Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മോദിയുടെ ജനപ്രീതിയും അമിത് ഷായുടെ തന്ത്രങ്ങളും ഇന്ത്യയെ വീണ്ടും കാവി പുതപ്പിച്ചു; മോദി അധികാരത്തിൽ എത്തിയപ്പോൾ 7 സംസ്ഥാനങ്ങൾ മാത്രം ഭരിച്ചിരുന്ന ബിജെപി മൂന്ന് കൊല്ലം കൊണ്ട് പിടിച്ചത് 9 സംസ്ഥാനങ്ങളുടെ ഭരണംകൂടി; എൻഡിഎ ഇപ്പോൾ ഭരിക്കുന്നത് 20 സംസ്ഥാനങ്ങൾ; പാർട്ടിക്കുള്ളിലെ എതിരാളികളെ നിഷ്പ്രഭരാക്കിയുള്ള മുന്നേറ്റത്തിൽ പകച്ച് ബിജെപി-ആർഎസ്എസ് വിഭാഗങ്ങളും; ന്യൂനപക്ഷങ്ങളും ആദിവാസികളും മഹാഭൂരിപക്ഷമുള്ള വടക്ക് കിഴക്കൻ നാട്ടിലെ വിജയക്കൊടി ബിജെപിയുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കും

മോദിയുടെ ജനപ്രീതിയും അമിത് ഷായുടെ തന്ത്രങ്ങളും ഇന്ത്യയെ വീണ്ടും കാവി പുതപ്പിച്ചു; മോദി അധികാരത്തിൽ എത്തിയപ്പോൾ 7 സംസ്ഥാനങ്ങൾ മാത്രം ഭരിച്ചിരുന്ന ബിജെപി മൂന്ന് കൊല്ലം കൊണ്ട് പിടിച്ചത് 9 സംസ്ഥാനങ്ങളുടെ ഭരണംകൂടി; എൻഡിഎ ഇപ്പോൾ ഭരിക്കുന്നത് 20 സംസ്ഥാനങ്ങൾ; പാർട്ടിക്കുള്ളിലെ എതിരാളികളെ നിഷ്പ്രഭരാക്കിയുള്ള മുന്നേറ്റത്തിൽ പകച്ച് ബിജെപി-ആർഎസ്എസ് വിഭാഗങ്ങളും; ന്യൂനപക്ഷങ്ങളും ആദിവാസികളും മഹാഭൂരിപക്ഷമുള്ള വടക്ക് കിഴക്കൻ നാട്ടിലെ വിജയക്കൊടി ബിജെപിയുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിജെപിക്ക് ഗുജറാത്തിൽ ഭരണം നിലനിർത്താൻ കഴിഞ്ഞതും ഹിമാചലിൽ ഭരണം പിടിക്കാൻ കഴിഞ്ഞതും മൂന്ന് മാസം മുമ്പാണ്. പക്ഷേ ഗുജറാത്തിലെ വോട്ട് കുറവ് ചെറിയ തിരിച്ചടിയുമായി. മോദി പ്രഭാവം കുറയുന്നതായി ഏവരും വിലയിരുത്തി. എന്നാൽ നോർത്ത് ഈസ്റ്റിലെ മുന്നേറ്റം ബിജെപിക്ക് പുതിയ ഊർജ്ജമാവുകയാണ്. നോർത്ത് ഈസ്റ്റിലും താര പ്രചാരകൻ മോദിയായിരുന്നു. തന്ത്രങ്ങൾ ഒരുക്കിയത് അമിത് ഷായും. മോദി-അമിത് ഷാ മാജിക്കിൽ മുന്നോട്ട് കുതിക്കാനാകുമെന്ന് ത്രിപുരയിലെ ഫലം തെളിയിക്കുകയാണ്. ആദ്യമായി ഇടത് കോട്ടയിൽ ബിജെപി പിടിമുറുക്കുകയാണ്. മേഘാലയയിൽ മുന്നോട്ട് പോകാൻ ഈ തെരഞ്ഞെടുപ്പിലായില്ലെങ്കിലും വോട്ട് വിഹിതം ബിജെപിക്ക് വലിയ തോതിൽ കൂടി. നാഗാലാന്റിലും അധികാരത്തിലെത്താൻ ആയില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുകയാണ്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദി ഭരണം തുടരാനുള്ള ജനഹിതമായി കൂടി ഇതിനെ ബിജെപി ഉയർത്തിക്കാട്ടും. കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ആശ്വസിക്കാൻ നോർത്ത് ഈസ്റ്റ് തെരഞ്ഞെടുപ്പ് ഒന്നും നൽകുന്നില്ല. ജിഎസ്ടിയും നോട്ട് നിരോധനവും മോദിയെ തളർത്തിയില്ല. ശക്തനാക്കുകയും ചെയ്തു. ഇനി ബിജെപിക്ക് ഒറ്റ നേതൃത്വമേ ഉള്ളൂ. മോദിയുടെ നേതൃത്വം. മോദിക്കായി അമിത് ഷാ കരുനീക്കം നടത്തും. ഇതോടെ ഇന്ത്യ മുഴുവൻ മോദി പ്രഭാവം വളരുകയാണ്. രാജ്യസഭയിലും ഏറ്റവും വലിയ കക്ഷിയായി താമസിയാതെ ബിജെപി മാറും. ഇതോടെ ആഗ്രഹിക്കുന്നതെല്ലാം നിയമമാക്കാൻ മോദി സർക്കാരിന് കഴിയും. കർണാടക, ബംഗാൾ തുടങ്ങിയ വലിയ സംസ്ഥാനങ്ങളും കേരളവും ഒഴിച്ചാൽ ഇന്ത്യയുടെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപിയാണ്. നോർത്ത് ഈസ്റ്റിലെ ഫലങ്ങൾ കൂടി പുറത്തു വന്നതോടെ ഇന്ത്യയിൽ ബിജെപി ഒറ്റയ്ക്ക് ഭരിക്കുന്ന സംസ്ഥാനങ്ങൾ 15 ആകും.

മൂന്ന് മാസങ്ങൾക്ക് മുമ്പ് ഗുജറാത്തിൽ 22വർഷമായി അടക്കി ഭരിക്കുന്ന ബിജെപി ആറാം തവണയും അധികാരം നിലനിർത്തിയപ്പോൾ ഹിമാചൽ പ്രദേശ് ബിജെപി കോൺഗ്രസ്സിൽ നിന്ന് തിരിച്ചു പിടിക്കുകയായിരുന്നു. ത്രിപുരയിൽ ബിജെപി നേടിയത് ചരിത്ര വിജയമായിരുന്നു. ഇടത് കോട്ടയിലെ വമ്പൻ വിള്ളലാണ് ബിജെപി നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒന്നര ശതമാനം വോട്ട് മാത്രമാണ് ബിജെപിക്കുണ്ടായിരുന്നത്. ഇതാണ് അമ്പതിനോട് അടുത്ത് ബിജെപി വളർത്തിയത്. അത് അത്ഭുതമാണ്. നാഗാലാണ്ടിലും ഭരണം പിടിക്കാനുള്ള കേവല ഭൂരിപക്ഷം ബിജെപിക്കുണ്ട്. അതുകൊണ്ട ്തന്നെ ബിജെപിയോ മുന്നണിയോ ഭരിക്കുന്ന സംസ്ഥാനങ്ങൾ 20 ആയി മാറും.

നിലവിൽ രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ 19ഉം ബിജെപിയോ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയോയാണ് ഭരിക്കുന്നത്. ഇതിൽ 15 സംസ്ഥാനങ്ങളിൽ ബിജെപി ആരുടെയും പിന്തുണയില്ലാതെ ഒറ്റയ്ക്കാണ് ഭരണത്തിലിരിക്കുന്നത്. അരുണാചൽ പ്രദേശ്, ആസ്സാം, ചത്തീസ്ഗഡ്, ഗോവ, ഹരിയാന, ഗുജറാത്ത്, ജാർഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പുർ, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്,ഹിമാചൽ പ്രദേശ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളാണ് ബിജെപിക്ക് വ്യക്തമായ മുൻതൂക്കമുള്ളത്. നാല് സംസ്ഥാനങ്ങളിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യഭരണമാണുള്ളത്. ആന്ധ്രാപ്രദേശ്, ബീഹാർ, ജമ്മുകശ്മീർ, സിക്കിം, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ ഭരണം നിലനിൽക്കുന്നത്.

മോദി അധികാരത്തിലെത്തുമ്പോൾ ഗുജറാത്തും ജാർഖണ്ഡും മധ്യപ്രദേശും രാജസ്ഥാനും ഉത്തരാഖണ്ഡും ചത്തീസ് ഗഡും ഗോവയും മാത്രമാണ് ബിജെപി പക്ഷത്തുണ്ടായിരുന്നത്. അതിന് ശേഷമാണ് അരുണാചലിലും അസമിലും യുപിയിലും ഹിമാചലിലും ഝാർഖണ്ഡിലും മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി ഭരണം പിടിച്ചത്. ഇത് മോദി പ്രഭാവത്തിന്റെ സൂചനയായിരുന്നു. ഇതിൽ മഹാരാഷ്ട്രയിൽ ശിവസേനയിൽ നിന്ന് അകന്ന് ബിജെപി ഒറ്റയ്ക്കാണ് മത്സരിച്ചത്. എന്നിട്ടും മഹാരാഷ്ട്ര ജയിക്കാനായി. യുപി പിടിച്ചതും അവിസ്മരണീയമായിരുന്നു. മൂന്നൂറിലധികം സീറ്റുകളിലാണ് ബിജെപി അവിടെ വിജയിച്ചത്. എക്‌സിറ്റ്‌പോൾ പ്രവചനങ്ങൾക്ക് അപ്പുറത്തേക്ക് പോയ വിജയം.

വർഷങ്ങളായി ചത്തീസ്ഗഡിലും ഗുജറാത്തിലും മധ്യപ്രദേശിലും ബിജെപി അധികാരത്തിലുണ്ടായിരുന്നെങ്കിലും ഗോവയിലും രാജസ്ഥാനിലും അധികാരം പിടിച്ചെടുത്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പാർട്ടി നിയമ സഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി തരംഗത്തിന് തുടക്കമിട്ടത്. മോദി പ്രധാനമന്ത്രിയായ ശേഷം ഡൽഹിയിലാണ് ബിജെപിക്ക് വമ്പൻ തിരിച്ചടിയുണ്ടായത്.

ഇവിടെ ആംആദ്മി പാർട്ടി വലിയ വിജയം നേടി. ബീഹാറിലും നിതീഷ് കുമാറിന് മുമ്പിൽ അടിതെറ്റി. പക്ഷേ ഇപ്പോൾ നിതീഷ് മോദിക്കൊപ്പമാണ്. പഞ്ചാബിൽ ബിജെപിക്ക് വലിയ കരുത്തില്ല. ശിരോമണി അകാലിദള്ളാണ് അവിടെ എൻഡിഎയിലെ വമ്പൻ. ഇവിടേയും കോൺഗ്രസിനോട് ബിജെപി സഖ്യം തോറ്റു. ഇവിടെ മാത്രമാണ് മോദിക്ക് കോൺഗ്രസിൽ നിന്ന് തിരിച്ചടി നേരിടേണ്ടി വന്നത്.

ഡൽഹി, കർണാടക എന്നിവിടങ്ങളിൽ ബിജെപി മുൻപ് ഭരണത്തിലിരുന്നിട്ടുണ്ട്. മോദി പ്രഭാവം എന്ന ഒരൊറ്റ തുറുപ്പ് ചീട്ട് മുതലെടുത്തുകൊണ്ട് ഇന്ത്യയുടെ സിംഹഭാഗവും ബിജെപിക്ക് കയ്യടക്കാനായെങ്കിലും കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, മിസ്സോറാം, മേഘാലയ, തുടങ്ങിയ സംസ്ഥാനങ്ങൾ ഒരിക്കൽ പോലും ബിജെപിയെ അധികാരത്തിലേറ്റിയിട്ടില്ല. ഇവ പിടിക്കുകയെന്ന ദൗത്യമാണ് മോദിക്ക് മുന്നിൽ ഇനിയുള്ളത്. ഇതിൽ കേരളവും തമിഴ്‌നാടും പശ്ചിമ ബംഗാളും കടുത്ത വെല്ലുവിളിയാണ്. നോർത്ത് ഈസ്റ്റിൽ ബിജെപി ചുവടുറപ്പിച്ചു കഴിഞ്ഞു. ഇതിന്റെ തെളിവാണ് ത്രിപുരയിലെ വിജയം

ദക്ഷിണേന്ത്യയിൽ കർണ്ണാടകത്തിൽ ഉടൻ തെരഞ്ഞെടുപ്പുണ്ട്. ഇവിടെ പിടിക്കാനാകുമെന്നാണ് ബിജെപി പ്രതീക്ഷ. ബിഎസ് യദൂരിയപ്പയും സദാനന്ദ ഗൗഡയുമാണ് ഇവിടെ രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്നത്. ഇവർ ഒത്തൊരുമയോടെ നിന്നാൽ ജയം ഉറപ്പാണെന്ന് ബിജെപി കരുതുന്നു. എന്നാൽ തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിൽ ബിജെപിക്ക് വലിയ റോളില്ല. രജനി കാന്തിനെ രാഷ്ട്രീയത്തിലിറക്കി തമിഴ് നാട് പിടിക്കുകയാണ് തന്ത്രം. അപ്പോഴും കേരളം കിട്ടാക്കനിയായി തുടരും. കേരളത്തെ പോലെ ബംഗാളിലെ മമതാ തരംഗം ബിജെപി പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാണ്.

താമസിയാതെ രാജസ്ഥാനും മധ്യപ്രദേശിലും തെരഞ്ഞെടുപ്പുണ്ട്. ഇത് രണ്ടും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ. ഇവിടെ അധികാരം നിലനിർത്തുകയെന്നത് ബിജെപിക്ക് നിർണ്ണായകമാണ്. ഇവിടെ ഉപതെരഞ്ഞെടുപ്പുകൾ നൽകുന്ന സൂചന ബിജെപിക്ക് എതിരാണ്. എന്നാൽ ത്രിപുരയിലെ മികവിൽ രാജസ്ഥാനിലും മധ്യപ്രദേശിലും വീറോടെ പ്രചരണത്തിന് ബിജെപി എത്തും. ഒരു പക്ഷേ ഈ തെരഞ്ഞെടുപ്പിനൊപ്പം ലോക്‌സഭയിലേക്കും വോട്ടെടെപ്പ് നടക്കാനിടയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP