Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏഷ്യൻ ഗെയിംസിൽ മാറ്റുരയ്ക്കാൻ ഇന്ത്യൻ താരങ്ങൾ ഇഞ്ചിയോണിലേക്ക്; ഇന്ത്യ ലക്ഷ്യമിടുന്നത് 70-75 മെഡലുകൾ

ഏഷ്യൻ ഗെയിംസിൽ മാറ്റുരയ്ക്കാൻ ഇന്ത്യൻ താരങ്ങൾ ഇഞ്ചിയോണിലേക്ക്; ഇന്ത്യ ലക്ഷ്യമിടുന്നത് 70-75 മെഡലുകൾ

ന്യൂഡൽഹി: പതിനേഴാമത് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ താരങ്ങൾ ഇഞ്ചിയോണിലേക്ക് പുറപ്പെട്ടു തുടങ്ങി. 516 അത്‌ലറ്റുകൾക്കും 163 സ്‌പോർട്ടിങ് സ്റ്റാഫിനുമാണ് ഇഞ്ചിയോണിലേക്ക് പോകാൻ സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ അനുവദിച്ചിരിക്കുന്നത്. ഒളിമ്പിക്‌സ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയ കായിക മേളകളിലേക്ക് കായികതാരങ്ങളെ വെറുതേ പറഞ്ഞയക്കുന്ന ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷന്റെ പതിവ് പരിപാടി അവസാനിപ്പിക്കാനാണ് 942 അംഗജംബോ ലിസ്റ്റിൽ നിന്നും 679 പേരായി സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ അംഗസംഖ്യ വെട്ടിക്കുറച്ചത്. വെറുതെ ഒരു ടൂറെന്ന നിലയിൽ കായിക മേളകളിൽ പങ്കെടുക്കുന്നവരെയാണ് അധികൃതർ ഏറെയും ഒഴിവാക്കിയത്.

മെഡൽ നേടാൻ കഴിവുള്ള താരങ്ങൾക്ക് പ്രത്യേക പരിശീലനം നൽകിയാണ് ഗെയിംസിനയയ്ക്കുന്നത്. ഗ്‌ളാസ്‌ഗോയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ മോശമല്ലാത്ത പ്രകടനം നടത്തിയിരുന്നു. അതിന്റെ തുടർച്ചയാണ് ഇഞ്ചിയോണിൽ പ്രതീക്ഷിക്കുന്നത്. നാലുവർഷം മുമ്പ് ചൈനയിലെ ഗ്വാങ്ഷുവിൽ നടന്ന ഗെയിംസിൽ നേടിയതിനേക്കാൾ കൂടുതൽ മെഡലുകൾ സ്വന്തമാക്കാമെന്ന പ്രതീക്ഷയാണ് ഇന്ത്യൻ കായിക താരങ്ങൾക്കും പരിശീലകർക്കും കായിക അധികൃതർക്കുമുള്ളത്. ഇഞ്ചിയോണിൽനിന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നത് 70 മുതൽ 75 വരെ മെഡലുകളാണെന്ന് സ്പോർട്സ് അഥോറിറ്റി ഒഫ് ഇന്ത്യ ഡയറക്ടർ ജനറൽ ജിജി തോംസൺ പറയുന്നു. ഗുസ്തി താരം സുശീൽ കുമാർ, ബോക്‌സിങ് താരം വിജേന്ദർ കുമാർ, ടെന്നീസ് താരം സോംദേവ് ദേവ്വർമൻ തുടങ്ങിയ മെഡൽ ഉറപ്പായ താരങ്ങൾ ഗെയിംസിൽ പങ്കെടുക്കാത്തത് ഇന്ത്യയെ ബാധിക്കില്ലെന്നു ജിജി തോംസൺ പറഞ്ഞു. എന്നാൽ വനിതാ താരം സാനിയ മിർസ റാങ്കിങ് നോക്കാതെ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ തീരുമാനിച്ചത് ആവേശമായി. സൈന നെഹ്‌വാൾ, പി.വി. സിന്ധു, പി. കാശ്യപ് തുടങ്ങിയ പ്രബലർ അടങ്ങുന്ന ബാഡ്മിന്റണിൽ ഇന്ത്യക്ക് കുറഞ്ഞത് ഒരു സ്വർണമെങ്കിലും പ്രതീക്ഷിക്കാം. വനിതാ ഡബിൾസ് താരം ജ്വാലാ ഗുട്ട പിന്മാറിയത് ഇന്ത്യയുടെ ഉറപ്പായ മെഡൽ ഇല്ലാതാക്കി.

ഗ്‌ളാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയിരുന്ന വികാസ് ഗൗഡ (പുരുഷ ഡിസ്‌കസ്), വനിതാ ഡിസ്‌കസിലെ മുൻ കോമൺവെൽത്ത് ചാമ്പ്യൻ കൃഷ്ണപൂനിയ, 4 ഃ 400 മീറ്റർ വനിതാ റിലേ ടീം, നിക്കോളായി സ്‌നെൻസാരേവ് പരിശീലിപ്പിക്കുന്ന മലയാളി ദീർഘദൂര അത്‌ലറ്റ് ഒ.പി. ജയ്ഷ (1500 മീറ്റർ കെ.ടി. ഇർഫാൻ (നടത്തം), ടിന്റു ലൂക്ക (800 മീറ്റർ), അർപീന്ദർ (ട്രപ്പിൾജമ്പ്) എന്നിവരിലൊക്കെയാണ് ഇക്കുറി അത്‌ലറ്റിക്‌സിലെ മെഡൽ സാദ്ധ്യതകൾ. കഴിഞ്ഞവർഷം പൂണെയിൽ നടന്ന ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം നടത്താനായത് ഇന്ത്യയ്ക്ക് ആത്മവിശ്വാസം ഇരട്ടിയാക്കുന്നുണ്ട്. 1986 ലെ സിയോൾ ഗെയിംസിൽ മലയാളി താരം പി.ടി. ഉഷ സ്വർണം നേടിയതും 1998 ലെ ബാങ്കോക്ക് ഗെയിംസിൽ ഹോക്കി സ്വർണം നേടിയതുമാണ് ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ഇന്ത്യയുടെ മികച്ച പ്രകടനങ്ങളായി രേഖപ്പെടുത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP