Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ത്രിപുരയിലെ വിജയ തിളക്കം തുടർഭരണത്തിന് സാധ്യത കൂട്ടി; രാജസ്ഥാനിലും മധ്യപ്രദേശിലും തെരഞ്ഞെടുപ്പിൽ തോൽവി ഉണ്ടായാൽ അടുത്ത വർഷത്തെ പൊതു തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നും വിലയിരുത്തൽ; ഡിസംബറിൽ മൂന്ന് സംസ്ഥാനങ്ങൾക്കൊപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യത ആരാഞ്ഞ് മോദി; പൊതുതെരഞ്ഞെടുപ്പ് ഉടനെത്തുമെന്ന് തിരിച്ചറിഞ്ഞ് കോൺഗ്രസും; തിരക്കിട്ട ചർച്ചകളുമായി ഇന്ദ്രപ്രസ്ഥം

ത്രിപുരയിലെ വിജയ തിളക്കം തുടർഭരണത്തിന് സാധ്യത കൂട്ടി; രാജസ്ഥാനിലും മധ്യപ്രദേശിലും തെരഞ്ഞെടുപ്പിൽ തോൽവി ഉണ്ടായാൽ അടുത്ത വർഷത്തെ പൊതു തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നും വിലയിരുത്തൽ; ഡിസംബറിൽ മൂന്ന് സംസ്ഥാനങ്ങൾക്കൊപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യത ആരാഞ്ഞ് മോദി; പൊതുതെരഞ്ഞെടുപ്പ് ഉടനെത്തുമെന്ന് തിരിച്ചറിഞ്ഞ് കോൺഗ്രസും; തിരക്കിട്ട ചർച്ചകളുമായി ഇന്ദ്രപ്രസ്ഥം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : ത്രിപുരയിൽ ബിജെപി പ്രതീക്ഷിച്ചത് 25 സീറ്റ് മാത്രമാണ്. അക്കൗണ്ട് തുറക്കുമ്പോൾ തന്നെ അധികാരത്തിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ എത്താനാകുമെന്ന് എൻഡിഎ നേതാക്കൾ ആരും പ്രതീക്ഷിച്ചിരുന്നില്ല. മണിക് സർക്കാരിന്റെ കളങ്കിത പ്രതിച്ഛായയെയാണ് ത്രിപുരയിൽ മോദി പ്രഭാവം തകർത്തത്. ഇത് ഇന്ത്യ മുഴുവൻ വലിയ ചർച്ചയാവുകയും ചെയ്തു. ബിജെപിയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായി ത്രിപുരയിലെ അധികാരം പിടിച്ചെടുക്കലിനെ പാർട്ടി വിലയിരുത്തുന്നു. മോദി സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തിയ മുദ്രാവാക്യങ്ങളെല്ലാം ഒഴുകി പോയി. ഈ സാഹചര്യത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തേയാക്കുന്നത് കേന്ദ്രസർക്കാരിന്റെ സജീവപരിഗണനയിൽ.

ഈവർഷമൊടുവിൽ കാലാവധി പൂർത്തിയാക്കുന്ന സംസ്ഥാന നിയമസഭകൾക്കൊപ്പം ലോക്സഭയിലേക്കും തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സാധ്യതകളാണ് ആരായുന്നത്. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം കഴിഞ്ഞയാഴ്ച ചേർന്ന ഉന്നതതലയോഗം ഇതിന്റെ വിവിധ വശങ്ങൾ ചർച്ചചെയ്തു. തെരഞ്ഞെടുപ്പുകമ്മിഷന്റെ പ്രതിനിധികളും ഈ അനൗദ്യോഗിക യോഗത്തിൽ പങ്കെടുത്തു. ചില പ്രായോഗിക ബുദ്ധിമുട്ടുകൾ കമ്മിഷൻ മുന്നോട്ടുവെച്ചതായാണ് അറിയുന്നത്. ത്രിപുരയിലെ ഫലത്തോടെ എന്തുവന്നാലും തെരഞ്ഞെടുപ്പ് നേരത്തെയെന്ന നിലപാടിലേക്ക് മോദി മാറുകയാണ്. രാജസ്ഥാനും മധ്യപ്രദേശിനും കർണ്ണാടകയ്ക്കുമൊപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പ്. ബിജെപിക്ക് വീണ്ടും അധികാരത്തിലെത്താൻ ഇതാണ് നല്ലതെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് ഇക്കൊല്ലം ഒടുവിൽ തിരഞ്ഞെടുപ്പുനടക്കേണ്ടത്. ബിജെപി. ഭരിക്കുന്ന ഈ സംസ്ഥാനങ്ങളിൽ ഭരണ വിരുദ്ധ വികാരം ശക്തമാണ്. ഈയിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വലിയ തിരിച്ചടിയായി. അതുകൊണ്ട് തന്നെ ഇവിടെ ഭരണം പിടിക്കുക അസാധ്യമാണ്. കർണ്ണാടകയിൽ കോൺഗ്രസിന്റെ സിദ്ധരാമയ്യാ സർക്കാരിന് നേരിയ മുൻതൂക്കമുണ്ട്. അതുകൊണ്ട് കർണ്ണാടകയിൽ ഭരണം പിടിക്കാനാകുമോ എന്ന് ഉറപ്പില്ല. ഇവിടെയെല്ലാം തോറ്റാൽ ജനവികാരം ബിജെപിക്ക് എതിരാണെന്ന വാദം പ്രതിപക്ഷം ഉയർത്തും. ബിജെപി വിരുദ്ധമുന്നണിക്കുള്ള സാധ്യതയും കൂടും. ഇത് മനസ്സിലാക്കിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ മോദിയുടെ ശ്രമം. ത്രിപുരയിലെ നേട്ടത്തിന്റെ ആത്മവിശ്വാസം അണികൾക്ക് പുത്തനുണർവ്വ് നൽകിയെന്ന് മോദി കണക്ക് കൂട്ടുന്നു.

ഛത്തീസ്‌ഗഢിലും ഈ വർഷം തെരഞ്ഞെടുപ്പാണ്. ഇവിടേയും ബിജെപി ഭരണമാണ് ഉള്ളത്. രാജസ്ഥാനും മധ്യപ്രദേശിനും ഒപ്പം ചത്തീസ് ഗഢിലും അധികാരം നിലനിർത്താൻ ബിജെപി.ക്ക് സാധിച്ചില്ലെങ്കിൽ സ്വാഭാവികമായും അടുത്ത മേയിലെ ലോക്സഭാ തിരഞ്ഞെടുപ്പിലും അത് പ്രതിഫലിക്കും. തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കിയാൽ സംസ്ഥാനങ്ങളിലെ ഭരണവിരുദ്ധവികാരത്തെ 'മോദിപ്രഭാവം'കൊണ്ട് നേരിടാമെന്നാണ് ബിജെപി. കരുതുന്നത്. മോദിയുടെ പ്രചാരണരീതിയും പ്രസംഗങ്ങളും നേതൃത്വത്തിന്റെ സംവിധാനങ്ങളും പരമാവധി പ്രയോജനപ്പെടുത്തി സ്ഥിതി മെച്ചപ്പെടുത്താനാവുമെന്നാണ് കണക്കുകൂട്ടൽ. അങ്ങനെ ഈ മൂന്ന് സംസ്ഥാനവും കർണ്ണാടകയും ബിജെപി പക്ഷത്താക്കാം.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നേടിയ വിജയം കർണാടകത്തിൽ ബിജെപി. നേതാക്കളുടെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. കർണാടകത്തിൽ ബിജെപി.യുടെ വിജയം ഉറപ്പാണെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതായി പ്രതിപക്ഷനേതാവ് ജഗദീഷ് ഷെട്ടാർ പറഞ്ഞു. കർണാടകത്തിൽ ബിജെപി.ക്ക് വലിയ വിജയമായിരിക്കുമെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷായുടെ അവകാശവാദം സംസ്ഥാനനേതാക്കളും ഏറ്റെടുത്തു. കർണാടകത്തിൽ കോൺഗ്രസിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും സിദ്ധരാമയ്യയെന്ന് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ ജഗദീഷ് ഷെട്ടാർ പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിജയം കർണാടകത്തിലും ആവർത്തിക്കും. സംസ്ഥാന അധ്യക്ഷൻ യെദ്യൂരപ്പയും വിജയം അവകാശപ്പെട്ടു. ക്രമസമാധാനത്തകർച്ചയിൽ പ്രതിഷേധിച്ച് ബിജെപി. നടത്തുന്ന ബെംഗളൂരു രക്ഷായാത്രയിലും ത്രിപുരയിലെ വിജയമായിരുന്നു ചർച്ച. ഇതിനൊപ്പം കേരളത്തിലെ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പും ബിജെപിക്ക് നിർണ്ണായകമാണ്. ഇവിടെ എങ്ങനേയും ജയിക്കാനാണ് ശ്രമം.

ബാങ്ക് കുംഭകോണത്തിന്റെയും മറ്റും പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിന്റെ പ്രതിച്ഛായയും മങ്ങിക്കൊണ്ടിരിക്കുകയാണ്. റാഫേൽ അഴിമതിയും പ്രതിപക്ഷ ചർച്ചയാക്കുന്നുണ്ട്. സുപ്രീംകോടതിയിലെ പ്രതിസന്ധിയും തിരിച്ചടിയാണ്. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ് ഗഢിലും തിരിച്ചടിയുണ്ടായാൽ മോദിക്ക് ഭരണതുടർച്ച പ്രതിസന്ധിയിലാകും. ഉത്തരേന്ത്യയിൽ മോദി അനുകൂല തരംഗം നറിക്കാൻ ത്രിപുരയിലെ വിജയം മുതൽകൂട്ടാക്കാനാണ് നീക്കം. ഇത് കോൺഗ്രസും തിരിച്ചറിയുന്നു. സോഷ്യലിസ്റ്റുകളേയും ഇടതുപക്ഷത്തേയും അണിനിരത്തി വിശാല സഖ്യമാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മനസ്സിലുള്ളത്. എന്നാൽ സോഷ്യലിസ്റ്റുകൾ സംസാരിക്കുന്ന പല തരത്തിലാണ്. ഇടുപക്ഷത്ത് സിപിഎം കോൺഗ്രസിനെതിരെ പോരിനും. ഇതെല്ലാം മറികടക്കാനും ചർച്ചകൾക്ക് നേതൃത്വം കൊടുക്കാനും രാഹുൽ പ്രത്യേക പ്രതിനിധിയെ ഉടൻ നിയോഗിക്കും.

എങ്ങനെയും ബിജെപിയുടെ കുതിപ്പ് തടയണം. അല്ലാത്ത പക്ഷം രാജ്യത്ത് കോൺഗ്രസ് ഭരണമെന്നത് സ്വപ്‌നങ്ങളിലേക്ക് മാറും. തിരിച്ചുവരവിന് കരുതലോടെ തയ്യാറെടുക്കാൻ ദേശീയ നേതാക്കൾക്ക് രാഹുൽ നിർദ്ദേശം കൊടുത്തിട്ടുണ്ട്. കർണ്ണാടകയിൽ എന്തുവില കൊടുത്തും ജയിക്കാനാണ് ശ്രമം. അതിനിടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്താൻ കേന്ദ്ര സർക്കാരിന് മുമ്പിൽ ചില വെല്ലുവിളികൾ ഉണ്ട്. ഓഗസ്റ്റോടെ എല്ലാ ഒരുക്കവും പൂർത്തിയായാലേ ഡിസംബറിൽ മൂന്ന് സംസ്ഥാനങ്ങളോടൊപ്പം ലോക്സഭയിലേക്കും തെരഞ്ഞെടുപ്പ് നടത്താനാവൂ എന്നാണ് കമ്മിഷന്റെ പക്ഷം. പുതുതായി വാങ്ങാൻ നിശ്ചയിച്ച 'വിവിപാറ്റ്' വോട്ടിങ് യന്ത്രത്തിന്റെ ലഭ്യതയാണ് പ്രധാന തടസ്സം. അടുത്ത തെരഞ്ഞെടുപ്പിൽ എല്ലായിടത്തും ഇത്തരം യന്ത്രമുപയോഗിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു.

ഇവയുടെ നിർമ്മാണം ഭാരത് ഇലക്ട്രോണിക്സിലും ഇലക്ട്രോണിക്സ് കോർപ്പറേഷനിലും നടന്നുകൊണ്ടിരിക്കുകയാണ്. പുതിയ യന്ത്രങ്ങൾക്കുള്ള കേന്ദ്രാനുമതിയും ഓർഡർ നൽകലും വൈകിയതാണ് പ്രശ്നം. ലോക്സഭാ തെരഞ്ഞെടുപ്പിനുമാത്രം 16 ലക്ഷത്തോളം പുതിയ യന്ത്രങ്ങൾ വേണം. മറ്റു നിയമസഭകളിലേക്കും ഇതോടൊപ്പം വോട്ടെടുപ്പുനടത്താൻ കൂടുതൽ യന്ത്രങ്ങൾ ആവശ്യമാണ്. അവ സമയത്തിന് ലഭിക്കില്ല. കാലാവധി കഴിഞ്ഞതിനാൽ പഴയ യന്ത്രങ്ങൾ ഉപയോഗിക്കാനുമാവില്ല. അങ്ങനെ വന്നാൽ അടുത്ത വർഷം മാത്രമേ വോട്ടെടുപ്പ് നടക്കൂ. ഇത് രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ് ഗഢിലും ബിജെപിക്ക് കടുത്ത വെല്ലുവിളിയുമാകും.

'ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതിയും പിന്നീട് പ്രധാനമന്ത്രിയും ഈ നിലപാട് പരസ്യമാക്കിയിരുന്നു. എന്നാൽ, മറ്റു രാഷ്ട്രീയപാർട്ടികൾ അനുകൂലമായി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി. മുഖ്യമന്ത്രിമാരുടെയും നേതാക്കളുടെയും യോഗത്തിലും ഈയാവശ്യം ഉയർന്നിരുന്നു. വികസന പ്രവർത്തനങ്ങൾക്കുണ്ടാവുന്ന തടസ്സം, സാമ്പത്തികബാധ്യത, പൊതുവിലുള്ള സൗകര്യം തുടങ്ങിയവ കണക്കിലെടുത്ത് രാജ്യത്ത് എല്ലാ തിരഞ്ഞെടുപ്പും ഒന്നിച്ചുനടത്തണമെന്നാണ് യോഗം വിലയിരുത്തിയത്. ഇതിനുള്ള സാധ്യത ഉടനില്ലെന്നും മോദി തിരിച്ചറിയുന്നുണ്ട്.

ത്രിപുരയിലെ കമ്യൂണിസ്റ്റ് സർക്കാറിനെ തൂത്തുവാരി നേടിയ വിജയം കൊണ്ട് കേരളത്തിലും ബംഗാളിലും പ്രവർത്തകരുടെ മനോവീര്യമുയർത്തി നേട്ടം കൊയ്യാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. കമ്യൂണിസ്റ്റുകൾക്കെതിരായ ത്രിപുരയിലെ വിജയം കേരളത്തിലെയും ബംഗാളിലെയും പ്രവർത്തകർക്ക് കൂടി ആവേശം പകരുന്നതാണെന്ന് പറഞ്ഞ അമിത് ഷാ, ഇതിന്റെ തുടർച്ച ഈ സംസ്ഥാനങ്ങളിലുണ്ടാകുമെന്ന് ആവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ഈ മൂന്ന് സംസ്ഥാനങ്ങളിലെയും ബിജെപിപ്രകടനത്തോടെ കേവലമൊരു ഹിന്ദി ബെൽറ്റ് പാർട്ടിയായി ബിജെപിയെ പറയുന്നത് അവസാനിച്ചിരിക്കുന്നു. മേഘാലയയിലും ബിജെപി ഭരണത്തിലുണ്ടാകുന്നതോടെ 21 സംസ്ഥാനങ്ങൾ പാർട്ടിയുടെ കൈയിലാകും. കർണാടകയിൽ ജയം ആവർത്തിക്കാൻ പോകുകയാണ് -അമിത്ഷാ പറഞ്ഞു.

ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനങ്ങളായ നാഗാലാൻഡിലും മേഘാലയയിലും പശുവിന്റെ പേരിൽ നടത്തിയ കൊലകളിൽ തങ്ങൾക്കുള്ള ആശങ്ക സംസ്ഥാനത്തെ ബിജെപി നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഗോവധനിരോധനം നാഗാലാൻഡിൽ നടപ്പില്ലെന്ന് നാഗാലാൻഡ് ബിജെപി ഉപാധ്യക്ഷൻ തന്നെ പരസ്യമായി വ്യക്തമാക്കി. മേഘാലയയിലാകട്ടെ സ്ഥാപിതതാൽപര്യക്കാർ ഗോവധവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിക്കും പ്രസ്താവനയിറക്കേണ്ടി വന്നു. അതിനെല്ലാം ശേഷമാണ് അൽഫോൻസ് കണ്ണന്താനത്തെ ഈ സംസ്ഥാനങ്ങളിലേക്ക് അയച്ചത്.

മേഘാലയയിൽ സൗജന്യ ജറൂസലം യാത്ര പോലും വാഗ്ദാനം ചെയ്തു. ഈ വിജയത്തോടെ ക്രിസ്ത്യൻ ന്യൂനപക്ഷവും ബിജെപിയോട് അടുത്ത്. ഇവരെ കൂടെ നിർത്തി മെച്ചപ്പെട്ട ഭൂരിപക്ഷത്തോടെ വീണ്ടും കേന്ദ്രത്തിൽ അധികാരത്തിലെത്താനാണ് ബിജെപിയുടെ ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP