Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിത്രയ്ക്ക് കേരളവും പണി കൊടുത്തു! കൂലിപ്പണിക്കാരായ അച്ഛന്റേയും അമ്മയുടേയും ദുരിതം അകറ്റാൻ താരം ആഗ്രഹിച്ചത് സ്ഥിര ജോലി; മന്ത്രിസഭ നൽകിയത് പാലും മുട്ടയും സ്‌കോളർഷിപ്പും: ഏഷ്യൻ മെഡൽ ജേതാവിനെതിരെ സ്വന്തം നാട്ടിലും പാരകൾ?

ചിത്രയ്ക്ക് കേരളവും പണി കൊടുത്തു! കൂലിപ്പണിക്കാരായ അച്ഛന്റേയും അമ്മയുടേയും ദുരിതം അകറ്റാൻ താരം ആഗ്രഹിച്ചത് സ്ഥിര ജോലി; മന്ത്രിസഭ നൽകിയത് പാലും മുട്ടയും സ്‌കോളർഷിപ്പും: ഏഷ്യൻ മെഡൽ ജേതാവിനെതിരെ സ്വന്തം നാട്ടിലും പാരകൾ?

തിരുവനന്തപുരം : പി.യു. ചിത്രയ്ക്ക് കേരള സർക്കാരിൽനിന്ന് പ്രതീക്ഷിച്ചിരുന്ന ജോലിയും അവസാന നിമിഷം ലഭിച്ചില്ല. ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിട്ടും ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ട ചിത്രയ്ക്ക് ഇത് തിരിച്ചടിയായി. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ ക്‌ളാർക്കായി ജോലി നൽകാമെന്ന് റെയിൽവേ ചിത്രയെ അറിയിച്ചിരുന്നു. അത് വേണ്ടെന്ന് വച്ചാണ് ചിത്ര കേരള സർക്കാർ ജോലിക്കായി കാത്തിരുന്നത്.

ബിരുദ പഠനം പൂർത്തിയാക്കിയ പി.യു. ചിത്രയ്ക്ക് കേരള സർക്കാർ ഗസറ്റഡ് റാങ്കിൽ ജോലി നൽകുമെന്ന് കായികമന്ത്രി എ.സി. മൊയ്തീൻ പാലക്കാട്ട് വീട്ടിലെത്തിയപ്പോൾ വാക്കു നൽകിയിരുന്നു. കഴിഞ്ഞദിവസം കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ നടന്ന ചടങ്ങിൽ വച്ചും കായികമന്ത്രി ജോലി നൽകുന്ന കാര്യം പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ചിത്രയ്ക്ക് പ്രഖ്യാപിച്ചത് പരിശീലനത്തിനും ഭക്ഷണത്തിനുമുള്ള സഹായധനം മാത്രമാണ്. ജോലി നൽകുമെന്ന് കഴിഞ്ഞ ദിവസം ചിത്രയുടെ പരിശീലകൻ സിജിനെ കായികമന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിച്ചിരുന്നു. ഇതിനായി ചിത്രയുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ അടിയന്തരമായി അയച്ചുകൊടുക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതും ചെയ്തു. എന്നാൽ ഈ വിഷയം മന്ത്രിസഭായോഗത്തിലെത്തിയതോടെയാണ് ജോലി സഹായധനമായി മാറുന്ന മറിമായം നടന്നത്. ഇതിന് പിന്നിൽ ഉന്നത ഇടപെടലുണ്ടായി എന്നാണ് സംശയം. ചില കായികതാരങ്ങൾ പാരവച്ചുവെന്നാണ് സൂചന.

ചിത്ര ഇപ്പോൾ വരുന്ന മത്സരങ്ങൾക്കായി പരിശീലിക്കുകയാണ് വേണ്ടത്. ജോലിക്ക് പോകേണ്ട സമയത്ത് ജോലി നൽകാമെന്നായിരുന്നു കാബിനറ്റ് തീരുമാനം. കായികതാരങ്ങൾക്ക് സർക്കാർ ജോലി നൽകിയാലും അത് അവരുടെ പരിശീലനത്തെ ബാധിക്കാറില്ല. പരിശീലനവും മത്സരങ്ങളും കഴിഞ്ഞ് കായിക രംഗത്തോട് വിട പറയുമ്പോഴാണ് തങ്ങൾക്ക് അനുവദിച്ച ജോലിയിൽ പ്രവേശിക്കുന്നത്. അതുവരെ അവർക്ക് ശമ്പളം ലഭിക്കുകയും ചെയ്യും. ഈ സൗകര്യമാണ് ചിത്രയ്ക്ക് നിഷേധിക്കപ്പെട്ടത്.

ചിത്രയ്ക്ക് ജോലി നൽകാതിരിക്കാൻ പറഞ്ഞ ഈ ന്യായം സി.കെ. വിനീതിന് ബാധകമല്ല എന്നതാണ് കൗതുകം. സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി നിയമിതനാകുന്ന വിനീത് നാളെ മുതൽ ജോലിക്ക് പോവുകയല്ല, ഐ.എസ്.എല്ലിൽ കളിക്കാനിരിക്കുകയാണ്. കേരള ബ്‌ളാസ്റ്റേഴ്‌സിൽനിന്ന് വിനീതിന് കോടികൾ പ്രതിഫലം ലഭിക്കുന്നുണ്ട്. അതിന് പുറമേയാണ് സർക്കാർ ജോലി. എന്നാൽ ചിത്രയ്ക്ക് അച്ഛന്റെയും അമ്മയുടെയും കൂലിപ്പണിയിൽനിന്ന് കിട്ടുന്ന വരുമാനം മാത്രമേയുള്ളൂ. ഒരു ജോലി നൽകുന്ന സുരക്ഷിതത്വം ഒരിക്കലും സഹായധനത്തിന് ലഭിക്കാനാവില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP