Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുരനിറഞ്ഞ പെൺമക്കൾ; മരിച്ചു പോയ അച്ഛനെ അവസാനമായി ഒരു നോക്ക് കാണാൻ ഇരുട്ടിന്റെ മറപറ്റി ഒളിച്ചു വരുന്ന ആൺമക്കൾ: കണ്ണിലെ കൃഷ്ണമണി പോലെ നോക്കി വളർത്തിയ മക്കളെ ഓർത്ത് അലമുറയിട്ട് 63കാരിയായ രോഹിണി: കൂത്തുപറമ്പിലെ മോഹനന്റെ കടയുടെ അസ്ഥിവാരം തോണ്ടിയതാവട്ടെ ആയിരങ്ങളുടെ സാധനങ്ങൾ വാങ്ങി പോയ തന്റെ പറ്റുപടിക്കാരും

പുരനിറഞ്ഞ പെൺമക്കൾ; മരിച്ചു പോയ അച്ഛനെ അവസാനമായി ഒരു നോക്ക് കാണാൻ ഇരുട്ടിന്റെ മറപറ്റി ഒളിച്ചു വരുന്ന ആൺമക്കൾ: കണ്ണിലെ കൃഷ്ണമണി പോലെ നോക്കി വളർത്തിയ മക്കളെ ഓർത്ത് അലമുറയിട്ട് 63കാരിയായ രോഹിണി: കൂത്തുപറമ്പിലെ മോഹനന്റെ കടയുടെ അസ്ഥിവാരം തോണ്ടിയതാവട്ടെ ആയിരങ്ങളുടെ സാധനങ്ങൾ വാങ്ങി പോയ തന്റെ പറ്റുപടിക്കാരും

പി റ്റി ചാക്കോ

ഹൃദയത്തിൽ പട്ടട എരിയുന്നവർ-5

അച്ഛന്റെ മൃതദ്ദേഹം കാണാൻ,രാത്രി കള്ളനെ പോലെ പതുങ്ങി സ്വന്തം വീട്ടിൽ, സ്വന്തം നാട്ടിലൂടെ വരേണ്ട ഒരു മകന്റെ ഗതികേട് എന്തായിരിക്കും?

രണ്ടാൺമക്കളെ വർഷങ്ങളായി കാത്തിരിക്കുന്ന ഒരമ്മയുടെ വേദന എത്രമാത്രമായിരിക്കും? വിവാഹ സ്വപ്നങ്ങൾ ഇതൾ കൊഴിയുന്ന പെൺമക്കളുടെ വേദന ആരറിയുന്നു?

അതറിയാൻ കൂത്തുപറമ്പിലേക്കു പോകാം. ആർ.എസ്.എസിന്റെ ശക്തി കേന്ദ്രമായ ഡയമണ്ട് മുക്കിൽ കുഞ്ഞിപറമ്പത്ത് വാച്ചാലിൽ കുടുംബത്തിലേക്ക്.

ഇവിടേക്കു തനിച്ചു പോകാൻ വരട്ടെ. ഡയമണ്ട് മുക്കിലെത്തുന്ന അപരിചിതരെ കാവിക്കണ്ണുകൾ വേട്ടയാടിക്കൊണ്ടിരിക്കും. ഇവിടെ നടക്കുന്ന ഓരോ ചലനവും സസൂക്ഷ്മം നിരീക്ഷിക്കപ്പെടുന്നുണ്ട്. ഞങ്ങൾ മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് പത്മിനി ടീച്ചറിന്റെ സഹായം തേടി.ടീച്ചർ കൂടെ വന്നു.

അറുപ്പത്തിമൂന്നുകാരി രോഹിണിയും പെൺമക്കളും തനിച്ചാണ് ഇവിടെ താമസം. രണ്ടാൺമക്കൾ ശശിയും ഷാജിയും ഒളിവിലാണ്. ഭർത്താവ് അനന്തൻ ഒരു വർഷം മുൻപ് മരിച്ചു. ശശി രാത്രിയിൽ ഇരു ചെവിയറിയാതെ രാത്രിയിൽ വന്ന് അച്ഛന്റെ മൃതദ്ദേഹം ഒരു നോക്കു കണ്ടു മടങ്ങി.

മൂത്തമകൾ സൗദാമിനിക്ക് 43 വയസ്സായി. ഇളവൾ രമയ്ക്ക് 40ഉം. ഇരുവരുടെയും വിവാഹം നടന്നില്ല. നടക്കുമോയെന്നു പറയാനുമാകില്ല. അതാണ് ഈ വീട്ടിലെ അവസ്ഥ.

ആർഎസ്എസ് പ്രവർത്തകരാണ് ശശിയും ഷാജിയും. കാവിക്കൊടി ഉയരത്തിൽ പറക്കുന്ന ഡയമണ്ട് മുക്കിലാണ് താമസം. ഇവരുടെ വീട്ടിലേക്കുള്ള വഴികൾ സിപിഎം ശക്തി കേന്ദ്രത്തിലൂടെയാണ്.

1997 ഒക്ടോബർ എട്ടിനു സിപിഎം പ്രവർത്തകനായ മഠത്തിക്കുന്നേൽ സുരേന്ദ്രന്റെ കൊലപാതകത്തോടനുബന്ധിച്ചു തൊട്ടടുത്ത ദിവസം തന്നെ ഈ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. അതു പോരാഞ്ഞ് 98 ഫെബ്രുവരി 11 നു അൻപതു പേരുടെ സംഘം ഈ വീടു വളഞ്ഞ് കണ്ടതെല്ലാം തച്ചുടച്ചു. പശുക്കൂടു പോലും തച്ചുടച്ചു.

രോഗിയായി കിടപ്പിലായിരുന്ന അച്ഛൻ അനന്തന് ഇതൊന്നും താങ്ങാനാവുമായിരുന്നില്ല. ഒരാഴ്‌ച്ചയ്ക്കകം അദ്ദേഹം മരിച്ചു. മരണ വാർത്തയറിഞ്ഞ് ഈ വീട്ടിലേക്കു വരാൻ പോലും ജനം ഭയന്നു.

സിപിഎം ഹിറ്റ് ലിസ്റ്റിലുള്ള ശശിയെ പലതവണ ബോംബെറിഞ്ഞു. തലനാരിഴയ്ക്കു രക്ഷപ്പെട്ടു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജനു നേരെ കിഴക്കെ കതിരൂരിൽ നടന്ന വധശ്രമ കേസിൽ ശശി ജാമ്യം നേടിയ ശേഷം ഒളിവിൽപ്പോയി.

കഴിഞ്ഞ ജൂൺ 29-ന് ഓട്ടോ ഓടിച്ചു വരികയായിരുന്ന അനന്തൻ ഷാജിയെ വേറ്റുമേൽ വച്ചു ബോംബെറിഞ്ഞു. ഓട്ടോ കീഴ്മേൽ മറിഞ്ഞ് തെറിച്ചു വീണ ഷാജിയെ തുരുതുരാ വെട്ടി. മരിച്ചെന്നു കണ്ട അക്രമി സംഘം സ്ഥലം വിട്ടു. രക്തം വാർന്നൊഴുകി പൊതുനിരത്തിൽ കിടന്ന ഷാജിയെ ആശുപത്രിയിലെത്തിക്കാൻ ആരും തയ്യാറായില്ല. കോൺഗ്രസ് പ്രവർത്തകനായ ഗോപാലൻ രണ്ടും കല്പിച്ചു ഷാജിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

മരണത്തിൽ നിന്നു ഷാജി അന്ധനായി തിരിച്ചു വന്നു. ബോംബേറിൽ ഒരു കണ്ണു പൂർണമായി നഷ്ടപ്പെട്ടു. മറ്റേ കണ്ണിനു ഭാഗികമായെ കാഴ്‌ച്ചയുള്ളു. വധ ഭീഷണിയുള്ള ഷാജിയും ഒളിവിലാണ് ആർ.എസ്.എസിന്റെ സംരക്ഷണയിലാണ് ഇരുവരും.

രോഹിണി കണ്ണിലെ കൃഷ്ണമണിപോലെ കരുതിയിരുന്ന മക്കളെ കണ്ടിട്ടു നാളേറെയായി. അമ്മയെ കൺനിറയെ കാണാൻ അന്ധനായ ഷാജിക്ക് ഇനി കഴിയില്ല.

ഈ നശിച്ച ഭൂമിവിട്ടോടിപ്പോകണമെന്നു രോഹിണിക്കുണ്ട്. പക്ഷേ പാർട്ടിയോ, മക്കളോ സമ്മതിക്കില്ല.

ഒരു പ്രത്യയ ശാസ്ത്രത്തിൽ വിശ്വസിക്കുന്നതു കൊണ്ട് ജനിച്ച നാടും വീടും വിട്ടു ഓടിപ്പോകണമെന്നു പറയുന്നത് ഭീരുത്വമാണെന്നു മഹിളാസംഘം നേത്രി പത്മിനി ടീച്ചർ ചൂണ്ടിക്കാട്ടുന്നു.

പക്ഷേ ഒരമ്മയ്ക്കു പ്രത്യയശാസ്ത്രത്തെക്കാളും വലുത് തന്റെ മക്കളാണെന്ന സനാതന പ്രത്യയ ശാസ്ത്രം എല്ലാവരും സൗകര്യപൂർവ്വം മറക്കുകയാണ്.

മോഹനന്റെ കടയിൽ നിന്നും സാധനം വാങ്ങുന്നവരിൽ എല്ലാ പാർട്ടിക്കാരുമുണ്ടായിരന്നു; ഒരു കാരണവുമില്ലാതെ മോഹനന്റെ കട കത്തിച്ചതും മോഹനന്റെ  പറ്റുപടിക്കാർ 

കൂത്തുപറമ്പിൽ 12 കിലോമീറ്റർ അകലെ കാഞ്ഞിലേലിയിൽ, ഭൂകമ്പത്തിൽ തകർന്നതു പോലെയൊരു കട. ഈ കടയുടെ അസ്ഥിവാരം വരെ മാന്തിയെടുത്തിരിക്കുന്നു. കണ്ണൂരിലെ കുടിപ്പകയുടെ മറ്റൊരു വികൃതമുഖം. ശത്രു പക്ഷത്തെ സംഹരിക്കാൻ ഇവിടെ ഏതു വഴിയും സ്വീകാര്യം. ബോംബെറിയും, കൊത്തിനുറുക്കും, വീടുകൾ തകർക്കും,കടകൾ കത്തിക്കും, ഇപ്പറഞ്ഞതിൽ ഒടുവിലത്തേതാണ് ചെറ്റിയോടൻ മാരാഞ്ജി മോഹനനു സംഭവിച്ചത്. ഇരുപത്തഞ്ചു വർഷമായി ഈ കവലയിലുള്ള കടയാണിത്.

പിതാവ് ഗോവിന്ദനാണ് കട തുടങ്ങിയത്. പിന്നീട് മോഹനനു കൈമാറി. മോഹനനും ഭാര്യയും രണ്ടു പെൺ കുട്ടികളുമുണ്ട്- പതിനാലുകാരി ജിസ്നയും പന്ത്രണ്ടുകാരി സജ്നയും. അച്ഛനും അമ്മയും ജീവിച്ചിരിക്കുന്നു. ബിജെപി. അനുഭാവിയായ മോഹനന്റെ കടയിൽ നിന്നും സാധനം വാങ്ങുന്നവരിൽ എല്ലാ പാർട്ടിക്കാരുമുണ്ട്. ഇവരിൽ മിക്കവർക്കും പറ്റുമുണ്ട്.

കഴിഞ്ഞ സെപ്റ്റംബർ 27നു സിപിഎം ബിജെപി സംഘർഷത്തിനിടയിലാണു കട കത്തിച്ചത്. ലക്ഷക്കണക്കിനു രൂപയു
ടെ സാധനങ്ങൾ കത്തിയമർന്നു. പറ്റു ബുക്കു പോലും. കട കത്തിക്കാൻ നേതൃത്വം കൊടുത്തവരിൽ മോഹനന്റെ പറ്റുകാരുമുണ്ടായിരുന്നു.

എന്നിട്ടും കലിയടങ്ങാതെ അവർ കടയുടെ അസ്ഥിവാരം കൂടി മാന്തിയെടുത്തു. ഇനിമേൽ ഇവിടെ കട ഉയരരുതെന്ന ദീർഘവീക്ഷണമായിരുന്നു
ഇതിനു പിന്നിൽ. ഇനി കടവയ്ക്കണമെങ്കിൽ റോഡിൽ നിന്നും നിർദിഷ്ട ദൂരം പാലിക്കണമല്ലോ.

ചെറ്റിയോടൻ ഗോവിന്ദൻ നാലു പെൺകുട്ടികളെ കെട്ടിച്ചയച്ചതും രണ്ടാൺമക്കളെ നല്ല സ്ഥിതിയിലെത്തിച്ചതും ഈ കടകൊണ്ടായിരുന്നു.
കടയായിരുന്നു അവരുടെ ജീവിത മാർഗ്ഗം. അതു തകർത്തു. കുടുംബം തകർക്കുകയായിരുന്നു എതിരാളികളുടെ ലക്ഷ്യം.

(ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായിരുന്നപ്പോൾ പ്രസ് സെക്രട്ടറിയായിരുന്നു ലേഖകനായ പിറ്റി ചാക്കോ. ദീപികയിൽ മാധ്യമ പ്രവർത്തകനായിരുന്ന അദ്ദേഹം ഫെയ്‌സ് ബുക്കിൽ കുറിച്ചതാണ് ഈ ലേഖനം)

(തുടരും) 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP