Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പണത്തിന്റെ കാര്യത്തിൽ തട്ടിപ്പും വെട്ടിപ്പും നടക്കില്ല; ടീം സെലക്ഷനുമായി ബന്ധപ്പെട്ട് ആർക്കും പൊതുതാൽപര്യ ഹർജിയും നൽകാം; രാജ്യത്തെ എല്ലാ കായിക സംഘടനകളേയും പോലെ തന്നെ ക്രിക്കറ്റ് സംഘടനയേയും മാറ്റണം; ബിസിസിഐയും സംസ്ഥാന ബോർഡുകളും വിവരാവകാശത്തിന് കീഴിലാക്കാൻ ശുപാർശ ചെയ്ത് നിയമ കമ്മിഷൻ

പണത്തിന്റെ കാര്യത്തിൽ തട്ടിപ്പും വെട്ടിപ്പും നടക്കില്ല; ടീം സെലക്ഷനുമായി ബന്ധപ്പെട്ട് ആർക്കും പൊതുതാൽപര്യ ഹർജിയും നൽകാം; രാജ്യത്തെ എല്ലാ കായിക സംഘടനകളേയും പോലെ തന്നെ ക്രിക്കറ്റ് സംഘടനയേയും മാറ്റണം; ബിസിസിഐയും സംസ്ഥാന ബോർഡുകളും വിവരാവകാശത്തിന് കീഴിലാക്കാൻ ശുപാർശ ചെയ്ത് നിയമ കമ്മിഷൻ

ന്യൂഡൽഹി: പണത്തിന്റെ കാര്യത്തിൽ തട്ടിപ്പും വെട്ടിപ്പും നടക്കുന്നു എന്നും ഒരു നിയന്ത്രണവുമില്ലാതെ തോന്നുംപടിയാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും ക്രിക്കറ്റ് ബോർഡുകൾക്ക് എതിരെ എല്ലാക്കാലത്തും പരാതികളുടെ കൂമ്പാരമാണ്. ഇതിന് ഒരു അറുതിവരുത്താൻ നിയമ കമ്മിഷൻ പുതിയ ശുപാർശയുമായി എത്തുന്നു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെയും (ബിസിസിഐ) കീഴിലുള്ള സംസ്ഥാന ക്രിക്കറ്റ് ബോർഡുകളെയും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ ഇന്ത്യൻ നിയമ കമ്മിഷൻ കേന്ദ്ര സർക്കാരിനോടു ശുപാർശ ചെയ്തു. ബിസിസിഐയെ ഒരു ദേശീയ കായിക ഫെഡറേഷനായി അംഗീകരിക്കാനും അത്തരത്തിൽ വിവരാവകാശ നിയമത്തിനു കീഴിൽ കൊണ്ടുവരാനുമാണ് ജസ്റ്റിസ് ബി.എസ്. ചൗഹാൻ അധ്യക്ഷനായ നിയമ കമ്മിഷന്റെ ശുപാർശ.

ഇതോടെ ക്രിക്കറ്റ് ബോർഡുകളിൽ നടക്കുന്ന തട്ടിപ്പുകൾ വലിയൊരളവിൽ കുറയുമെന്ന സൂചനകളാണ് പ്ുറത്തുവരുന്നത്. സാമ്പത്തിക തട്ടിപ്പുകളും താരങ്ങളെ ഒഴിവാക്കുന്ന കള്ളക്കളികൾക്കുമെല്ലാം കുപ്രസിദ്ധമാണ് ഇന്ത്യയിലെ ബോർഡുകൾ. ഈ സ്ഥിതിക്ക് മാറ്റം വരുമെന്നാണ് വിലയിരുത്തലുകൾ.

രാജ്യത്തെ മറ്റു കായിക സംഘടനകളെല്ലാം വിവരാവകാശ നിയമത്തിന്റെ പരിധിയിലാണ്. അതിൽ നിന്ന് ബിസിസിഐയെ മാത്രം ഒഴിവാക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയാണു നിയമ കമ്മിഷന്റെ നടപടി. ബിസിസിഐയെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്ന കാര്യം പരിശോധിക്കാൻ സുപ്രീംകോടതിയാണു നിയമ കമ്മിഷനോട് ആവശ്യപ്പെട്ടത്. 2016 ജൂലൈയിലാണ് ഇതുസംബന്ധിച്ചു സുപ്രീംകോടതി ഉത്തരവു പുറപ്പെടുവിച്ചത്.

സമ്പത്തിന്റെ കാര്യത്തിൽ ലോകത്തെ ഒന്നാം നമ്പർ ക്രിക്കറ്റ് സംഘടനയാണ് ബിസിസിഐ. നിലവിൽ തമിഴ്‌നാട് സൊസൈറ്റീസ് റജിസ്‌ട്രേഷൻ ആക്ടിനു കീഴിൽ ഒരു സ്വകാര്യ സംരംഭമായാണു പ്രവർത്തിക്കുന്നത്. അതിനാൽ ബോർഡിനെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് പോലും തടസ്സമുണ്ട്. ഇന്ത്യൻ കായികരംഗത്ത് വലിയ സ്വാധീനമാണ് ക്രിക്കറ്റിനുള്ളത്. എന്നാൽ അതിന്റെ നിയന്ത്രണം പൂർണമായും സ്വകാര്യന്മാരുടെ കൈയിലാണെന്നത് പലപ്പോഴും ചർച്ചയായിട്ടുമുണ്ട്.

ഇപ്പോഴത്തെ സ്ഥിതിയിൽ നിന്ന് മാറ്റി ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 12 പ്രകാരം സ്റ്റേറ്റ് വിഭാഗത്തിൽ ബിസിസിഐയെയും ഉൾപ്പെടുത്തണമെന്നാണു കേന്ദ്ര നിയമ മന്ത്രാലയത്തിനു കൈമാറിയ ശുപാർശ്. ഭരണഘടനയിലെ 'സ്റ്റേറ്റ്' വിഭാഗത്തിൽപ്പെടുന്ന സംഘടനകളുടെ അധികാരങ്ങളും അവകാശങ്ങളും ബിസിസിഐ കയ്യാളുന്നതായും കമ്മിഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബിസിസിഐയെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ ടീം സെലക്ഷനുൾപ്പെടെയുള്ള വിഷയങ്ങളിൽ ആർക്കും കോടതിയെ സമീപിക്കാനാവും എന്ന നേട്ടമുണ്ട്. ബോർഡിന്റെ സാമ്പത്തിക കാര്യങ്ങളിലും സുതാര്യത വരുമെന്നതും ഉറപ്പാണ്. ദേശീയ, സംസ്ഥാന, സോണൽ ടീമുകളിലേക്കുള്ള സിലക്ഷനുമായി ബന്ധപ്പെട്ടു സുപ്രീംകോടതിയിലോ ഹൈക്കോടതികളിലോ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്യാനും സാധിക്കും. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലുമായും (ഐസിസി) മറ്റു രാജ്യങ്ങളുടെ ക്രിക്കറ്റ് ബോർഡുകളുമായും ബിസിസിഐ ഏർപ്പെടുന്ന കരാറുകളെ പോലും കോടതിയിൽ ചോദ്യം ചെയ്യാനാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP