Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മെസ്സിയുടെ വിരമിക്കലിൽ ഞെട്ടലും കണ്ണീരുമായി മലബാറിലെ ആരാധകർ; ചാത്തമംഗലത്തും വണ്ടൂരിലും കൊടുവള്ളിയിയിലും മഞ്ചേരിയിലും ബ്രസീൽ-അർജന്റീന ആരാധകർ എറ്റുമുട്ടി; വാതുവെപ്പിൽ ബൈക്കും വൻതുകയും നഷ്ടമായവർ നിരവധി; ഫുട്‌ബോളിന്റെ രാജകുമാരനായി നവമാദ്ധ്യമങ്ങളിലും കാമ്പയിൻ

മെസ്സിയുടെ വിരമിക്കലിൽ ഞെട്ടലും കണ്ണീരുമായി മലബാറിലെ ആരാധകർ; ചാത്തമംഗലത്തും വണ്ടൂരിലും കൊടുവള്ളിയിയിലും മഞ്ചേരിയിലും ബ്രസീൽ-അർജന്റീന ആരാധകർ എറ്റുമുട്ടി; വാതുവെപ്പിൽ ബൈക്കും വൻതുകയും നഷ്ടമായവർ നിരവധി; ഫുട്‌ബോളിന്റെ രാജകുമാരനായി നവമാദ്ധ്യമങ്ങളിലും കാമ്പയിൻ

കെ വി നിരഞ്ജൻ

കോഴിക്കോട്: മലബാറിന്റെ കളിക്കമ്പത്തിന്റെ കഥ പറയുന്ന കെ.എൽ 10 പത്ത്' സിനിമയിൽ നായകൻ ഉണ്ണിമുകന്ദനോട് കൂട്ടുകാരൻ ചോദിക്കുന്ന രംഗമുണ്ട്. ' അന്റെ പെണ്ണിനെ ഓളെ ബാപ്പ പിടിച്ചോണ്ടുപോയപ്പഴാണോ ജർമ്മനിയുടെ ഗോട്‌സെ അർജന്റീനക്കെതിരേ ഗോളടിച്ചപ്പോഴാണോ അനക്കു കൂടുതൽ സങ്കടം തോന്നീത്?''ഗോട്‌സെ ഗോളടിച്ചപ്പോഴെന്ന്' മറുപടി കളിപ്രാന്തനായ നായകന്റെ ഉള്ളിൽനിന്ന് വന്നതാണ്. മലബാറുകാരുടെ മനസ്സിന്റെ മാണിക്യക്കൊട്ടാരത്തിലാണ് തന്റെ സ്ഥാനമെന്ന് മെസ്സി അറിയാനിടയില്ല. അതറിയുന്നതിനേക്കാൾ ഇവിടത്തുകാർക്ക് സന്തോഷം അദ്ദേഹം വിരമിക്കൽ തീരുമാനം മാറ്റുമെന്ന വാർത്ത കേൾക്കാനാണ്.

ഇന്നലെ കോപ്പ അമേരിക്ക ഫുട്ബാളിന്റെ ഫൈനലിൽ അർജന്റീനയുടെ തോൽവി ഞെട്ടലോടെയാണ് ആരാധകർ കണ്ടത്. നേരത്തെ തങ്ങളെ കണക്കിന് വിമർശിച്ചിരുന്നതിന് മറുപടി കൊടുക്കാൻ ബ്രസീൽ ആരാധകരും സജീവമായതോടെ പലയിടത്തും സംഘർഷമുണ്ടായി.കോഴിക്കോട് ചാത്തമംഗലം എൻ.ഐ.ടിയിലെ വിദ്യാർത്ഥികൾ ചേരി തിരഞ്ഞ് നടത്തിയ വാഗ്വാദത്തിലേക്ക് നാട്ടകാർ കൂടി ഇടപെട്ടതോടെ അത് കൈയാങ്കളിയിലേക്ക് മാറി. തുടർന്ന് പൊലീസ് എത്തിയാണ് സംഘർഷം അവാസിപ്പിച്ചത്. സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് നേരിയ പരിക്കുണ്ട്്. കോഴിക്കോട് കൊടുവള്ളിയിലും ബ്രസീൽഅർജന്റീന അരാധകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. മലപ്പുറം ജില്ലയിലെ വണ്ടൂരിലും മഞ്ചേരിയിലും സംഘർഷമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ റമദാൻ മാസക്കാലമായതിനാൽ തർക്കങ്ങൾ പെട്ടന്നുതെന്നെ ഒത്തുതീർപ്പാവകുയായിരുന്നു. വൻതോതിലുള്ള വാതുവെപ്പുകളായിരുന്ന അർജന്റീനക്കായി ആരാധകർ നടത്തിയത്.  ബൈക്ക് തൊട്ട് പതിനായിരങ്ങൾവരെ പലർക്കും നഷ്ടമായി.

പക്ഷേ മെസ്സിയുടെ വിരമിക്കൽ വാർത്ത ഞെട്ടലോടെയാണ് മലബാറിലെ കായികപ്രേമികൾ കേട്ടത്.ഇത്രയും കടുത്ത തീരുമാനം വേണ്ടിയില്ലായിരുന്നെനാണ് മലബാറിലെ ബ്രസീൽ ആരാധകരും ഒന്നടങ്കം പറയുന്നത്.കളിമികവിലൂടെ മെസ്സിയെന്ന വിളിപ്പേര് ചിലർക്ക് ചാർത്തിക്കൊടുത്തു. നാലാൾ കൂടുന്നിടത്തെല്ലാം മെസ്സിയുടെ കുപ്പായമിട്ടവരെ ധാരാളംപേരെ കാണാം.കുടുംബത്തിലെ ഒരംഗംപോലെയാണിവർ മെസ്സിയെ കണ്ടത്. മെസ്സിയുടെ ടീഷർട്ടും പടങ്ങും വിൽപ്പന്ന ലോകകപ്പുകാലത്ത് കോഴിക്കോട്ടെയും മലപ്പുറത്തെയും നഗരങ്ങളിൽ കുടിൽ വ്യവസായം പോലെ പുഷ്ടിച്ചു. മെസ്സി കൊൽക്കത്തയിൽ വന്നപ്പോൾ നേരിട്ട് കാണാൻ കോഴിക്കോട്ടുനിന്നു മലപ്പുറത്തുനിന്നും ഒരുപാട് പേർ വണ്ടികയറി. പലപ്പോഴും പ്രകടനം ക്‌ളബിന് വേണ്ടി ചുരുങ്ങുമ്പോൾ 'ക്‌ളബ് സസി'യെന്ന് ഫേസ്‌ബുക്കിൽ കളിയാക്കിയവരെ കളി മെസ്സിയോട് വേണ്ടെന്ന് പറഞ്ഞ് കൈകാര്യം ചെയ്തു.

കേരള മറഡോണയെന്ന് വിളിപ്പേരുള്ള മുൻ സന്തോഷ് ട്രോഫി ടീം ക്യാപ്റ്റൻ ആസിഫ് സഹീറിന് ഒരു നിർബന്ധമുണ്ട്; മലപ്പുറത്തെ ഏറ്റവും വലിയ മെസ്സി ഫാനെന്ന പട്ടം മറ്റാർക്കും വിട്ടുകൊടുക്കില്‌ളെന്ന്. ഇങ്ങനൊരാൾ ഭൂമിയിൽ ജനിച്ചതല്‌ളെന്ന് വിശ്വസിക്കാനാണ് ആസിഫിനിഷ്ടം. വേറേതെങ്കിലും ഗ്രഹത്തിൽ നിന്ന് വന്നതാവണം. കപ്പ് കിട്ടിയില്‌ളെന്ന പേരിൽ ഒരു ഇതിഹാസത്തെ തള്ളിപ്പറയുകയല്ല വേണ്ടത്. നിർഭാഗ്യമെന്ന് സമാധാനിച്ച് ആ കളി ഇനിയൊരുപാട് കാലം കാണാൻ അവസരമുണ്ടാക്കണം. അത്യപൂർവമായി മാത്രം സംഭവിച്ചേക്കാവുമെന്ന മെസ്സിയുടെ പിഴവുകൾ കണ്ടുപിടിക്കാനെന്നോണം വിമർശകർ കണ്ണിലെണ്ണയൊഴിച്ചിരിക്കുന്നത് ആ കളി ഇഷ്ടപ്പെടുന്നതുകൊണ്ടാണെന്ന് ആസിഫ് തുടരുന്നു.
ഇതേ നിലയിൽ തന്നെയാണ് മലബാറിന്റെ പൊതുജനം മെസ്സിയെ വിലയിരുത്തുന്നത്. വിരമിക്കൽ തീരുമാനം വികാരപരാമാണെന്നും മെസ്സി തിരച്ചുവരുമെന്നുമാണ് അവർ കരുതുന്നത്. മെസ്സി മടങ്ങിവാരനായി പ്രവാസി മലയാളികളെയടക്കംകൂട്ടി ഫേസ്‌ബുക്ക് കാമ്പയിനും അവർ തുടങ്ങിക്കഴിഞ്ഞു.

അർജന്റീന തോറ്റതിന്റെ സന്തോഷത്തിൽ ആസ്വദിച്ചിരിക്കുകയായിരുന്നു എതിർ പാളയങ്ങളിലെ ആരാധകർ, സോഷ്യൽ മീഡിയയിൽ ആഘോഷം പങ്കുവച്ച് തുടങ്ങിയപ്പോഴാണ് മെസ്സിയുടെ വിരമിക്കൽ വാർത്ത വന്നത്. പെട്ടെന്ന് കാര്യങ്ങൾ മാറിമറിഞ്ഞു. സന്തോഷമുഖങ്ങളിൽ പലതിലും നിരാശയുടെ കാർമേഘം. അർജന്റീന വിരോധത്തിന് പിന്നിലൊളിപ്പിച്ചിരുന്ന ഫുട്ബോൾ സ്‌നേഹം സോഷ്യൽ മീഡിയ പേജുകളിൽ പെയ്തിറങ്ങി. ട്രോളാൻ മുന്നിൽ നിന്നവർ പോലും പ്രതിഭയുടെ പടിയിറക്കത്തിൽ നടുങ്ങുന്ന കാഴ്ചയായിരുന്നു.

ഫുട്ബോൾ എന്ന ഗെയിമിനോടുള്ള സ്‌നേഹത്തിന്റെയും ആദരവിന്റെയും ഓർമപ്പെടുത്തൽ കൂടിയായി അർജന്റീന വിരോധികളെന്ന് സ്വയം പ്രഖ്യാപിക്കുന്നവരുടെ പോലും സൈബർഇടങ്ങൾ മാറി. 'മെസ്സീ ......നിങ്ങളുടെ തോൽവി ഒരു ബ്രസീൽ ഫാൻ എന്ന നിലയിൽ ഞാൻ ആഘോഷിച്ചിട്ടുണ്ട്. പെനാൽറ്റി പാഴാക്കുമ്പോഴൊക്കെ സന്തോഷിച്ചിട്ടുണ്ട്. അത് നിന്നോടുള്ള ഇഷ്ടക്കുറവുകൊണ്ടല്ല, സുഹൃത്തുക്കളായ അർജന്റീന ഫാനുകളോടുള്ള നേരം പോക്കിനായിരുന്നു. അല്‌ളെങ്കിൽ ബ്രസീൽ എന്ന കാൽപന്തുകളിയുടെ സൗന്ദര്യത്തെ നെഞ്ചേറ്റിയതു കൊണ്ടാകാം. പക്ഷേ, മെസ്സീ നിന്നെ ഞങ്ങൾ സ്‌നേഹിച്ചിരുന്നു. നെയ്മറും സുവാരസുമൊത്ത് നീ ബാഴ്‌സക്കുവേണ്ടി കളിക്കുമ്പോൾ നിന്റെ ഗോളിനായ് ഞാൻ കാത്തിരുന്നിട്ടുണ്ട്. നീ ഗോളടിക്കുമ്പോൾ ആർത്തുവിളിച്ചിട്ടുമുണ്ട്. പക്ഷേ, മെസ്സീ രാജ്യാന്തര മത്സരങ്ങളിൽനിന്ന് വിരമിക്കാൻ തീരുമാനിച്ചുവെന്ന നിന്റെ തീരുമാനം ശരിയാണെങ്കിൽ ഒന്നേ പറയാനുള്ളൂ വേണ്ടായിരുന്നു. ബാഴ്‌സയുടെ കുപ്പായത്തെക്കാൾ നിന്നെക്കാണാൻ ഞാൻ ആഗ്രഹിക്കുന്നത് അർജന്റീനയുടെ കുപ്പായത്തിൽതന്നെയാണ്' ഹൃദയം തകർന്ന് ബ്രസീൽ ആരാധകർ കുറിച്ചു.

പോർചുഗലിനെയും ജർമനിയെയും ചിലിയെയും സ്‌പെയിനിനെയും തുടങ്ങി മറ്റു രാജ്യക്കാരുടെ ആരാധകർക്കും ഇതുതന്നെയാണ് പറയാനുള്ളത്. ട്വിറ്ററിലും ഫേസ്‌ബുക്കിലും ഒന്നാമത് നിന്ന ട്രെൻഡിങ് വിഷയമായിരുന്നു അർജന്റീനചിലി ഫൈനൽ. ഒടുവിൽ ചിലി കിരീടമുയർത്തിയപ്പോൾ പക്ഷേ, അവർക്കായി അധികം സംസാരിക്കാൻ സോഷ്യൽ മീഡിയയിൽ ആളു കുറവായിരുന്നു. വീണ്ടും തോറ്റ അർജന്റീനയെ ട്രോളുകയായിരുന്നു എല്ലാവരും.

മലയാളത്തിലെ ട്രോളിങ് പേജുകളെല്ലാം കിട്ടിയ അവസരം മുതലെടുത്ത് ചിരിക്കോപ്പ നിറക്കാൻ തുടങ്ങി. അർജന്റീന ആരാധകരെ കുത്താൻ ചിരവൈരികളായ ബ്രസീൽ ആരാധകരും മുന്നിൽ നിന്നു. എന്നാൽ, അവക്കൊന്നും അധികം ആയുസ്സുണ്ടായില്ല. വിരമിക്കാനുള്ള തീരുമാനം മെസ്സി പറഞ്ഞെന്നുള്ള വാർത്ത വന്നതോടെ അവിശ്വസനീയതയായിരുന്നു പ്രൊഫൈലുകളിൽ. മണിക്കൂറുകളോളം മെസ്സി തന്നെ ട്വിറ്റർ, ഫേസ്‌ബുക് ഒന്നാം ട്രെൻഡിങ് ആയി നിന്നു. മെസ്സിയുടെ നിരാശ നിറഞ്ഞ ചിത്രങ്ങളും കരച്ചിലടക്കാൻ പാടുപെടുന്ന വിഡിയോകളും കൊണ്ട് പ്രൊഫൈലുകൾ നിറഞ്ഞു. ഫുട്ബാളിന്റെ നഷ്ടമെന്തെന്നുള്ള തിരിച്ചറിവായിരുന്നു പലരും പങ്കുവച്ചത്.

മലയാളത്തിലെ ട്രോളുകാർ അവിടെയും നർമം നിറച്ചു. എന്തുവന്നാലും കുലുങ്ങില്‌ളെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തോൽവിയുടെ ഭാരമേറ്റെടുത്ത് നായകസ്ഥാനമൊഴിയാൻ തയാറാകാതിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുമൊക്കെ മെസ്സിയുടെ 'മണ്ടൻ' തീരുമാനത്തിൽ ഊറിച്ചിരിച്ചു വിവിധ ട്രോൾ പോസ്റ്റുകളിൽ. ക്രിക്കറ്റ് ലോകകപ്പിനായി വർഷങ്ങൾ പലത് കാത്ത സചിൻ ടെണ്ടുൽകറുടെ ജീവിതമറിഞ്ഞിരുന്നെങ്കിൽ മെസ്സി ഇങ്ങനെ ചെയ്യില്ലായിരുന്നെന്ന് കുറിച്ചവരുമുണ്ട്.

സചിൻ കഴിഞ്ഞാൽ ഒരു കായികതാരത്തിന്റെ വിരമിക്കൽ വാർത്ത ഇത്രമേൽ ദുഃഖിപ്പിച്ച സന്ദർഭം വേറെയില്‌ളെന്ന നിരാശ മറ്റുചിലർ പങ്കുവച്ചു. ഇതിനിടയിൽ 'കിടക്കപ്പൊറുതി'യില്ലാതെ ആയത് പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശാഹിദ് അഫ്രീദിക്കാണ്. പല തവണ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയും തിരിച്ചുവരുകയും ചെയ്ത അഫ്രീദിയുടെ മാതൃക മെസ്സി സ്വീകരിക്കണമെന്ന് കുറിച്ച് ട്രോളന്മാൻ പിറകെ കൂടിയപ്പോൾ അഫ്രീദിയും 'ട്രെൻഡ്' ആയി. ഇങ്ങനെ ഒരു അവസാനമല്ല മെസ്സിയെപ്പോലൊരു ഇതിഹാസ താരത്തിന് പറഞ്ഞിട്ടുള്ളതെന്ന് കുറിച്ചവർ, താരം തീരുമാനം പിൻവലിച്ച് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP