Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീദേവിയുടെ മൃതദേഹം വിട്ടുകിട്ടാൻ കാണിച്ച ജാഗ്രത മരിക്കുന്ന പ്രവാസിയുടെ കാര്യത്തിൽ ഉണ്ടോ? അവർക്കു വേണ്ടി കൂടി കോൺസുലേറ്റും എംബസി ഉദ്യോഗസ്ഥരും ഓടണം; മോർച്ചറിക്ക് മുന്നിലെത്തി പാസ്‌പോർട്ട് റദ്ദാക്കി ശരീരം വേഗം ബന്ധുക്കളുടെ അടുത്ത് എത്തിക്കണം; മൃതദേഹത്തിന്റേയും ശവപ്പെട്ടിയുടെയും ഭാരം നോക്കി പണം വാങ്ങി ടിക്കറ്റീടാക്കുന്ന ഏർപ്പാടും മാറണം: ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയ അഷ്‌റഫ് താമരശ്ശേരിയെ പോലെ ഉള്ളവരെ കൂടി അനുസ്മരിച്ച് പ്രവാസി മാധ്യമ പ്രവർത്തകന്റെ കുറിപ്പ്

ശ്രീദേവിയുടെ മൃതദേഹം വിട്ടുകിട്ടാൻ കാണിച്ച ജാഗ്രത മരിക്കുന്ന പ്രവാസിയുടെ കാര്യത്തിൽ ഉണ്ടോ? അവർക്കു വേണ്ടി കൂടി കോൺസുലേറ്റും എംബസി ഉദ്യോഗസ്ഥരും ഓടണം; മോർച്ചറിക്ക് മുന്നിലെത്തി പാസ്‌പോർട്ട് റദ്ദാക്കി ശരീരം വേഗം ബന്ധുക്കളുടെ അടുത്ത് എത്തിക്കണം; മൃതദേഹത്തിന്റേയും ശവപ്പെട്ടിയുടെയും ഭാരം നോക്കി പണം വാങ്ങി ടിക്കറ്റീടാക്കുന്ന ഏർപ്പാടും മാറണം: ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയ അഷ്‌റഫ് താമരശ്ശേരിയെ പോലെ ഉള്ളവരെ കൂടി അനുസ്മരിച്ച് പ്രവാസി മാധ്യമ പ്രവർത്തകന്റെ കുറിപ്പ്

ഐപ്പ് വള്ളിക്കാടൻ

ധുവിനെക്കുറിച്ച് ഞാനൊന്നും എഴുതിയില്ല,അവനെ കൊന്നവരെയും കള്ളനെന്ന് വിളിച്ചവരെയും,സെൽഫിയെടുത്ത് ആഘോഷിച്ചവരെയും തല്ലിക്കൊല്ലാനാണ് തോന്നിയത്. ശരിക്കും..അങ്ങനെ തന്നെയാണ് ഇപ്പോഴും തോന്നുന്നത്.

പക്ഷേ ഇവിടെ ഞാൻ കുറിക്കുന്നത് മരണത്തെക്കുറിച്ചാണ്. ഏകനായി പ്രവാസനാട്ടിൽ മരിക്കുന്നതിനെക്കുറിച്ചാണ്. ശ്രീദേവിയെക്കുറിച്ചാണ്, അമ്പത്തിമൂന്നു വയസ്സുകാരിയായ ലേഡി സൂപ്പർസ്റ്റാറിനെക്കുറിച്ചാണ്. അവർ മരിച്ച ദിവസം മുതൽ പൊലീസ് മോർച്ചറിക്ക് മുന്നിൽ നിലയുറപ്പിച്ച് വാർത്തകൾ തൽസമയം റിപ്പോർട്ട് ചെയ്തയാളായതുകൊണ്ട് എന്തെങ്കിലും എഴുതണമെന്ന് തോന്നി.

സിനിമയിൽ കണ്ട മുഖം മാത്രമാണ് ശ്രീദേവി എനിക്ക്.. ഇഷ്ടം തോന്നിയ നടി.അന്ത്യ നിമിഷം വേദനാജനകം ആയിരുന്നിരിക്കണം. ശ്രീദേവി മരിച്ചപ്പോൾ മുതൽ ട്വീറ്റുകൾ നിലക്കാതെ പെയ്യുകയായിരുന്നു. പ്രധാനമന്ത്രിയും രാഷ്ട്രപതിയും ബിജെപി അധ്യക്ഷനും അങ്ങനെ എത്രയോ പേർ നൂറായിരം പേർ അവർക്ക് ആദരാഞ്ജലികൾ നേർന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ദുബായ് ഇന്ത്യൻ കോൺസുലേറ്റിനോട് നിർദേശിച്ചു എന്ന് വരെ കഥകൾ പടർന്നു.

അംബാനി കുടുംബം സ്വകാര്യ ജറ്റ് കമ്പനിയെ ഏർപ്പാടാക്കി, ദുബായ് വിമാനത്താവളത്തിലേക്കയച്ചു. അമിത് ഷാ അബുദാബയിലെ രാജകുടുംബാംഗങ്ങളെ വിളിച്ച് കാര്യങ്ങൾ എളുപ്പത്തിലാക്കാൻ പറഞ്ഞു. സമ്മർദ്ദങ്ങൾ ഏറെയുണ്ടായിരുന്നെങ്കിലും ദുബായ് പൊലീസ് സമചിത്തതയോടെ എല്ലാത്തിനെയും നേരിട്ടു. പൊലീസ് മോർച്ചറയിലായിരുന്ന (കസ്റ്റഡിയിലായിരുന്ന) മൃതദേഹം ഇഴകീറി പരിശോധിച്ചു. ആന്തരാവയവങ്ങൾ, രക്തം എന്നിവയെല്ലാം പരിശോധനയുടെ ഭാഗമായി. ഒടുവിൽ അനാവശ്യ അപവാദങ്ങളും അഭ്യൂഹങ്ങളും അവസാനിപ്പിച്ച് മരണം മുങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചു. അപകടമരണം എന്ന് തന്നെയെന്ന് സ്ഥിരീകരിച്ച് പബ്ലിക് പ്രോസിക്യൂഷനും വിധിയെഴുതി.

ഇതൊക്കെ യാഥാർഥ്യം. പക്ഷേ ചില ചിന്തകൾ മുന്നോട്ട് വക്കാനാണ് ഈ എഴുത്ത്. എത്രയോ പേർ മരിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പൊലീസ് മോർച്ചറിയിൽ നിന്നും ഇന്ത്യയിലേക്ക് പറന്നത് പത്തിലധികം ശവശരീരങ്ങളാണ്. ശ്രീദേവിയെപ്പോലെ ശ്വാസം നിലച്ച പത്തിലധികം പേർ. അവരിൽ എണ്ണായിരം ദിർഹം ശമ്പളവും ഇരുപത്തിയേഴ് വയസ്സ് മാത്രവുമുള്ള ഒരു മലയാളിയുണ്ടായിരുന്നു. കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് കടലിൽ ചാടിയാണ് അവൻ മരിച്ചത്. അവനെയും കഴിഞ്ഞ ദിവസം നാട്ടിലേക്ക് അയച്ചു.

മരണം അപ്രതീക്ഷിതമായി എത്തുന്ന കള്ളനെപ്പോലെയാണെന്ന് ബൈബിളിൽ വായിച്ചിട്ടുണ്ട്. സത്യമാണ്. അല്ലെങ്കിൽ ഇത്രയും ധനാഢ്യയായ, കുടുംബസുഹൃത്തുക്കളുള്ള ശ്രീദേവി എങ്ങനെ പ്രവാസിനാട്ടിൽ മരിക്കണം. എന്റെ അപ്പൻ പറഞ്ഞ ഒരു കാര്യം ഓർമ്മിക്കുന്നു. രണ്ട് പെൺമക്കൾ വേണം. മരണക്കിടക്കയിൽ കിടക്കുമ്പോൾ തലക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് കരയാൻ ആളുണ്ടാകണം. എങ്കിലേ ഞാൻ ആരെങ്കിലുമാണെന്ന് നാട്ടുകാർക്ക് തോന്നൂ എന്ന്..സത്യമാണ്.

കഴിഞ്ഞ ഏതാനും ദിവസം മുമ്പാണ് സഹപ്രവർത്തകനായിരുന്ന വി എം സതീഷ് ഹൃദയംപൊട്ടി അജ്മാനിൽ വച്ച് മരിച്ചത്. മരിക്കുന്നതിന്റെ രാവിലെ ഭാര്യയെ വിളിച്ചിരുന്നു മകളും മകനുമുണ്ടായിരുന്നു പക്ഷേ മരിച്ചപ്പോൾ ഏകനായിരുന്നു. ആരോരുമില്ലായിരുന്നു. ശ്രീദേവിക്ക് അർഹിച്ച പരിഗണന തന്നെയാണ് സർക്കാരും പൊലീസും ഇന്ത്യയിലുള്ളവരും നൽകിയത്. പത്മശ്രീ കിട്ടിയ, സിനിമകളിലൂടെ ഇന്ത്യയെ നാലാളെ അറിയിച്ച നല്ല അമ്മയായ സത്രീക്ക് കിട്ടേണ്ട പരിഗണന തന്നെ കിട്ടി.

കോൺസുലേറ്റ് അധികാരികൾ കാറിൽ പാസ്‌പോർട്ട് റദ്ദാക്കാനുള്ള സീലുമായി കാത്തിരിക്കുകയായിരുന്നു. അംബാസഡർ ട്വീറ്റോട് ട്വീറ്റായിരുന്നു. ഇതുപോലെയല്ലെങ്കിലും ഞാനും ഒരു ദിവസം മരിക്കും. ഏതൊരു പ്രവാസിക്കും മരണം അപ്രതീക്ഷിതമായെത്തുന്ന സർപ്രൈസാ. ഒരിക്കലും ആഗ്രഹിക്കാത്ത സർപ്രൈസ്.

ശ്രീദേവിക്ക് വേണ്ടി ഓടിയതിന് ഒരു തരത്തിലും ഞാൻ കുറ്റം പറയുന്നില്ല. പക്ഷേ ഇവിടെ മരിക്കുന്നവർക്ക് വേണ്ടി കൂടി കോൺസുലേറ്റും എംബസി ഉദ്യോഗസ്ഥരും ഓടണം. മരിക്കുന്നവന്റെ മോർച്ചറിക്ക് മുന്നിലെത്തി അവന്റെ പാസ്‌പോർട്ട് റദ്ദാക്കിക്കൊടുത്ത് ആ ശരീരം എത്രയും പെട്ടെന്ന് ബന്ധുക്കളുടെ അടുത്തെത്തിക്കണം. ഇതൊക്കെ വിഐപികൾക്ക് മാത്രം ലഭിക്കുന്ന സംവിധാനമാകരുത്.

ഊരും പേരുമില്ലാത്തവനെയും, ബന്ധുക്കൾ പോയിട്ട് സ്വന്തം മക്കൾക്ക് പോലും വേണ്ടാത്ത മരണപ്പെട്ടവരുടെ ശവവുമേന്തി സ്വന്തം കൂടുംബത്തെപ്പോലും ഉപേക്ഷിച്ച് അവരുടെ ഊരുതേടി പോകുന്ന അഷ്‌റഫ് താമരശ്ശേരി, നസീർ നന്തി, നസീർ വാടാനപ്പള്ളി, പുഷ്‌പേട്ടൻ, നിസാർ പാട്ടാമ്പി, റിയാസ്, വിനോദ് തുടങ്ങിയ സന്മനസ്സുകളെ ഓർക്കാനും അവർക്ക് വേണ്ടി പ്രാർത്ഥിക്കാനും കൂടിയാണ് ഈ കുറിപ്പ്.

സ്വകാര്യ ജറ്റിൽ പറന്ന ശ്രീദേവിയുടെ ആത്മാവിന് ശാന്തി നേരുന്നതിനൊപ്പം, ഒരു കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തട്ടെ. ഇവിടെ കിടന്ന് മരിക്കുന്നവന്റെ ശരീരത്തിന്റെയും ശവപ്പെട്ടിയുടെ ഭാരം നോക്കി പണം വാങ്ങി ടിക്കറ്റീടാക്കുന്ന ഏർപ്പാടിനും മാറ്റം ഉണ്ടാകണം. കൂടെപോകുന്നവനും ശവരീരത്തിനും സൗജന്യ ടിക്കറ്റ് നൽകണം. വിമാനത്താവളത്തിലെത്തുന്ന ശരീരം സൗജന്യ ആംബുലൻസ് തയാറാക്കി വീട്ടിലെത്തിക്കണം. കൊടിയ കാശുള്ളവൻ പോലും ചിലപ്പോൾ അനാഥനായി മരിക്കേണ്ടിവരുന്ന എത്രയോ സംഭവങ്ങളുണ്ട്.

ഇന്ത്യയിൽ നിന്നുമെത്തുന്ന പ്രതിനിധികളെ തീറ്റാനും കുടുക്കാനും നൽകുന്ന വകയിൽ നിന്ന് വഴി മാറ്റേണ്ട, പക്ഷേ ഇത്തരം ശവശരീരങ്ങളെ ഉത്തരവാദിത്തത്തോട് കൂടി നാട്ടിലെത്തിക്കാൻ നയതന്ത്ര കാര്യാലയങ്ങൾ വഴി പണം ചെലവാക്കണം. സന്നദ്ധ പ്രവർത്തകർക്ക് ചായ വാങ്ങാനെങ്കിലും ആണ്ടിലൊരിക്കൽ പണം നൽകണം. അർഹതപ്പെട്ടവർക്ക് എംബസിയുടെ പേരിൽ തിരിച്ചറിയൽ കാർഡ് നൽകണം അങ്ങനെ എന്തൊക്കെ ചെയ്യാം.

ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഇതെഴുതന്നതിന് പിന്നിൽ ഒരു കാര്യമുണ്ട്. നാലാൾ കൂടുതൽ വായിക്കുമ്പോൾ എവിടെയെങ്കിലും എത്താതിരിക്കില്ല......അതുകൊണ്ടാണ് എന്റെ ഈ നാലക്ഷരങ്ങൾ...

(മാതൃഭൂമി ന്യൂസിലെ ദുബായിലെ ടിവി ജേർണലിസ്റ്റായ ഐപ്പ് വള്ളിക്കാടൻ ഫേസ്‌ബുക്കിൽ കുറിച്ചത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP