Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലണ്ടൻ മണ്ണിൽ പതറാതെ ഇന്ത്യൻ സിംഹങ്ങളുടെ പോരാട്ടം; കോഹ്‌ലിയും രഹാനെയും അർധ സെഞ്ചുറി നേടിയപ്പോൾ അരങ്ങേറ്റ മത്സരത്തിൽ ഇംഗ്ലീഷ് ബോളർമാർക്ക് മുന്നിൽ പതറാതെ ഋഷഭ് പന്ത്; മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 307 റൺസുമായി ഇന്ത്യ

ലണ്ടൻ മണ്ണിൽ പതറാതെ ഇന്ത്യൻ സിംഹങ്ങളുടെ പോരാട്ടം; കോഹ്‌ലിയും രഹാനെയും അർധ സെഞ്ചുറി നേടിയപ്പോൾ അരങ്ങേറ്റ മത്സരത്തിൽ ഇംഗ്ലീഷ് ബോളർമാർക്ക് മുന്നിൽ പതറാതെ ഋഷഭ് പന്ത്; മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 307 റൺസുമായി ഇന്ത്യ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ : ലണ്ടനിലെ ക്രീസിൽ ഇന്ത്യൻ സിംഹങ്ങൾ സട കുടഞ്ഞ് പൊരുതിയ കാഴ്‌ച്ചയായിരുന്നു ഇന്നലെ ലോകം കണ്ടത്. ഇന്ത്യൻ ബാറ്റ്‌സ്മാന്മാർക്ക് ഇംഗ്ലണ്ട് പടയ്ക്ക് മുന്നിൽ പതറാതെ നിന്ന് പൊരുതാൻ കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ദിനം പിന്നിട്ടപ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 307 റൺസാണ് ഇന്ത്യൻ പട നേടിയത്. തന്റെ 23ാം ടെസ്റ്റ് സെഞ്ചുറി നേടാൻ വെറും മൂന്ന് റൺസ് കൂടി മാത്രം മതിയായിരുന്നു ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക്. നായകനൊപ്പം കിടിലൻ അർധ സെഞ്ചുറിയുമായി ഉപനായകൻ അജിങ്ക്യ രഹാനെ(81) ടീമിനെ രക്ഷിച്ചെടുത്തു. തന്റെ അരങ്ങേറ്റ മത്സരത്തിൽ 22 റൺസ് നേടി ഔട്ടാകാതെ ഇംഗ്ലണ്ട് പടയ്ക്ക് മുന്നിൽ ഇപ്പോഴും പിടിച്ച് നിൽക്കുന്ന ഋഷഭ് പന്തിലാണ് രാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷ.

തുടർച്ചയായ മൂന്നാം മൽസരത്തിലും ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. പ്രതീക്ഷിച്ചിരുന്നതുപോലെ ഇന്ത്യൻ നിരയിൽ ഋഷഭ് പന്ത് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. ദിനേഷ് കാർത്തിക്കിനു പകരമാണ് പന്ത് ടീമിലെത്തിയത്. പന്തിനു പുറമെ ശിഖർ ധവാൻ, ജസ്പ്രീത് ബുംമ്ര എന്നിവരും ടീമിലെത്തിയപ്പോൾ, മുരളി വിജയ്, കുൽദീപ് യാദവ് എന്നിവരെ ഒഴിവാക്കി. അതേസമയം, ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ വിജയശിൽപിയായ സാം കറനെ ഒഴിവാക്കി ബെൻ സ്റ്റോക്‌സിനെ ഉൾപ്പെടുത്തിയാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങിയത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ശിഖർ ധവാൻ-ലോകേഷ് രാഹുൽ സഖ്യം മികച്ച തുടക്കമാണ് സമ്മാനിച്ചത്. മോശം പന്തുകൾ തിരഞ്ഞെടുത്ത് ശിക്ഷിച്ച ഇരുവരും നിർണായക മൽസരത്തിൽ ഇന്ത്യൻ സ്‌കോർബോർഡിലേക്ക് റൺസൊഴുക്കി. ഒന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് (60) തീർത്തതിനു പിന്നാലെ ധവാനെ വോക്‌സ് മടക്കി. 65 പന്തുകൾ നേരിട്ട ധവാൻ ഏഴു ബൗണ്ടറികളോടെയാണ് 35 റൺസെടുത്തത്.

അഞ്ചു റൺസ് കൂടി കൂട്ടിച്ചേർത്തപ്പോഴേക്കും ലോകേഷ് രാഹുലിനെയും വോക്‌സ് പുറത്താക്കി. 53 പന്തിൽ നാലു ബൗണ്ടറികളോടെ 23 റൺസെടുത്ത രാഹുലിനെ വോക്‌സ് എൽബിയിൽ കുരുക്കുകയായിരുന്നു. ഇതോടെ കോഹ്‌ലി-പൂജാര സഖ്യത്തിലായി ഇന്ത്യയുടെ പ്രതീക്ഷ. എന്നാൽ, 17 റൺസ് മാത്രം നീണ്ടുനിന്ന കൂട്ടുകെട്ടിനൊടുവിൽ പൂജാരയെയും വോക്‌സ് തന്നെ പുറത്താക്കി. 31 പന്തിൽ രണ്ടു ബൗണ്ടറികളോടെ 14 റൺസെടുത്ത പൂജാരയെ വോക്‌സ് ആദിൽ റഷീദിന്റെ കൈകളിലെത്തിച്ചു. പൂജാര പുറത്തായതിനു പിന്നാലെ ഉച്ചഭക്ഷണത്തിന് പിരിയാൻ അംപയർമാർ തീരുമാനിച്ചു.ഉച്ചഭക്ഷണത്തിനുശേഷം തിരിച്ചെത്തിയ ഇന്ത്യയ്ക്കായി ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ഉറച്ചുനിന്നതോടെ ഇന്ത്യ ഭേദപ്പെട്ട നിലയിലേക്ക് മുന്നേറി. ഇരുവരും ക്രീസിൽ ഉറച്ചുനിന്നതോടെ ഇന്ത്യ മൽസരത്തിലേക്കു തിരിച്ചുവന്നു.

അർധസെഞ്ചുറി പൂർത്തിയാക്കിയ ഇരുവരും ഇന്ത്യൻ സ്‌കോർ 150 കടത്തി. ആദ്യം കോഹ്ലിയും തൊട്ടുപിന്നാലെ രഹാനെയും അർധസെഞ്ചുറി പിന്നിട്ടു. കോഹ്ലി 74 പന്തിൽ ആറു ബൗണ്ടറികളോടെയും രഹാനെ 76 പന്തിൽ ഏഴു ബൗണ്ടറികളോടെയുമാണ് അർധസെഞ്ചുറി കടന്നത്. സ്‌കോർ 241 റൺസെത്തിയപ്പോൾ രഹാനെ പുറത്തായി. 131 പന്തിൽ 12 ബൗണ്ടറികളോടെ 81 റൺസെടുത്ത രഹാനെയെ സ്റ്റ്യുവാർട്ട് ബ്രോഡ് കുക്കിന്റെ കൈകളിലെത്തിച്ചു. നാലാം വിക്കറ്റിൽ കോഹ്‌ലി-രഹാനെ സഖ്യം 159 റൺസ് കൂട്ടിച്ചേർത്തു. സ്‌കോർ 279ൽ എത്തിയപ്പോൾ കോഹ്‌ലിയെ ആദിൽ റഷീദും പുറത്താക്കി. 23-ാം ടെസ്റ്റ് സെഞ്ചുറിയിലേക്ക് കുതിച്ച കോഹ്‌ലിയെ ആദിൽ റഷീദാണ് മടക്കിയത്.

പിന്നീട് ക്രീസിൽ ഒരുമിച്ച ഹാർദിക് പാണ്ഡ്യയും അരങ്ങേറ്റതാരം ഋഷഭ് പന്തും ചേർന്ന് ഇന്ത്യൻ സ്‌കോർ 300 കടത്തി. കൂടുതൽ വിക്കറ്റ് നഷ്ടം കൂടാതെ ഇരുവരും ഒന്നാം ദിനം പൂർത്തിയാക്കുമെന്ന് കരുതിയെങ്കിലും പാണ്ഡ്യയുടെ പ്രതിരോധം ആൻഡേഴ്‌സൻ തകർത്തു. 58 പന്തിൽ നാലു ബൗണ്ടറി സഹിതം 18 റൺസെടുത്ത പാണ്ഡ്യയെ ആൻഡേഴ്‌സൻ ബട്ലറിന്റെ കൈകളിലെത്തിച്ചു. അഞ്ചാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 28 റൺസ്. ആദ്യ ടെസ്റ്റിന്റെ പതർച്ചയില്ലാതെ ഇംഗ്ലിഷ് ബോളർമാരെ നേരിട്ട പന്ത്, ഇപ്പോഴും ക്രീസിൽ നിൽക്കുന്നു. ഇന്ത്യൻ ഇന്നിങ്‌സിൽ ഇതുവരെ പിറന്ന ഏക സിക്‌സും പന്തിന്റെ വകതന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP