Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭാഷാദ്ധ്യാപകരെ കായികാദ്ധ്യാപകരാക്കാനുള്ള ഉത്തരവ് പിൻവിലച്ചു; മാറ്റിവച്ച സ്‌കൂൾകായിക മേളയിലും തീരുമാനം ഉടൻ; മേളയുമായി അദ്ധ്യാപകർ സഹകരിക്കും

ഭാഷാദ്ധ്യാപകരെ കായികാദ്ധ്യാപകരാക്കാനുള്ള ഉത്തരവ് പിൻവിലച്ചു; മാറ്റിവച്ച സ്‌കൂൾകായിക മേളയിലും തീരുമാനം ഉടൻ; മേളയുമായി അദ്ധ്യാപകർ സഹകരിക്കും

തിരുവനന്തപുരം: ഭാഷാദ്ധ്യാപകരെ കായികാദ്ധ്യാപകരാക്കി നിയമിക്കണമെന്നുള്ള നിർദ്ദേശം റദ്ദ് ചെയ്തുകൊണ്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. തസ്തിക ഇല്ലാതെ പുറത്ത് നിൽക്കുന്ന അദ്ധ്യാപകർക്ക് വിദഗ്ധ പരിശീലനം നൽകി കായികാദ്ധ്യാപകർ ഉൾപ്പെടെയുള്ള തസ്തികകളിൽ നിയമിക്കാമെന്ന് കാണിച്ച് നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയതിനെ തുടർന്നാണ് തീരുമാനമെന്ന് സർക്കാർ വിശദീകരിച്ചു. ഇതോടെ സ്‌കൂൾ കായികമേളയുമായി കായിക അദ്ധ്യാപകർ സഹകരിക്കുമെന്നും വ്യക്തമായി.

പ്രതിഷേധങ്ങളെ തുടർന്ന് വ്യാഴാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കാനിരുന്ന സംസ്ഥാന സ്‌കൂൾ കായിക മേള മാറ്റിവച്ചിരുന്നു. പുതിയ തീയതി നാളെ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബുമായുള്ള ചർച്ചയ്ക്കു ശേഷം തീരുമാനിക്കുമെന്ന് അധികൃതർ പറഞ്ഞു. കായികാധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സമരത്തെ തുടർന്നായിരുന്നു തീരുമാനം.

കായികാധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിവാദ ഉത്തരവ് മരവിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി നിർദ്ദേശം നൽകിയെങ്കിലും ഉത്തരവ് രേഖാമൂലം പിൻവലിക്കാതെ പിന്നോട്ടുപോകില്ലെന്നായിരുന്നു സമരക്കാരുടെ നിലപാട്. ഇന്ന് മലപ്പുറം ജില്ലയിലെ കായികമേള വലിയ പ്രതിഷേധത്തെ തുടർന്ന് മാറ്റിവച്ചിരുന്നു. നിലവിൽ പാലക്കാട്, തിരുവനന്തപുരം ജില്ലകളിലെ കായികമേളയും നടന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനതല മേള മാറ്റിവയ്ക്കുന്നത്.

കായികാധ്യാപകരും കായികവിദ്യാർത്ഥികളും തുടരുന്ന സമരത്തിന് എസ്.എഫ്.ഐ, എ.ബി.വി.പി. തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചതോടെ, സമരം കൂടുതൽ ശക്തമായി. പാലക്കാട്ട് കഴിഞ്ഞ ദിവസവും കോഴിക്കോട്ട് ഞായറാഴ്ചയും കായികമേള തടസ്സപ്പെട്ടിരുന്നു. 26 മുതൽ ദേശീയ ജൂനിയർ മീറ്റ് വിജയവാഡയിൽ നടക്കുന്നുണ്ട്. ഈ മീറ്റിനുള്ള സംസ്ഥാന ടീമിൽ സ്‌കൂൾ താരങ്ങളാണ് ഏറെയും. അതുകൊണ്ട് സ്‌കൂൾ കായികമേള ജൂനിയർ മീറ്റിനുശേഷമേ ഇനി നടക്കൂ എന്നാണ് സൂചന.

മലപ്പുറത്ത് ഇന്ന് കായിക വിദ്യാർത്ഥികൾക്ക് തൊഴിലവസരം നഷ്ടപ്പെടുത്തുന്ന ഡി.പി.ഐയുടെ വിവാദ ഉത്തരവിനെതിരെ പ്രതിഷേധവുമായി എത്തിയ കായിക വിദ്യാർത്ഥികളെ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തിയിരുന്നു. ലാത്തിച്ചാർജ്ജിനിടെ വിദ്യാർത്ഥികളെ രക്ഷിക്കാൻ എത്തിയ തിരൂർക്കാട് അൻവാറുൽ സ്‌കൂളിലെ അദ്ധ്യാപകൻ രഞ്ജിത്തിനെ പൊലീസ് മർദ്ദിച്ചു. ഇതിൽ പ്രതിഷേധിച്ച് അദ്ധ്യാപകർ മത്സര സ്ഥലത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന കായികമേള ബഹിഷ്‌കരിക്കാൻ അദ്ധ്യാപകർ തീരുമാനിച്ചിരുന്നു്.

വിദ്യാർത്ഥി സമരത്തെ തുടർന്ന് തേഞ്ഞിപ്പലത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിൽ രണ്ടു ദിവസം തുടർച്ചയായി മത്സരം നടത്താനാവാതെ വന്നതിനെ തുടർന്ന് പൊലീസ് സംരക്ഷണയിൽ എം.എസ്‌പി മൈതാനത്ത് കായികമേള നടത്താൻ തീരുമാനിക്കുകയായിരുന്നു, രാവിലെ എട്ടു മണിക്കു തുടങ്ങേണ്ട മത്സരങ്ങൾ രണ്ടു മണിക്കൂർ വൈകിയാണ് തുടങ്ങിയത്. അപ്പോഴേക്കും സമരക്കാർ മൈതാനത്തെത്തി എത്തി ട്രാക്കിൽ ഇരുന്ന് മത്സരം തടസപ്പെടുത്തുകയായിരുന്നു. ഇവരെ ബലമായി നീക്കം ചെയ്യാനുള്ള ശ്രമമാണ് ലാത്തിച്ചാർജ്ജിൽ കലാശിച്ചത്.

സംസ്ഥാനത്തെ സ്‌കൂളുകളിൽ കായികാധ്യാപകരുടെ തസ്തിക എടുത്തുമാറ്റാനും മറ്റ് അദ്ധ്യാപകർക്ക് പരിശീലനം നൽകി കായികാധ്യാപകരുടെ ചുമതല കൂടി നൽകാനും സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് കായികാധ്യാപകർ സമരവുമായി രംഗത്തിറങ്ങിയത്. സമരത്തെ തുടർന്ന് സർക്കാർ ഉത്തരവ് താത്ക്കാലികമായി പിൻവലിച്ചിരുന്നു. എന്നാൽ ഉത്തരവ് പൂർണമായി പിൻവലിക്കും വരെ സമരം തുടരാനായിരുന്നു കായികാധ്യാപകരുടെ തീരുമാനം. ഇത് കണക്കിലെടുത്താണ് ഉത്തരവ് പിൻവലിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP