Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

കൊട്ടാരക്കരയിലെ ഡോക്ടറെ പറ്റിച്ച് ഒന്നരക്കോടിയുമായി കടന്നു; മകളെ ഓട്ടോ ഡ്രൈവറുമായി ലിവിങ് ടുഗദറിനയച്ച് സ്വത്തുക്കൾ തട്ടിയെടുത്ത് മുങ്ങി; പറഞ്ഞു പറ്റിച്ചു കെട്ടിയ ജെറി ഡേവിഡിന്റെ വീടും സ്വത്തം തട്ടിയെടുക്കാൻ ക്വട്ടേഷൻ സംഘവുമായെത്തി അക്രമവും; വിവാഹത്തട്ടിപ്പുകാരി ആലിസ് ജോർജ്‌ വീണ്ടും പിടിയിൽ

കൊട്ടാരക്കരയിലെ ഡോക്ടറെ പറ്റിച്ച് ഒന്നരക്കോടിയുമായി കടന്നു; മകളെ ഓട്ടോ ഡ്രൈവറുമായി ലിവിങ് ടുഗദറിനയച്ച് സ്വത്തുക്കൾ തട്ടിയെടുത്ത് മുങ്ങി; പറഞ്ഞു പറ്റിച്ചു കെട്ടിയ ജെറി ഡേവിഡിന്റെ വീടും സ്വത്തം തട്ടിയെടുക്കാൻ ക്വട്ടേഷൻ സംഘവുമായെത്തി അക്രമവും; വിവാഹത്തട്ടിപ്പുകാരി ആലിസ് ജോർജ്‌ വീണ്ടും പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

മാവേലിക്കര: ഭർത്താവ് മരിച്ചതായി ഇടവക വികാരിയുടെ പേരിൽ വ്യാജക്കത്ത് തയാറാക്കി ഒന്നിലേറെ വിവാഹങ്ങൾ നടത്തി വൻ തുക കൈക്കലാക്കിയ വിവാഹ തട്ടിപ്പുകാരി ലീലാ ജോർജ് ക്വട്ടേഷൻ സംഘവുമായി തട്ടിപ്പിനിരയായ ആളുടെ വീട് കയ്യേറാനും എത്തി. വീടിന്റെ ഗേറ്റും വാതിലും തകർത്ത് അകത്തുകടന്ന സംഘത്തെ നാട്ടുകാർ തടഞ്ഞുവച്ചു. വള്ളികുന്നം പൊലീസെത്തി യുവതിയെയും സംഘത്തെയും കസ്റ്റഡിയിലെടുത്തു. നിരവധി വിവാഹ തട്ടിപ്പുകേസിലെ പ്രതിയായ കോട്ടയം സ്വദേശി ആലീസ്ജോർജ്. കാട്ടയം ആർപ്പൂക്കര കൊപ്രായിൽ ജെയിസ്ജോൺജേക്കബ്(24), മാറ്റൂർ തെക്കേ പറമ്പിൽ രതീഷ്(26), ആർപ്പൂക്കര ചക്കിട്ടപ്പറമ്പിൽ അഖിൽ(21), വില്ലൂന്നി പാലത്തൂർ വീട്ടിൽ ടോമിജോസഫ്(21) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

പുലർച്ചെ കറ്റാനത്തുള്ള കുറ്റിയിൽ ജെറി ഡേവിഡിന്റെ വീട്ടിലെത്തിയ സംഘം ഗേറ്റിന്റെയും വാതിലിന്റെയും പൂട്ട് തകർത്താണ് അകത്തു കയറിയത്. വീട്ടുടമസ്ഥന്റെ ബന്ധുവായ യുവാവ് മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ആയുധവുമായെത്തിയ സംഘം ആദ്യം യുവാവിനെ മർദിച്ചു. ഓടിരക്ഷപെട്ട ഇയാൾ നാട്ടുകാരെ കൂട്ടി തിരികെയെത്തി. നാട്ടുകാരെ യുവതിയും സംഘവും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാൽപ്പത്തിയെട്ടുകാരിയായ ലീലാ ജോർജിന്റെ പേരിൽ വാറണ്ട് ഉൾപ്പെടെ നിലനിൽക്കുന്നുണ്ട്. വിദേശത്തുള്ളവരാണ് ഇവരുടെ തട്ടിപ്പിനിരയായവരിൽ അധികവും. പരസ്യം നൽകി വിവാഹം കഴിച്ച ശേഷം സ്വത്ത് തട്ടിയെടുക്കുകയാണ് പതിവ്. എതിർത്താൽ പീഡനക്കേസുകളിൽ കുരുക്കുകയാണ് രീതി.

വിദേശത്തായിരുന്ന ജെറോ ഡേവിഡ് ഭാര്യയുമായി അകന്നു കഴിയുന്ന കാലത്താണ് കോട്ടയം സ്വദേശിയായ ലീലാ ജോർജ്ജുമായി പരിചയത്തിലായതും പിന്നീട് വിവാഹിതരായതും. വിവാഹത്തെ തുടർന്ന് വീട്ടുകാരുടെ സ്വത്ത് യുവതിയുടെ സ്വന്തം പേരിലാക്കി. ഈ സമയമാണ് വേറെ യുവാക്കളെ വിവാഹം കഴിച്ച് യുവതി കോടികൾ തട്ടിയ വാർത്ത പുറത്തുവന്നത്. തുടർന്ന് ഇവർ അറസ്റ്റിലായി. ഈ സമയത്ത് ജെറോമും പൊലീസിൽ പരാതി നൽകി. എന്നാൽ രോഗബാധിതനായ ജെറോഡേവിഡ് മരിച്ചു. തട്ടിപ്പിലൂടെ സ്വന്തമാക്കിയ വീടിന്റെയും വസ്തുവിന്റെയും ആധാരം റദ്ദാക്കപ്പെടുകയും ചെയ്തു. ഇരുനില വീടും വസ്തുവും ഇപ്പോൾ ജെറോഡേവിഡിന്റെ മകന്റെ പേരിലാണ്. ഇത് കൈക്കലാക്കാനാണ് യുവതി ക്വട്ടേഷൻ സംഘവുമായെത്തിയത്. നേരത്തെ മൂന്നു തവണ ഇവർ ഇവിടെ എത്തിയിട്ടുണ്ട്. അന്ന് ബന്ധുക്കൾ ഇവരെ ഓടിച്ചു വിടുകയായിരുന്നു.

ലീലാമ്മാ ജോർജ് എന്നാണ് യഥാർത്ഥ പേര്. കോട്ടയം ദേവലോകം സ്വദേശിനിയായ ആലീസ് ജോർജ് എന്ന പേരിൽ ആൾമാറാട്ടം നടത്തിയ ലീലാമ്മ ജോർജ് നിരവധി പേരെ കബളിപ്പിച്ച് പണവും സ്വത്തും തട്ടിയിരുന്നു. ലീലാമ്മ ജോർജെന്നും ആലീസ് ജോർജ് എന്നും അറിയപ്പെടുന്ന വിവാഹ തട്ടിപ്പുകാരിയുടെ തട്ടിപ്പുകൾ ആരും മൂക്കത്ത് വിരൽ വച്ച് പോകുന്ന രീതിയിലുള്ളതാണ്. ഭാര്യ മരിച്ചു പോയവരെയും ഭാര്യയുമായി പിണങ്ങി കഴിയുന്ന ആൾക്കാരെയുമാണ് പ്രധാനമായും ആലീസ് നോട്ടമിട്ടിരുന്നത്. വൈവാഹിക പരസ്യത്തിലൂടെ ഇത്തരക്കാരെ ബന്ധപ്പെട്ടാണ് യുവതി തട്ടിപ്പിന് കളമൊരുക്കുന്നത്. വിവാഹ തട്ടിപ്പ് നടത്തിയ ഇവർക്കെതിരെ നാല് പേർ പരാതിയുമായി രംഗത്ത് വന്നിരുന്നു. ഭർത്താവ് മരിച്ചെന്ന പള്ളി വികാരിയുടെ കത്തും സഭയുടെ ഔദ്യോഗിക സർട്ടിഫിക്കറ്റുമായി പലയിടങ്ങളിൽ കറങ്ങിയാണ് ലീലാമ്മ ഗൾഫിലെത്തിയത്. അവിടെവച്ചാണ് കൊട്ടാരക്കര സ്വദേശിയായ ഫിസിയോ തെറാപ്പിസ്റ്റ് ഡോ.ജോസ് പ്രകാശുമായി പരിചയപ്പെടുന്നത്.

ആലീസ് മുമ്പ് വിദേശത്ത് ജോലിചെയ്യുന്ന സമയത്ത് ജയിൽവാസം അനുഭവിച്ചപ്പോൾ അവിടെ നിന്നും രക്ഷപ്പെടുത്തുന്നതിന് സഹായം ചെയ്ത പരിചയമാണ് വിവാഹത്തിലെത്തിയത്. വർക്കി ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു ഡോക്ടർ. ആദ്യ ഭർത്താവ് തെന്മല സ്വദേശി പ്രജീഷ് മരിച്ചെന്നും ആ ബന്ധത്തിൽ ബാധ്യതയായി കുട്ടികളൊന്നുമില്ലെന്ന് പള്ളിയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഡോക്ടറെ വലയിലാക്കിയത്. ഈ ബന്ധത്തിൽ ഒരു പെൺകുട്ടിയുണ്ടായി ഏകദേശം ഒരു വർഷത്തിന് ശേഷം ഡോക്ടറുടെ ഒന്നര കോടിയുമായി കടന്നു. അടുത്ത ഇരയെ കുടുക്കാനായിരുന്നു ഈ മുങ്ങൽ. കായംകുളം കറ്റാനം സ്വദേശിയായ ജെറി ഡേവിഡായിരുന്നു അടുത്ത ഇര. പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിൽ സ്വസ്ഥ ജീവിതം നയിച്ച് വരികയായിരുന്നു ജെറി ഡേവിഡ്. അദ്ദേഹത്തിന്റെ വീടിനോട് ചേർന്ന 32 സെന്റ് സ്വന്തം പേരിൽ എഴുതി വാങ്ങി. പുതിയ കാറും വാങ്ങിപ്പിച്ചു.

പിന്നീട് ചവറ കൊല്ലക സ്വദേശി കെ.എം.ജോസഫിനെ കല്യാണം കഴിച്ചു. ആദ്യ നാളുകളിൽ തന്നെ ജോസഫിന്റെ ആറര ലക്ഷം കൈക്കലാക്കി. തന്റെ ആദ്യ ബന്ധത്തിൽ മൂന്ന് പെൺമക്കളുള്ള കാര്യം തുറന്നു പറഞ്ഞ ലീലാമ്മ കുട്ടികൾ തങ്ങളുടെ സ്വകാര്യതയ്ക്ക് തടസ്സമായി ഇങ്ങോട്ട് വരാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു. അവർ മൂന്നിടത്തായി ഹോസ്റ്റലിൽ കഴിയുകയാണെന്നും ഭർത്താവിനോട് പറഞ്ഞു. ഇതിനിടെ ലീലാമ്മയുടെ സ്വകാര്യ രേഖകൾ പരിശോധിച്ച കെ.എം.ജോസഫിന് കിട്ടിയത് അലീസ് ജോർജെന്ന തിരിച്ചറിയൽ കാർഡ്. പന്തികേട് മണത്ത ജോസഫ് മൂന്ന് പെൺമക്കൾ ഇടയ്ക്കിടയ്ക് വീട്ടിൽ വന്ന് ലീലാമ്മയുമായി നടത്തുന്ന യാത്രകൾ നിരീക്ഷിച്ചു. ചില കാര്യങ്ങൾ ജോസഫിന് മനസ്സിലായി. മൂത്തമകൾ വിവാഹിതയാണെന്ന് കണ്ടെത്തി. ഭർത്താവുമായി പിണങ്ങി കേസ് നടത്തുകയാണെന്ന് മനസ്സിലായി. മകളുടെ വിവാഹക്കാര്യം ഉൾപ്പടെ മറച്ചതോടെ ജോസഫിന്റെ സംശയങ്ങൾ ഇരട്ടിച്ചു. ലീലാമ്മയെയും മക്കളെയും നിരന്തരം നിരീക്ഷിച്ചു. ഹോസ്റ്റലിലാണെന്ന് പറഞ്ഞ രണ്ട് പെൺമക്കളും കോട്ടയത്തെ ഒരു അപ്പാർട്ട്‌മെന്റിൽ തൊട്ടടുത്തെ ഫ്‌ളാറ്റുകളിൽ താമസിക്കുന്നുവെന്നും കണ്ടെത്തി. പെൺകുട്ടികൾക്കൊപ്പം മറ്റ് പലരും അവിടെയുണ്ടെന്ന് ജോസഫിന് മനസ്സിലായി.

ലീലാമ്മ യഥാർത്ഥത്തിൽ ആരാണെന്ന് അറിയാൻ അവർ സ്വദേശമെന്ന് പറഞ്ഞിരുന്ന കുണ്ടറ കുഴിമതിക്കാട് എന്ന സ്ഥലത്ത് ജോസഫ് പോയി. ഫോട്ടോ കാണിച്ച് ക്രൈസ്തവ കുടുംബങ്ങളിൽ കയറി ഇറങ്ങി. ആർക്കും അങ്ങനെയൊരാളെ അറിയില്ല. വിധവയാണെന്ന് സാക്ഷ്യപ്പെടുത്തിയ ഇടവക സർട്ടിഫിക്കറ്റ് വ്യാജമാണെന്നും ബോധ്യമായി. താൻ വലിയൊരു തട്ടിപ്പുകാരിയെയാണ് കല്യാണം കഴിച്ചതെന്ന് ബോധ്യമായ ജോസഫ് നേരെ ചവറ പൊലീസ് സ്റ്റേഷനിലെത്തി കേസ് കൊടുത്തു. ഇതോടെയാണ് ആലിസ് ജോർജിന്റെ തട്ടിപ്പുകൾ പുറം ലോകത്ത് അറിഞ്ഞത്.

അദ്ധ്യാപികയായിരുന്ന ഭാര്യ കാൻസർ ബാധിച്ച് അകാല ചരമമടഞ്ഞപ്പോൾ പക്വതയാകാത്ത രണ്ട് കുട്ടികൾക്ക് ഒരു അമ്മയുടെ സാമിപ്യമാകുമെന്ന് കരുതിയാണ് ലീലാമ്മയെ വൈവാഹിക പംക്തിയിലൂടെ കണ്ടെത്തി വിവാഹം ചെയ്തതെന്ന് ജോസഫ് പറയുന്നു. പ്ലസ് വൺ വിദ്യാർത്ഥിയായ ജോസഫിന്റെ മൂത്ത മകൻ ലീലാമ്മയിൽ നിന്ന് ആദ്യമേ അകന്നു. ഏഴാം ക്ലാസുകാരനായ ഇളയ മകൻ ഇവരുടെ ചില കള്ളത്തരങ്ങൾ കണ്ടു പിടിച്ചു.ഇതോടെ ലീലാമ്മയുടെ കണ്ണിലെ കരടായ ഇളയ കുട്ടിയെ ബോർഡിങ്ങിലാക്കണമെന്ന് ലീലാമ്മ ആവശ്യപ്പെട്ടെങ്കിലും ജോസഫ് വഴങ്ങിയില്ല.

ലീലാമ്മയുടെ അറസ്റ്റ് വാർത്ത അറിഞ്ഞാണ് അങ്കമാലി സ്വദേശി ജോൺ ആന്റോ ചവറ പൊലീസിനെ സമീപിച്ചത്. ഇയാൾക്കും പൊലീസിനോട് ചില വെളിപ്പെടുത്തലുകൾ നടത്താനുണ്ടായിരുന്നു. ലീലാമ്മയുടെ മൂത്ത മകളെ കൊട്ടാരക്കാരനായ ഒരു കേരള കോൺഗ്രസ് നേതാവാണ് വിവാഹം കഴിച്ചത്. എന്തോ കാരണങ്ങൾ കൊണ്ട് ആ ബന്ധം നീണ്ടു പോയില്ല. വിവാഹ ബന്ധം വേർപ്പെടുത്തിയ ആ പെൺകുട്ടിയെ ജോൺ ആന്റോ കല്യാണം കഴിച്ചു. സാമ്പ്രദായിക മാർഗ്ഗത്തിലല്ലാത്ത ഒരു വിവാഹമായിരുന്നു അത്. ലിവിങ് ടുഗെദർ എന്നു പറയാം. ലീലാമ്മ മുൻകൈയെടുത്തായിരുന്നു ഇത് നടത്തിയത്. അമ്മയും മകളും ചേർന്ന് ജോൺ ആന്റോയുടെ സ്വത്തുക്കൾ കൈക്കലാക്കിയ ശേഷം അദ്ദേഹത്തിനെ ഒരു നാൾ ഒഴിവാക്കി. അമ്മയും മകളും പൊടുന്നനെ മുങ്ങി. ഇതും കേസായി.

ലീലാമ്മയും മകളും അവരുടെ ഒരു ബന്ധു വീട്ടിൽ ഉണ്ടെന്ന് അറിഞ്ഞ് ഫോണിൽ വിളിച്ചപ്പോൾ പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാമെന്ന് പറഞ്ഞു ജോൺ ആന്റോയെ അവിടെ വിളിച്ച് വരുത്തി.കയറു കൊണ്ടു കെട്ടിയിട്ട് ഭീകരമായി മർദ്ദിച്ചു. കൈയിലുണ്ടായിരുന്ന വില കൂടിയ വാച്ചും സ്വർണ്ണവും പണവും അപഹരിച്ച ശേഷം കള്ളക്കേസിൽ കുടുക്കി പൊലീസിൽ ഏൽപ്പിച്ചു. ലീലാമ്മയുടെ മൂത്ത മകളെ ബലാൽസംഗം ചെയ്‌തെന്നായിരുന്നു കേസ്. കുറെ നാളായി ലിവിങ് ടു ഗെദർ ആയിരുന്നു എന്ന ജോൺ ആന്റോയുടെ വാദമുഖമൊന്നും നില നിന്നില്ല. പൊലീസ് ജയിലിലടച്ചു. ഇത്തരത്തിൽ തട്ടിപ്പുകൾ ഏറെ നടത്തിയ സ്ത്രീയാണ് വീണ്ടും പൊലീസ് പിടിയിലാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP