Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആതിഥേയരെ വീഴ്‌ത്തി യുറുഗ്വായ് ഗ്രൂപ്പ് ചാമ്പ്യന്മാർ; സുവാരസും കവാനിയും വിരുത് കാട്ടിയതോടെ റഷ്യയെ കീഴടക്കിയത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്; ഈജിപ്റ്റിന്റെ മോഹങ്ങൾ തല്ലിക്കെടുത്തി സൗദിക്ക് ജയം; സൂപ്പർതാരം മുഹമ്മദ് സലായ്ക്ക് നിരാശയോടെ മടക്കം

ആതിഥേയരെ വീഴ്‌ത്തി യുറുഗ്വായ് ഗ്രൂപ്പ് ചാമ്പ്യന്മാർ; സുവാരസും കവാനിയും വിരുത് കാട്ടിയതോടെ റഷ്യയെ കീഴടക്കിയത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്; ഈജിപ്റ്റിന്റെ മോഹങ്ങൾ തല്ലിക്കെടുത്തി സൗദിക്ക് ജയം; സൂപ്പർതാരം മുഹമ്മദ് സലായ്ക്ക് നിരാശയോടെ മടക്കം

മറുനാടൻ ഡെസ്‌ക്‌

സമാറ/വോൾഗോഗ്രാഡ് അരീന: ഒടുവിൽ റഷ്യയുടെ തേരാട്ടത്തിന് കടിഞ്ഞാൺ വീണു. സൗദിയുടെയും ഈജിപ്റ്റിന്റെയും മുന്നിലെ കളി യുറഗ്വായുടെ പക്കൽ ചെലവായില്ല.ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ യുറഗ്വായ് റഷ്യയെ തോൽപിച്ചത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്.മൂന്ന് മൽസരങ്ങൾ ജയിച്ച് ഒൻപത് പോയിന്റ് നേടി യുറഗ്വായ് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പ്രീക്വാർട്ടറിൽ പ്രവേശിക്കുന്നത്. ആറ് പോയിന്റുള്ള റഷ്യ രണ്ടാമതാണ്.

ലൂയിസ് സുവാരസും എഡിൻസൺ കവാനിയുമാണ് യുറഗ്വായുടെ വലകുലുക്കിയത്.ഡെന്നിസ് ചെറിഷേവിന്റെ സെൽഫ് ഗോൾ കൂടിയായതോടെ സ്‌കോർ ബോർഡിൽ മൂന്നായി ഗോൾ നേട്ടം. മുപ്പത്തിയാറാം മിനിറ്റിൽ രണ്ടാം മഞ്ഞ കണ്ട് ഇഗോർ സ്‌മോൾനിക്കോവ് പുറത്തായതോടെ പത്തു പേരെയും വച്ചാണ് റഷ്യ കളിച്ചത്.

പത്താം മിനിറ്റിൽ സൂപ്പർ താരം ലുയി സുവാരസും 90 മിനിറ്റിൽ എഡിസൻ കവാനിയും ഗോൾ നേടിയപ്പോൾ 23ാം മിനിറ്റിൽ റഷ്യൻ താരം ഡെനിസ് ചെറിഷേവിന്റെ സെൽഫ് ഗോളും ഉറുഗ്വായുടെ സ്‌കോർ ബോഡിൽ നേട്ടം കൂട്ടി. റഷ്യയ്ക്കുവേണ്ടി ഈ ലോകകപ്പിൽ ആദ്യഗോൾ നേടിയ ലൂറി ഗസിൻസ്‌കി കവാനിയെ ഫൗൾ ചെയ്തതിന് കിട്ടിയ ഫ്രീകിക്കാണ് സുവാരസ് ലക്ഷ്യത്തിലെത്തിച്ചത്.

ഇരുപത്തിമൂന്നാം മിനിറ്റിൽ ഡീഗോ ലക്സാൽറ്റ് തൊടുത്ത ഒരു കിക്കാണ് ഗതി മാറി ഗോളായത്. ബോക്‌സിൽ നിൽക്കുകയായിരുന്ന ചെറിഷേവിന്റെ കാലിൽ തട്ടിയാണ് സെൽഫ് ഗോളായി സ്വന്തം വലയിൽ വീണത്.ബോക്‌സിന് പുറത്ത് നിന്ന് ലക്സാൽറ്റ് തൊടുത്ത കിക്ക് ചെറിഷേവിന്റെ കാലിൽ തട്ടി പോസ്റ്റിലേയ്ക്ക് വഴിതിരിഞ്ഞുപോവുകയായിരുന്നു. ലക്‌സാൽറ്റിന്റെ ആദ്യ ലോകകപ്പ് ഗോളാണിത്. റഷ്യയ്ക്കുവേണ്ടി മൂന്ന് ഗോൾ നേടിയ താരമാണ് ചെറിഷേവ്.

ഗ്രൂപ്പിൽ നിന്ന് പ്രീക്വാർട്ടർ ഉറപ്പിച്ചുകഴിഞ്ഞവരാണ് ആതിഥേയരായ റഷ്യയും പ്രഥമ ചാമ്പ്യന്മാരായ യുറഗ്വായും.സ്‌പെയിൻ, പോർച്ചുഗൽ, ഇറാൻ എന്നിവരിൽ ആരെങ്കിലുമാവും പ്രക്വാർട്ടറിൽ ഇവരുടെ എതിരാളികൾ.

രണ്ടാമത്തെ കളിയിൽ, ലോകകപ്പിലെ ആശ്വാസ ജയം തേടിയിറങ്ങിയ സൗദിക്ക് ഈജിപ്തിനെതിരെ ഗംഭീര വിജയം. മത്സരത്തിന്റെ അവസാനം ഇഞ്ചുറി ടൈമിൽ സലീം അൽ ദവ്ഷസാരിയാണ് സൗദിയുടെ വിജയഗോൾ നേടിയത്. ഇരുപത്തിരണ്ടാം മിനിട്ടിൽ മുഹമ്മദ് സലാ് നേടിയ ഗോളിന് നാൽപ്പത്തിയാറാം മിനിട്ടിൽ സൽമാൻ അൽഫറാജ് പെനാൽറ്റിയിലൂടെ സൗദി മറുപടി നൽകുകയായിരുന്നു.

മുഹമ്മദ് സലായുടെ ഗോൾ മത്സരത്തിന്റെ ആദ്യ സമയത്ത് ഈജിപ്തിനെ മുന്നിലെത്തിച്ചിരുന്നു.എന്നാൽ ഒന്നാം പകുതിയിലെ അധിക സമയത്ത് ലഭിച്ച പെനാൽറ്റിയിലൂടെ സൗദി ഗോൾ മടക്കി. ബോക്‌സിൽ വെച്ച് ഫൗൾ ചെയ്തതിന് വാറിലൂടെയാണ് പെനാൽറ്റി നിർണയിക്കപ്പെട്ടത്. പെനാൽറ്റി സൽമാൻ അൽഫറാജ് ഈജിപ്ഷ്യൻ ഗോളിയെ കബളിപ്പിച്ച് ഗോൾവലയിലെത്തിച്ചു. രണ്ടാം പകുതിയിൽ ഗോളടിക്കാൻ ഇരുടീമുകളും കിണഞ്ഞ് ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാൽ മത്സരത്തിന്റെ ലോംഗ് വിസിൽ മുഴങ്ങുന്നതിന് തൊട്ടുമുൻപ് സലീം അൽ ദവ്‌സാരി ഗോളടിച്ച് സൗദിയുടെ വിജയം ഉറപ്പാക്കി.ഇതോടെ ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരായി സൗദിക്കും അവസാന സ്ഥാനക്കാരായി ഈജിപ്തിനും നാടുകളിലേക്കു മടങ്ങാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP