Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെണ്ണു മിണ്ടിയാൽ ആരുടെ മൂക്കാണ് തെറിക്കുന്നത്? മൗനം ആഭരണമാണെന്നു ധരിക്കാത്ത പെണ്ണുങ്ങളോട് വാളെടുക്കുന്ന സൈബർ ആങ്ങളമാരുടെ ഉള്ളിലെന്ത്? അമീറാ ഐഷാബീഗം എഴുതുന്നു

പെണ്ണു മിണ്ടിയാൽ ആരുടെ മൂക്കാണ് തെറിക്കുന്നത്? മൗനം ആഭരണമാണെന്നു ധരിക്കാത്ത പെണ്ണുങ്ങളോട് വാളെടുക്കുന്ന സൈബർ ആങ്ങളമാരുടെ ഉള്ളിലെന്ത്? അമീറാ ഐഷാബീഗം എഴുതുന്നു

അമീറാ ഐഷാബീഗം

'ജനാധിപത്യ സംവാദത്തിനുള്ള ഇടങ്ങൾ' എന്നതാണ് ഫേസ്‌ബുക് പോലെയുള്ള സോഷ്യൽ മീഡിയകളെ ഇത്രമേൽ പ്രിയതരമാക്കിയത്. പ്രിന്റ് മീഡിയ നടത്തിപ്പുകാരുടെ കനിവിൽ സ്വന്തം ആശയങ്ങൾ മഷിപുരളുന്നത് കാത്തിരിക്കേണ്ടി വരാതെ അവനവനിടങ്ങളിൽ നിന്ന് ലോകത്തോട് സംസാരിച്ചു കൊണ്ടേയിരിക്കാമെന്നത് ഓരോ ദിവസവും ഈ സ്‌പേസിലേക്കു കടന്നു വരുന്നവരുടെ എണ്ണം കൂട്ടി. സ്ത്രീയെ സംബന്ധിച്ചിടത്തോളം തുറവികൾ കുറവാണെന്നതുകൊണ്ട് തന്നെ ഫേസ്‌ബുക് അവർക്കു നൽകിയത് ഒരു വിമോചന പാത തന്നെയാണ്. വിവാഹത്തോടെ എഴുത്തിന്റെയും വായനയുടെയും ദുനിയാവിനോട് വിട ചൊല്ലി പോയവർ പോലും തിരികെയെത്തി. മനസ്സിൽ ബന്ധനസ്ഥമാക്കി വെച്ചിരുന്ന അക്ഷരപ്രാവുകളെ അവർ സ്വതന്ത്രമാക്കി ആകാശത്തിലേക്കു പറത്തി വിടുന്ന മനോഹര കാഴ്ച കണ്ട് സമൂഹം അതിശയിച്ചു നിന്നു.

എന്നാൽ പിടിച്ചുപറിക്കാരും, പീഡന വീരന്മാരും ലഹരിക്കടിമപെട്ടവരും മാനസിക വൈകല്യങ്ങളുള്ളവരും തിങ്ങി പാർക്കുന്ന ഏതൊരു തെരുവിലെയും പോലെ ഫേസ്‌ബുക് വളവുകളിലും തിരിവുകളിലും അവൾ അപമാനിക്കപ്പെടുകയും കയ്യേറ്റം ചെയ്യപ്പെടുകയും വസ്ത്രാക്ഷേപിതയാകുകയും ചെയ്യുന്നു.

തെറി പറച്ചിൽ സംസ്‌കാരത്തെ നോർമലൈസ് ചെയ്യുന്ന ഒരു മനോഭാവം നമ്മുടെ വിർച്യുൽ ലോകത്തെ വിഴുങ്ങി തുടങ്ങുന്നുണ്ട്. അംഗീകരിക്കാൻ പറ്റാത്ത രാഷ്ട്രീയ സാമൂഹിക ബോധ്യങ്ങളുമായി കലഹിക്കുമ്പോൾ, വാദങ്ങൾക്ക് ക്ഷാമം നേരിടുമ്പോൾ, സ്വന്തം ആശയ തെളിമ കൊണ്ട് അപ്പുറം നിൽക്കുന്നവരെ ജയിക്കാനാകാതെ വരുമ്പോൾ അക്ഷരങ്ങൾ സ്വാതിക ഭാവം വെടിഞ്ഞു പച്ചഇറച്ചിയിൽ ആഞ്ഞിറങ്ങുന്ന വാളുകളായി രൂപാന്തരം പ്രാപിക്കുന്ന കാഴ്ചയാണ് സോഷ്യൽമീഡിയയിൽ ദൃശ്യമാകുന്നത്.

പൊതു പ്രവർത്തനത്തിന് ഇറങ്ങി എന്നതിന്റെ പേരിൽ രമയും ജസ്ലയും വാക്അധിക്ഷേപങ്ങൾക്കു ഇരയാകുന്നു എന്ന പോസ്റ്റുകൾ പലയിടങ്ങളിൽ കണ്ടു. ശരിയാണ്...നൂറു ശതമാനം യോജിക്കുന്നു...സിപിഎംനേയും കോൺഗ്രസിനെയും സ്ത്രീ വിരുദ്ധതാ കുറ്റം ചുമത്തി പ്രതികൂട്ടിൽ കേറ്റി നിർത്തിയിട്ടുണ്ട്. രമയ്ക്കു നേരെയുള്ള വിഷം ചീറ്റൽ നടക്കുമ്പോൾ തന്നെ അപ്പുറത്തു വെക്കാനും ഒരാളെ കിട്ടിയതുകൊണ്ട് ചൂടേറിയ വാദപ്രതിവാദങ്ങളും അരങ്ങേറുന്നുണ്ട്... നല്ലത്...വീണ്ടു വിചാരം എല്ലാവർക്കും വേണ്ടുന്ന ഒന്ന് തന്നെ...

എന്നാൽ രമ എന്ന ആർ എം പിക്കാരിക്കെതിരെ അല്ലെങ്കിൽ ജസ്ല എന്ന കെ. എസ് യൂക്കാരിക്കെതിരെ എന്ന നിലയിൽ ചുരുക്കേണ്ടതില്ല ഇവിടുത്തെ സ്ത്രീ വിരുദ്ധ നിലപാടുകൾ, തെറിവിളീകൾ, ലൈംഗിക ചുവയുള്ള പരാമർശങ്ങൾ...

പ്രതികരിക്കുന്ന സ്ത്രീയോട്... നിലപാടുകളുള്ള സ്ത്രീകളോട്... മൗനം ആഭരണമാണെന്നു ധരിക്കാത്ത പെണ്ണുങ്ങളോട് ...

സ്വന്തം നിലപാടുകളുടെ ശബ്ദം, സമ്മിശ്രമായി പ്രതികരിക്കും എന്നുറപ്പുള്ള ഒരു സമൂഹത്തെ കേൾപ്പിക്കുന്ന ഏതൊരു സ്ത്രീയും വ്യക്തമായ രാഷ്ട്രീയം ഉള്ളവരാണ്..ആത്മാഭിമാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും രാഷ്ട്രീയം മുന്നോട്ട് വെക്കുന്നവർ... അവർഎല്ലാകാലത്തും ഈ സൈബർ സ്‌പേസിൽ ആക്രമിക്കപ്പെട്ടിട്ടുണ്ട്. വീട്ടമ്മമാർ മുതൽ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ വരെ ഇവിടെ വാക്കുകൾ കൊണ്ടുള്ള ബലാത്സംഗത്തിനു ഇരയായിട്ടുണ്ട്.

എന്നാൽ ഓൺലൈൻ ഇടത്തിൽ പെണ്ണുടലുകൾ പരസ്യമായി പിച്ചി ചീന്തിയെറിയപ്പെടുന്നത് വെളിപ്പെടുത്തുന്നത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ സ്ത്രീ വിരുദ്ധ മനോഭാവം മാത്രമല്ല. ആണധികാരം എക്കാലത്തും സ്ത്രീകളെ നിശ്ശബ്ദരാക്കാൻ ഉപയോഗിച്ചിട്ടുള്ള കുറുക്കുവഴിയാണ് അവളുടെ ശരീരത്തിലോട്ടുള്ള അശ്‌ളീല എത്തിനോട്ടം. ഈ സമൂഹത്തിന്റെ സദാചാര ബോധം ഒന്നാകെ കെട്ടിപൊക്കിയിരിക്കുന്നത് സ്ത്രീ ശരീരങ്ങളുടെ മേൽ മാത്രം അടിച്ചേല്പിക്കപ്പെട്ട പവിത്രതയുടെ അടിത്തറയിലാണ്. ആ പവിത്രതാ സങ്കൽപം ആണധികാര വ്യവസ്ഥയ്ക്കുള്ള വെള്ളവും വളവും നൽകി പരിപോഷിപ്പിച്ചപ്പോൾ സ്ത്രീ ശരീരങ്ങളോടുള്ള അതിക്രമങ്ങൾ ഓരോന്നും അധികാരപ്രകടനങ്ങൾ കൂടെ ആയി മാറി.

അതിന്റെ ഏറിയും കുറഞ്ഞുമുള്ള പ്രകടനങ്ങൾ തന്നെ ആണ് സോഷ്യൽ മീഡിയയിലും അരങ്ങേറുന്നത്. സ്ത്രീകളുടെ രാഷ്ട്രീയ ചായ്വ്, താല്പര്യങ്ങൾ, ബന്ധങ്ങൾ എല്ലാം കൂടെ കണക്കിലെടുത്താകും ആക്രമണങ്ങളുടെ മുന കൂർപ്പിക്കുന്നത് എന്ന് മാത്രം.ഒരു പ്രൊഫൈലിൽ സ്ത്രീ സംരക്ഷകർ ആയി അവതരിക്കുന്നവർ എതിർ ചേരിയിൽ നിൽക്കുന്ന ആളുടെ പ്രൊഫൈലിൽ സംഹാരതാണ്ഡവം ആടുന്നത് കണ്ടാൽ അറിയാം സ്ത്രീകളോടുള്ള ഇവരുടെയൊക്കെ മനോഭാവം എന്തെന്ന്.

സൈബർ പൊങ്കാല ഏറ്റുവാങ്ങിയവർ സ്ത്രീകൾ മാത്രമല്ല. വൈവിധ്യമാർന്ന തെറികൾ കൊണ്ട് വിരുന്നു നൽകപ്പെട്ട ആൺ പ്രൊഫൈലുകൾ നിരവധിയുണ്ട്. തങ്ങളുടെ സാംസ്‌കാരിക നൈതിക മൂല്യങ്ങളുടെ ഉറവിടമായ സ്ത്രീ,തങ്ങളുടെ സദാചാര സങ്കല്പങ്ങളെ ഘോഷണം ചെയ്യുന്ന സ്ത്രീ, തങ്ങളുടെ സ്വത്തുക്കളിൽ ഏറ്റവും അമൂല്യമായ ഒന്നായ സ്ത്രീ... നമ്മുടെ പുരുഷന്മാരുടെ ഈ മിഥ്യാബോധത്തിലേക്കു, അഹങ്കാര തിമിർപ്പിലേക്കാണ് ശത്രു സൈന്യം എന്ന കണക്കെ സൈബർ സദാചാര പോരാളികളും ഇടിച്ചു കയറുന്നത്.പുരുഷനെ ആക്രമിക്കാനും തളർത്താനും അവന്റെ വീട്ടിലെ പെണ്ണുങ്ങളെ പറയുക എന്നത് തന്നെ ആണ് കക്ഷി രാഷ്ട്രീയ ഭേദമന്യേ മത സാമുദായിക ഭേദമന്യേ എല്ലാരും സ്വീകരിക്കുന്ന എളുപ്പ വഴി.

എ.കെ. ജി - ബൽറാം വിഷയത്തിൽ, എ.കെ ജിയുടെ ഒളിവു ജീവിത പരാമര്ശത്തിലൂടെ സ്ത്രീകളെ അപകീർത്തിപ്പെടുത്തി എന്ന് പറയുമ്പോൾ തന്നെ ബൽറാമിന് കൊടുക്കുന്ന മറുപടിയിലും സ്ത്രീ വിരുദ്ധത നിറഞ്ഞു നിന്നത്, പുരുഷന്റെ ഈ സംരക്ഷണ ഭാവം ആണധികാര സമൂഹത്തിന്റെ പൊതുബോധത്തിൽ കെട്ടിക്കിടക്കുന്നതുകൊണ്ടാണ്. ബൗദ്ധികമായി ഡിസ്‌ക്ട് ചെയ്തു കർതൃത്വം മാറ്റാൻ നോക്കിയാലും പുരുഷനെ അപമാനിക്കാൻ വിളിക്കുന്ന തെറിവാക്കുകൾപോലും എത്രത്തോളം സ്ത്രീകളെ അപമാനിക്കുന്നതാണെന്നു കാണാം.

ഓൺലൈൻ ഇടത്തിൽ പെൺപ്രൊഫൈലുകളിൽ അഭിപ്രായ ഭിന്നതപ്രകടിപ്പിക്കാൻ തങ്ങളുടെ സെക്ഷുല് ഫ്രസ്ട്രേഷന്റെ സർട്ടിഫിക്കറ്റ് കൂടെ സമർപ്പിച്ചില്ലെങ്കിൽ അപൂര്ണത തോന്നുന്നവരാണ് പൊങ്കാല പ്രേമികളിൽ അധികവും. അവരെ ഇടതെന്നോ വലതെന്നോ സംഘിയെന്നോ സുടാപിയെന്നോ എന്ന് വേർതിരിക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയ താല്പര്യങ്ങളെ മാറ്റി നിർത്തിയാൽ എല്ലാവരും സമ്മേളിക്കുന്നത് സ്ത്രീവിരുദ്ധതയുടെ ഭൂമികയിൽ തന്നെയാണ്.

രേണുക ചൗധരിയുടെ പൊതുവിടത്തിലെ ചിരി പോലും അസഹ്യമായ ജനപ്രതിനിധികൾ മുതൽ സ്ത്രീകളുടെ നോട്ടവും നടനവും ഭാവവും അഭിപ്രായങ്ങളും അസഹ്യമായി കാണുന്ന സൈബർ ആങ്ങളമാർ വരെ ...

സ്ത്രീകളെ നിശ്ശബ്ദരാക്കാനുള്ള യജ്ഞത്തിൽ എല്ലാവരും ഒരുമിച്ചാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP