Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇനി അഭിനയിക്കുക പീഡന കേസിന്റെ ഭാവി അറിഞ്ഞ ശേഷം മാത്രം! കാത്തിരിക്കാൻ നിർമ്മാതാക്കളോടും സംവിധായകരോടും ആവശ്യപ്പെട്ടെന്ന് സൂചന; കുറ്റപത്രം റദ്ദാക്കാൻ ആവശ്യപ്പെട്ട് തൽക്കാലം ഹൈക്കോടതിയിലേക്കുമില്ല; പ്രതിസന്ധിയിലാകുന്നത് പ്രൊഫ. ഡിങ്കൻ അടക്കം അര ഡസൻ ചിത്രങ്ങൾ; നടിയെ ആക്രമിച്ച കേസിൽ സിനിമാ മേഖലയിലെ സാക്ഷികൾ മൊഴി മാറ്റില്ലെന്നും സൂചനകൾ; ആരോടും മനസ്സ് തുറക്കാതെ ഒഴിഞ്ഞു മാറി ദിലീപ്

ഇനി അഭിനയിക്കുക പീഡന കേസിന്റെ ഭാവി അറിഞ്ഞ ശേഷം മാത്രം! കാത്തിരിക്കാൻ നിർമ്മാതാക്കളോടും സംവിധായകരോടും ആവശ്യപ്പെട്ടെന്ന് സൂചന; കുറ്റപത്രം റദ്ദാക്കാൻ ആവശ്യപ്പെട്ട് തൽക്കാലം ഹൈക്കോടതിയിലേക്കുമില്ല; പ്രതിസന്ധിയിലാകുന്നത് പ്രൊഫ. ഡിങ്കൻ അടക്കം അര ഡസൻ ചിത്രങ്ങൾ; നടിയെ ആക്രമിച്ച കേസിൽ സിനിമാ മേഖലയിലെ സാക്ഷികൾ മൊഴി മാറ്റില്ലെന്നും സൂചനകൾ; ആരോടും മനസ്സ് തുറക്കാതെ ഒഴിഞ്ഞു മാറി ദിലീപ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം നൽകിയ സാഹചര്യത്തിൽ തൽകാലം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കാൻ ദിലീപ് തീരുമാനമെടുത്തതായി സൂചന. കമ്മാരസംഭവത്തിന്റെ ഷൂട്ടിങ് പൂർത്തിയായി പ്രൊ ഡിങ്കനിൽ ദിലീപ് ജോയിൻ ചെയ്യുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഡിങ്കന്റെ രണ്ടാം ഘട്ടം ഇനിയും തുടങ്ങിയിട്ടില്ല. കേസിന്റെ വിചാരണ നടപടികൾ ഈ മാസം പതിനാലിനു തുടങ്ങും. കോടതിയിൽ ഹാജരാകാൻ നിർദേശിച്ചു നടൻ ദിലീപുൾപ്പെടെ എല്ലാ പ്രതികൾക്കും സമൻസ് അയച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണു വിചാരണ. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ നിന്നാണു കേസ് വിചാരണക്കായി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കു മാറ്റിയത്.

അതുകൊണ്ട് തന്നെ സിനിമാ അഭിനയം പ്രതിസന്ധിയുണ്ടാക്കും. ഡിങ്കന്റെ ഷൂട്ടിങ് ദുബായിലും നടത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ കൊച്ചിയിൽ നിന്ന് വിട്ടുനിൽക്കാൻ കോടതിയെ സമീപിക്കണം. കോടതി അനുവദിക്കാത്ത സാഹചര്യം വിചാരണയെ പോലും പ്രതികൂലമായി ബാധിക്കും. അതുകൊണ്ടാണ് തൽകാലത്തേക്ക് ദിലീപ് അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്നത്.

കമ്മാര സംഭവം പൂർത്തിയായി കഴിഞ്ഞു. വിഷുവിന് ചിത്രം റിലീസ് ചെയ്യാനാണ് സാധ്യത. രാമലീലയ്ക്ക് ശേഷം കമ്മാര സംഭവവും ഹിറ്റാകുമെന്നാണ് വിലയിരുത്തൽ. തന്റെ സിനിമയിലെ ജനപ്രിയത ഇടിഞ്ഞില്ലെന്ന് ദിലീപിനും അറിയാം. പക്ഷേ കേസിൽ എന്ത് സംഭവിക്കുമെന്ന് ആർക്കും ഉറപ്പില്ല. ദൃശ്യത്തെളിവുമായി അങ്കമാലി കോടതിയിൽ നടത്തിയ നിയമപോരാട്ടം ഫലം കണ്ടില്ല. ദിലീപിന് എതിരായ വിധിയാണ് ഉണ്ടായത്. ദൃശ്യത്തെളിവിൽ നടിയുടെ ശബ്ദമുണ്ടെന്ന് പോലും ദിലീപ് ഫാൻസുകാർ പ്രചരണം നടത്തി. ദൃശ്യങ്ങൾ കാണാതെ കേസ് വാദിക്കാനാകില്ലെന്ന നിലപാട് പോലും പറഞ്ഞു. എന്നാൽ നടിയുടെ സുരക്ഷിതത്വം മാനിച്ച് തെളിവ് കൊടുത്തില്ല. ദൃശ്യങ്ങളുടെ ഒർജിനൽ ദുബായിലേക്ക് കടത്തിയെന്നാണ് പൊലീസ് വാദം. ദേ പുട്ടിന്റെ ഉദ്ഘാടനത്തിന് ദിലീപ് പോയതുമായി ബന്ധപ്പെട്ടും ഈ വിഷയം പ്രോസിക്യൂഷൻ ചർച്ചയാക്കി. ഈ സാഹചര്യത്തിൽ ഷൂട്ടിംഗിന്റെ പേരിൽ ദുബായ് യാത്രയ്ക്ക് കോടതിയെ സമീപിച്ചാൽ അംഗീകരിക്കണമെന്നില്ല. അതുകൊണ്ടാണ് പ്രൊഫ ഡിങ്കനുമായി തൽകാലം സഹകരിക്കേണ്ടെന്ന് ദിലീപ് തത്വത്തിൽ നിലപാട് എടുത്തതെന്നാണ് സൂചന.

കമ്മാരസംഭവം കഴിഞ്ഞ് ദിലീപ് ഡിങ്കനിലെത്തുമെന്ന പ്രതീക്ഷ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ദിലീപ് ജയിൽ മോചിതനായതോടെ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രവർത്തനങ്ങൾ സജീവമാവുകയും ചെയ്തു. ദിലീപിനെ നേരിട്ട് കണ്ടും സംസാരിച്ചു. ഇതിനിടെ നാദിർഷാ, ലാൽ ജോസ് ചിത്രം എന്നിവയും പ്രഖ്യാപിച്ചു. യേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയിലും ദിലീപ് അഭിനയിക്കുമെന്ന് സൂചന ലഭിച്ചു. ഇതുൾപ്പെടെ ആറോളം സിനിമകൾക്കാണ് ജയിൽ മോചിതനായ ദിലീപ് പച്ചക്കൊടി കാട്ടിയത്. കേസ് തന്റെ വഴിക്ക് വരുമെന്ന കണക്കൂട്ടലായിരുന്നു ഇതിന് കാരണം. ഇതിനിടെ നടി വനിതാ ജഡ്ജി വേണമെന്ന ആവശ്യവുമായി കോടതിയിലും പോയി. രഹസ്യ വിചാരണയ്ക്കൊപ്പം പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വന്നാൽ അതിവേഗം വിചാരണ തീരും. ഈ സാഹചര്യത്തിൽ അഭിനയത്തിന് ഇറങ്ങണമോ എന്ന ചിന്തയാണ് താരത്തിനുള്ളത്.

ഈ ചിത്രങ്ങളിൽ ഡിങ്കൻ മാത്രമാണ് പണം മുടക്കിലിലേക്ക് കാര്യങ്ങളെത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ദിലീപ് ചിത്രങ്ങൾ മുടങ്ങുന്നതുകൊണ്ട് സിനിമാ വ്യവസായത്തിന് സാമ്പത്തിക നഷ്ടം ഉണ്ടാകുന്നില്ല. പക്ഷേ അണിയറ പ്രവർത്തകരുടെ കാത്തിരിപ്പ് കാരണം അവർക്ക് അവസരങ്ങൾ വേണ്ടെന്ന് വയ്ക്കേണ്ട സ്ഥിതി വരും. നിലവിൽ കുടുംബത്തോടൊപ്പം കഴിയാനാണ് ദിലീപിന് താൽപ്പര്യം. വിവാദങ്ങളുണ്ടാക്കാനോ പൊതു സമൂഹത്തിൽ സജീവമാകാനോ ആഗ്രഹിക്കുന്നില്ല. ദൃശ്യത്തെളിവുമായി ബന്ധപ്പെട്ട ചർച്ചകളുണ്ടാക്കിയ അലോസരവും നടനെ അലട്ടുന്നുണ്ട്. ദൃശ്യത്തെളിവിനായി കോടതിയെ സമീപിച്ചത് അനുകൂല വിധി ലക്ഷ്യമിട്ടാണ്. അതുണ്ടാകാത്ത സാഹചര്യത്തിൽ ഹൈക്കോടതിയെ നടൻ സമീപിക്കുമെന്ന് പോലും റിപ്പോർട്ടുകളെത്തി. എന്നാൽ ഇതുവരെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയില്ല. കേസുമായി ഹൈക്കോടതിയിൽ എത്തുകയും എതിർ പരാമർശങ്ങൾ ഉണ്ടാവുകയും ചെയ്താൽ അത് വിചാരണ കോടതിയെ സ്വാധീനിക്കും. ഇത് തിരിച്ചറിഞ്ഞാണ് അപ്പിലിന്റെ കാര്യത്തിൽ കരുതലെടുക്കുന്നത്.

ഇയിടെ തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ യോഗത്തിൽ പ്രസിഡന്റായല്ലാതെ ദിലീപ് എത്തിയിരുന്നു. യോഗത്തിനെത്തിയ ദിലീപിനെ ആന്റണി പെരുമ്പാവൂർ അടക്കമുള്ളവർ വേദിയിലേക്ക് ക്ഷണിച്ചെങ്കിലും ഒരു സാധാരണ അംഗമെന്ന നിലയിൽ സദസ്സിലായിരുന്നു ദിലീപ് ഇരുന്നത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ആദ്യമായാണ് ഒരു സിനിമ സംഘടനയുടെ ഇത്തരമൊരു യോഗത്തിൽ ദിലീപ് പങ്കെടുക്കുന്നത്. ഫിയോക്കിന്റെ പ്രസിഡന്റായിരുന്നു ദിലീപ്. നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലാകുന്നതിനു തൊട്ടുമുൻപാണു തിയേറ്ററുടമകൾക്കായി ദിലീപ് പുതിയ സംഘടന ഉണ്ടാക്കിയത്. മമ്മൂട്ടിയും മോഹൻലാലും അടക്കം പങ്കെടുത്ത് ആഘോഷപൂർവമായിരുന്നു ഉദ്ഘാടനം. ജയിലിലായതിനു പിന്നാലെ ദിലീപിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നു താൽക്കാലികമായി മാറ്റി പകരം ആന്റണി പെരുമ്പാവൂരിനെയാക്കി. പിന്നീട് പുറത്ത് വന്നപ്പോൾ ദിലീപിനെ പ്രസിഡന്റാക്കിയെങ്കിലും ദിലീപ് പ്രസിഡന്റാവാൻ താത്പര്യമില്ലെന്ന് അറിയിച്ചിരുന്നു. ഈ സംഘടനയുമായി മാത്രമേ ദിലീപ് ഇപ്പോൾ ഔദ്യോഗിക ബന്ധം പുലർത്തുന്നുള്ളൂ. താരസംഘടനയുമായും മറ്റും കൃത്യമായ അകലം പാലിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും ആരുമായും ദിലീപ് സംസാരിക്കാറില്ല.

2017 ഫെബ്രുവരി 17നു രാത്രി കൊച്ചിയിൽ ഓടുന്ന വാഹനത്തിലാണു നടി ആക്രമിക്കപ്പെട്ടത്. നടിയെ ആക്രമിക്കുന്നതിനു കൂട്ടുനിന്ന ഡ്രൈവർ മാർട്ടിൻ ആണ് ആദ്യം പിടിയിലായത്. സംഭവം ആസൂത്രിതമാണെന്നും സിനിമാപ്രവർത്തകരുടെ ഡ്രൈവറായിരുന്ന പൾസർ സുനി എന്ന സുനിൽകുമാറാണു മുഖ്യപ്രതിയെന്നു പിന്നീടു വ്യക്തമായി. പൊലീസ് കാടിളക്കി അന്വേഷിച്ചെങ്കിലും സുനിയെ കിട്ടിയില്ല. എറണാകുളം സിജെഎം കോടതിയിൽ കീഴടങ്ങാനെത്തിയ സുനിയെയും കൂട്ടാളി വിജേഷിനെയും കോടതിയിൽനിന്നു വലിച്ചിറക്കിയാണു പൊലീസ് അറസ്റ്റു ചെയ്തത്. ആക്രമിക്കപ്പെട്ട നടിക്കു പിന്തുണ പ്രഖ്യാപിച്ചു ചലച്ചിത്ര പ്രവർത്തകർ കൊച്ചിയിൽ സംഘടിപ്പിച്ച കൂട്ടായ്മയിൽ മഞ്ജു വാരിയർ നടത്തിയ പ്രതികരണമാണു കേസിൽ വഴിത്തിരിവുണ്ടാക്കിയത്. ക്വട്ടേഷൻ സംഘം പണത്തിനുവേണ്ടി നടത്തിയ കുറ്റകൃത്യം എന്ന നിലയിൽ അവസാനിച്ചേക്കാമായിരുന്ന കേസാണു ദിലീപിലേക്ക് എത്തിയത്.

തെളിവെടുപ്പിനുശേഷം പൊലീസ് ആദ്യ കുറ്റപത്രം നൽകി. നടിയെ ആക്രമിച്ചു ബ്ലാക്മെയിൽ ചെയ്യുമെന്നു ഭീഷണിപ്പെടുത്തി കൂട്ടമാനഭംഗപ്പെടുത്തി എന്നായിരുന്നു കുറ്റപത്രം. കേസിലെ ഗൂഢാലോചനയെക്കുറിച്ചു മൗനം പാലിച്ചു. പിന്നെയാണു പൾസർ സുനി ജയിലിൽ നിന്നെഴുതിയ കത്തും ദിലീപിന്റെ ക്വട്ടേഷനാണെന്ന ആരോപണവുമുയർന്നത്. ഇതിനെതിരെ ദിലീപ് പരാതി നൽകി. പക്ഷേ കാര്യങ്ങൾ മാറിമറിഞ്ഞു. ജൂൺ 28ന് ദിലീപിനെയും സംവിധായകൻ നാദിർഷയെയും ചോദ്യം ചെയ്യലിനു വിളിപ്പിച്ചു. ചോദ്യം ചെയ്യൽ 13 മണിക്കൂർ നീണ്ടു. കേരളത്തെ ഞെട്ടിച്ചു ജൂലൈ 10നു ദിലീപ് അറസ്റ്റിലായി. 85 ദിവസം ജയിൽ വാസം. ദിലീപ് ജയിലിലായിരിക്കെ പ്രധാനതെളിവായ ദൃശ്യങ്ങൾ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമം പരാജയപ്പെട്ടു. ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷമാണു കുറ്റപത്രം സമർപ്പിച്ചത്. പൾസർ സുനിയും ദിലീപുമടക്കം 12 പേരാണു പ്രതികൾ.

കേസിൽ സിനിമാരംഗത്തെ പ്രമുഖരടക്കമുള്ളവരുടെ മൊഴികളും കുറ്റപത്രത്തിന്റെ ഒരു ഭാഗവും പുറത്തുവന്നു. ആക്രമിക്കപ്പെട്ട നടിയോടു ദിലീപിനു ശത്രുതയുണ്ടെന്നു സ്ഥാപിക്കുന്ന ശക്തമായ മൊഴികളാണിവ. എന്നാൽ ഈ ഗൂഢാലോചനയ്ക്കും കൃത്യത്തിനും പിന്നിൽ ദിലീപാണെന്ന മൊഴികൾ ഇതുവരെ പുറത്തുവന്നിട്ടില്ല. പക്ഷേ ശാസ്ത്രീയ തെളിവുകളിലൂടെ ദിലീപിനെതിരായ കുറ്റം തെളിയിക്കുമെന്നാണ് പ്രോസിക്യൂഷൻ നിലപാട്. കേസിൽ സാക്ഷികളെല്ലാം പ്രോസിക്യൂഷൻ നിലപാടിന് ഒപ്പം ഉറച്ചു നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ വിചാരണ അതിനിർണ്ണായകമാകും. പ്രമുഖ ക്രിമിനൽ അഭിഭാഷകനായ രാമൻപിള്ളയാണ് ദിലീപിന്റെ അഭിഭാഷകൻ.

പ്രധാനപ്പെട്ട പല കേസുകളും വാക് ചാതുരിയിലും നിയമ വൈദഗ്ധ്യത്തിലൂടേയും അനുകൂലമാക്കിയ ചരിത്രമാണ് രാമൻപിള്ളയ്ക്കുള്ളത്. ഇത് ദിലീപിന് പ്രതീക്ഷ നൽകുന്ന ഘടകമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP