Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെർബിയയെ തകർത്ത് ബ്രസീൽ പ്രീക്വാർട്ടറിൽ എത്തിയത് ഗ്രൂപ്പ് ചാമ്പ്യന്മാരായി; ഇനി ഏറ്റുമുട്ടുന്നത് മെക്‌സിക്കൻ തിരമാലകളോട്; ജർമനിയുടെ തോൽവി ഉറപ്പിച്ചത് ഏഷ്യൻ സാന്നിധ്യം; ഇഞ്ച്വുറി ടൈമിൽ പിടിച്ച സമനില ഗോൾ സ്വിറ്റ്‌സർലണ്ടിന്റെ ജീവൻ കാത്തു; സ്വീഡൻ മൂന്ന് ഗോളിൽ മുക്കിയിട്ടും മെക്‌സികോയ്ക്കും നോക്കൗണ്ട് ബർത്ത്

സെർബിയയെ തകർത്ത് ബ്രസീൽ പ്രീക്വാർട്ടറിൽ എത്തിയത് ഗ്രൂപ്പ് ചാമ്പ്യന്മാരായി; ഇനി ഏറ്റുമുട്ടുന്നത് മെക്‌സിക്കൻ തിരമാലകളോട്; ജർമനിയുടെ തോൽവി ഉറപ്പിച്ചത് ഏഷ്യൻ സാന്നിധ്യം; ഇഞ്ച്വുറി ടൈമിൽ പിടിച്ച സമനില ഗോൾ സ്വിറ്റ്‌സർലണ്ടിന്റെ ജീവൻ കാത്തു; സ്വീഡൻ മൂന്ന് ഗോളിൽ മുക്കിയിട്ടും മെക്‌സികോയ്ക്കും നോക്കൗണ്ട് ബർത്ത്

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: ആരാധകരുടെ പ്രതീക്ഷ കാത്ത് ബ്രസീലും നോക്കൗട്ട റൗണ്ടിൽ. ഇനി പ്രീക്വാർട്ടറിൽ നെയ്മറും സംഘവും മെക്്‌സികോയെ നേരിടും. സെർബിയയെ ഏകപക്ഷീയമായ രണ്ടു ഗോളിന് തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് നെയ്മറും സംഘവും മുന്നേറുന്നത്. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമാണ് സെർബിയക്ക് നേടാനായത്. കോസ്റ്ററീക്കയ്ക്ക് എതിരെയായിരുന്നു ഇത്. സ്വിറ്റ്സർലൻഡാണ് ഇവരടങ്ങിയ ഗ്രൂപ്പിൽ ഇ യിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിലേക്ക് കടന്നത്.

ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരാണ് മെക്സിക്കോ. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ടു വിജയവും ഒരു തോൽവിയുമായി ആറു പോയിന്റാണ് മെക്സിക്കോയുടെ സമ്പാദ്യം. ബ്രസീലും മെക്സിക്കോയും തമ്മിലുള്ള പ്രീ ക്വാർട്ടർ തിങ്കളാഴ്‌ച്ച വൈകുന്നേരം 7.30നാണ്. ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തിൽ മെക്സിക്കോയെ തോൽപ്പിച്ച് ചാമ്പ്യന്മാരായ സ്വീഡന് എതിരാളികൾ സ്വിറ്റ്സർലൻഡാണ്. മൂന്ന് മത്സരങ്ങളിൽ രണ്ട് വിജയവും ഒരു തോൽവിയുമായി ആറു പോയിന്റാണ് സ്വീഡനുള്ളത്. സ്വിറ്റ്സർലൻഡ് ഒരൊറ്റ മത്സരത്തിൽ മാത്രമാണ് വിജയിച്ചത്. രണ്ട് സമനിലയും നേടി. ഇതോടെ അവർക്ക് അഞ്ച് പോയിന്റായി. സ്വിറ്റ്സർലൻഡും സ്വീഡനും തമ്മിലുള്ള പ്രീ ക്വാർട്ടർ ചൊവ്വാഴ്‌ച്ച വൈകുന്നേരം 7.30-നാണ്.

ഗ്രൂപ്പ് എഫിൽ നിന്ന് നിലവിലെ ചാമ്പ്യന്മാരായ ജർമനി പ്രീ ക്വാർട്ടർ കാണാതെ പുറത്തായി. സ്വീഡനെ തോൽപ്പിച്ചെങ്കിലും മെക്സിക്കോയോടും ദക്ഷിണ കൊറിയോടുമേറ്റ തോൽവി അവരെ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരാക്കി. മൂന്ന് പോയിന്റാണ് ജർമനിയുടെ സമ്പാദ്യം. അതേ പോയിന്റാണെങ്കിലും ഗോൾശരാശരിയിൽ ദക്ഷിണ കൊറിയ ഗ്രൂപ്പിൽ ജർമനിക്ക് മുന്നിലെത്തി. ഗ്രൂപ്പ് ഇയിൽ ഒരു വിജയം നേടിയെങ്കിലും സെർബിയ പുറത്തായി.

വിവാ ബ്രസീൽ

പൗളീന്യയുടേയും തിയാഗോ സിൽവയുടെയും ഗോളിലൂടെയാണ് ബ്രസീൽ സെർബിയയെ കീഴടക്കിയത്. മൂപ്പത്തിയാറാം മിനിറ്റിൽ പൗളീന്യോയാണ് ബ്രസീലിനായി ആദ്യം ലീഡ് നേടിയത്. മധ്യഭാഗത്ത് നിന്ന് കുട്ടീന്യോ സെർബിയൻ ബോക്സിലേക്ക് കോരിയിട്ടുകൊടുത്ത പന്ത് സ്റ്റോയിക്കോവിച്ചനെ മറികടന്ന് ഓടി പിടിച്ചെടുത്ത പൗളീന്യോ അഡ്വാൻസ് ചെയ്തുവന്ന ഗോളിയുടെ തലയ്ക്ക് മുകളിലൂടെ വലംകാൽ കൊണ്ട് തട്ടിയിടുകയായിരുന്നു. പന്ത് കൃത്യം വലയിൽ.

അറുപത്തിയെട്ടാം മിനിറ്റിൽ കോർണർ കിക്ക് ഹെഡർ ചെയ്ത് വലയിലിട്ട് തിയാഗോ സിൽവ ലീഡ് രണ്ടാക്കി. നെയ്മറെടുത്ത കോർണറാണ് സിൽവ മുന്നോട്ടാഞ്ഞ് കുത്തി വലയിൽ കയറ്റിയത്. തുടക്കം മുതേല ആക്രമിച്ച് കളിച്ച ബ്രസീലിന് മത്സരത്തിലുടനീളം നിരവധി അവസരങ്ങൾ തേടിയെത്തി. ഗോളടിച്ചില്ലെങ്കിലും സൂപ്പർ താരം നെയ്മർ ഉഗ്രൻ കളി പുറത്തെടുത്തു. തുടക്കത്തിൽ പ്രതിരോധത്തിന് മുൻഗണ നൽകിയ സെർബിയ ആദ്യ ഗോൾ വഴങ്ങിയതോടെ ആക്രമണത്തിന് മുതിർന്നു.പക്ഷേ ഗോളടിക്കാൻ മറുന്നു. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമാണ് സെർബിയക്ക് നേടാനായത്. കോസ്റ്ററീക്കയ്ക്ക് എതിരെയായിരുന്നു ഇത്. ബ്രസീലിനെതിരെ പൊരുതി തോറ്റ അവർക്ക് ഇനി നാട്ടിലേക്ക് മടക്കം.

വിജയമെന്ന നിശ്ചയദാർഢ്യം മനസ്സിൽ നിറച്ചായിരുന്നു ഗ്രൂപ്പിലെ ബ്രസീലിന്റെ അവസാനത്തെ കളി. ഫിനിഷിങ്ങിലെ പോരായ്മയാണ് ആദ്യപകുതിയിൽത്തന്നെ വിജയം ഉറപ്പാക്കുന്നതിൽ ബ്രസീലിനു തടസ്സമായത്. സെർബിയൻ ഡിഫൻഡർമാരും മികവു കാട്ടി. ഇതിനിടെ വീണു കിട്ടിയ കൗണ്ടർ അറ്റാക്കിനിടെയാണ് ഫിലിപ്പെ കുടിഞ്ഞോയുടെ മനോഹരമായ ലോങ് ബോൾ പൗളിഞ്ഞോ ലക്ഷ്യം കണ്ടത്.

രണ്ടാം പകുതിയിൽ ഉണർന്നെഴുന്നേറ്റ സെർബിയ നടത്തിയ ഉശിരൻ പ്രത്യാക്രമണങ്ങൾ നടത്തി. സമനില ഗോൾ നേടാൻ ലഭിച്ച അവസരങ്ങൾ മുതലെടുക്കാൻ സെർബിയൻ സ്‌ട്രൈക്കർ അലക്‌സാണ്ടർ മിട്രോവിച്ചിനു കഴിഞ്ഞില്ല. കോസ്റ്ററിക്കയ്‌ക്കെതിരെ ഇറങ്ങിയ താരങ്ങളെ ബ്രസീൽ ആദ്യ ഇലവനിൽ നിലനിർത്തി. പരുക്കിന്റെ പിടിയിലായ ഡാനിലോയെയും ഡഗ്ലസ് കോസ്റ്റയെയും പരിഗണിച്ചില്ല. 4-3-3 ശൈലിയിൽ കളിച്ച ബ്രസീലിന് മുൻനിരയിൽ നെയ്മർക്കൊപ്പം ഗബ്രിയേൽ ജിസ്യൂസും വില്ലിയനും ഇറങ്ങി. അങ്ങനെ ജയം ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നു ബ്രസീൽ നടത്തിയത്.

സമനിലയുമായി സ്വിറ്റ്‌സർലണ്ട് മുന്നോട്ട്

കോസ്റ്റ റിക്കയ്‌ക്കെതിരെ സമനിലയോടെ ഗ്രൂപ്പ് ഇയിൽ ബ്രസീലിനു പിന്നിൽ രണ്ടാം സ്ഥാനക്കാരായി സ്വിറ്റ്‌സർലൻഡ് പ്രീ ക്വാർട്ടറിൽ കടന്നു (2-2). 31-ാം മിനിറ്റിൽ ബ്ലെറിം സെമായ്ലിയിയും 88-ാം മിനിറ്റൽ ഡ്രെമിച്ചുമാണു സ്വിറ്റ്‌സർലൻഡിനായി ഗോൾ നേടിയത്. 56-ാം മിനിറ്റിൽ വാട്‌സൻ കോസ്റ്റ റിക്കയ്ക്കായി ഗോൾ നേടിയപ്പോൾ സ്വിസ് ഗോൾ കീപ്പർ യാൻ സോമറിന്റെ സെൽഫ്‌ഗോൾ കോസ്റ്റ റിക്കൻ ഗോൾ പട്ടിക പൂർത്തിയാക്കി. പ്രീക്വാർട്ടറിൽ ഗ്രൂപ്പ് എഫ് ചാംപ്യന്മാരായ സ്വീഡനാണ് സ്വിസ്പ്പടയുടെ എതിരാളികൾ.

ഗോൾ കീപ്പർ കെയ്ലർ നവാസിന്റെ മികച്ച പ്രകടനവും കോസ്റ്റ റിക്കയ്ക്ക് തുണയായി. 15-ാം മിനിറ്റിൽ സ്വിറ്റ്‌സർലൻഡ് ആദ്യ ഗോളിനരികിലെത്തി, പക്ഷേ, ഷാക്കീരിയുടെ ഹെഡർ കെയ്ലർ നവാസ് രക്ഷപെടുത്തി. മധ്യനിരയിൽ നിന്നുള്ള തുടർ മുന്നേറ്റങ്ങൾക്ക് ഒടുവിൽ സ്വിറ്റ്‌സർലൻഡ് ആദ്യഗോൾ നേടി. എംബോലോയുടെ പാസിൽനിന്നു വോളി ഷോട്ടിലൂടെയാണ് സെമായ്ലി ലക്ഷ്യം കണ്ടത്. 2-1 എന്ന നിലയിൽ സ്വിറ്റ്സർലൻഡ് വിജയത്തിലേക്ക് നീങ്ങിയ മത്സരത്തിൽ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി ഗോളിലാണ് കോസ്റ്ററീക്ക സമനില പിടിച്ചെടുത്തത്. പെനാൽറ്റിയെടുത്ത ബ്രയൻ വൈയ്ഡോയുടെ ഷോട്ട് പോസ്റ്റ് ബാറിൽ തട്ടി പുറത്തേക്കിറങ്ങിയെങ്കിലും ഗോളി സൊമെറിന്റെ ദേഹത്ത് തട്ടി പന്ത് വലയിൽ കടക്കുകയായിരുന്നു. രണ്ട് സമനിലയും ഒരു വിജയവും സഹിതം അഞ്ചു പോയന്റോടെ ബ്രസീലിന് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് സ്വിറ്റ്സർലൻഡ് പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടിയത്.

തോൽവിയിലും പന്തടക്കം മെക്‌സികോയ്ക്ക്

അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തിൽ മെക്സിക്കോയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി ഗ്രൂപ്പ് എഫിലെ ചാമ്പ്യന്മാരായി സ്വീഡൻ പ്രീ ക്വാർട്ടറിൽ കടന്നത്. മുൻ ചാമ്പ്യന്മാരായ ജർമനിയടങ്ങുന്ന മരണഗ്രൂപ്പിലെ അപ്രതീക്ഷിത മുന്നേറ്റം. എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റെങ്കിലും കണക്കിലെ കളിയിൽ 90 മിനിറ്റും ആധിപത്യം മെക്സിക്കോയ്ക്കായിരുന്നു. പന്തടക്കത്തിലും പാസിലുമെല്ലാം മെക്സിക്കോ ആധിപത്യം പുലർത്തി,

ഗോൾ രഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റെ 50-ാം മിനിറ്റിൽ ലുഡ്വിഗ് ഓഗസ്റ്റിൻസണിലൂടെയാണ് സ്വീഡന്റെ ആദ്യ ഗോൾ. ബോക്സിനുള്ളിൽ വിക്ടർ ക്ലാസൻ നൽകിയ പാസിലായിരുന്നു ഒച്ചോവയെ മറികടന്ന് ഓഗസ്റ്റിൻസൺ സ്വീഡനായി ലീഡ് പിടിച്ചത്. പിന്നാലെ 62-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി ഗ്രാൻക്വസ്റ്റ് ലീഡ് രണ്ടാക്കി ഉയർത്തി. ബോക്സിനുള്ളിൽ ബെർഗിനെ മൊറേനോ ഫൗൾ ചെയ്തതിനായിരുന്നു റഫറി പെനാൽറ്റി അനുവദിച്ചത്. മെക്സിക്കോ വച്ചുനീട്ടി നൽകിയതായിരുന്നു സ്വീഡന്റെ മൂന്നാം ഗോൾ. ഗോളി ഒച്ചോവയെ കാഴ്ചക്കാരനാക്കി എഡ്സൺ ആൽവാരസിന്റെ കാലിൽ തട്ടി പന്ത് സ്വന്തം പോസ്റ്റിൽ കയറുകയായിരുന്നു.

നിലവിലെ ചാമ്പ്യന്മാരായെത്തി ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുകയെന്ന ദുർവിധി ജർമനിക്കും മറികടക്കാനായില്ല. 2010-ൽ ഇറ്റലിക്കും 2014ൽ സ്പെയിനിനും സംഭവിച്ചത് 2018ൽ ജർമനിക്കും സംഭവിച്ചു. ഗ്രൂപ്പ് എഫിൽ അവസാന സ്ഥാനക്കാരെന്ന നാണക്കേടും ജർമനിക്കൊപ്പമുണ്ട്. അതു മാത്രമല്ല, 1938-ന് ശേഷം ജർമനി ആദ്യമായാണ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP