Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഓസീസിനെ തകർത്ത് ഇന്ത്യക്ക് പരമ്പര; വിജയത്തോടെ ഇന്ത്യ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്; കോഹ്ലിയുടെ കീഴിൽ തുടർച്ചയായ ഒമ്പതാം വിജയം

ഓസീസിനെ തകർത്ത് ഇന്ത്യക്ക് പരമ്പര; വിജയത്തോടെ ഇന്ത്യ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്; കോഹ്ലിയുടെ കീഴിൽ തുടർച്ചയായ ഒമ്പതാം വിജയം

ഇൻഡോർ: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇൻഡോറിൽ നടന്ന മൂന്നാം ഏകദിനത്തിൽ ആറുവിക്കറ്റിന് ഇന്ത്യ ഓസീസിനെ തകർത്തു. ഓസീസ് ഉയർത്തിയ 294 റൺസ് വിജയലക്ഷ്യം ഇന്ത്യ 13 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. അർദ്ധ സെഞ്ച്വറികൾ നേടിയ രോഹിത് ശർമ (71) രഹാനെ (70) ഹാർദ്ദിക് പാണ്ഡ്യെ (78) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. വിജയത്തോടെ രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുന്നത്. നാലാം ഏകദിനം ഞായറാഴ്ച ബംഗളുരുവിൽ നടക്കും.

സ്‌കോർ: ഓസീസ് 50 ഓവറിൽ ആറിന് 293, ഇന്ത്യ 47.5 ഓവറിൽ അഞ്ചിന് 294. അർദ്ധ സെഞ്ച്വറിക്ക് പുറമെ ഒരു വിക്കറ്റും വീഴ്‌ത്തി ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ച പാണ്ഡ്യെയാണ് കളിയിലെ താരം. വിജയത്തോടെ ഇന്ത്യ ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനവും സ്വന്തമാക്കി. ഒപ്പം കോഹ്ലി തുടർച്ചയായി ഏറ്റവും അധികം ഏകദിന വിജയങ്ങൾ സ്വന്തമാക്കുന്ന ഇന്ത്യൻ നായകനെന്ന ധോണിയുടെ റെക്കോർഡിന് ഒപ്പമെത്തുകയും ചെയ്തു. കോഹ്ലിയുടെ കീഴിൽ തുടർച്ചായ ഒമ്പതാം വിജയമാണ് ഇന്ത്യ ഇന്ന് സ്വന്തമാക്കിയിരിക്കുന്നത്.

നവംബർ 2008 മുതൽ 2009 ഫെബ്രുവരി വരെയുള്ള കാലഘട്ടത്തിലായിരുന്നു ധോണിയുടെ കീഴിൽ തുടർച്ചയായി ഒമ്പത് ഏകദിന വിജയങ്ങൾ ഇന്ത്യ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനും ശ്രീലങ്കയ്ക്കും എതിരായിരുന്നു വിജയങ്ങൾ. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ വിജയത്തോടെയാണ് കോഹ്ലിയുടെ നേതൃത്വത്തിലുള്ള പടയോട്ടം തുടങ്ങിയത്. വിൻഡീസിനെതിരായ പരമ്പരയിലെ അവസാന മത്സരം ജയിച്ച ഇന്ത്യ ലങ്കൻ പര്യടനത്തിലെ അഞ്ച് ഏകദിനങ്ങളിലും വിജയിച്ചു. തുടർന്ന് ഓസീസിനെതിരായ മൂന്ന് ഏകദിനങ്ങളും സ്വന്തമാക്കി.

294 എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാർ സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്. ഇരുവരും 21.4 ഓവറിൽ 139 റൺസ് ചേർത്ത ശേഷമാണ് പിരിഞ്ഞത്. 62 പന്തിൽ 71 റൺസെടുത്ത രോഹിതാണ് ആദ്യം പുറത്തായത്. ആറ് ഫോറുകളും നാല് സിക്സറും ഉൾപ്പെട്ടതായിരുന്നു രോഹിതിന്റെ അർദ്ധ ശതകം. സ്‌കോർ ബോർഡിൽ എട്ട് റൺസ് കൂടി ചേർത്തപ്പോൾ രഹാനെയും പുറത്തായി. 76 പന്തിൽ ഒമ്പത് ഫോറുകൾ ഉൾപ്പെട്ടതായിരുന്നു രഹാനെയുടെ 70. മൂന്നാം വിക്കറ്റിൽ കോഹ്ലിയും പാണ്ഡ്യെയും 56 റൺസ് ചേർത്തു. 35 പന്തിൽ 28 റൺസെടുത്ത കോഹ്ലിയെ പുറത്താക്കി അഗർ ഓസീസിന് ബ്രേക്ക് നൽകി. തൊട്ടുപിന്നാലെ കേദാർ ജാദവും (2) പുറത്തായതോടെ ഇന്ത്യ നാലിന് 206 എന്ന നിലയിലായി. എന്നാൽ മനീഷ് പാണ്ഡെയ്ക്കൊപ്പം അഞ്ചാം വിക്കറ്റിൽ 78 റൺസ് ചേർത്ത് പാണ്ഡ്യെ ഇന്ത്യൻ വിജയം യാഥാർത്ഥ്യമാക്കുകയായിരുന്നു.72 പന്തിൽ 78 റൺസെടുത്ത പാണ്ഡെയെ കമ്മിൻസാണ് പുറത്താക്കിയത്. മനീഷ് പാണ്ഡെ 36 റൺസോടെയും ധോണി മൂന്ന് റൺസോടെയും പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസീസ് പരമ്പരയിലെ മികച്ച സ്‌കോറാണ് കണ്ടെത്തിയത്. ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ ഓസീസ് താരങ്ങൾ അവസരം ശരിക്കും വിനിയോഗിച്ചു. ആദ്യ രണ്ട് മത്സരങ്ങളിൽ പരുക്ക് മൂലം കളിക്കാതിരുന്ന ഫിഞ്ചിന്റെ വിസ്ഫോടന ബാറ്റിംഗാണ് ഓസീസിന് മേൽക്കൈ നൽകിയത്. 125 പന്തിൽ നിന്നാണ് ഫിഞ്ച് 124 റൺസെടുത്തത്. ഇതിൽ 12 ഫോറുകളും അഞ്ച് സിക്സറുകളും ഉൾപ്പെടുന്നു. ക്യാപ്റ്റൻ സ്മിത്തുമൊത്ത് രണ്ടാം വിക്കറ്റിൽ 154 റൺസ് ചേർക്കാനും ഫിഞ്ചിന് കഴിഞ്ഞു. 71 പന്തുകൾ നേരിട്ട സ്മിത്ത് അഞ്ച് ഫോറുകൾ ഉൾപ്പെടെയാണ് 63 റൺസ് നേടിയത്. മധ്യനിരയിൽ മാക്സ് വെൽ (5), ട്രാവിസ് ഹെഡ് (4) എന്നിവർ പരാജയപ്പെട്ടതാണ് സ്‌കോർ 300 കടക്കുന്നതിന് തിരിച്ചടിയായത്.

പരമ്പര തോൽവി ഒഴിവാക്കാൻ ഓസീസിന് മത്സരത്തിൽ വിജയം അനിവാര്യമാണ്. നിർണായകമായ മത്സരത്തിൽ ടോസ് ഭാഗ്യം ഓസീസിനൊപ്പം നിന്നു. ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസിന് ഓപ്പണർമാർ മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിങ് വിക്കറ്റിൽ വാർണറും ഫിഞ്ചും 13.3 ഓവറിൽ 70 റൺസാണ് ചേർത്തത്. ആക്രമിച്ച് കളിച്ച വാർണറെ പുറത്താക്കി പാണ്ഡ്യെയാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകിയത്. 44 പന്തിൽ നാല് ഫോറുകളും ഒരു സിക്സറും ഉൾപ്പെടെയാണ് വാർണർ 42 റൺസെടുത്തത്.

ഇന്ത്യൻ ബൗളർമാരിൽ എല്ലാവർക്കും കാര്യമായി പ്രഹരം കിട്ടി. കഴിഞ്ഞ മത്സരത്തിലെ ഹാട്രിക് താരം കുൽദീപ് രണ്ട് വിക്കറ്റ് വീഴ്‌ത്തിയെങ്കിലും പത്തോവറിൽ 75 റൺസ് വഴങ്ങി. ബൂമ്റ, ഭുവനേശ്വർ എന്നിവർ 52 റൺസ് വീതവും ചഹാൽ 54 റൺസും വഴങ്ങി. ഹാർദ്ദിക് പാണ്ഡ്യെ 58 റൺസ് വിട്ടുകൊടുത്താണ് വാർണറുടെ വിക്കറ്റ് വീഴ്‌ത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP