Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭക്തിയുടെ ആത്മസമർപ്പണത്തിന്റെ പൊങ്കാലക്കലങ്ങൾ ദേവിക്കു മുന്നിൽ വ്രതസാഫല്യമായി തിളച്ചുതൂവൂം; ആറ്റുകാൽ പൊങ്കാലയുടെ സുകൃതമറിയാൻ വിവിധ സ്ഥലങ്ങളിൽ നിന്നും അനന്തപുരയിലേക്ക് എത്തിയത് ആയിരങ്ങൾ; ഗിന്നസ് ബുക്കിൽ ഇടം നേടിയ ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാലയുടെ ചടങ്ങുകൾ ഇങ്ങനെയാണ്

ഭക്തിയുടെ ആത്മസമർപ്പണത്തിന്റെ പൊങ്കാലക്കലങ്ങൾ ദേവിക്കു മുന്നിൽ വ്രതസാഫല്യമായി തിളച്ചുതൂവൂം; ആറ്റുകാൽ പൊങ്കാലയുടെ സുകൃതമറിയാൻ വിവിധ സ്ഥലങ്ങളിൽ നിന്നും അനന്തപുരയിലേക്ക് എത്തിയത് ആയിരങ്ങൾ; ഗിന്നസ് ബുക്കിൽ ഇടം നേടിയ ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാലയുടെ ചടങ്ങുകൾ ഇങ്ങനെയാണ്

തിരുവനന്തപുരം: കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ഇന്ന് വ്രതനിഷ്ഠയോടെ ഭക്തലക്ഷങ്ങൾ ആറ്റുകാലമ്മയ്ക്കു പൊങ്കാലയർപ്പിക്കും. അതിൽ അമ്മയുടെ സ്‌നേഹാനുഗ്രഹങ്ങൾ തീർത്ഥത്തുള്ളികളാകും. ആ ധന്യനിമിഷങ്ങളിൽ അനന്തപുരിയും ദേവിയുടെ സവിധത്തിലേക്കു നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് ഓടിയെത്തിയ ആയിരക്കണക്കിനു ഭക്തരും വീണ്ടും ആറ്റുകാൽ പൊങ്കാലയുടെ സുകൃതമറിയും. ക്ഷേത്രപരിസരം കടന്ന് തലസ്ഥാനവീഥികളിലെല്ലാം പൊങ്കാല അടുപ്പുകൾ നിരന്നു. ഇന്നു രാവിലെ 9.45-നു പുണ്യാഹച്ചടങ്ങുകളോടെ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കും.

കണ്ണകീ ചരിതത്തിലെ പാണ്ഡ്യരാജാവിന്റെ വധം സംബന്ധിച്ച തോറ്റംപാട്ടിനുശേഷം തന്ത്രി തെക്കേടത്തു പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്നു ദീപം പകർന്ന് മേൽശാന്തി വാമനൻ നമ്പൂതിരിക്കു കൈമാറും. ക്ഷേത്രതിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ അഗ്നിപകർന്ന ദീപം മേൽശാന്തി സഹമേൽശാന്തിക്കു കൈമാറും.

വലിയതിടപ്പള്ളിയിലെ അടുപ്പിലും ക്ഷേത്രത്തിനു മുന്നിലുള്ള പണ്ടാരഅടുപ്പിലും തീ പകരുന്നതു സഹമേൽശാന്തിയാണ്. തുടർന്ന് ഭക്തർ ഏറ്റുവാങ്ങി ക്ഷേത്രപരിസരത്തെ അടുപ്പുകളിലും അവിടെനിന്നു കിലോമീറ്ററുകളോളം ദൂരം തിരുവനന്തപുരം നഗരത്തിലെമ്പാടും നിരന്ന മറ്റ് അടുപ്പുകളിലേക്കും അഗ്‌നി പകരും.

പൊങ്കാല ഉത്സവത്തിൽ പങ്കെടുക്കാൻ നിരവധി വിദേശികളും നഗരത്തിലെത്തിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കാണു പൊങ്കാലനിവേദ്യം. മുന്നൂറോളം ശാന്തിമാരെ നിവേദ്യത്തിനായി നിയോഗിച്ചിട്ടുണ്ട്. ഭക്തർക്കു മടങ്ങിപ്പോകാൻ കെ.എസ്.ആർ.ടി.സിയും റെയിൽവേയും പ്രത്യേകസൗകര്യങ്ങൾ ഒരുക്കി. പൊങ്കാലയ്ക്കുശേഷം മണിക്കൂറുകൾക്കം നഗരം ശുചീകരിക്കാൻ നിരവധി ജീവനക്കാരെ നഗരസഭ നിയോഗിച്ചു.

സുരക്ഷയ്ക്കായി നാലായിരത്തിലധികം പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ഇവരിൽ പകുതിയോളം വനിതകളാണ്. സ്ത്രീസുരക്ഷ ഉറപ്പുവരുത്താൻ വനിതാ കമാൻഡോകളും രംഗത്തുണ്ട്.

രാത്രി 7.45-നു കുത്തിയോട്ടവ്രതക്കാർക്കുള്ള ചൂരൽക്കുത്ത് ആരംഭിക്കും. ചടങ്ങ് പൂർത്തിയാകുന്നതോടെ മണക്കാട് ശാസ്താക്ഷേത്രത്തിലേക്കു ദേവിയുടെ എഴുന്നള്ളത്ത് ആരംഭിക്കും. നാളെ രാത്രി ഒൻപതിനു കാപ്പഴിച്ച് കുടിയിളക്കിയശേഷം കുരുതി തർപ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും.

ആറ്റുകാൽ പൊങ്കാല: നിവേദ്യത്തിന് വിഭവങ്ങൾ 12 തരം; ചടങ്ങുകൾ ഇങ്ങനെ

ആറ്റുകാൽ ക്ഷേത്രത്തിൽ നിന്നു കണ്ണെത്താ ദൂരത്തോളം വീഥികളിലും കൈവഴികളിലുമെല്ലാമായി നിരന്ന ലക്ഷോപലക്ഷം പൊങ്കാലയടുപ്പുകളിലേക്കാണ് ഇന്നു നഗരം കൺതുറക്കുന്നത്. അവയ്ക്കു മുന്നിൽ ഒരേ മനസ്സോടെ, ഒരേ ശരണമന്ത്രങ്ങളുമായി ഭക്തർ. വ്രതവിശുദ്ധമായ മനസ്സുകൾ ആറ്റുകാലമ്മയ്ക്കു മുന്നിൽ മറ്റൊരു പൊങ്കാലയടുപ്പായി എരിയും, അതിൽ ദേവിക്കുള്ള കാണിക്ക നൈവേദ്യമായി നിറഞ്ഞുതുളുമ്പും.

ക്ഷേത്രത്തിൽ പതിവു പൂജകൾക്കു ശേഷം രാവിലെ 9.45 നു ശുദ്ധപുണ്യാഹത്തോടെയാണു പൊങ്കാല സമർപ്പണ ചടങ്ങുകൾക്കു തുടക്കം. സംഹാരരുദ്രയായ ദേവി പാണ്ഡ്യരാജാവിനെ വധിക്കുന്ന ഭാഗം തോറ്റംപാട്ടുകാർ പാടിക്കഴിയുമ്പോൾ ക്ഷേത്രതന്ത്രി തെക്കേടത്തു പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നുള്ള ദീപം മേൽശാന്തി വാമനൻ നമ്പൂതിരിക്കു കൈമാറും. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിനെയും പണ്ടാര അടുപ്പിനെയും അഗ്‌നി ജ്വലിപ്പിക്കുന്നതോടെ ചെണ്ടമേളം മുഴങ്ങും. 10.15 നാണ് ഈ അടുപ്പുവെട്ട് ചടങ്ങ്.
ഭക്തരുടെ ലക്ഷോപലക്ഷം അടുപ്പുകളിലേക്ക് ഈ അഗ്‌നി കൈമാറിയെത്തുന്നതോടെ അനന്തപുരി യാഗശാലയാകും. ഉച്ചയ്ക്ക് രണ്ടരയ്ക്കു നൈവേദ്യം. ശേഷം സങ്കടങ്ങളൊഴിഞ്ഞ മനസ്സുമായി ഭക്തർ മടങ്ങുമ്പോൾ നഗരം ആ പ്രവാഹത്തിൽ സ്തംഭിക്കും. രാത്രി 7.45 ന് കുത്തിയോട്ട വ്രതക്കാരുടെ ചൂരൽകുത്ത്. ഇതു പൂർത്തിയായ ശേഷം മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കു ദേവി എഴുന്നെള്ളും. നാളെ രാത്രി ഒൻപതിന് കാപ്പഴിച്ചു കുടിയിളക്കിയ ശേഷം കുരുതി തർപ്പണത്തോടെ ഈ വർഷത്തെ ഉത്സവത്തിനു സമാപനമാകും.

പൊങ്കാല ചടങ്ങുകൾ ഇങ്ങനെ...

ആദ്യം നിലവിളക്കു തെളിച്ചു പടുക്കവയ്ക്കണം. അടുപ്പ് തീർത്ഥം തളിച്ചു ശുദ്ധിയാക്കണം. വൃത്തിയുള്ള വിറകുവേണം പൊങ്കാല തയാറാക്കാൻ ഉപയോഗിക്കേണ്ടത്.

ദേവീ പ്രസീദ ..ദേവീ പ്രസീദ.. .. എന്നു ജപിച്ചുകൊണ്ട് അരി ഇടുന്നതാണു നല്ലത്. സർവ മംഗളമംഗല്യേ, ശിവേ സർവാർഥ സാധികേ.. .. എന്നുതുടങ്ങുന്ന മന്ത്രവും ജപിക്കാം. തേങ്ങയും ശർക്കരയും വീട്ടിൽ നിന്നു തയാറാക്കി കൊണ്ടുപോകുന്നത് ഉത്തമമല്ല. പൊങ്കാല തിളച്ചു തൂവണം എന്നാണു ശാസ്ത്രം.

തിളച്ചു തൂവുന്നതു വരാനിരിക്കുന്ന അഭിവയോധികിയുടെ സൂചനയാണ്. ഏതു ദിശയ്ക്ക് അഭിമുഖമായിട്ടാണോ പൊങ്കാലയിടുന്നത് ആ ദിശയിലേക്കു പൊങ്കാല തൂകിയാൽ ഫലപ്രാപ്തി എന്നാണു വിശ്വാസം. പൊങ്കാല സമർപ്പണം ആരംഭിക്കുന്നതിനു മുന്നോടിയായി കത്തിക്കുന്ന നിലവിളക്ക് നിവേദ്യം കഴിഞ്ഞു പൂവ് കൊണ്ടു കെടുത്തണം.

പൊങ്കാലയ്‌ക്കൊപ്പം വെള്ള നിവേദ്യം നിവേദിച്ചാൽ ആഗ്രഹ സാഫല്യം ലഭിക്കുമെന്നാണു വിശ്വാസം. പൊങ്കാല ഇടുന്നവർ നിവേദ്യം മാത്രം കഴിച്ചു തൊട്ടടുത്ത ദിവസം വരെ വ്രതം തുടരണം. ഏതെങ്കിലും ക്ഷേത്രത്തിൽ പോയി തൊഴുതു വ്രതം മുറിക്കുന്നതാണു നല്ലത്. കൂടാതെ നിവേദ്യത്തിന്റ ഒരു പങ്ക് പൊങ്കാല സമർപ്പണത്തിനു പോകാൻ കഴിയാത്തവർക്കും മറ്റും നൽന്നതും ഉത്തമമെന്നാണു മറ്റൊരു വിശ്വാസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP