ഗോൾഡൻ ബൂട്ട് പുരസ്‌ക്കാരം ഇംഗ്ലണ്ടിന്റെ ഹാരി കെയിന്; പെലെയ്ക്ക് ശേഷം ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി എംബാപ്പെ; 98ൽ കപ്പുയർത്തിയ നായകനായ ദെഷംഷ്സ് തന്ത്രങ്ങൾ മെനഞ്ഞും കപ്പ് വീണ്ടെടുത്തു; 1958ന് ശേഷം ആറ് ഗോളുകൾ പിറന്ന ലോകകപ്പ് ഫൈനൽ: റഷ്യൻ ലോകകപ്പിൽ ഫ്രാൻസ് ചാമ്പ്യന്മാരാകുമ്പോഴുള്ള വിശേഷങ്ങൾ ഇങ്ങനെ
July 15, 2018 | 10:53 PM IST | Permalink

സ്പോർട്സ് ഡെസ്‌ക്
മോസ്‌കോ: റഷ്യൻ ലോകകപ്പിൽ പുതിയ ചാമ്പ്യന്മാർ ആയിരിക്കുന്നു. ആതിഥേയ രാഷ്ട്രത്തിന്റെ അയൽക്കാരായ ഫ്രാൻസ് പൊരുതി കളിച്ച ക്രായേഷ്യയെ വീഴ്‌ത്തി ജേതാക്കളാകുമ്പോൾ അവശേഷിക്കുന്നത് ഒട്ടേറെ പ്രത്യേകതകളാണ്. ലോകക്കപ്പ് ഫൈനലിൽ ഗോളടിക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന ബഹുമതി 19 കാരനായ ഫ്രഞ്ച് താരം എംബാപ്പെ സ്വന്തമാക്കി. സാക്ഷാൽ പെലയ്ക്ക് പിന്നിലാണ് എംബാപ്പെ ഇടംപിടിച്ചത്.
65 ാം മിനിറ്റിൽ എംബാപ്പെ വല കുലുക്കി. പോഗ്ബയുടേതിന് സമാനമായ ഗോൾ. പെലെക്ക് ശേഷം ലോകകപ്പ് ഫൈനലിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി എംബാപ്പെ. അതിനിടെ പെരിസിച്ച് തന്റെ സെൽഫ് ഗോളിന് പ്രായശ്ചിത്തം ചെയ്തു. ഫ്രഞ്ച് ഗോളിയുടെ പിഴവിൽ നിന്നും മുതലെടുത്ത് ക്രൊയേഷ്യയുടെ രണ്ടാം ഗോൾ നേടി. പിന്നീട് തിരിച്ചടിക്കാൻ ക്രൊയേഷ്യ പരിശ്രമം നടത്തിയെങ്കിലും ഫ്രഞ്ച് പ്രതിരോധം കീഴടക്കാനായില്ല. മത്സരത്തിൽ ക്രൊയേഷ്യ നന്നായി കളിച്ചു. ലൂക്കാ മോഡ്രിക്, ഇവാൻ റാക്കിച്ചിറ്റ് എന്നിവർ ഫ്രഞ്ച് ഗോൾ മുഖത്തേക്ക് നിരവധി ആക്രമണങ്ങളാണ് നടത്തിയത്.
1998ൽ ഫ്രാൻസ് ലോകകപ്പ് നേടിയപ്പോൾ നായകനായിരുന്ന ദിദിയർ ദെഷാംപ്‌സ് ആണ് ഇ്‌പ്പോഴത്തെ അവരുടെ പരിശീലകൻ. ക്യാപ്റ്റനായും കോച്ചായും കിരീടം നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് ദെഷാംപ്‌സ്. മരിയോ സഗോള, ഫ്രാൻസ് ബെക്കൻബോവർ എന്നിവർക്ക് ശേഷം ഈ പദവി സ്വന്തമാക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് ഇപ്പോൾ ദെഷാംപ്‌സ്. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ ബെൽജിയത്തിന്റെ തീബോട്ട് കോട്ട്വ സ്്വന്തമാക്കി. ബ്രസീലിനെതിരെയുള്ള ക്വാർട്ടറിൽ ഉൾപ്പടെ മികച്ച പ്രകടനമാണ് കോട്വ കാഴ്ചവെച്ചത്.ബെൽജിയം മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു.
ലോകകപ്പിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം കൈലിയൻ എംപാപ്പെ സ്വന്തമാക്കി. അർജന്റീനയ്‌ക്കെതിരെ ഇരട്ട ഗോൾ നേടിയ താരം ഫൈനലിൽ ക്രൊയേഷ്യയുടെ കഥ കഴിക്കുന്ന ഗോളും നേടി.കഴിഞ്ഞ മൂന്ന് ലോകകപ്പുകളുടെ ഫൈനലും എക്‌സ്ട്രാ ടൈമിലെത്തിയേെപ്പാൾ 2002ന് ശേഷം ആദ്യമായിട്ടാണ് ഒരു ലോകകപ്പ് ഫൈനൽ നിശ്ചിത സമയത്ത് അവസാനിക്കുന്നത്. 2006ൽ ഷൂട്ടൗട്ടിൽ ഫ്രാൻസ് ഫൈനലിൽ ഇറ്റലിയോട് തോറ്റിരുന്നു
ഈ ലോകകപ്പിൽ 6 ഗോളുകൾ നേടിയ ഇംഗ്ലണ്ട് നായകൻ ഹാരി കെയ്‌നാണ് ഗോൾഡൻ ബൂട്ട്. ആറിൽ മൂന്ന് ഗോളുകൾ പെനാൽറ്റി കിക്കിലൂടെയാണ് കെയിൻ ലക്ഷ്യത്തിലെത്തിച്ചത്.റൊണാൾഡോയും മെസിയും ടൂർണമെന്റിലെ താരമായ ലൂക്കാ മോഡ്രിച്ചുമൊക്കെ പെനാൽറ്റി പാഴാക്കിയ സ്ഥലത്താണ് കെയിൻ മൂന്നെണ്ണം വലയിലെത്തിച്ചത്