Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊൽക്കത്തയ്ക്ക് മേൽ വിജയം തേടി കേരളം ആർത്തലച്ച് കൊച്ചിയിലേക്ക്; 2014ലെ നഷ്ടം നികത്താൻ ബ്ലാസ്‌റ്റേഴ്‌സിന് കഴിയുമോ? അൽഫോൻസിന്റെ 'മഞ്ഞയിൽ മൈതാനപ്പുൽപ്പരപ്പിൽ' സൂപ്പർഹിറ്റ്; മഞ്ഞ ലൈറ്റ് അടിച്ച് ആവേശം കൊടുക്കാൻ 60,000 ആരാധകർ; 300 രൂപയുടെ ടിക്കറ്റുകൾ 3000ത്തിന് വിൽക്കുന്ന സംഘങ്ങൾ സജീവം

കൊൽക്കത്തയ്ക്ക് മേൽ വിജയം തേടി കേരളം ആർത്തലച്ച് കൊച്ചിയിലേക്ക്; 2014ലെ നഷ്ടം നികത്താൻ ബ്ലാസ്‌റ്റേഴ്‌സിന് കഴിയുമോ? അൽഫോൻസിന്റെ 'മഞ്ഞയിൽ മൈതാനപ്പുൽപ്പരപ്പിൽ' സൂപ്പർഹിറ്റ്; മഞ്ഞ ലൈറ്റ് അടിച്ച് ആവേശം കൊടുക്കാൻ 60,000 ആരാധകർ; 300 രൂപയുടെ ടിക്കറ്റുകൾ 3000ത്തിന് വിൽക്കുന്ന സംഘങ്ങൾ സജീവം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഫുട്‌ബോളിനെ നെഞ്ചോടു ചേർക്കുന്ന കേരള ജനതയ്ക്ക് ഇന്ന് ഒരു ആവേശത്തിന്റെ ഫൈനൽ പൂരമാണ്. ഇന്ത്യൻ സൂപ്പർലീഗ് ഫൈനലിൽ കലാശപോരാട്ടത്തിനായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്കോ ഡി കൊൽക്കത്തെയെ നേരിടുമ്പോൾ വിജയത്തിൽ കുറഞ്ഞൊന്നും ബ്ലാസ്‌റ്റേഴ്‌സ് ആരാധകർ പ്രതീക്ഷിക്കുന്നില്ല. ഐഎസ്എൽ ഒന്നാം സീസണിൽ പൂണെയിൽ വച്ച് തോൽവി രുചിക്കേണ്ടി വന്നതിന്റെ നഷ്ടം തീർക്കാൻ തന്നെയാകും കോപ്പലും സംഘവും ഇറങ്ങുക. ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾവേട്ടയിൽ മുന്നിലുള്ള മലയാളി താരം വിനീത് അടക്കമുള്ളവരുടെ ഫോമും ഫൈനലിൽ നിർണായകമാകും. കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴുമുതലാണ് ഐഎസ്എൽ കലാശപ്പോരാട്ടം.

കേരളത്തിന്റെ പ്രതീക്ഷകൾക്ക് പുതുജീവൻ പകർന്ന ബ്ലാസ്റ്റേഴ്‌സിനും കൊൽക്കത്തയുടെ പ്രിയ ടീം അത്‌ലറ്റിക്കോയ്ക്കും ഇത് രണ്ടാം ഫൈനൽ. ഇരുടീമുകളും ഫൈനലിൽ മുഖാമുഖം വരുന്നതും രണ്ടാംതവണ. 2014ൽ ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്‌സിനെ തോല്പിച്ച് അത്‌ലറ്റിക്കോ കിരീടമേന്തുകയായിരുന്നു. ഇത്തവണ നാട്ടുകാരുടെ ബലത്തിൽ തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സ് കലാശപ്പോരിന് ഇറങ്ങുന്നത. ഗാലറികളെ മഞ്ഞപുതപ്പിക്കുന്ന അറുപതിനായിരത്തോളം വരുന്ന കാണികളാണ് ബ്ലാസ്റ്റേഴ്‌സിന്റെ പന്ത്രണ്ടാമൻ. ടീമുടമ സച്ചിൻ തെണ്ടുൽക്കറുടെ സാന്നിധ്യവും ഫൈനലിനെ ആവേശഭരിതമാക്കും. സി.കെ. വിനീത്, മുഹമ്മദ് റാഫി, റിനോ ആന്റോ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സ് നിരയിലെ മലയാളികൾ. മുൻ ഇംഗ്ലണ്ട് താരം സ്റ്റീവ് കോപ്പൽ പരിശീലകനും.

ബ്ലാസ്റ്റേഴ്‌സിനെ ആദ്യ സീസണിൽ ഫൈനലിലേക്ക് കൈപിടിച്ച കാനഡക്കാരൻ ഇയാൻ ഹ്യൂമാണ് കൊൽക്കത്തയുടെ തുറുപ്പുചീട്ട്. ഹ്യൂമിനെ പിടിച്ചുകെട്ടിയാൽ മത്സരം അനുകൂലമാക്കാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് നിര. മുൻ സ്പാനിഷ് താരം ഹോസെ ഫ്രാൻസെസ്‌കോ മോളിനയുടെ തന്ത്രങ്ങളിലാണ് അത്‌ലറ്റിക്കോയുടെ മുന്നേറ്റം.

അതേസമയം ലക്ഷക്കണക്കിന് ആരാധകരെ നിരാശരാക്കി ഫൈനലിലുള്ള ടിക്കറ്റുകൾ കിട്ടാനില്ലാതായി. രണ്ടുദിവസം മുമ്പേ ടിക്കറ്റുകൾ വിറ്റുപോയി. അതേസമയം കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപന ഇന്നലെയും പൊടിപൊടിച്ചു. 300 രൂപയുടെ ടിക്കറ്റുകൾ മൂവായിരം രൂപയ്ക്കാണ് വിറ്റത്. 500 രൂപയുടെ ടിക്കറ്റുകൾക്ക് അയ്യായിരത്തിലേറെയായിരുന്നു വില.

ആദ്യ മൽസരങ്ങൾക്ക് അച്ചടിച്ച കോംപ്ലിമെന്ററി പാസുകൾ ഐ.എസ്.എൽ മാനേജ്‌മെന്റുമായി അടുത്ത ബന്ധമുള്ളവർ വഴി വിൽപന നടത്തിയിരുന്നു. യഥാർഥവിലയുടെ പകുതി വിലയ്ക്കാണ് ടിക്കറ്റുകൾ വിൽപ്പന നടത്തിയിരുന്നത്. ഫൈനൽ ആയതോടെ കരിഞ്ചന്തയിലെ കച്ചവടത്തിന് സാധ്യത കൂടിയിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്തവർ ഇന്നലെ തന്നെ ടിക്കറ്റ് വാങ്ങണമെന്ന നിബന്ധന വന്നതോടെ ഇതര ജില്ലക്കാർക്ക് ഒരു ദിവസം മുമ്പേ കൊച്ചിയിൽ എത്തേണ്ടതായും വന്നു. ഇതോടെ ടിക്കറ്റിനു പുറമെ വൻതുക മുറിവാടക ഇനത്തിൽ ചെലവഴിക്കേണ്ടി വന്നെന്ന് മലപ്പുറത്തുനിന്ന് എത്തിയ നൗഫൽ പറയുന്നു. ഫൈനലിന് മലബാറിൽനിന്നും ആരാധകരുടെ കുത്തൊഴുക്കാണ്. ഇന്നലെ ട്രെയിനുകളിലും ബസിലും ആരാധകരുടെ തിരക്കായിരുന്നു. പലർക്കും വാടകയ്ക്ക് മുറികൾ പോലും ലഭിച്ചില്ല.

ഐ.എസ്.എൽ ടിക്കറ്റ്‌സ് ഡോട്ട് കോം എന്ന വെബ് സൈറ്റ് വഴിയും കരിഞ്ചന്തയിൽ ടിക്കറ്റുവിൽപ്പന നടക്കുന്നുണ്ട്. ടിക്കറ്റ് ആവശ്യവുമായി നിരവധിപേരാണ് ഈ വെബ്‌സൈറ്റുമായി ബന്ധപ്പെടുന്നത്. അതേസമയം വ്യാജ സൈറ്റ് വഴി ടിക്കറ്റ് വിറ്റ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കങ്ങരപ്പടി സ്വദേശി ഗ്ലാഡിൻ വർഗീസ്, ചെല്ലാനം നീണ്ടകര സ്വദേശി പ്രവീൺ, മലപ്പുറം സ്വദേശി മുസ്തഫ എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൈയിൽനിന്നും ടിക്കറ്റുകളും പിടിച്ചെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ബ്ലാക്കിൽ ടിക്കറ്റ് വിൽക്കുന്നവർ കലൂർ സ്‌റ്റേഡിയത്തിന് ചുറ്റുമുണ്ടെന്ന് ആരാധകർതന്നെ പറയുന്നു.

ബുധനാഴ്ച രാത്രി രണ്ടാം പാദ സെമിയിൽ ഡൽഹി ഡൈനമോസിനെ തോൽപ്പിച്ച് ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിൽ കടന്നതോടെയാണ് ടിക്കറ്റ് ചൂടപ്പം പോലെ വിറ്റുതീർന്നത്. വ്യാഴാഴ്ച രാവിലെയോടെ ഓൺലൈനിലും ഉച്ചയോടെ സ്‌റ്റേഡിയത്തിന് സമീപമുള്ള ടിക്കറ്റ് കൗണ്ടറുകളും കാലിയായി. പലരും വൻതോതിലാണ് ടിക്കറ്റുകൾ കരസ്ഥമാക്കിയത്. നൂറിലേറെ ടിക്കറ്റുകൾ ഒന്നിച്ചുവാങ്ങിയവരുണ്ട്.അച്ചടിച്ച ടിക്കറ്റുകൾ വിറ്റുതീർന്നുവെന്നാണ് സംഘാടകരുടെ വാദം.

മുത്തൂറ്റ് ഫിൻകോർപ്, ഫെഡറൽ ബാങ്ക് എന്നിവയുടെ ശാഖകൾ വഴിയായിരുന്നു മറ്റ് മത്സരങ്ങൾക്ക് ടിക്കറ്റുകൾ വിറ്റിരുന്നത്. എന്നാൽ ഫൈനൽ ടിക്കറ്റ് വിൽപ്പന ഐ.എസ്.എൽ. സംഘാടകർ നേരിട്ടാണ് നടത്തുന്നത്. സ്‌റ്റേഡിയത്തിന്റെ ശേഷി 55,000 ആയി കുറച്ചതും ആരാധകർക്ക് തിരിച്ചടിയായി. ഐ.എസ്.എൽ മൽസരങ്ങളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിനും കുടിവെള്ളത്തിനും അമിത വില ഈടാക്കിയതിനെ തുടർന്ന് ലീഗൽ മെട്രോളജി വകുപ്പ് ഐ.എസ്.എൽ സംഘാടകർക്കെതിരേ കേസെടുത്തത് കഴിഞ്ഞ ദിവസമാണ്.

മത്സരം കാണാൻ വൻ താരനിര, ബച്ചനും അഭിഷേകും അംബാനിയുമെത്തും; സുരക്ഷ ശക്തം

കേരള ബ്ലാസ്റ്റേഴ്‌സ്- കൊൽക്കത്ത ഐഎസ്എൽ ഫൈനൽ മൽസരം കാണാൻ വൻ താരനിര. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും മുകേഷ് അംബാനിയും കൊച്ചിയിലെത്തും. പ്രമുഖ താരങ്ങൾ എത്തുന്നത് കണക്കിലെടുത്തുകൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും പൊലീസ് സുരക്ഷ കർശനമാക്കി. മധ്യമേഖല ഐജിയുടെ നേതൃത്വത്തിലാണ് ഫൈനൽ മൽസരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. വൈകിട്ട് അഞ്ചരയ്ക്കുള്ളിൽ ആരാധകർ സ്റ്റേഡിയത്തിനകത്ത് കടക്കണമെന്ന് പൊലീസ് അറിയിച്ചു.

1400 പൊലീസുകാരാവും ഐഎസ്എൽ ഫൈനൽ നടക്കുമ്പോൾ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന് അകത്തും പുറത്തുമായി ഉണ്ടാവുക. ബാഗ്, കുപ്പി, ഹെൽമെറ്റ്, വാദ്യോപകരണങ്ങൾ, പടക്കം, തീപ്പെട്ടി തുടങ്ങിയവ സ്റ്റേഡിയത്തിന്റെ കോമ്പൗണ്ടിലേക്ക് കയറ്റരുത്. വൈകിട്ട് മൂന്നുമണി മുതൽ ആറു മണി വരെയാവും ടിക്കറ്റുള്ളവരെ പ്രവേശിപ്പിക്കുകയെന്ന് സംഘാടകർ പറയുന്നുണ്ടെങ്കിലും അഞ്ചരയ്ക്കകം ആരാധകർ അകത്തു കയറണമെന്നാണ് സുരക്ഷാ ചുമതലയുള്ള ഐജിയുടെ അഭ്യർത്ഥന. മൂന്നു വയസിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കും ടിക്കറ്റ് നിർബന്ധമാക്കും. 18 വയസിനു താഴെയുള്ള കുട്ടികളും മാതാപിതാക്കൾക്കൊപ്പമാവണം കളികാണാൻ എത്തേണ്ടതെന്നും പൊലീസ് നിഷ്‌കർഷിക്കുന്നു.

ബ്ലാസ്‌റ്റേഴ്‌സിന് ഗാനോപഹാരവുമായി അൽഫോൻസ് ജോസഫ്

ഫൈനലിൽ കൊൽക്കത്തയെ നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനു വേണ്ടി സംഗീത സംവിധായകൻ അൽഫോൻസ് ജോസഫിന്റെ ഗാനോപഹാരം. 'മഞ്ഞയിൽ മൈതാനപ്പുൽപ്പരപ്പിൽ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ സംഗീത സംവിധാനവും ആലാപനവും അൽഫോൻസ് തന്നെയാണു നടത്തിയിരിക്കുന്നത്. അൽഫോൻസിന്റെ ബാൻഡായ എപ്ലസ് ഫൈവാണു ഗാനം പുറത്തിറക്കിയിരിക്കുന്നത്. വിഷ്വലുകൾ കൂടി ചേർത്ത ഗാനം യുട്യൂബിൽ അപ്‌ലോഡ!് ചെയ്തിട്ടുണ്ട്. ഗാനം ഇതിനോടകം തന്നെ സൈബർ ലോകത്ത് ഹിറ്റായി ക്കഴിഞ്ഞു.

പാട്ടു കേട്ടവർ മികച്ച പ്രതികരണമാണ് അറിയിക്കുന്നതെന്ന് അൽഫോൻസ് പറയുന്നു. രണ്ടു ദിവസം കൊണ്ടാണു ഗാനം തയാറാക്കിയതും വിഡിയോ അടക്കമുള്ള ജോലികളും ചെയ്തു തീർത്തതും. കേരള ബ്ലാസ്റ്റേഴ്‌സിനായി ഒരു ഗാനം പുറത്തിറക്കുകയെന്നതു മലയാളി എന്ന നിലയിൽ തന്റെ ഉത്തരവാദിത്തമായി കരുതിയിരുന്നെന്നും അൽഫോൻസ് പറയുന്നു. എന്നാൽ പല കാരണങ്ങൾകൊണ്ടും അതു നീണ്ടു പോയി.

കേരളം ഫൈനലിൽ പ്രവേശിച്ചപ്പോൾ, ഇനി കാത്തിരുന്നിട്ടു കാര്യമില്ലെന്നുറപ്പിച്ചാണു വേഗം തന്നെ ഗാനം പുറത്തിറക്കാൻ തീരുമാനിച്ചത്. സെമിഫൈനൽ അവസാനിച്ചപ്പോൾത്തന്നെ ഗാനത്തിനായുള്ള ജോലി തുടങ്ങി. ഇന്ന് ഉച്ചയോടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി ഗാനം യുട്യൂബിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നെന്ന് അൽഫോൻസ് പറയുന്നു. ജോഫി തരകനാണ് ആവേശം വിതറുന്ന വരികൾ എഴുതിയത്. നിർമ്മാണ നിർവഹണം ഡെന്നി ടോമി. സജിത്ത് നായരാണു കാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP