മികച്ച പ്രകടനം നടത്തിയിട്ടും ഏഷ്യൻ ഗെയിംസ് ടീമിൽ ഉൾപ്പെടുത്തിയില്ല; ഒഴിവാക്കിയത് പുല്ലേല ഗോപിചന്ദിന്റെ മകൾക്ക് അവസരം നൽകാൻ; ഗെയിംസിൽ നിന്നൊഴിവാക്കപ്പെട്ടതിൽ ഹർജി സമർപ്പിച്ച് മലയാളി താരങ്ങളായ അപർണ ബാലനും കെ.പി. ശ്രുതിയും
July 02, 2018 | 05:48 PM IST | Permalink

സ്പോർട്സ് ഡെസ്‌ക്
കൊച്ചി:ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ബാഡ്മിന്റൺ ടീമിൽ നിന്നും ഒഴിവാക്കപ്പെട്ട താരങ്ങൾ ഹൈക്കോടതിയിലേക്ക്.ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടത് ചോദ്യം ചെയ്ത് മലയാളി താരങ്ങളായ അപർണ ബാലനും, കെ.പി. ശ്രുതിയുമാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.യോഗ്യത മത്സരങ്ങളിൽ കിരീടം നേടിയ തങ്ങളെ ബാഡ്മിന്റൺ അസോസിയേഷൻ ഒഴിവാക്കിയെന്ന് ആരോപിച്ചാണ് താരങ്ങൾ കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
ബാഡ്മിന്റൺ പരിശീലകൻ പുല്ലേല ഗോപിചന്ദിന്റെ മകളെ ടീമിലെടുക്കാനാണ് തങ്ങളെ പുറത്താക്കിയതെന്നും ഹർജിയിൽ താരങ്ങൾ ആരോപിക്കുന്നു. ഗോപിചന്ദ് സെക്ഷൻ കമ്മിറ്റിയുടെ ഭാഗമായിരുന്നുവെന്നാണ് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നത്. ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യയും ഗോപിചന്ദും ചേർന്ന് സെക്ഷൻ നടപടികൾ അട്ടിമറിച്ചുവെന്നും ഹർജിയിൽ താരങ്ങൾ ആരോപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെ ഇന്തോനേഷ്യൻ തലസ്ഥാനമായി ജക്കാർത്തയിലാണ് 18ാമത് ഏഷ്യൻ ഗെയിംസ് നടക്കുക.