Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സന്തോഷ് ട്രോഫി ആരവങ്ങൾക്ക് ഇന്ന് കിക്കോഫ്; താരങ്ങളുടെയും കാണികളുടെയും ആവശ്യങ്ങൾക്കു പുല്ലുവില; കളി സമയം ഉച്ചയ്ക്ക് 1.45ലേക്കു മാറ്റി; ഉദ്ഘാടന മത്സരം ആന്ധ്രയും കർണ്ണാടകയും തമ്മിൽ; പ്രതീക്ഷയുമായി കേരളം ഇന്ന് പുതുച്ചേരിയെ നേരിടും

സന്തോഷ് ട്രോഫി ആരവങ്ങൾക്ക് ഇന്ന് കിക്കോഫ്; താരങ്ങളുടെയും കാണികളുടെയും ആവശ്യങ്ങൾക്കു പുല്ലുവില; കളി സമയം ഉച്ചയ്ക്ക് 1.45ലേക്കു മാറ്റി; ഉദ്ഘാടന മത്സരം ആന്ധ്രയും കർണ്ണാടകയും തമ്മിൽ; പ്രതീക്ഷയുമായി കേരളം ഇന്ന് പുതുച്ചേരിയെ നേരിടും

കെ സി റിയാസ്

കോഴിക്കോട്: താരങ്ങളെയും കാണികളെയും കൂടുതൽ ബുദ്ധിമുട്ടിക്കുന്ന പുതിയ സമയക്രമവുമായി 71-ാമത് സന്തോഷ് ട്രോഫി ഫുട്ബാൾ ചാംപ്യൻഷിപ്പിന് ഇന്ന് കിക്കോഫ്. നട്ടുച്ചയ്ക്കുള്ള കളി മാറ്റണമെന്ന ടീമുകളുടെയും കളിക്കമ്പക്കരുടെയുമെല്ലാം ആവശ്യങ്ങൾക്കു പുല്ലു വില പോലും നൽകാതെ, നേരത്തെ ഉച്ചയ്ക്ക് 2.30ന് നിശ്ചയിച്ചിരുന്ന മത്സരങ്ങളെല്ലാം ഉച്ചയ്ക്ക് 1.45-ലേക്കും വൈകീട്ട് 4.30ന് തീരുമാനിച്ചിരുന്ന മത്സരങ്ങളെല്ലാം വൈകുന്നേരം നാലിലേക്കും മാറ്റി. കേരള ഫുട്ബാൾ അസോസിയേഷന്റെയും ക്ലസ്റ്റർ പോരാട്ടങ്ങളിൽ പങ്കാളികളാവുന്ന ടീമുകളുടെയെല്ലാം കടുത്ത എതിർപ്പുകൾ അവഗണിച്ചാണ് ആൾ ഇന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെ ഏകപക്ഷീയമായ തീരുമാനം. എന്നാൽ, ആതിഥേയരായ കേരളവും പോണ്ടിച്ചേരിയും തമ്മിൽ നേരത്തെ നിശ്ചയിച്ചിരുന്ന ഉദ്ഘാടന മത്സരം അടക്കമുള്ള ആതിഥേയരുടെ എല്ലാ കളികളും വൈകീട്ടത്തേക്കു മാറ്റി റീ ഷെഡ്യൂൾ ചെയ്തത് കേരളത്തിന് ആശ്വാസമായി. തീരുമാനത്തെ ആന്ധ്രാപ്രദേശ് ശക്തമായി എതിർത്തെങ്കിലും ഫലമുണ്ടായില്ല.

ഫുട്ബാൾ പ്രേമികളുടെ നിരന്തരമായ ആവശ്യം ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും ആൾ ഇന്ത്യാ ഫുട്ബാൾ ഫെഡറേഷൻ അനുകൂല സമീപനം സ്വീകരിച്ചില്ലെന്ന് കെ എഫ് എ ജനൽ സെക്രട്ടറി പി അനിൽകുമാർ പറഞ്ഞു. നേരത്തെ നിശ്ചയിച്ച സമയത്തിൽ നിന്ന് പിറകോട്ട് പോകുന്നതിനു പകരം ഈ മത്സരങ്ങളെല്ലാം മുക്കാൽ മണിക്കൂർ നേരത്തെയാക്കി പൊരിവെയിലിൽ നിന്ന് പൊരിവെയിലിലേക്ക് മാറ്റി ഫുട്ബാൾ പ്രേമികളെ കൂടുതൽ ബുദ്ധിമുട്ടാക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ, വൈകീട്ട് ആറിനു മുമ്പ് രണ്ടു കളിയും തീർക്കേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം ഫ്‌ളഡ് ലിറ്റ് പ്രശ്‌നം ഉണ്ടാകുമെന്നുമായിരുന്നു മറുപടി.

രാജ്യത്ത് അഞ്ച് കേന്ദ്രങ്ങളിലായി ക്ലസ്റ്റർ മത്സരങ്ങൾ നടക്കുന്ന നാലിടത്തും അതത് സംസ്ഥാനങ്ങളിലെ കാലാവസ്ഥയ്ക്ക് കൂടുതൽ അനുഗുണമായ, സമയത്താണെന്നിരിക്കെ കേരളത്തിൽ മാത്രം കാലാവസ്ഥ പരിഗണിക്കാൻ ഫെഡറേഷൻ തയ്യാറായില്ല.
എല്ലായിടത്തും ഒരേസമയത്ത് മത്സരം നടത്തേണ്ട മാച്ച് ഫിക്‌സിങ് പോലുള്ള കളിയിലെ അനഭിലഷണീയമായ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നിരിക്കെയാണ് അധികൃതരുടെ പിടിവാശി. സമയത്തിൽ പ്രാദേശികമായ ചില നീക്കുപോക്കുകൾ മാച്ച് കമ്മിഷണർക്കു സ്വീകരിക്കാമായിരുന്നെങ്കിലും അതും ഉണ്ടായില്ല.

കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഇന്ന് ഉച്ചയ്ക്ക് 1.45ന് കർണ്ണാടകയും ആന്ധ്രാപ്രദേശും തമ്മിലാണ് ഉദ്ഘാടന മത്സരം. വൈകീട്ട് നാലിന് രണ്ടാമത്തെ കളിയിൽ കേരളം പോണ്ടിച്ചേരിയെ നേരിടും. സൗത്ത് സോണിൽ നിന്നുള്ള ടീമുകളെ നിർണയിക്കുന്ന പ്രാഥമിക റൗണ്ട് മത്സരങ്ങളിൽ എട്ടു ടീമുകളാണ് പങ്കെടുക്കുന്നത്. നാല് വീതം ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളിൽ നിന്നായി ഓരോ ടീമിനാണ് ഫൈനൽ റൗണ്ടിലേക്ക് പ്രവേശനം ലഭിക്കുക.

മലപ്പുറത്തെ പി ഉസ്മാന്റെ നേതൃത്വത്തിലുള്ള പരിചയസമ്പന്നരും പുതുമുഖ താരങ്ങളും ഉൾപ്പെട്ട നിരയാണ് കേരളത്തിനായി ഇന്ന് ബൂട്ടുകെട്ടുക. എട്ടു പേർ സന്തോഷ് ട്രോഫിയിൽ നേരത്തെ ജഴ്സി അണിഞ്ഞാവരാണെങ്കിൽ 11 പേർ പുതുമുഖ താരങ്ങളാണ്. ഇതിൽ ആറ് പേർ അണ്ടർ 19 താരങ്ങളാണ്. സന്തോഷ് ട്രോഫി മുൻ നായകനും വിവ കേരളയുടെ മുൻ താരവുമായ വി കെ ഷിബിൻലാലും ചിരാഗ് യുണൈറ്റഡ് മുൻ താരം നൗഷാദുമാണ് ടീമിലെ കോഴിക്കോട്ടുകാർ. ഗോൾ കീപ്പറുൾപ്പടെ രണ്ട് താരങ്ങൾ കണ്ണൂർക്കാരാണ്. കണ്ണൂർ എസ് എൻ കോളെജ്, മഞ്ചേരി എൻ എസ് എസ് കോളെജ്, അരീക്കോട് എം ഇ എ കോളെജ്, കോട്ടയം ബസേലിയേസ് കോളെജ് തുടങ്ങിയ സ്ഥാപനങ്ങൾക്ക് പുറമേ എസ് ബി ടിയുടെ താരങ്ങളാണ് ടീമിൽ ഇടം നേടിയവരിൽ അധികവും. എല്ലാ കളിയും ജയിച്ച് ഫൈനൽ റൗണ്ടിന് യോഗ്യത നേടുകയാണ് കേരള ടീമിന് മുന്നിലുള്ള പ്രധാന കടമ്പയെന്ന് ക്യാപ്റ്റൻ ഉസ്മാൻ പറഞ്ഞു. മികച്ച പ്രതീക്ഷയുണ്ട്. കാണികളുടെ സപ്പോർട്ടും ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. നല്ല ചൂടിൽ കളിക്കുന്നതിൽ അതിന്റേതായ ബുദ്ധിമുട്ടുണ്ടെങ്കിലും പ്രകടനത്തെ അത് ബാധിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പിൽ കർണ്ണാടകയാണ് കേരളത്തിന്റെ പ്രധാന എതിരാളി.

കഴിഞ്ഞ തവണ തമിഴ്‌നാടുമായി ഗോൾ ശരാശരിയിൽ നേരിയ വ്യത്യാസത്തിന് അവസാന റൗണ്ടിലേക്ക് യോഗ്യത നഷ്ടപ്പെട്ട കേരളം ഇത്തവണ മികച്ച പ്രകടനം നടത്താനാവുമെന്ന പ്രതീക്ഷയിലാണ് സ്റ്റേഡിയത്തിലിറങ്ങുന്നത്. കഴിഞ്ഞ രണ്ട് വർഷമായി അവസാന റൗണ്ടിലേക്ക് യോഗ്യത നേടാൻ കഴിയാത്തതിന്റെ നാണക്കേട് തീർക്കാൻ സ്വന്തം തട്ടകത്തിലാവുമെന്ന കടുത്ത ആത്മവിശ്വാസം ടീമിനുണ്ട്. അഞ്ചു തവണ സന്തോഷ് ട്രോഫി മുത്തമിടുകയും എട്ടു തവണ റണ്ണറപ്പുമായ കേരളത്തിന് പഴയ മേൽവിലാസം തിരിച്ചുപിടിക്കൽ അഭിമാനപ്രശ്നമാണ്. കേരളം ഏറ്റവുമവസാനം സന്തോഷ് ട്രോഫി കിരീടം നേടിയത് 2005-ലാണ്. അന്ന് കലാശക്കൊട്ടിൽ പഞ്ചാബിനെയാണ് കേരളം കീഴടക്കിയത്. അന്നും യോഗ്യതറൗണ്ട് നടന്നത് കോഴിക്കോട്ടായിരുന്നു. ഇത്തവണയും കോഴിക്കോട് നിന്ന് അവസാന റൗണ്ട് യോഗ്യത നേടി കിരീടം സ്വന്തമാക്കാനുള്ള പടപ്പുറപ്പാടിലാണ് കേരളത്തിന്റെ മുൻ നായകൻ കൂടിയായ വി പി ഷാജിയുടെ കുട്ടികൾ.

നാല് സീനിയർ താരങ്ങളുടെ ബലത്തിൽ കളത്തിലിറങ്ങുന്ന പുതുച്ചേരിയാണ് കേരളത്തിന്റെ ഇന്നത്തെ എതിരാളി. ആറ് തവണ സന്തോഷ് ട്രോഫിയിൽ കളിച്ച സുകുമാരനാണ് ഇവരുടെ 20 അംഗ ടീമിനെ നയിക്കുന്നത്. ടീമിൽ നാല് മലയാളി താരങ്ങളുമുണ്ട്. തൃശൂരിലെ റഫീഖ്, പാലക്കാട്ടെ അജ്മൽ, വയനാട്ടിലെ നിസാം, തിരുവനന്തപുരം സ്വദേശി നിധിൻ എന്നിവരാണ് പുതുച്ചേരിക്കു വേണ്ടി കേരളത്തിനെതിരെ തന്ത്രങ്ങൾ മെനയുക. ഡാനിയൽ റോക്കും ആൽബിനും ബാലാജിയും രണ്ടുതവണ വീതം സന്തോഷ് ട്രോഫിയിൽ ജഴ്സി അണിഞ്ഞിട്ടുണ്ട്. നാല് താരങ്ങൾ അണ്ടർ 19 താരങ്ങളാണ്. ഗ്രൂപ്പിൽ കേരളത്തെ ശക്തമായ ടീമായാണ് കാണുന്നതെങ്കിലും പുതുച്ചേരി ടീമിൽ വിജയ പ്രതീക്ഷയുണ്ടെന്ന് ക്യാപ്റ്റൻ സുകുമാരൻ പറഞ്ഞു.

മലയാളിതാരം പാലക്കാട്ടെ രാഗിൻ എസ് രാജ് നയിക്കുന്ന നിലവിലെ ചാമ്പ്യന്മാരായ സർവ്വീസസ് തികഞ്ഞ ആത്മവിശ്വാസത്തിലാണ് സന്തോഷ്ട്രോഫിക്ക് ഇറങ്ങുന്നത്. നാളെ (വെള്ളി) തെലങ്കാനയുമായാണ് ടീമിന്റെ ആദ്യമത്സരം. ഏഴ് മലയാളികളാണ് സർവ്വീസസ് ടീമിലുള്ളത്. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് ടീം ഇറങ്ങുന്നതെന്നും നേരത്തെ സന്തോഷ്ട്രോഫിയിലെ പരിചയം ടീമിന് ഗുണം ചെയ്യുമെന്നും രാഗിൻ പറഞ്ഞു. ക്യാപ്റ്റന് പുറമെ ബ്രിട്ടോ (തിരുവനന്തപുരം), അനുസോളി (തൃശൂർ), ജയിൻ (കാസർഗോഡ്), സ്‌ട്രൈക്കർ ഇർഷാദ് (മലപ്പുറം), ഫർഹാദ് (കോഴിക്കോട്), വിഷ്ണു (കണ്ണൂർ) എന്നിവരാണ് ടീമിലെ മലയാളി സാന്നിധ്യം. തമിഴ്‌നാടാണ് സർവീസിസന്റെ മുഖ്യ എതിരാളികൾ.

ആദ്യമായി സന്തോഷ് ട്രോഫിയിൽ ശക്തി പരീക്ഷിക്കുന്ന ലക്ഷദ്വീപ് ബി ഇസ്മായീലിന്റെ നേതൃത്വത്തിലാണ് മത്സരത്തിനിറങ്ങുന്നത്. നാളെ വൈകീട്ട് നാലിന് തമിഴ്‌നാടുമായാണ് ലക്ഷദ്വീപിന്റെ ആദ്യമത്സരം. വിവ ചെന്നൈ താരം വി ആർ മുരുകപ്പന് കീഴിൽ തമിഴ്‌നാടും ചന്ദ്രശേഖറിന്റെ ക്യാപ്റ്റൻസിയിൽ ആന്ധ്രപ്രദേശും ജി വിഘ്‌നേശിന്റെ നായക ത്വത്തിൽ കർണ്ണാടകയും ദക്ഷിണമേഖലാ പ്രാഥമിക റൗണ്ട് മാച്ചിൽ കടുത്ത പോരാട്ടം കാഴ്‌ച്ചവെക്കുമെന്നാണ് പടനായകരുടെ അവകാശവാദം.

കേരളം ഉൾപ്പെടുന്ന ഗ്രൂപ്പ് എയിൽ കർണാടക, ആന്ധ്ര, പുതുച്ചേരി എന്നിവയാണ് മറ്റു മൂന്നു ടീമുകൾ. തമിഴ്‌നാട്, സർവീസസ്, തെലങ്കാന, ലക്ഷദ്വീപ് ടീമുകളാണു ഗ്രൂപ്പ് ബിയിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP