Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

1980 മുതൽ 1999 നവംബർ ആദ്യ വാരം വരെ കണ്ണൂരിലെ രാഷ്ട്രീയ സംഘട്ടനത്തിൽ പൊലിഞ്ഞത് 88 ജീവനുകൾ; കണ്ണും കാലും കയ്യുമൊക്കെ നഷ്ടപ്പെട്ടവർ ഇതിന്റെ പത്തിരട്ടി; അനേകം പേരുടെ വീടുകളും അഗ്നിക്കിരയായപ്പോൾ കണ്ണൂരിലുണ്ടായത് കോടികളുടെ നാശനഷ്ടം: കണ്ണൂരിൽ ഉയർന്നു വന്ന പാർട്ടി ഗ്രാമങ്ങൾക്ക് പിന്നിൽ അനേകം കുടുംബങ്ങളുടെ തോരാത്ത കണ്ണീർ

1980 മുതൽ 1999 നവംബർ ആദ്യ വാരം വരെ കണ്ണൂരിലെ രാഷ്ട്രീയ സംഘട്ടനത്തിൽ പൊലിഞ്ഞത് 88 ജീവനുകൾ; കണ്ണും കാലും കയ്യുമൊക്കെ നഷ്ടപ്പെട്ടവർ ഇതിന്റെ പത്തിരട്ടി; അനേകം പേരുടെ വീടുകളും അഗ്നിക്കിരയായപ്പോൾ കണ്ണൂരിലുണ്ടായത് കോടികളുടെ നാശനഷ്ടം: കണ്ണൂരിൽ ഉയർന്നു വന്ന പാർട്ടി ഗ്രാമങ്ങൾക്ക് പിന്നിൽ അനേകം കുടുംബങ്ങളുടെ തോരാത്ത കണ്ണീർ

പി റ്റി ചാക്കോ

ഹൃദയത്തിൽ പട്ടട എരിയുന്നവർ-1

കിഴക്കേ കതിരൂരിൽ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ഒരു വീടിന്റെ നടുമുറിയിൽ ഒരു നാടൻ തെങ്ങ് ആർത്തു വളരുകയാണ്. ഇപ്പോൾ നാലോലയായി.

ഞൊടിയിടകൊണ്ട് വച്ച തെങ്ങാണിത്. ചുറ്റും കുമിഞ്ഞു കൂടിയ മൺകട്ടകൾ. കത്തിക്കരിഞ്ഞു കിടക്കുന്ന വീടിന്റെ അവശിഷ്ടങ്ങൾ. അവയ്ക്കിടയിൽ ജ്വലിക്കുന്ന പകയുടെയും പ്രതികാരത്തിന്റെയും കനലുകൾ.

ഇതിനിടയിലൂടെ ഓല വിരിച്ച് ഉയരുന്ന പച്ചത്തെങ്ങിന് ഒരുപാട് പറയാനുണ്ട്.

രണ്ട് വർഷമായി അനാഥമായി കിടക്കുന്ന ഈ സ്ഥലത്തിന്റെ ഉടമ കെ.പി അനിൽ കുമാർ എവിടെയാണിപ്പോൾ? കിഴക്കേ കതിരൂരിൽ നിന്ന് ഏതാനും കിലോമീറ്റർ ഉള്ളിലുള്ള പ്രശാന്ത സുന്ദരമായ ഗ്രാമത്തിലെ പലരോടും തിരക്കി. ആർക്കുമറിയില്ല.

' രണ്ടു വർഷമായി അനിൽ ഇവിടെ വന്നിട്ട്.' അയൽവാസിയും റിട്ടയേഡ് പൊലീസുകാരനുമായ വിജയൻ സാക്ഷ്യപ്പെടുത്തി. ആ സാക്ഷ്യം സത്യമാണ്.

ഇവിടെയുള്ള 31 സെന്റ് സ്ഥലം കാടുപിടിച്ചു കിടക്കുന്നു. തകർക്കപ്പെട്ട വീടിന്റെ അവശിഷ്ടങ്ങൾ ദ്രവിച്ചു കൊണ്ടിരിക്കുന്നു. മുറ്റത്തും പറമ്പിലുമായി ചിതറിക്കിടക്കുന്ന വീട്ടുപകരണങ്ങളെ കാടും പടർപ്പും പൊതിഞ്ഞിരിക്കുന്നു. അവശേഷിക്കുന്ന ഭിത്തികൾ ഒന്നൊന്നായി നിലം പൊത്തുന്നു. ഇഴജന്തുക്കളും ക്ഷുദ്രജീവികളും വീടിനകത്ത് താവളമുറപ്പിച്ചിരിക്കുന്നു.

അനിലിനെ എവിടെ കണ്ടെത്താം? ആർക്കുമറിയില്ല. അനിൽ ഒളിവിലാണ്. പക്ഷേ എവിടെ? അത് ആർ.എസ്. എസിന് മാത്രമറിയാവുന്ന പരമ രഹസ്യം.

കിഴക്കേ കതിരൂരിൽ നിന്ന് നേരെ ബിജെപി തലശേരി മണ്ഡലം കമ്മിറ്റി ഓഫിസിലെത്തി. അവിടെ പാർട്ടിയുടെ രഹസ്യ യോഗം നടക്കുന്നു. പുറത്ത് മഫ്തിയിൽ പൊലീസുകാരുണ്ട്. യുവമോർച്ചാ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി ജയകൃഷ്ണൻ, ബിജെപി ജില്ലാ സെക്രട്ടറി ഒ.കെ വാസു തുടങ്ങിയവർ യോഗത്തിലുണ്ട്. ഇവർക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സെക്യൂരിറ്റിയുടെ ഭാഗമാണ് പുറത്തുള്ള പൊലീസുകാർ.

നിർബന്ധത്തിന് വഴങ്ങി ജയകൃഷ്ണൻ സഹായിക്കാമെന്നേറ്റ മൊബൈൽ ഫോണിൽ സന്ദേശങ്ങൾ പാഞ്ഞു. രാത്രി എട്ടു മണിയോടെ അനിലിനെ ഒളിത്താവളത്തിൽ കാണാൻ സൗകര്യമൊരുക്കി.

പറഞ്ഞതു പ്രകാരം രാത്രി എട്ടു മണിക്ക് മൂലക്കടവിലെത്തി. അവിടെയുള്ള ഒരു കടയിൽ ആർഎസ്എസ് പ്രവർത്തകർ ഞങ്ങളെ കാത്തിരുന്നു. അവിടെ നിന്നും കാറിൽ മാക്കുനി, ചാലം, ചമ്പാട് തുടർന്ന് പിഎം മുക്ക്.

ഇനി കാർ പോകില്ല. ലോഡ്‌ഷെഡിങ് സമയം. നല്ല ഇരുട്ട്. ആർഎസ്എസ് സംഘത്തോടൊപ്പം ഞങ്ങൾ ദുർഘടം പിടിച്ച ഇടവഴിയിലൂടെ കയറ്റം കയറി.

അവിടെ പുരാതനമായ സാമാന്യം വലിയൊരു വീട്ടുമുറ്റത്തു ഞങ്ങളെത്തി.

അനിലിനെ ഉറക്കെ വിളിച്ചു. ആളനക്കമില്ല. ഏതാനും മിനിട്ട് കഴിഞ്ഞപ്പോൾ കതകിലെ പൂട്ടുകളും എടുത്തു മാറ്റി കയ്യിൽ മണ്ണെണ്ണ വിളക്കുമായി അവന്മാർ ഇറങ്ങി വന്നു. പുറകെ ഏതാനും നിഴലുകൾ. അനിലിന്റെ ആദ്യ ഭാര്യയും കുഞ്ഞുമാണ്.

കറുത്തവാവിന്റെ കൂരിരുട്ടിൽ ഒരു ഇലയനക്കം പോലും ഇല്ലാതെയാണ് അവരെ ഒളിച്ചു താമസിപ്പിച്ചിരിക്കുന്നത്.

ആയിത്തറ എൽ.പി സ്‌കൂൾ കോമ്പൗണ്ടിലുള്ള ഡോ. ഹെഡ്‌ഗേവാർ സ്മൃതി മണ്ഡപത്തിന് നേരെ സിപിഎമ്മുകാർ ബോംബെറിഞ്ഞതോടെയാണ് ഈ നാലു വീട്ടുകാരുടെ ദുരന്തം ആരംഭിക്കുന്നത്. ഈ സമയം തൊട്ടടുത്ത വീട്ടിൽ ആർഎസ്എസ് ശാഖായോഗം നടക്കുകയായിരുന്നു.

സ്‌ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ ആർഎസ്എസ് പ്രവർത്തകൻ ശശിയെ ബോംബ് എറിഞ്ഞു കൊന്നു. കുഞ്ഞിക്കണ്ണന്റെ പറമ്പിൽ കിടന്നാണ് ശശി മരിച്ചത്. തുടർന്നുള്ള പ്രത്യാക്രമണത്തിലാണ് കുഞ്ഞിക്കണ്ണനും രണ്ടു മക്കൾക്കും അയൽവാസി ഗോവിന്ദനും തീരാത്ത നഷ്ടം സംഭവിച്ചത്.

ഗോവിന്ദന്റെ ഏക മകൻ രവീന്ദ്രന്റെ വിവാഹം ഉറപ്പിച്ചു കഴിഞ്ഞപ്പോഴാണ് ദുരന്തമെത്തിയത്. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. വരുകയായിരുന്നു. പൊടുന്നനവെയാണ് മണിയറ ഉൾപ്പെടെ എല്ലാം കത്തിയമർന്നത്. അതോടെ ഗോവിന്ദന്റെ വിവാഹം മുടങ്ങി. പ്രതീക്ഷകളെല്ലാം തകർന്നു.

ഈ ശ്മശാനഭൂമി വിട്ട് എല്ലാവരും ഓടിപ്പോയെങ്കിലും ഗോവിന്ദന്റെ മൂത്തമകൾ നാരായണി (45) ചുറ്റുവട്ടത്ത് തന്നെയുണ്ട്. സൂക്ഷിക്കാൻ ഇനി ഈ വീട്ടിൽ ഒന്നുമില്ല. എങ്കിലും ഒരുപാട് ഓർമ്മകൾ ഇവിടെയുണ്ട്.

' പോകില്ല, ചത്താലും പോകില്ല'- വടക്കൻപാട്ടിലെ ഉണ്ണിയാർച്ചയെ പോലെ സാരിത്തുമ്പൊന്നു വട്ടം ചുറ്റി നാരായണി പുലമ്പി.

1980 മുതൽ 1999 നവംബർ ആദ്യം വരെ 88 ജീവനാണ് കണ്ണൂരിൽ രാഷ്ട്രീയ സംഘട്ടനത്തിൽ പൊലിഞ്ഞത്. കക്ഷി തിരിച്ചുള്ള കണക്ക് ഇപ്രകാരം: ബിജെപി-31, സിപിഎം-28, കോൺഗ്രസ്-24, ശിവസേന-2, സ്വതന്ത്രൻ-1.

കണ്ണും കാലും കയ്യുമൊക്കെ നഷ്ടപ്പെട്ടവർ ഇതിന്റെ പത്തിരട്ടി. ഒരുപാട് പേർക്ക് വീടും നാടും നഷ്ടപ്പെട്ടു. അനേകം കിടപ്പാടങ്ങൾ അഗ്നിക്കിരയായി. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം.

ഇവരുടെ ചോരയിലും നീരിലും പാർട്ടി ഗ്രാമങ്ങൾ ഉയർന്നു വന്നു. അവിടെ അവർ സർവ്വാധികാരികളായി വാഴുന്നു.

മറുവശത്ത് മരണത്തെ മുന്നിൽ കണ്ട് ഒളിവിൽ പോകുന്നവർ, വീടും നാടും വിട്ടോടിയവർ, നിത്യ രോഗികളായവർ, വിവാഹം മുടങ്ങിയവർ. ജീവിക്കാനുള്ള എല്ലാ വഴികളും മുട്ടിയവർ. പാർട്ടി ഗ്രാമത്തിൽ പാർപ്പിച്ചിരിക്കുന്ന ക്രിമിനലുകൾക്ക് വെപ്പാട്ടികളായവർ. നഷ്ടപ്പെട്ടു പോയ അച്ഛനെയും മക്കളേയും ഭർത്താവിനെയും ഓർത്തോർത്തു ഗദ്ഗദം കൊള്ളുന്നവർ നിരവധിയാണ്.

(ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായിരുന്നപ്പോൾ പ്രസ് സെക്രട്ടറിയായിരുന്നു ലേഖകനായ പിറ്റി ചാക്കോ. ദീപികയിൽ മാധ്യമ പ്രവർത്തകനായിരുന്ന അദ്ദേഹം ഫെയ്‌സ് ബുക്കിൽ കുറിച്ചതാണ് ഈ ലേഖനം)

(തുടരും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP