Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുന്നണി വിടുമെന്ന് സിപിഐ മുന്നറിയിപ്പ് നൽകിയിട്ടും കുലക്കമില്ലാതെ സിപിഎം; ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയെ പിന്തുണച്ച് മാണി കരുത്തറിയിക്കും; സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറിൽ മാണിയെ വിളിച്ചത് പിന്തുണ ഉറപ്പിക്കാൻ; കാനത്തേക്കാൾ ഭേദം മാണിയെന്ന തോന്നൽ സിപിഎം അണികൾക്കും ശക്തം

മുന്നണി വിടുമെന്ന് സിപിഐ മുന്നറിയിപ്പ് നൽകിയിട്ടും കുലക്കമില്ലാതെ സിപിഎം; ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയെ പിന്തുണച്ച് മാണി കരുത്തറിയിക്കും; സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറിൽ മാണിയെ വിളിച്ചത് പിന്തുണ ഉറപ്പിക്കാൻ; കാനത്തേക്കാൾ ഭേദം മാണിയെന്ന തോന്നൽ സിപിഎം അണികൾക്കും ശക്തം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടത് മുന്നണിയിൽ സിപിഐ വേണ്ടെന്ന നിലപാടിലേക്ക് സിപിഎം. സിപിഐയേക്കാൾ കെഎം മാണിയുടെ കേരളാ കോൺഗ്രസാണ് കൂടുതൽ നല്ലതെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. ചെങ്ങന്നൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കെ.എം.മാണിയെ ഇടതുമുന്നണിയുടെ ഭാഗമാക്കും. ഇതോടെ സിപിഐ മുന്നണി വിട്ടു പോകുമെന്നാണ് സിപിഎം പ്രതീക്ഷ. തൃശൂരിലെ സംസ്ഥാന സമ്മേളനത്തിൽ കെഎം മാണി വിഷയം സിപിഎം ചർച്ചായക്കും. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ പരസ്യമായി പിന്തുണയ്ക്കാനാണ് മാണിയുടെ തീരുമാനം. ഇതോടെ മാണി ഇടതു പക്ഷത്തിന്റെ ഭാഗമാവുകയും ചെയ്യും.

സിപിഎം സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറിലേക്കു മാണിയെ ക്ഷണിച്ചത് ഈ തന്ത്രത്തിന്റെ ഭാഗമാണ്. എൽഡിഎഫിനു പുറത്തുള്ള കക്ഷികളിൽ ആകെ ക്ഷണിച്ചതു മാണിയെ മാത്രം. സിപിഎമ്മിന്റെ പത്തനംതിട്ട, ഇടുക്കി, കോട്ടയം സമ്മേളനങ്ങൾ മാണിയെ സ്വാഗതം ചെയ്തിരുന്നു. ഈ സാഹചര്യം സംസ്ഥാന സമിതിയിലും ചർച്ചായകും. സിപിഐ പോയാലും സർക്കാരിന് ഭീഷണിയില്ല. ഈ സാഹചര്യത്തിൽ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭീഷണികൾക്ക് വഴങ്ങേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. കാനം പോകുന്നുവെങ്കിൽ പോകട്ടെയെന്നാണ് സിപിഎം വിലയിരുത്തൽ. ഡാങ്കെയുടെ ശിഷ്യനായ സികെ ചന്ദ്രപ്പന്റെ അനുയായിയാണ് കാനം. അതുകൊണ്ട് തന്നെ കാനത്തിന് താൽപ്പര്യം കോൺഗ്രസാണ്. അതുകൊണ്ട് മാത്രമാണ് മാണിയുടെ വരവിനെ കാനം എതിർക്കുന്നതെന്നാണ് സിപിഎം വിലിയിരുത്തൽ.

അനവസരത്തിൽ, ആവശ്യമില്ലാത്ത പ്രസ്താവനകളിറക്കി വിവാദമുണ്ടാക്കുന്ന രീതി സിപിഐ തുടരുകയാണെന്ന വികാരമാണു സിപിഎമ്മിന്. മാണിക്കെതിരെയെന്ന മട്ടിൽ തങ്ങൾക്കെതിരെയാണു സിപിഐ സംസ്ഥാനസെക്രട്ടറി ആരോപണം ഉന്നയിക്കുന്നത്. മാണിയോടുള്ള വിയോജിപ്പ് കാനം മറച്ചുവയ്ക്കാറില്ലെങ്കിലും 'അദ്ദേഹത്തോടൊപ്പം എൽഡിഎഫിൽ പ്രവർത്തിക്കാൻ പ്രയാസമാണ്' എന്ന തരത്തിൽ കാനം പ്രതികരിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ മാണി ഇടതു പക്ഷത്ത് എത്തിയാൽ കാനം യുഡിഎഫിലേക്ക് പോകുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ കേരളത്തിലെ മുന്നണി സംവിധാനത്തിൽ അടുത്ത മാസം വലിയ മാറ്റങ്ങൾ വരും. വീരേന്ദ്രകുമാറിന്റെ ജനതാദള്ളും ഇടതു പക്ഷത്തിന്റെ ഭാഗമായി മാറും.

തങ്ങളെ തള്ളിയും മാണിയെ ആനയിക്കാൻ നോക്കുന്നോയെന്ന സന്ദേഹം സിപിഐ പ്രകടിപ്പിച്ചതു കോട്ടയം ജില്ലാസമ്മേളനത്തിന്റെ ഉദ്ഘാടനവേദിയിലാണ്. കോട്ടയം ജില്ലാ പഞ്ചായത്തിലെ സിപിഎം-കേരളകോൺഗ്രസ് ബന്ധം സംസ്ഥാനത്താകെ മാതൃകയാക്കണമെന്ന നിർദ്ദേശമാണു സിപിഎം കോട്ടയം സമ്മേളനം മുന്നോട്ടുവച്ചത്. ജില്ലാപഞ്ചായത്തിലെ അട്ടിമറിനീക്കത്തെ സിപിഐ പിന്തുണയ്ക്കാതിരുന്നതിനെ റിപ്പോർട്ടിൽ തന്നെ വിമർശിക്കുകയും ചെയ്തു. മാണിക്ക് അഗ്‌നിശുദ്ധിവരുത്താൻ കോട്ടയത്തു സിപിഎം ശ്രമിച്ചുവെങ്കിൽ, അതിനു തങ്ങളെ പ്രതീക്ഷിക്കേണ്ടെന്നാണ് അതേ കോട്ടയത്തു കാനം വ്യക്തമാക്കിയത്. 'മധ്യസ്ഥപ്രാർത്ഥനക്കാരുടെ സഹായം' എൽഡിഎഫിനു വേണ്ടെന്നു കാനം പറഞ്ഞതും പ്രത്യേക ലക്ഷ്യത്തോടെയാണ്. മാണി എൽഡിഎഫിന്റെ ഭാഗമായാൽ മുന്നണിയുടെ മതനിരപേക്ഷ പ്രതിച്ഛായ തകരുമെന്ന് വരുത്താനാണ് കാനത്തിന്റെ നീക്കം.

മലപ്പുറത്ത് മാർച്ച് ഒന്നു മുതൽ നാലു വരെ ചേരുന്ന സിപിഐ സംസ്ഥാനസമ്മേളനത്തിന്റെ പ്രവർത്തനറിപ്പോർട്ട് തയാറാക്കാനായി സിപിഐ സംസ്ഥാനനിർവാഹകസമിതിയോഗം ഇന്നു കോട്ടയത്തു ചേരും. ജില്ലാസമ്മേളനം കോട്ടയത്തു നടക്കുന്നതിനാൽ നേതാക്കൾക്കു സൗകര്യപ്രദമായതുകൊണ്ടാണ് അവിടെയാക്കിയത്. സിപിഎമ്മിനും മാണിക്കുമെതിരെയുള്ള റിപ്പോർട്ടിലെ പരാമർശങ്ങൾ ഉണ്ടാകും. സിപിഎം സംസ്ഥാന സമ്മേളനത്തോടെ തന്നെ മാണിയുടെ കാര്യത്തിൽ വ്യക്തത വരും. അതുകൊണ്ട് തന്നെ സിപിഐ സമ്മേളനം മുന്നണി മാറ്റത്തിന്റെ സാധ്യതകളാകും ചർച്ചയാവുക. അതിനിടെ കാനവും കൂട്ടരും യുഡിഎഫിലേക്ക് പോയാൽ സിപിഐ പിളരാനും സാധ്യതയുണ്ട്. കെ ഇ ഇസ്മായിൽ പക്ഷം സിപിഎമ്മിനൊപ്പം ഉറച്ചു നിൽക്കാനാണ് സാധ്യത. അങ്ങനെ കാനത്തിന് പണികൊടുക്കാനാണ് സിപിഎം തന്ത്രം.

സിപിഎം- സിപിഐ പ്രശ്നങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി വൈദ്യുതി മന്ത്രി എം.എം മണി സ്ഥിരമായി രംഗത്തു വരുന്നുണ്ട്. സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട ആവശ്യം സിപിഎമ്മിനില്ലെന്നും കടുത്ത ഭാഷയിൽ മണി വിമർശിച്ചിരുന്നു. തോമസ് ചാണ്ടിയെ രാജി വയ്‌പ്പിച്ചത് സിപിഐയാണെന്ന് വരുത്തി തീർക്കാൻ ശ്രമം ഉണ്ടായെന്നാണ് സിപിഎം വിലയിരുത്തൽ. മന്ത്രിസഭാ യോഗം സിപിഐക്കാർ ബഹിഷ്‌കരിച്ചിരുന്നു. ഇതോടെയാണ് സിപിഐയെ കൈവിടാനുള്ള തീരുമാനം സിപിഎം എടുത്തത്. ഇത്തരക്കാരുമായി മുന്നോട്ട് പോകേണ്ട കാര്യമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റേയും പക്ഷം. ഇതാണ് മണിയിലൂടെ പ്രസ്താവനയായി ചർച്ചയായത്.

തോമസ് ചാണ്ടി വിഷയത്തിൽ ഹീറോ ചമയാനുള്ള സിപിഐ ശ്രമം മര്യാദ കേടാണ്. സിപിഐക്ക് മുന്നണി മര്യാദയില്ലെന്നും എം.എം. മണി ആരോപിച്ചു. മന്ത്രിസഭയിലെ ഒരാൾക്കെതിരെ ആക്ഷേപം വന്നാൽ അത് മുഖ്യമന്ത്രിയോട് പറയാതെ റവന്യു മന്ത്രി സ്വന്തം നിലയ്ക്ക് പരിഹരിക്കാൻ ശ്രമിച്ചു. അത് ശരിയല്ല. എൻസിപി അറിലേന്ത്യാ പാർട്ടിയാണ്. അവർ ഒരു മണിക്കൂറാണ് സമയം ചോദിച്ചത്. എന്നാൽ അതിനു പോലും കാത്തു നിൽക്കാതെയാണ് അവർ മന്ത്രി സഭ ബഹിഷ്‌കരിച്ചത്. മന്ത്രി സഭ ബഹിഷ്‌കരിച്ച തീരുമാനം മര്യാദകേടാണെന്നും എംഎം മണി പറഞ്ഞിരുന്നു. തോമസ് ചാണ്ടി വിഷയത്തിൽ മന്ത്രി സഭ ബഹിഷ്‌കരിക്കുന്ന സാഹചര്യം അംഗീകരിക്കാനാവില്ലെന്നു തന്നെയാണ് ഇപ്പോഴും സിപിഎം നിലപാട്. ഈ ബഹിഷ്‌കരണത്തോടെ തന്നെ സിപിഐ ഇടത് മുന്നണിക്ക് പുറത്തായെന്നാണ് സിപിഎം നേതാക്കൽ പരോക്ഷമായി സമ്മതിക്കുന്നതും.

അവിശ്വാസം നിലനിൽക്കുമ്പോഴാണു കോൺഗ്രസുമായി തൊട്ടുകൂടായ്മയില്ലെന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ തുറന്നടിയും പുതിയ ചർച്ചകൾക്കു വഴിയൊരുക്കിയത്. കോൺഗ്രസ് ബന്ധം പറഞ്ഞു സിപിഐയെ ആക്ഷേപിക്കുന്നതിനെതിരെ സിപിഎമ്മിനെ കടന്നാക്രമിക്കാനും കാനം മടിച്ചില്ല. യുപിഎക്കു നൽകിയ പിന്തുണയും സോമനാഥ് ചാറ്റർജിയെ സ്പീക്കറാക്കിയതുമെല്ലാം കാനം ഓർമിപ്പിച്ചു. ഇടത് ഐക്യം പൊളിക്കുന്നതിനാണോ, കോൺഗ്രസുമായി ചേരുന്നതിനാണോ സിപിഐ മുൻഗണന നൽകുന്നതെന്നാണു സിപിഎമ്മിന്റെ മറുചോദ്യം.

ഇടുക്കിയിൽ എൽഡിഎഫിന്റെ എംപി ജോയ്‌സ് ജോർജിനെ സിപിഐയുടെ റവന്യു വകുപ്പ് കയ്യേറ്റക്കാരനാക്കിയെന്ന വികാരമാണു സിപിഎമ്മിനെ ഒടുവിൽ പ്രകോപിപ്പിച്ചത്. കോൺഗ്രസിൽനിന്നു പ്രതിഫലം പറ്റി സിപിഐ ഇതു ചെയ്തുവെന്നാണു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ മന്ത്രി എം. എം.മണി ആക്ഷേപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ കൂടി പങ്കെടുത്ത യോഗത്തിൽ അദ്ദേഹം വേദി വിട്ടശേഷം പറഞ്ഞ ഈ ആരോപണത്തിന് അതേ നാണയത്തിലുള്ള മറുപടിയുമായി സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ രംഗത്തെത്തി. കയ്യേറ്റക്കാരുടെ മിശിഹായെന്നാണു സ്വന്തം മുന്നണി മന്ത്രിയെ ശിവരാമൻ വിശേഷിപ്പിച്ചത്. ആരോപണം പിൻവലിച്ചില്ലെങ്കിൽ ഇടുക്കിയിൽ സിപിഎമ്മുമായി യോജിച്ചുപോകാൻ കഴിയില്ലെന്ന മുന്നറിയിപ്പും നൽകി. ഇതെല്ലാം സംസ്ഥാന തലത്തിൽ ഇരു പാർട്ടികളും രണ്ട് വഴിക്ക് പോകുന്നതിന്റെ സൂചനയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP