥത്തിലും കാണികളുടെ സാന്നിധ്യവും ആവേശവും തന്നെയാണ് ഐ എസ് എൽ കലാശപോരാട്ടത്തിന്റെ പ്രധാന ഹൈലൈറ്റ്. കാൽപ്പന്ത് കളിയോട് മലയാളിക്കുള്ള താൽപ്പര്യം വ്യക്തമാക്കിയ മത്സരം.

വിനീതിൽ പ്രതീക്ഷ അർപ്പിച്ചു; റാഫി മാനം കാത്തു

സികെ വിനീതെന്ന കണ്ണൂരുകാരനിലായിരുന്നു കേരളത്തിലെ പ്രതീക്ഷ. വിജയ ഗോളുമായി ഐ എസ് എല്ലിന്റെ താരമായി ഈ മലയാളി മാറുമെന്ന് കരുതി. എന്നാൽ കൊൽക്കത്തയുടെ പ്രതിരോധം വിനീതിനെ വിരിഞ്ഞു മുറുക്കി. പന്തുമായി കുതിക്കാൻ അനുവദിച്ചുമില്ല. അപ്പോഴാണ് റാഫിയുടെ ഗോളിലൂടെ ഐഎസ് എൽ ഫൈനലിൽ മലയാളി ഗോൾ നേടിയത്. എണ്ണം പറഞ്ഞ ഹെഡ്ഡർ. കോർണ്ണർ കിക്കുകളിൽ റാഫിയുടെ തല എന്തു മാത്രം വിനാശകരമാകുമെന്ന് തെളിയിച്ച ഗോൾ. പക്ഷേ റാഫിയിലൂടെ കേരളം നേടിയ ആ ഗോളിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ഫൊൺസെക്കാ അതേ രീതിയിൽ ഒന്നാന്തരം ഹെഡ്ഡറിലൂടെ സമനില ഗോൾ നേടി.

കളിയുടെ 37-ാം മിനിറ്റിൽ മെഹ്താബ് ഹുസൈൻ എടുത്ത കോർണർ കിക്ക് വളഞ്ഞുബോക്‌സിലേക്കു വന്നു താഴ്ന്നപ്പോൾ പ്രീതം കൊട്ടാൽ തടയാൻ ശ്രമിച്ചു. പക്ഷേ ആ നിമിഷം മലയാളി താരം മുഹമ്മദ് റാഫിയുടേതായിരുന്നു. പന്ത് റാഫിയുടെ തലയ്ക്കു കൃത്യം പാകത്തിൽ കിട്ടി. തലയിടിയുടെ ആശാനായ റാഫി പന്തിൽ ആഞ്ഞുകൊത്തി. വലയനങ്ങി. അരലക്ഷം കാണികൾ ആവേശത്തിന്റെ ആകാശത്തേക്ക് ഉയർന്നപ്പോൾ റാഫി ഭൂമിയിൽ ശിരസ്സുതൊട്ടു. പന്ത് ഗോൾ വലയിലേക്കും. ഇതിന് സമാനമായിരുന്നു കൊൽക്കത്തയുടെ മറുപടി ഗോളും. ഡൂട്ടീ ഉയർത്തിവിട്ട കോർണ്ണർ കിക്കിലേക്ക് പോർചുഗൽ താരം സെറീനോ ഉയർന്നുചാടുമ്പോൾ നിഴൽപോലെ സന്ദേഷ് ജിങ്കാൻ ഉണ്ടായിരുന്നു. പക്ഷേ വലതു കോർണറിൽനിന്നുള്ള പന്തിലേക്ക് ആദ്യമെത്തിയത് സെറീനോയുടെ തലയായിരുന്നു.

തോൽവിയിലും റാഫിച്ചയെന്നു ആരാധകർ സ്‌നേഹപൂർവം വിളിക്കുന്ന റാഫി വീണ്ടും ബ്ലാസ്റ്റേഴ്‌സിന്റെ ഹെഡ്‌മാസ്റ്ററായി. നിലത്തു കൂടി പോകുന്ന പന്തു പോലും ഹെഡ് ചെയ്തു കളയും എന്ന വിമർശനങ്ങൾക്കുള്ള മറുപടി. അങ്ങനെ ഐഎസ്എല്ലിലെ ആറാം ഗോളോടെ മലയാളി ഗോൾവേട്ടക്കാരിൽ മുഹമ്മദ് റാഫി ഒരു പടി മുന്നിലെത്തി. കഴിഞ്ഞ സീസണിലെ നാലു ഗോളും ഈ സീസണിലെ ഒന്നും ചേർത്ത് അഞ്ചു ഗോളായിരുന്നു ഫൈനലിനിറങ്ങുമ്പോൾ ഈ കാസർകോട് തൃക്കരിപ്പൂരുകാരന്റെ ഐഎസ്എൽ സമ്പാദ്യം.

ഈ സീസണിൽ അഞ്ചു ഗോൾ നേടിയ സി.കെ. വിനീതും റാഫിക്കൊപ്പമുണ്ടായിരുന്നു. എഫ്‌സി ഗോവയ്‌ക്കെതിരെ ഫറ്റോർദ സ്റ്റേഡിയത്തിൽ നടന്ന ലീഗ് ഘട്ട മത്സരത്തിലെ 46-ാം മിനിറ്റിൽ ഗോൾ നേടിയാണു റാഫി ബ്ലാസ്റ്റേഴ്‌സിനായി തന്റെ സീസണിലെ ആദ്യ ഗോൾ കുറിച്ചത്.

കണ്ണീരടക്കാൻ ആവാതെ ആരാധകർ

പിന്നീട് ഗോളകന്നു. എസ്‌ക്ട്രാ ടൈമിൽ നിർഭാഗ്യം കേരളത്തെ കൈവിട്ടതോടെ കൊച്ചി സ്റ്റേഡിയം ശോകമൂകമായി. കൊൽക്കത്തൻ താരങ്ങൾ വിജയനൃത്തം ചവിട്ടുന്നഅവിശ്വസനീയതോടെയാണ് അവർ നോക്കി നിന്നത്. സങ്കടം ആരാധകർ മാദ്ധ്യമങ്ങളോട് പങ്കുവച്ചു. ഹൃദയത്തോടു ചേർത്തുവച്ച കളിക്കൂട്ടത്തിന്റെ കിരീടധാരണത്തെ കാത്തിരുന്ന നാടിന് അവർ അർഹിച്ച വിജയമല്ല ലഭിച്ചതെന്നറിഞതോടെ വിജയാഹ്ലാദ പരിപാടികൾക്ക് പദ്ധതിയിട്ടവരും തീരുമാനം മാറ്റി. മലബാറിൽ മിക്കയിടത്തും ബ്ലാസ്റ്റേഴ്സ് ജയം ആഘോഷിക്കുന്നതിനായി പ്രത്യേക തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.

2014ൽ ഐ.എസ്.എല്ലിന്റെ പ്രഥമ സീസണിൽ അധികസമയത്തേക്കു നീണ്ട കലാശക്കളിയിൽ തങ്ങളെ കീഴടക്കി കപ്പിൽ മുത്തമിട്ട അത്ലറ്റികോക്കെതിരെ പഴയ കണക്ക് ബ്ലാസ്റ്റേഴ്സ് തീർക്കുമെന്ന് തന്നെയായിരുന്നു അവരുടെ വിശ്വാസം.

തോറ്റിട്ടും ബ്ലാസ്‌റ്റേഴ്‌സിനു നാല് കോടി സമ്മാനത്തുക

ഫൈനലിൽ ജയിച്ച കൊൽക്കത്തയ്ക്ക് എട്ടു കോടിയാണ് സമ്മനത്തുകയായി ലഭിച്ചത്. ബ്ലാസ്റ്റേഴ്‌സിനു നാലു കോടിയും. എല്ലാ അർത്ഥത്തിലും വമ്പൻ വിജയമായ ഐ എസ് എല്ലിലെ യഥാർത്ഥ വിജയി കൊച്ചിയിലെ കാണികളെന്ന് സമ്മതിച്ച് തന്നെയായിരുന്നു സമ്മാനം ദാനം.

മറ്റ് അവാർഡുൾ ഇങ്ങനെ-ഹീറോ ഓഫ് ദ് ലീഗ്: ഫ്‌ലോറന്റ് മലൂദ (ഡൽഹി ഡൈനാമോസ്), ഗോൾഡൻ ബൂട്ട് : മാഴ്‌സലിഞ്ഞോ (ഡൽഹി ഡൈനാമോസ്), ഗോൾഡൻ ഗ്ലൗ: അമരീന്ദർ സിങ് (മുംബൈ സിറ്റി എഫ്‌സി), എമേർജിങ് പ്ലെയർ ഓഫ് ദ് ലീഗ്: ജെറി ലാൽറിൻസുവാല (ചെന്നൈയിൻ എഫ്‌സി), െഫയർപ്ലേ അവാർഡ്: െചന്നൈയിൻ എഫ്‌സി, ഫിറ്റെസ്റ്റ് പ്ലെയർ ഓഫ് ദ് ലീഗ്: ബോർയ ഫെർണാണ്ടസ് (അത്ലറ്റിക്കോ കൊൽക്കത്ത), വിന്നിങ് പാസ് ഓഫ് ദ് ലീഗ്: സമീക് ഡ്യൂറ്റി (അത്‌ലറ്റിക്കോ കൊൽക്കത്ത)

കൊൽക്കത്തക്ക് രണ്ട് വിജയം, ബ്ലാസ്‌റ്റേഴ്‌സിന് രണ്ട് തോൽവി

ഐ എസ് എല്ലിന്റെ ഫൈനലിൽ രണ്ടിലും രണ്ടിൽ കൊൽക്കത്ത ജയിച്ചു. കേരളത്തിന് രണ്ട് തോൽവിയും. അതായത് ഐ എസ് എല്ലിന്റെ മൂന്ന് പതിപ്പിൽ രണ്ടിലും കൊൽക്കത്ത കേരളാ ഫൈനലയിരുന്നുവെന്നതും ശ്രദ്ധേയമാണ്. സ്‌കോർ ബോർഡിൽ ആദ്യം മുന്നിലെത്തിയതു ബ്ലാസ്റ്റേഴ്‌സ് ആയിരുന്നെങ്കിലും കളിയിൽ മുൻപിൽ കൊൽക്കത്ത ആയിരുന്നു. പന്തു പാസ് ചെയ്യുന്നതിലും ആക്രമണങ്ങൾ എതിർ ബോക്‌സിലേക്ക് ആസൂത്രിതമായി എത്തിക്കുന്നതിലും അവർ കൂടുതൽ മികവു കാട്ടി. പ്രത്യാക്രമണ നീക്കങ്ങളിലായിരുന്നു പതിവു പോലെ ബ്ലാസ്റ്റേഴ്‌സിന്റെ ശ്രദ്ധ. നായകൻ കൂടിയായ ഹ്യൂസ് മടങ്ങിയതു പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണെന്ന സ്ഥിതിയും സൃഷ്ടിച്ചു. ഇത് തന്നെയാണ് കൊച്ചിയിലെ ഫൈനലിലും കേരളത്തിന് തിരിച്ചടിയായത്.

പ്രതിരോധം കരുത്താക്കി കുതിച്ചുകയറിയ ബൽസ്റ്റേഴ്സ് ലീഗ് റൗണ്ടിൽ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്തപ്പോൾ നാലാം സ്ഥാനക്കാരായാണ് കൊൽക്കത്ത സെമിയിൽ ഇടമുറപ്പിച്ചത്. മൂന്നു ഐ.എസ്.എല്ലിലും സെമിയിലത്തെിയ കൊൽക്കത്ത ഏറ്റവും സ്ഥിരതയ്യാർന്ന പ്രകടനം പുറത്തെടുക്കുന്ന ടീം കൂടിയായിരുന്നു. പ്ളേഓഫിൽ കൊൽക്കത്ത മുംബൈ എഫ്.സിയെ മറികടന്നപ്പോൾ, ഡൽഹി ഡൈനാമോസിന്റെ കനത്ത വെല്ലുവിളി ്രൈടബ്രേക്കറിൽ അതിജീവിച്ചാണ് ബൽസ്റ്റേഴ്സ് കലാശക്കളിയിലേക്ക് മുന്നേറിയത്.

സച്ചിനും ബച്ചനും ഗാംഗുലിയും മുതൽ നിതാ അംബാനി വരെ സദസ്സിൽ താര നിര

കേരള ബ്ലാസ്റ്റേഴ്സ് ടീം ഉടമ സച്ചിൻ ടെൻഡുൽക്കർ തന്നെയാണു ഗ്യാലറിയിലെ താരം. സച്ചിനു ഭാര്യ അഞ്ജലിയും കൊച്ചിയിൽ എത്തി. അത്ലറ്റികോ ഡി കൊൽക്കത്ത ടീം ഉടമയും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയും താരമായി്. നടൻ അമിതാഭ് ബച്ചനാണ് മത്സരം കാണാനെത്തി മറ്റൊരു വിഐപി. അഭിഷേക് ബച്ചനുമെത്തി. നിവിൻ പോളിയും ആരാധകരുടെ ആവേശമാകാൻ കളി കാണാനെത്തി.

കാണികൾ അതിക്രമം കാട്ടിയതിന് ബ്ലാസ്‌റ്റേഴ്‌സിന് നാല് ലക്ഷം പിഴ

അതിനിടെ ഡിസംബർ നാലിന് കൊച്ചിയിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരായ പ്രാഥമിക റൗണ്ട് മത്സരത്തിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ കേരള ബ്‌ളാസ്റ്റേഴ്‌സിന് ആറു ലക്ഷം രൂപ പിഴ വിധിച്ചു. ടീമിന്റെ മോശം പെരുമാറ്റത്തിന് രണ്ടു ലക്ഷവും മത്സരശേഷം കാണികൾ നടത്തിയ അക്രമങ്ങൾക്ക് നാലു ലക്ഷം രൂപയുമാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്കസമിതി പിഴയിട്ടത്.

ബ്‌ളാസ്റ്റേഴ്‌സിന്റെ അഞ്ചു താരങ്ങൾ അച്ചടക്കലംഘനം നടത്തിയതായി സമിതി കണ്ടത്തെി. കാണികളുടെ അക്രമങ്ങൾക്ക് ടീമാണ് ഉത്തരവാദിയെന്നും സമിതി നിരീക്ഷിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP