Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാമുകിമാരെ ഒപ്പം കൂട്ടി വിദേശപര്യടനത്തിന് വരണ്ട; ക്രിക്കറ്റ് താരങ്ങൾക്ക് ബിസിസിഐയുടെ വിലക്ക്

കാമുകിമാരെ ഒപ്പം കൂട്ടി വിദേശപര്യടനത്തിന് വരണ്ട; ക്രിക്കറ്റ് താരങ്ങൾക്ക് ബിസിസിഐയുടെ വിലക്ക്

മുംബൈ: കളിക്കാരുടെ മോശം പ്രകടനത്തിന് കാമുകിമാരും ഉത്തരവാദികളെന്ന് ബിസിസിഐയുടെ നിരീക്ഷണം. വിദേശ പര്യടനത്തിന് കാമുകിമാർക്കും ജീവിതപങ്കാളികൾക്കുമൊപ്പം എത്തുന്ന കളിക്കാർ ക്രീസിൽ അമ്പേ പരാജയമാകുന്നതാണ് ബിസിസിഐയെ ചിന്തിപ്പിച്ചത്. വിദേശ പര്യടനങ്ങൾക്ക് കാമുകിമാരെയും ജീവിത പങ്കാളിയെയും ഒപ്പം കൂടാനുള്ള ഇന്ത്യൻ താരങ്ങളുടെ സ്വാതന്ത്ര്യം റദ്ദാക്കുന്നതിനെക്കുറിച്ചാണ് ഇപ്പോൾ ബിസിസിഐ ആലോചിക്കുന്നത്.

പരമ്പരയിൽ തികഞ്ഞ പരാജയമായിരുന്ന വൈസ് ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയുടെ കാമുകിയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മ ഇത്തവണ ബിസിസിഐയുടെ പ്രത്യേക അനുമതിയോടെ ഇംഗ്ലണ്ടിലെത്തിയിരുന്നു. വിരാട് കോഹ്‌ലി പരമ്പരയിൽ ഫോം കണ്ടെത്താതിരുന്നതോടെ സോഷ്യൽ നെറ്റ്‌വർക്കുകളിൽ ഇക്കാര്യം ചർച്ചയാകുകയും ചെയ്തു. നവമാദ്ധ്യമങ്ങളിൽ പരിഹാസപാത്രമായ വിരാട് കോഹ്‌ലിയുടെ കാര്യം ബിസിസിഐ പ്രത്യേകം ചർച്ച ചെയ്തതായാണ് റിപ്പോർ്ട്ടുകൾ.
താരങ്ങൾ വിദേശ പര്യടനങ്ങളിൽ ഭാര്യമാരെ ഒപ്പം കൂട്ടുന്നത് പതിവാണ്. ഒരു മാസത്തിലേറെ നീണ്ട പര്യടനങ്ങളിൽ കുടുംബത്തെ മിസ് ചെയ്യുന്നതിൽ നിന്ന് ആശ്വാസം നൽകാനാണ് ബിസിസിഐ ഭാര്യയെ ഒപ്പംകൂട്ടാൻ അനുവദിക്കുന്നത്. എന്നാൽ, കളിക്കളത്തിലും പരിശീലനത്തിലും ശ്രദ്ധിക്കാതെ കുടുംബത്തോടൊപ്പം സമയം ചെലവിടാനാണ് താരങ്ങൾ കൂടുതൽ സമയവും ശ്രമിക്കുന്നതെന്ന് ടീം മാനേജ്‌മെന്റ് ബിസിസിഐക്ക് റിപ്പോർട്ട് നൽകി. ഇതോടെയാണ് കളിക്കാർക്ക് ക്ലിപ്പിടാനുള്ള നീക്കം ബിസിസിഐ സ്വീകരിക്കാൻ ഒരുങ്ങുന്നത്.

കളി തോറ്റാലും ജയിച്ചാലും കുടുംബത്തോടൊപ്പം ഷോപ്പിംഗിനും വിനോദ സഞ്ചാരത്തിനും സമയം കണ്ടെത്തുന്നതിൽ താരങ്ങൾ മുടക്കം വരുത്താറില്ല. കുടുംബമായി എത്തുന്ന താരങ്ങൾ പരിശീലനത്തിൽ നിന്ന് മുങ്ങുന്നതും പതിവാണ്. ടീം ഹോട്ടലിൽ താരങ്ങളുടെ താമസ സൗകര്യം ബിസിസിഐയാണ് ഒരുക്കുന്നത്. ജീവിതപങ്കാളി കൂടെയുള്ളപ്പോൾ അവർക്കായി സ്വന്തം ചെലവിൽ താമസം ഒരുക്കണം. പക്ഷേ, സ്റ്റേഡിയത്തിൽ താരങ്ങളുടെ ഭാര്യമാർക്ക് സൗകര്യപ്രദമായി ഇരുന്ന് കളികാണാൻ ബിസിസിഐ അവസരമൊരുക്കും. കളിക്കാരുടെ സുരക്ഷയ്‌ക്കൊപ്പം പങ്കാളികളുടെ സുരക്ഷയും ശ്രദ്ധിക്കും. ഇതിനൊക്കെ നിയന്ത്രണം വരുത്താനാണിപ്പോൾ ബി.സി.സി.ഐ ആലോചിക്കുന്നത്.

ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാൻ മുമ്പ് പര്യടനങ്ങൾക്കായി കാമുകിമാരെയുംകൊണ്ടാണ് എത്തിയിരുന്നത്. ഇത് കളിയെ ബാധിക്കുന്നതിനാൽ പിന്നീട് അവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കളിക്കാർക്ക് കുടുംബത്തോടൊപ്പം കഴിയാൻ നിശ്ചിത സമയം മാത്രമേ അനുവദിക്കാറുള്ളൂ. അതേ മാതൃക പിന്തുടരാനാണ് ബിസിസിഐ ആലോചിക്കുന്നത്.

ഇംഗ്ലണ്ട് പര്യടനത്തിൽ ചേതേശ്വർ പുജാര, മുരളി വിജയ്, ആർ അശ്വിൻ, സ്റ്റുവർട്ട് ബിന്നി, ഗൗതം ഗംഭീർ എന്നിവർ ഭാര്യയെ ഒപ്പം കൂട്ടിയിരുന്നു. ഇതിന് ബിസിസ.ഐയുടെ അനുമതിയും ഉണ്ടായിരുന്നു. എന്നാൽ, മത്സര വേദികളിൽ സ്ഥിരം ഉണ്ടാകാറുള്ള ധോണിയുടെ ഭാര്യ സാക്ഷി ഇക്കുറി ഉണ്ടായിരുന്നില്ല.

ഔദ്യോഗികമായി വിവാഹം കഴിച്ചിട്ടില്ലെങ്കിലും കൊഹ്‌ലിയും അനുഷ്‌കയും ഏറെ നാളായി ഒന്നിച്ചാണ് കഴിയുന്നത്. മത്സരം കഴിഞ്ഞാലുടൻ വിരാട് കൊഹ്‌ലി അനുഷ്‌ക ശർമ്മയുടെ ഫ്‌ളാറ്റിലോ അനുഷ്‌ക വിരാടിന്റെ ഹോട്ടലിലോ എത്തുന്നത് പതിവാണ്. കഴിഞ്ഞ വർഷം ഒരു പരസ്യത്തിന്റെ ചിത്രീകരണത്തിനിടെയിലാണ് ഇരുവരും പ്രണയത്തിലായത്. അതിനുശേഷം വിരാട് എവിടെപ്പോയാലും അനുഷ്‌കയെ ഒപ്പം കൂട്ടും. ഈ വർഷമാദ്യം നടന്ന ന്യൂസിലാൻഡ് പര്യടനത്തിൽ ഇന്ത്യ തോറ്റുതരിപ്പണമായപ്പോൾ വിരാടും അനുഷ്‌കയും പുറത്ത് അടിച്ചുപൊളിച്ചത് വിവാദമായിരുന്നു.

എന്നാൽ, ആ പര്യടനത്തിൽ വിരാട് മികച്ച ഫോമിൽ കളിച്ചതിനാൽ ബിസിസിഐ ഇടപെട്ടില്ല. എന്നാൽ, ഇക്കുറി വിരാട് ബാറ്റിംഗിൽ തികഞ്ഞ പരാജയമായിരുന്നു. 10 ഇന്നിങ്‌സുകളിൽ നിന്ന് വെറും 134 റൺ മാത്രമാണ് നേടാനായത്. എന്നാൽ, ഈ പര്യടനത്തിനിടയിലും വിരാട് അനുഷ്‌കയ്‌ക്കൊത്തുള്ള കറക്കത്തിൽ കുറവ് വരുത്തിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP