Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കതിരൂരിൽ സിബിഐയെ എതിർത്തത് പിണറായിയും കോടിയേരിയും; ഷുഹൈബിന്റെ ഘാതകരെ കൊന്നവരെ അഴിക്കുള്ളിലാക്കാൻ കേന്ദ്ര ഏജൻസിയാവാമെന്ന് പറയുന്നത് ഇടത് സർക്കാരിന്റെ പൊലീസും; യൂത്ത് കോൺഗ്രസുകാരന്റേത് രാഷ്ട്രീയ കൊലയെന്ന ഡിജിപിയുടെ പ്രസ്താവന ലക്ഷ്യമിടുന്നതും ജില്ലാ സെക്രട്ടറിയെ തന്നെ; നടക്കുന്നത് കോടിയേരിക്ക് പകരക്കാരനായി യെച്ചൂരി മനസ്സിൽ കണ്ട 'സഖാവിനെ' കേസിൽ പ്രതിയാക്കി ഒതുക്കാനോ? തൃശൂരിൽ ജയരാജനെ വെട്ടിനിരത്തിയേക്കും

കതിരൂരിൽ സിബിഐയെ എതിർത്തത് പിണറായിയും കോടിയേരിയും; ഷുഹൈബിന്റെ ഘാതകരെ കൊന്നവരെ അഴിക്കുള്ളിലാക്കാൻ കേന്ദ്ര ഏജൻസിയാവാമെന്ന് പറയുന്നത് ഇടത് സർക്കാരിന്റെ പൊലീസും; യൂത്ത് കോൺഗ്രസുകാരന്റേത് രാഷ്ട്രീയ കൊലയെന്ന ഡിജിപിയുടെ പ്രസ്താവന ലക്ഷ്യമിടുന്നതും ജില്ലാ സെക്രട്ടറിയെ തന്നെ; നടക്കുന്നത് കോടിയേരിക്ക് പകരക്കാരനായി യെച്ചൂരി മനസ്സിൽ കണ്ട 'സഖാവിനെ' കേസിൽ പ്രതിയാക്കി ഒതുക്കാനോ? തൃശൂരിൽ ജയരാജനെ വെട്ടിനിരത്തിയേക്കും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം ഉയർത്തി കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ ഒതുക്കാൻ സിപിഎമ്മിലെ പിണറായി-കോടിയേരി പക്ഷങ്ങൾ നീക്കം ശക്തമാക്കി. തൃശൂരിലെ സംസ്ഥാന സമ്മേളനത്തിൽ ഈ വിഷയം സജീവമായി ചർച്ചയാക്കാനാണ് നീക്കം. കൊലപാതക രാഷ്ട്രീയം മൂലം സിപിഎമ്മിന്റെ പ്രതിച്ഛായ നഷ്ടമായെന്ന തരത്തിലെ വിവാദമാകും ഉയർത്തുക. ഫലത്തിൽ പി ജയരാജനെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലെത്തിക്കാനുള്ള കണ്ണൂരിലെ പ്രാദേശിക നേതൃത്വത്തിന്റെ നീക്കത്തിന് തടയിടാനാണ് ശ്രമം. സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ജയരാജൻ അടുക്കുന്നുവെന്ന വാർത്തകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.

കോടിയേരി ബാലകൃഷ്ണന്റെ മക്കൾക്കെതിരെ ദുബായിൽ ചെക്ക് കേസുകൾ ഉണ്ടായത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചിരുന്നു. മക്കളെ കയറൂരി വിടുന്ന കോടിയേരി സിപിഎമ്മിന് അപമാനമുണ്ടാക്കുന്നവെന്ന വിലയിരുത്തലും എത്തി. ഇതിനിടെയാണ് ഇപി ജയരാജന്റെ ശക്തി കേന്ദ്രമായ മട്ടന്നൂരിലെ കൊല. കോടിയേരിയെ മാറ്റി ജയരാജനെ സംസ്ഥാന സെക്രട്ടറിയാക്കാൻ സീതാറാം യെച്ചൂരി ചരടുവലികൾ നടത്തുന്നുവെന്ന സൂചനയും ഇതിനിടെ സജീവമായിരുന്നു. ജയരാജന്റെ സാധാരണക്കാരോട് ചേർന്നുള്ള പ്രതിച്ഛായ പാർട്ടിക്ക് ഗുണകരമാകുമെന്നും ഏവരും വിലയിരുത്തി. വ്യക്തിപൂജാ വിവാദത്തിൽ ജയരാജനെ പാർട്ടി ശാസിച്ചിരുന്നു. കണ്ണൂരിൽ ജയരാജനെ ഒതുക്കാനായിരുന്നു ഇത്. എന്നാൽ ജില്ലാ സമ്മേളനത്തിലും ജയരാജൻ താരമായി. ഇതോടെ കൊലപാതക രാഷ്ട്രീയത്തിലെ ചർച്ചകൾ ജയരാജനെതിരെ ഉയർത്താൻ ചിലർ തീരുമാനിക്കുകയായിരുന്നു.

ഷുഹൈബിന്റെ സിപിഎം. കണ്ണൂർ നേതൃത്വത്തോട് മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന നേതൃത്വത്തിനും കടുത്ത അതൃപ്തിയെന്ന് സൂചന. കതിരൂർ മനോജ് കൊല്ലപ്പെട്ടപ്പോൾ കോൺഗ്രസ് തന്ത്രപൂർവ്വം കരുക്കൾ നീക്കി അന്വേഷണത്തിന് സിബിഐയെ എത്തിച്ചു. അന്ന് ഇതിനെ സിപിഎം എതിർത്തു. പ്രാദേശിക രാഷ്ട്രീയ കൊല സിബിഐയെ അന്വേഷിക്കുന്നത് സിപിഎം നേതാക്കളെ കുടുക്കാനാണെന്ന വാദമുയർത്തി. ഈ ആശങ്ക സംഭവിക്കുകയും ചെയ്തു. സിബിഐ അന്വേഷിച്ച കൊലയിലെല്ലാം ജയരാജൻ പ്രതിയായി. ഇതിന് സമാനമായി ഷുഹൈബ് വദത്തിലും സിബിഐ അന്വേഷണമെന്ന ആവശ്യം കോൺഗ്രസ് മുന്നോട്ട് വയ്ക്കുന്നു. ഇതിന് കേരളാ പൊലീസ് പിന്തുണയ്ക്കുകയും ചെയ്തു. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് സൂചന.

കതിരൂർ മനോജ് വധക്കേസിൽ സിബിഐയെ എതിർത്ത ഇടതുപക്ഷമാണ് അധികാരത്തിൽ. അതുകൊണ്ട് തന്നെ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ മനസ്സ് കൂടി മനസ്സിലാക്കിയാണ് സിബിഐയെ എത്തിക്കാൻ പൊലീസും നീക്കം നടത്തുന്നതെന്നാണ് വിലയിരുത്തൽ. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചാൽ കേരളാ പൊലീസ് അതിനെ എതിർക്കില്ല. ഫലത്തിൽ സിബിഐ അന്വേഷണം ജില്ലയിലെ നേതാക്കളിലേക്കും കടക്കും. ജയരാജനെ വീണ്ടും പ്രതിയാക്കാനും സാധ്യതയുണ്ട്. ഇതോടെ കണ്ണൂരിലെ സഖാവ് അഴിക്കുള്ളിലാകുമെന്ന് പിണറായി-കോടിയേരി പക്ഷങ്ങൾ കണക്ക് കൂട്ടുന്നു. കൊലപാതകരാഷ്ട്രീയത്തെ എതിർക്കുന്ന തരത്തിൽ ജയരാജനെ കണ്ണൂരിലെ ചുമതലയിൽ നിന്ന് പാർട്ടി മാറ്റുകയും ചെയ്യും. ഇതിനുള്ള തന്ത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇതോടെ ജയരാജനെ സെക്രട്ടറിയാക്കാനായി യെച്ചൂരി നടത്തുന്ന നീക്കം പൊളിയുകയും ചെയ്യും.

സംഘർഷരഹിത കണ്ണൂരാണ് ലക്ഷ്യമെന്ന് കഴിഞ്ഞവർഷം ഫെബ്രുവരി 14-ന് സർവകക്ഷിയോഗത്തിനുശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതിന് ഒരുവർഷം തികയുന്നതിന്റെ തൊട്ടുതലേന്നായിരുന്നുണ്ടായ ഷുഹൈബ് വധം പാർട്ടിയെ പ്രതിരോധത്തിലാക്കുന്നുവെന്നാണ് സംസ്ഥാനനേതൃത്വത്തിന്റെ വിലയിരുത്തൽ. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്റെ പേരിൽ നേരത്തേതന്നെ ബിജെപി. ദേശീയനേതൃത്വം സംസ്ഥാനത്തിനെതിരേ ശക്തമായി രംഗത്തുണ്ടായിരുന്നു. കോൺഗ്രസ് നേതൃത്വവും സംസ്ഥാന സർക്കാരിനെതിരേ മുമ്പൊരിക്കലുമില്ലാത്ത വിധം അതിശക്തമായി സമരത്തിനിറങ്ങിയതും ക്രമസമാധാനം തകർന്നെന്ന പ്രചാരണം ശക്തമായതുമാണ് മുഖ്യമന്ത്രിയെയും സംസ്ഥാന നേതൃത്വത്തെയും ചൊടിപ്പിക്കുന്നത്. ഈ ന്യായമാകും ജയരാജനെതിരെ ചർച്ചയാക്കുക.

താൻ നേരിട്ട് നൽകിയ നിർദ്ദേശം അവഗണിക്കപ്പെട്ടതിൽ മുഖ്യമന്ത്രി അതൃപ്തനാണ്. ഇതിൽ കണ്ണൂർ നേതൃത്വത്തോട് രോഷം പ്രകടിപ്പിച്ചുവെന്നാണറിയുന്നത്. പാർട്ടി സംസ്ഥാനസമ്മേളനം നടക്കുന്ന ഘട്ടത്തിൽ ക്രമസമാധാനപ്രശ്നം ഉയർന്നുവന്നത് കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ ജാഗ്രതക്കുറവാണ് എന്നാണ് വിലയിരുത്തൽ. ഇത് സംസ്ഥാനസമ്മേളനത്തിലും കണ്ണൂർ നേതൃത്വത്തിനെതിരേ വിമർശനമുയർത്തിയേക്കും. ഈ ചർച്ച ജയരാജന്റെ രാജിയിലേക്ക് എത്തിക്കാനും ശ്രമിക്കും. ഇതിലൂടെ കോടിയേരിയുടെ മക്കൾക്കെതിരായ ആരോപണങ്ങൾ ശ്രദ്ധനേടാതെ പോവുകയും സെക്രട്ടറി സ്ഥാനത്ത് കോടിയേരിക്ക് തുടരാനുമാകും. അതിന് വേണ്ടി ബോധപൂർവ്വം സൃഷ്ടിച്ചതാണ് ഷുഹൈബിന്റെ കൊലയെന്ന വാദവും ശക്തമാണ്.

കണ്ണൂരിലെ സിപിഎം. നേതൃത്വത്തിന്റെ പോക്ക് ശരിയല്ലെന്ന് ഏതാനും മാസംമുൻപ് പാർട്ടി സംസ്ഥാനകമ്മിറ്റി വിലയിരുത്തിയിരുന്നു. ജില്ലാ സെക്രട്ടറി പി. ജയരാജനെതിരേ വിമർശനവുമുയർന്നു. വ്യക്തിപൂജ വളർത്തുന്നുവെന്നതായിരുന്നു വിമർശനം. സമ്മേളനകാലത്ത് പാർട്ടിക്കകത്താകെ അത് റിപ്പോർട്ട് ചെയ്തു. ഇതിന്റെ തുടർച്ചയാണ് പുതിയ നടപടി. ജില്ലാ സമ്മേളനത്തിൽ ചർച്ചയിൽ പങ്കെടുത്ത കുറേപ്പേർ ജില്ലാ സെക്രട്ടറിയെ സമ്മേളനകാലത്ത് സംസ്ഥാന കമ്മിറ്റി വിമർശിച്ചത് ശരിയായില്ലെന്ന വിമർശമുന്നയിച്ചു. മറുപടിപ്രസംഗത്തിൽ പിണറായി ആ വിമർശത്തെ തള്ളി. ആരും ആരോടും ചേർന്നുനിൽക്കേണ്ടെന്ന് താക്കീത് നൽകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജയരാജനെ ഒതുക്കാൻ പുതിയ നീക്കം സജീവമാകുന്നത്.

കോടിയേരിയുടെ മക്കൾക്കെതിരെ ആരോപണമുയർന്നപ്പോഴും പൊറോട്ട അടിക്കുന്ന ജയരാജന്റെ മക്കളുടെ കാര്യം സഖാക്കൾ ഉയർത്തിക്കാട്ടി. ഇതും സംസ്ഥാന നേതൃത്വത്തിന് പിടിച്ചിട്ടില്ല. സർക്കാർ അധികാരത്തിലെത്തി ഏതാനും മാസത്തിനുശേഷം പയ്യന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി ജില്ലാ സെക്രട്ടറി സ്റ്റേഷൻ വരാന്തയിൽ പ്രസംഗിച്ചതിനെയും ആ ഘട്ടത്തിൽ സംസ്ഥാനകമ്മിറ്റി ശക്തിയായി വിമർശിച്ചിരുന്നു. പിണറായിയും കോടിയേരിയുമായി കൃത്യമായ അകലം ജയരാജൻ പാലിക്കുന്നുണ്ട്. ഇതോടെയാണ് സിപിഎം സംസ്ഥാന നേതൃത്വം ജയരാജനെ ഒതുക്കാൻ കള്ളക്കളി നടത്തുന്നത്. പൊലീസിന്റെ വിശദീകരണങ്ങളും ജയരാജനെ ലക്ഷ്യമിട്ട് കരുതലോടെയാണ് നടത്തുന്നതെന്നാണ് വിലയിരുത്തൽ.

ഷുഹൈബ് വധത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് ജയരാജൻ പറഞ്ഞിരുന്നു. എന്നാൽ അറസ്റ്റിലായ രണ്ടുപേരും സിപിഎമ്മുകാരാണെന്ന് ഉത്തരമേഖല ഡി.ജി.പി. രാജേഷ് ദിവാൻ വിശദീകരിച്ചു. ഇതോടെ പാർട്ടി കൊലയാണ് ഇതെന്ന് വരുത്തുകയും ചെയ്തു. കേസിൽ നിയമവിരുദ്ധപ്രവർത്തന നിരോധനനിയമം (യു.എ.പി.എ.) ചുമത്താൻ നിലവിൽ കാരണങ്ങളൊന്നുമില്ല. ആവശ്യമെങ്കിൽ, അതിനുള്ള തെളിവുകിട്ടുകയാണെങ്കിൽ പിന്നീട് ചുമത്തും. ഒരു നിരപരാധിപോലും കേസിൽ കുടുങ്ങരുതെന്ന് നിർബന്ധമുണ്ട്. അതിനാൽ, കൃത്യമായ പരിശോധന നടത്തിയാണ് അറസ്റ്റ്. പ്രതികൾ എത്രപേരുണ്ടെന്നോ അവർ ആരൊക്കെയാണെന്നോ ഇപ്പോൾ പറയാനാകില്ല. എല്ലാവരെയും കണ്ടെത്തുമെന്ന് പൊലീസ് ഉറപ്പുനൽകുന്നു. അഞ്ചോ ആറോ പേർ ഒന്നിച്ചെത്തി ഒരു കുറ്റകൃത്യം ചെയ്യണമെങ്കിൽ അതിൽ ഗൂഢാലോചനയുണ്ടെന്ന കാര്യം ഉറപ്പാണ്. അതും അന്വേഷണ പരിധിയിലുണ്ടാകും. ഈ ഘട്ടത്തിൽ ഗൂഢാലോചനയിൽ പങ്കുള്ളവരെക്കുറിച്ച് പറയാൻ ഒരു തെളിവുമില്ലെന്നാണ് പൊലീസ് വിശദീകരിച്ചത്.

കണ്ണൂരിൽ വർഷങ്ങളായി ഒട്ടേറെ കൊലപാതകങ്ങൾ നടക്കുന്നുണ്ട്. അതിലൊന്നാണ് ഇതും. മറ്റ് പ്രത്യേകതകൾ ഒന്നുംതന്നെയില്ല. കേസ് സിബിഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതിൽ തെറ്റില്ല. നിലവിലെ അന്വേഷണത്തിൽ പരാതിയുള്ളവർക്ക് മറ്റ് വഴികൾ തേടുന്നതിന് നിയമപരമായി അവകാശമുണ്ട്. ഏത് ഏജൻസി അന്വേഷിക്കാനെത്തുന്നതിനും തടസ്സമില്ല. അതുവരെ പൊലീസ് അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുമെന്നും ഡിജിപി വിശദീകരിച്ചു. ഇതും ഷുഹൈബിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കാനുള്ള അവസരമൊരുക്കാനായി ലക്ഷ്യമിട്ടുള്ള പ്രസ്താവനയാണെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ അറിവും സമ്മതത്തോടെയുമാണ് ഡിജിപി സിപിഎമ്മിനെതിരെ ആരോപണം ഉയർത്തിയതെന്നാണ് ജയരാജ പക്ഷത്തിന്റെ വിലയിരുത്തൽ. തന്നെ കേസിൽ കുടുക്കാൻ സിബിഐയെ എത്തിക്കാനാണ് നീക്കമെന്ന് ജയരാജനും തിരിച്ചറിയുന്നുണ്ട്.

ഷുഹൈബിന്റെ കൊലപാതകത്തിൽ ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്ക് പങ്കുണ്ടെന്ന ആരോപണം രാജേഷ് ദിവാൻ നിഷേധിച്ചിട്ടുണ്ട്. പരോളിലിറങ്ങിയ ഒരാൾക്കും ഈ കൊലപാതകത്തിൽ പങ്കില്ല. അതിനുള്ള സാധ്യതയുമില്ലെന്ന് പൊലീസ് വിശദീകരിക്കുന്നു. അതായത് ജയിലിനുള്ളിൽ നടന്ന ഗൂഢാലോചനയല്ലെന്ന് പൊലീസ് പറയുകയാണ്. കണ്ണൂരിലെ രാഷ്ട്രീയ നേതൃത്വത്തെ വെട്ടിലാക്കുന്നതാണ് ഇതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP