Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മാണിയെ എങ്ങനേയും കൂടെ നിർത്താൻ ഹൈക്കമാണ്ട് പറയുമ്പോഴും മാണി പോവട്ടേ എന്ന നിലപാടുമായി പ്രാദേശിക നേതൃത്വം; മാണിയുടെ അഞ്ച് നിയമസഭാ സീറ്റിലും കോട്ടയം പാർലമെന്റ് സീറ്റിലും കണ്ണ് വച്ച് ചിലർ നീക്കം തുടങ്ങി; സിപിഐയെ കൊണ്ടു വന്നാൽ എവിടെ നിന്ന് അത്രയും സീറ്റ് ഒപ്പിക്കുമെന്ന പ്രശ്‌നം ബാക്കി; സിപിഐയ്ക്ക് പകരം മാണിയെ കൊണ്ടു വന്നാൽ കൂടുതൽ സീറ്റുകൾ സ്വന്തം ആക്കാമെന്ന ആശ്വാസത്തിൽ സിപിഎമ്മും

മാണിയെ എങ്ങനേയും കൂടെ നിർത്താൻ ഹൈക്കമാണ്ട് പറയുമ്പോഴും മാണി പോവട്ടേ എന്ന നിലപാടുമായി പ്രാദേശിക നേതൃത്വം; മാണിയുടെ അഞ്ച് നിയമസഭാ സീറ്റിലും കോട്ടയം പാർലമെന്റ് സീറ്റിലും  കണ്ണ് വച്ച് ചിലർ നീക്കം തുടങ്ങി; സിപിഐയെ കൊണ്ടു വന്നാൽ എവിടെ നിന്ന് അത്രയും സീറ്റ് ഒപ്പിക്കുമെന്ന പ്രശ്‌നം ബാക്കി; സിപിഐയ്ക്ക് പകരം മാണിയെ കൊണ്ടു വന്നാൽ കൂടുതൽ സീറ്റുകൾ സ്വന്തം ആക്കാമെന്ന ആശ്വാസത്തിൽ സിപിഎമ്മും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കെ.എം. മാണിയെ കൂടെ നിർത്തണമെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. പാർലമെന്റ് സീറ്റിൽ ഒരോ സീറ്റിലെ വിജയവും നിർണ്ണായകമാണ്. കോട്ടയത്ത് ജോസ് കെ മാണി യുഡിഎഫിനായി മത്സരിച്ചാൽ വിജയം ഉറപ്പാണ്.

അതുകൊണ്ട് തന്നെ മാണിയെ പിണക്കരുതെന്നാണ് ഹൈക്കമാണ്ട് ആഗ്രഹം. കോട്ടയം പാർലമെന്റ് സീറ്റ് കണ്ണ് വച്ചാണ് സിപിഎമ്മും മാണിയുടെ കേരളാ കോൺഗ്രസുമായുമായി അടുക്കുന്നത്. ഈ സാഹചര്യത്തിലാണ് മാണിയെ പരമാവധി സന്തോഷപ്പെടുത്താൻ ഹൈക്കമാണ്ട് നിർദ്ദേശ പ്രകാരം ഉമ്മൻ ചാണ്ടി പരസ്യമായി രംഗത്ത് വന്നത്. മാണിയെ കെപിസിസി അധ്യക്ഷൻ എംഎം ഹസനും സ്വാഗതം ചെയ്യുന്നു.

എന്നാൽ മാണിയെ പരോക്ഷമായി തള്ളിപ്പറഞ്ഞും സിപിഐയെ തലോടിയും കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി സജീവമാകുന്നു. കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിനെ തിരികെ യു.ഡി.എഫിലെത്തിക്കാനുള്ള കെപിസിസി.യുടെ ശ്രമങ്ങൾക്കിടെയാണ് കോട്ടയം ഡി.സി.സിയുടെ നേതൃത്വത്തിൽ പാലായിൽ നടക്കുന്ന ഏകദിന ക്യാമ്പിനോട് അനുബന്ധിച്ച് അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിൽ മാണിയെ കുത്തിയത്.

കോട്ടയം പാർലമെന്റ് സീറ്റ് കോൺഗ്രസിന് വേണമെന്നാണ് പ്രമേയത്തിലെ പ്രധാന ആവശ്യം. ഇതോടെ മാണി യുഡിഎഫിൽ നിന്ന് അകലകുയാണ്. ജോസ് കെ മാണിയെ കഴിഞ്ഞ തവണയും തോൽപ്പിക്കാൻ ചില കോൺഗ്രസ് നേതാക്കൾ അണിയറ നീക്കം നടത്തി. എന്നാൽ ഫലിച്ചില്ല. ഇവരാണ് ഇപ്പോൾ പ്രകോപിപ്പിച്ച് മാണിയെ അടുപ്പിക്കാതിരിക്കാൻ ശ്രമിക്കുന്നത്.

കോട്ടയം ജില്ലയിൽ സിപിഎമ്മും ചില പ്രാദേശിക പാർട്ടികളും തമ്മിലുണ്ടാക്കിയ രാഷ്ട്രീയ അടവുനയങ്ങളും കുതിരക്കച്ചവടവും കോൺഗ്രസിനെ ഒരിടത്തും ക്ഷീണിപ്പിച്ചില്ലെന്നാണ് മാണി ഗ്രൂപ്പിന്റെ പേരു പറയാതെ ജില്ലാ കമ്മറ്റിയുടെ പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നത്. കോൺഗ്രസിന്റെ ശക്തിക്കനുസരിച്ച് ജില്ലയിൽ നിയമസഭാസീറ്റ് ലഭിക്കുന്നില്ല.

ജില്ലയിലെ മുന്നണി രാഷ്ട്രീയം കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നതിന് കോൺഗ്രസിന് പ്രചോദനമാകുമെന്നും പ്രമേയത്തിൽ പറഞ്ഞിട്ടുണ്ട്. യു.ഡി.എഫ്. വിട്ടുപോയ കക്ഷികൾക്ക് അതിന്റെ കാരണം സ്വന്തം അണികളെപോലും ബോധിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഇത്തരം കക്ഷികളുടെ വിലപേശൽ രാഷ്ട്രീയം കോൺഗ്രസ് നേതൃത്വം മനസിലാക്കണം.കോട്ടയം ജില്ലാ പഞ്ചായത്തിലെ അടവുനയം അധികകാലം സിപിഎമ്മിന് മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നും പ്രമേയം പറയുന്നു.

കേരള കണ്ട മികച്ച ഭരണത്തിലൊന്നാണ് 1970-ലെ അച്യുതമേനോൻ മന്ത്രിസഭയെന്ന ആമുഖത്തോടെയാണ് സിപിഐ.യുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയിരിക്കുന്നത്. വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരായി മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മ ഉണ്ടാകണമെന്നും കോൺഗ്രസ് അതിന് നേതൃത്വം നൽകണമെന്നുമുള്ള സിപിഐ. നിലപാട് സ്വാഗതാർഹമാണെന്നും പ്രമേയം പറയുന്നു.

കേരളാ കോൺഗ്രസിന് കൈവിട്ട് സിപിഐയെ യുഡിഎഫിൽ എടുക്കണമെന്ന ആവശ്യമാണ് ഇതിൽ പ്രതിഫലിക്കുന്നത്. എന്നാൽ സിപിഐയെ എടുക്കുമ്പോൾ അവർക്ക് 20ഓളം നിയമസഭാ സീറ്റുകൾ മാറ്റി വയ്ക്കണം. ഇടതുപക്ഷത്ത് രണ്ട് ലോക്‌സഭാ സീറ്റുകൾ സിപിഐയ്ക്കുണ്ട്. ഇതും നൽകാനാവില്ലെന്ന ബുദ്ധിമുട്ട് യുഡിഎഫ് നേതൃത്വത്തിനുണ്ട്.

എന്നാൽ മാണിയെ സിപിഎം ഒപ്പം കൂട്ടിയാൽ സിപിഐ മുന്നണി വിടും. ഈ സാഹചര്യത്തിൽ അവരെ സ്വീകരിക്കേണ്ടിയും വരും. നിലവിൽ 18 എംഎൽഎമാർ സിപിഐയ്ക്കുണ്ട്. ഇവർക്കെല്ലാം സീറ്റ് കൊടുത്താൽ തന്നെ യുഡിഎഫ് വലിയ പ്രതിസന്ധിയിലാകും. മറുപക്ഷത്ത് സിപിഎമ്മിന് ഈ കണക്ക് ആശ്വാസവുമാണ്.

മാണി എൽഡിഎഫിലെത്തിയാൽ പരമാവധി 15 സീറ്റ് കൊടുത്താൽ മതിയാകും. ഇതിലൂടെ സിപിഐയ്കക് അധികമായി കൊടുത്ത സീറ്റുകൾ സിപിഎമ്മിന് സ്വന്തമാവുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP