Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദക്ഷിണ കൊറിയയോട് തോറ്റാലും രക്ഷപ്പെടുമെന്ന് കരുതിയ ജർമനിക്ക് ഇടിവെട്ടേറ്റത് മെക്‌സികോ സ്വീഡനോട് അടിയറവ് പറഞ്ഞപ്പോൾ; എല്ലാവരും എഴുതി തള്ളിയ അർജന്റീന രക്ഷപ്പെട്ടപ്പോഴും വീണ്ടും കപ്പുയർത്താൻ എത്തിയ ജർമനി വട്ടപ്പൂജ്യമായി; ജർമൻ മാധ്യമങ്ങളിൽ ശ്മശാന മൂകത; എങ്ങും നിലവിളികൾ

ദക്ഷിണ കൊറിയയോട് തോറ്റാലും രക്ഷപ്പെടുമെന്ന് കരുതിയ ജർമനിക്ക് ഇടിവെട്ടേറ്റത് മെക്‌സികോ സ്വീഡനോട് അടിയറവ് പറഞ്ഞപ്പോൾ; എല്ലാവരും എഴുതി തള്ളിയ അർജന്റീന രക്ഷപ്പെട്ടപ്പോഴും വീണ്ടും കപ്പുയർത്താൻ എത്തിയ ജർമനി വട്ടപ്പൂജ്യമായി; ജർമൻ മാധ്യമങ്ങളിൽ ശ്മശാന മൂകത; എങ്ങും നിലവിളികൾ

മറുനാടൻ മലയാളി ബ്യൂറോ

മോസ്‌കോ: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അപമാനം! മഹാദുരന്തമെന്ന് വിശേഷിപ്പിക്കുകയാണ് ജർമൻ മാധ്യമങ്ങൾ ഏറെയും. ദക്ഷിണ കൊറിയയോട് തോറ്റ് ജർമ്മനി ആദ്യ റൗണ്ടിൽ റഷ്യയിൽ നിന്ന് മടങ്ങുമ്പോൾ നിലവിലെ ചാമ്പ്യന്മാരുടെ ദുർഗതി തുടരുകയാണ്. ടോട്ടൽ ഫുട്‌ബോൾ കളിക്കുന്ന ജർമനി ജയിക്കുമെന്ന് തന്നെയാണ് ഏവരും കരുതിയിരുന്നത്. അതിനുള്ള കരുത്ത് ജർമൻ പടയ്ക്കുണ്ടായിരുന്നു. എന്നാൽ ഏവരേയും ഞെട്ടിച്ച് അവർ തലതാഴ്‌ത്തി. ജോക്കിം ലോവിന്റേയും സംഘത്തിന്റേയും കണ്ണീര് വീണ കളിനിലമാണ് റഷ്യമാറി. ഏവരും പ്രതീക്ഷിച്ചത് ആദ്യ റൗണ്ടിലെ അർജന്റീനയുടെ തോൽവിയാണ്. ബ്രസീൽ പോലും മുന്നേറുമോ എന്ന് സംശയിച്ചവരുണ്ട്. എന്നാൽ അർജന്റീനയും ബ്രസീലുമെല്ലാം പ്രീക്വാർട്ടറിലേക്ക് കയറിക്കൂടി. ഇവിടെ ഏവരും ചാമ്പ്യന്മാരാകുമെന്ന് കരുതിയ ജർമനിക്ക് അടിതെറ്റി.

2010-ൽ ഇറ്റലിക്കും 2014ൽ സ്പെയിനിനും സംഭവിച്ചത് 2018ൽ ജർമനിക്കും സംഭവിച്ചു. ഗ്രൂപ്പ് എഫിൽ അവസാന സ്ഥാനക്കാരെന്ന നാണക്കേടും ജർമനിക്കൊപ്പമുണ്ട്. അതു മാത്രമല്ല, 1938-ന് ശേഷം ജർമനി ആദ്യമായാണ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്നത്. ദക്ഷിണ കൊറിയക്കെതിരെ വിജയിച്ച് പ്രീ ക്വാർട്ടറിലെത്തുകയായിരുന്നു ജർമനിയുടെ ലക്ഷ്യം. എന്നാൽ രണ്ട് ഗോളിനുള്ള തോൽവിയായിരുന്നു ചാമ്പ്യന്മാരെ കാത്തിരുന്നത്. അങ്ങന നിലവിലെ ചാമ്പ്യന്മാരായെത്തി ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുകയെന്ന ദുർവിധി ജർമനിക്കും മറികടക്കാനായില്ല. ഇത് ജർമനിയെ ആകെ നിരാശരാക്കി. മാധ്യമങ്ങൾക്ക് പോലും ഈ തോൽവിയെ ദുഃഖത്തോടെ മാത്രമേ കാണാനാകുന്നൂള്ളൂ. ജർമൻ ഫുട്‌ബോളിലെ കറുത്ത ദിനത്തെ വേദനയോടെ തിരിച്ചറിയുകയാണ് അവർ. മഹാവിപത്തെന്നാണ് ഈ തോൽവിയെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.

ഞാൻ എന്റെ ബാഗുമായി മടങ്ങുന്നു ജർമൻ ടീമിനൊപ്പം എന്ന തലവാചകത്തോടെ വാർത്ത നൽകിയ പത്രവും ഉണ്ട്. 80 കൊല്ലത്തിനിടെ ആദ്യമയാണ് ജർമനി ഗ്രൂപ്പ് സ്റ്റേജിൽ പുറത്താകുന്നത്. സ്വീഡനെ മെക്‌സികോ തോൽപ്പിച്ചാലും ജർമനിക്ക് സാധ്യതയുണ്ടായിരുന്നു. എന്നാൽ സ്വീഡൻ, മെക്‌സികോയെ ഗോൾ മഴയിൽ മുക്കിയപ്പോൾ തകർന്നത് ജർമനിയുടെ സ്വപ്‌നങ്ങളാണ്. ജർമനി അവസരങ്ങൾ എണ്ണിയെണ്ണി നഷ്ടപ്പെടുത്തുന്നത് കണ്ട മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ വീണ രണ്ട് ഗോളുകൾക്കാണ് ജർമനി തോറ്റ് പുറത്തായത്. 93-ാം മിനിറ്റിൽ കിം യങ് ഗ്വോനും 96-ാം മിനിറ്റിൽ സോൻ ഹ്യൂങ്-മിന്നുമാണ് കൊറിയയുടെ ചരിത്രം കുറിച്ച ഗോളുകൾ നേടിയത്.

അവസാന മിനിറ്റുകളിൽ ഒരു ഗോളെങ്കിലും അടിച്ച് മെക്സിക്കോയെ മറികടന്ന് പ്രീ ക്വാർട്ടറിലെത്താനുള്ള ശ്രമത്തിലായിരുന്നു ജർമനി. ഗോൾകീപ്പർ മാനുവൽ ന്യൂയർ കൂടി കളിക്കാനിറങ്ങിയതോടെ കൊറിയ രണ്ട് എണ്ണം പറഞ്ഞ ഗോൾ ജർമനിയുടെ വലയിലെത്തിച്ചു. ഒപ്പം ജർമനിയെ പരാജയപ്പെടുത്തുന്ന ആദ്യ ഏഷ്യൻ ടീമെന്ന റെക്കോഡും ദക്ഷിണ കൊറിയക്ക് സ്വന്തമായി. ഗ്രൂപ്പ് എഫിൽ നിന്ന് ആറു പോയിന്റുമായി സ്വീഡൻ ചാമ്പ്യന്മാരായി. ആറു പോയിന്റ് തന്നെയുള്ള മെക്സിക്കോയെ ഗോൾശരാശരിയിൽ പിന്തള്ളിയാണ് സ്വീഡൻ ഒന്നാമതെത്തിയത്. മെക്സിക്കോ രണ്ടാം സ്ഥാനക്കാരായാണ് പ്രീ ക്വാർട്ടറിലെത്തിയത്. മൂന്ന് പോയിന്റുള്ള ദക്ഷിണ കൊറിയ മൂന്നാം സ്ഥാനത്തെത്തിയപ്പോൾ അവസാന സ്ഥാനക്കാരായാണ് ലോകചാമ്പ്യന്മാരായ ജർമനിയുടെ മടക്കം. ജർമനിക്കും കൊറിയക്കും മൂന്നു പോയിന്റാണെങ്കിലും ജർമനി ഗോൾശരാശരിയിൽ പിന്നിലായിപ്പോയി. അങ്ങനെ തീർത്തും നാണക്കെട്ട മടക്കം.

ഇറ്റലിക്കാരൻ ജിയാന്നി റിവേറയുടെയും ഇംഗ്ലീഷുകാരൻ ജെഫ് ഹേസ്റ്റിന്റെയും ഗോളുകൾ പോലെ മറ്റൊരു ഗോളും ജർമൻ ഫുട്ബോളിനെ ഇത്രമേൽ മുറിവേൽപിച്ചിട്ടില്ല. വെംബ്ലി സ്റ്റേഡിയത്തിലെ ഹേസ്റ്റിന്റെ 120-ാം മിനിറ്റിലെ വിവാദ ഗോളിലാണ് അന്ന് പശ്ചിമ ജർമനിക്ക് 1966 ലെ ലോകകപ്പ് ഇംഗ്ലണ്ടിന് മുന്നിൽ അടിവറവയ്ക്കേണ്ടിവന്നത്. 1970ൽ മെക്സിക്കോയിലെ അസ്റ്റക് സ്റ്റേഡിയത്തിൽ 111-ാം മിനിറ്റിൽ റിവേര നേടിയ ഗോളിലാണ് അവർ ലോകകപ്പിന്റെ സെമിയിൽ ഇറ്റലിനോട് തോറ്റത്. വർഷങ്ങൾക്കുശേഷം മറ്റ് രണ്ട് ഇഞ്ചുറി ടൈം ഗോളുകൾ ഇതിലും ആഴത്തിലുള്ള മുറിവേൽപിച്ചിരിക്കുകയാണ് ജർമനിക്ക്. സോൻ ഹ്യൂങ്-മിന്നും കിം യങ് ഗ്വോനും തൊണ്ണൂറ്റിമൂന്നാം മിനിറ്റിലും തൊണ്ണൂറ്റിയാറാം മിനിറ്റിലും പായിച്ച രണ്ട് വെടിയുണ്ടകൾ ജർമനിയുടെ മിന്നുന്നൊരു ചരിത്രത്തിലാണ് ചോരചിന്തിയിരിക്കുന്നത്.

നാലു വട്ടം കപ്പടിക്കുകയും നാലു തവണ റണ്ണറപ്പാവുകയും മൂന്ന് വട്ടം മൂന്നാം സ്ഥാനക്കാരാവുകയും ചെയ്തു. ഇതിനേക്കാൾ മെച്ചപ്പെട്ടൊരു റെക്കോഡ് അഞ്ചു വട്ടം കപ്പടിച്ച ബ്രസീലിനു മാത്രം. 1982ലും '86ലും റണ്ണറപ്പാവുകയും 1990ൽ ചാമ്പ്യൻപട്ടം കരസ്ഥമാക്കുകയും ചെയ്ത ടീം 2002 മുതൽ തുടർച്ചയായി സെമിഫൈനൽ കളിക്കുകയും ചെയ്തു. ജയിക്കാനായി ജയിച്ചവർ എന്ന വിശേഷണം കൈമുതലാക്കിയവർ. എന്നിട്ടും റഷ്യയിൽ തകർന്നടിഞ്ഞു. ഒരു സാധാരണ കളിയിൽ സാധാരണ ടീം മാത്രമായി ഒരൊറ്റ രാത്രി ജർമനി. മാന്വൽ ന്യൂയർ, മാറ്റ് ഹമ്മൽസ്, മെസ്യൂട്ട് ഓസിൽ, തോമസ് മുള്ളർ തുടങ്ങിയ പരിചയസമ്പന്നരെല്ലാം തോൽവിയിൽ തലകുനിച്ചു.

അർജന്റീനയ്ക്ക് മെസ്സിയും പോർച്ചുഗലിന് റൊണാൾഡോയുമുള്ളതുപോലൊരു ആയുധം ജർമൻ നിരയിലുണ്ടായില്ല. ക്ലിൻസ്മാന്റെയും ക്ലോസെയുടെയും പൊഡോൾസ്‌കിയുടെയുമെല്ലാം അഭാവം നികത്താൻ അവർക്കായില്ല. ഇത് തന്നെയാണ് റഷ്യയിൽ വിജയം ജർമനിക്ക് അന്യം നിന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP