Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മെസിയുടെ അർജന്റീനയ്ക്ക് പിന്നാലെ നെയ്മറുടെ ബ്രസീലും സമനില കുരുക്കിൽ വീണു; നീലപ്പടയുടെ അന്തകനായത് മഞ്ഞു രാജ്യമെങ്കിൽ മഞ്ഞപ്പടയെ തടഞ്ഞു നിർത്തിയത് യൂറോപ്പിന്റെ വസന്തം; എഴുതി തള്ളുന്നവരുടെ മുന്നേറ്റവും അതികായകന്മാരുടെ ചോരയും വീഴുന്നത് കണ്ട് ഞെട്ടി വിറച്ച് റഷ്യൻ മണ്ണ്

മെസിയുടെ അർജന്റീനയ്ക്ക് പിന്നാലെ നെയ്മറുടെ ബ്രസീലും സമനില കുരുക്കിൽ വീണു; നീലപ്പടയുടെ അന്തകനായത് മഞ്ഞു രാജ്യമെങ്കിൽ മഞ്ഞപ്പടയെ തടഞ്ഞു നിർത്തിയത് യൂറോപ്പിന്റെ വസന്തം; എഴുതി തള്ളുന്നവരുടെ മുന്നേറ്റവും അതികായകന്മാരുടെ ചോരയും വീഴുന്നത് കണ്ട് ഞെട്ടി വിറച്ച് റഷ്യൻ മണ്ണ്

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: ഒരു കാലത്ത് വിപ്ലവം വിജയിച്ച മണ്ണാണ് റഷ്യയുടേത്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം കമ്മ്യൂണിസം മുതലാളിത്തത്തിന് വഴിമാറി കൊടുത്തപ്പോഴും പഴയ വിപ്ലവ തുടിപ്പുകൾ റഷ്യയിൽ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. എഴുതി തള്ളുന്നവരുടെ മുന്നേറ്റവും അതികായകരുടെ ചോരയും വീണ്ടും റഷ്യൻ മണ്ണിൽ വീഴുകയാണ്. ഇവിടെയിപ്പോൾ വിപ്ലവമെത്തുന്നത് കാൽപന്തുകളിയുടെ വന്യതയിലൂടെയാണ്. ആർക്കും പ്രവചിക്കാൻ പറ്റാത്ത ലോകകപ്പ്. ആദ്യ മെസിയുടെ കണ്ണുനീർ. അർജന്റീനയെ ഐസ് മലയെന്ന് വിശേഷിപ്പിക്കുന്ന ഐസ് ലന്റ് സമനിലയിൽ പിടിച്ചപ്പോൾ ചെഗുവേരയുടെ നാട്ടുകാർ ഞെട്ടിവിറച്ചു. പിന്നെ കണ്ടത് നിലവിലെ ചാമ്പ്യന്മാരായ ജർമനിയുടെ ആദ്യ മത്സരത്തിലെ തോൽവി. ഇപ്പോൾ ലാറ്റിൻ അമേരിക്കൻ ഫുട്‌ബോളിന്റെ സാംബാ താളത്തിനും പിഴച്ചു.

ഫുട്‌ബോളിലെ കുഞ്ഞന്മാരുടെ കൊലവിളിയിൽ റഷ്യ ഞെട്ടി വിറയ്ക്കുകയാണ്. അർജന്റീനയും ജർമനിയും പോർച്ചുഗലും ബ്രസീലും സ്‌പെയിനുമെല്ലാം ആദ്യ റൗണ്ടിലെ പുറത്താകൽ ഭീഷണിയിലാണ്. മെസിയെ ഐസ് ലണ്ടിന് വരിഞ്ഞു കെട്ടാമെങ്കിൽ ബ്രസീലിനെ പിടിച്ചു നിർത്താനാകുമെന്ന ആത്മവിശ്വാസമാണ് വിജയിക്കുന്നത്. ഇതോടെ സമനിലയിലും വലിയ വിജയവുമായി സ്വസ് താരങ്ങൾ കളിക്കളം വിട്ടു. സെർബിയുടെ കരുത്തും കോസ്റ്ററിക്കയുടെ ടീം മികവുമാണ് ഇനി ഇ ഗ്രൂപ്പിൽ ബ്രസിലീന് മുന്നിൽ ശേഷിക്കുന്നത്. ഇവിടെ പകച്ചു പോയാൽ മുൻ ലോകചാമ്പ്യന്മാരുടെ സ്വപ്‌നങ്ങൾ ആദ്യ റൗണ്ടിൽ തന്നെ തകരും. എന്നാൽ താരതമ്യേനെ ദുർബലരായ ഈ ടീമുകൾക്കെതിരെ തിരിച്ചടിക്കാനുള്ള കരുത്ത് നെയ്മറുടെ ബ്രസീലിനുണ്ട്. അതിനാൽ സാബാ താളം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

സ്വന്തം രാജ്യത്തെ ജയിപ്പിക്കാനാവത്തവൻ എന്ന പേരു ദോഷം മെസിക്കുണ്ട്. എന്നാൽ നെയ്മർ അങ്ങനെയല്ല. ബ്രസീലിന്റെ താളം പുൽമൈതാനത്ത് ആവാഹിക്കാനുള്ള കരുത്ത് കളത്തിൽ കാട്ടുന്നവർ. അതുകൊണ്ട് തന്നെ ബ്രസീലിന്റെ വിജയം മാത്രമേ ലോകം പ്രതീക്ഷിച്ചുള്ളൂ. ഇതിനെയാണ് സ്വിസ് കോട്ട തകർക്കുന്നത്. പിഴവറ്റ പ്രതിരോധത്തിന് പേരുകേട്ടവരാണ് സ്വിറ്റ്‌സർലൻഡുകാർ. ഈ പ്രതിരോധക്കോട്ട തകർക്കാൻ സാക്ഷാൽ നെയ്മറുടെ ബ്രസീലിനുമായില്ല. ലോകകപ്പ് ഫുട്‌ബോൾ ഗ്രൂപ്പ് ഇയിൽ സ്വിറ്റസർലൻഡിനോട് സമനിലയിൽ ബ്രസീൽ നിരാശരായി. കപ്പെടുക്കാനെത്തിയ നെയ്മർ പടയുടെ കരുത്തിൽ ചോദ്യങ്ങളുയർത്തുന്ന മത്സരം.

ഇരുപതാം മിനിറ്റിൽ ഫിലിപ്പെ കുട്ടീന്യോയുടെ എണ്ണം പറഞ്ഞ ഗോളിൽ ലീഡ് നേടിയപ്പോൾ ഒരു വമ്പൻ ജയമാണ് ബ്രസീലിന്റെ ആരാധകർ സ്വപ്നം കണ്ടത്. എന്നാൽ, പ്രതിരോധത്തിലെ അവസാന പഴുതും അടച്ച് കൂടുതൽ ഗോൾ വഴങ്ങാതെ കളിച്ച സ്വിറ്റ്‌സർലൻഡ് വീണു കിട്ടിയ അവസരത്തിൽ അവരടെ വല കുലുക്കി സമനില സ്വന്തമാക്കുകയും ചെയ്തു. അമ്പതാം മിനിറ്റിൽ സ്റ്റീവൻ സൂബറാണ്, ഷാക്കിരിയുടെ ഒരു കോർണർ കൃത്യമായി കുത്തിയിട്ട് സമനില ഗോൾ നേടിയത്. ഇത് തന്നെയാണ് ഫുട്‌ബോളിലെ മനോഹാരിതയും. കളിക്കളത്തിലെ ആധിപത്യം മുഴുവൻ ബ്രസീലിനായിരുന്നു. പന്തടക്കം ഉൾപ്പെടെയുള്ള കാര്യങ്ങൾ നെയ്മറും കൂട്ടരും അനുകൂലമാക്കി. പക്ഷേ ഗോളടിക്കുന്നവരാണ് കളിയിലെ താരം. അതിന് കഴിയാത്തതു കൊണ്ട് തന്നെ ബ്രസീലിന് റഷ്യയിലെ തുടക്കം നിരാശയുടേതുമായി.

ഏതാണ്ട് അർജന്റീനയെ ഐസ്ലഡ് വരിഞ്ഞിട്ട പോലെ തന്നെയായിരുന്നു സ്വിറ്റ്‌സർലൻഡ് ബ്രസീലിനെയും തളച്ചത്. നെയ്മറെ ഇടംവലം നിന്ന് പൂട്ടിക്കളയുകയായിരുന്നു സ്വിസ്. കടുത്ത പ്രതിരോധ തന്ത്രങ്ങൾ തന്നെയാണ് അവർ നെയ്മർക്കും കുട്ടീന്യോയ്ക്കും ജീസസിനുമെല്ലാമെതിരെ പ്രയോഗിച്ചത്. മാഴ്സലോയുടെ പാസ് ക്ലിയർ ചെയ്യാനുള്ള സ്വിസ് ഡിഫൻഡറുടെ ശ്രമമാണ് പന്ത് കുട്ടീന്യോയുടെ കാലിലെത്തിച്ചത്. മുഴുവൻ പ്രതിരോധഭിത്തിക്കും മുകളിലൂടെ ഇടത്തേ പോസ്റ്റിലേയ്ക്ക് ചാട്ടൂളി പോലെ പറത്താൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല കുട്ടീന്യോയ്ക്ക്. നെയ്മറിനേയും കുട്ടിന്യോയേയും ഗബ്രിയേൽ ജീസസിനേയും മുന്നേറ്റത്തിൽ അണിനിരത്തിയാണ് ടിറ്റെ ടീമിനെ കളത്തിലിറക്കിയത്. നെയ്മറിനെ സ്വിസ് പ്രതിരോധം ഒന്നനങ്ങാൻ പോലും സമ്മതിക്കാതിരുന്നപ്പോൾ കുട്ടിന്യോ കിട്ടിയ അവസരങ്ങളിൽ ഒരെണ്ണം ലക്ഷ്യത്തിലെച്ചു. പക്ഷേ ഗബ്രിയേൽ ജീസസ് ചിത്രത്തിലേ ഇല്ലാതായിപ്പോയി. ഒടുവിൽ 79-ാം മിനിറ്റിൽ ജീസസിനെ പിൻവലിച്ച് ഫെർമീന്യോയെ ടിറ്റെ പരീക്ഷിച്ചു. പക്ഷേ അതും ഫലം കണ്ടില്ല.

അവസാന മിനിറ്റുകളിൽ സ്വിസ് ഗോൾമുഖത്ത് ബ്രസീൽ ഇരമ്പിയെത്തി. നെയ്മറിനെ ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീ കിക്ക് പക്ഷേ സ്വിസ് പ്രതിരോധം കോർണറിലവസാനിപ്പിച്ചു. ആ കോർണറാകട്ടെ, ഒന്നുമല്ലാതെയായിപ്പോയി. ആദ്യ അരമണിക്കൂറിൽ കളം നിറഞ്ഞ പ്രകടനമായിരുന്നു മഞ്ഞപ്പടയുടേത്. സ്വിസ് ഗോൾമുഖത്തേക്ക് ഇരച്ചുകയറിയ ബ്രസീൽ താരങ്ങൾ ഏതുനിമിഷവും ഗോൾ നേടുമെന്ന് തോന്നിച്ചു. പക്ഷേ അതിവേഗം പ്രതിരോധത്തിലെ പഴുത് സ്വിസ് കളിക്കാർ അടച്ചു. ഇതോടെ ബ്രസീൽ ഗോളടിക്കാൻ വിയർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP