Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാജ്‌പേയിക്കും മദന്മോഹൻ മാളവ്യയ്ക്കും ഭാരതരത്‌ന; രാജ്യത്തിന്റെ പരമോന്നത ബഹുമതി ലഭിക്കുന്ന ആദ്യത്തെ ബിജെപി നേതാവും ഏഴാമത്തെ മുൻപ്രധാനമന്ത്രിയുമായി വാജ്‌പേയി

വാജ്‌പേയിക്കും മദന്മോഹൻ മാളവ്യയ്ക്കും ഭാരതരത്‌ന; രാജ്യത്തിന്റെ പരമോന്നത ബഹുമതി ലഭിക്കുന്ന ആദ്യത്തെ ബിജെപി നേതാവും ഏഴാമത്തെ മുൻപ്രധാനമന്ത്രിയുമായി വാജ്‌പേയി

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന നൽകാൻ തീരുമാനം. സ്വാനന്ത്ര്യ സമര സേനാനി മദന്മോഹൻ മാളവ്യക്കും ഭാരതരത്‌ന നൽകാൻ ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം ശുപാർശ ചെയ്തു. നാളെയാണ് എ.ബി. വാജ്‌പേയിയുടെ പിറന്നാൾ. ഇതിനോട് ബന്ധപ്പെട്ടാണ് ഇന്ത്യയിലെ പരമോന്നത സിവിലിയൻ പദവി നൽകി വാജ്‌പേയിയെ സർക്കാർ ആദരിക്കുന്നത്. മറവിരോഗം ബാധിച്ച് വീട്ടിൽ വിശ്രമിക്കുന്ന എ.ബി. വാജ്‌പേയി സജീവരാഷ്ട്രിയത്തിൽ നിന്ന് കഴിഞ്ഞ കുറേ നാളായി മാറി നിൽക്കുകയാണ്.

വാജ്‌പേയിക്ക് ഭാരതരത്‌ന പുരസ്‌കാരം നൽകണമെന്ന് ഭരണത്തിൽ എത്തുന്നതിന് മുൻപ് തന്നെ ബിജെപി ആവശ്യപ്പെട്ടിരുന്നു. രാജ്യസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന സമയത്ത്, ബിജെപി അധികാരത്തിൽ എത്തിയാൽ വാജ്‌പേയിക്ക് ഭാരതരത്‌ന നൽകുമെന്ന് മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞിരുന്നു. ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകരിൽ ഒരാളും ബിജെപി രൂപീകരണത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ള വ്യക്തിയുമാണ് വാജ്‌പേയി. ഇന്ത്യയിൽ ഒരു കോൺഗ്രസിതര പ്രധാനമന്ത്രി ആദ്യമായി കാലാവധി പൂർത്തിയാക്കുന്നത് വാജ്‌പേയിയുടെ കാലത്തായിരുന്നു.

ജവഹർലാൽ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, ലാൽ ബഹദൂർ ശാസ്ത്രി, മൊറാർജി ദേശായി, ഗുൽസരിലാൽ നന്ദ എന്നിങ്ങനെ ആറ് മുൻപ്രധാനമന്ത്രിമാർക്ക് ഭാരതരത്‌ന ലഭിച്ചിട്ടുണ്ട്. വാജ്‌പേയിക്ക് ഭാരതരത്‌ന ലഭിച്ചതോടെ പരമോന്നത സിവിലിയൻ ബഹുമതി ലഭിക്കുന്ന ഏഴാമത്തെ മുൻപ്രധാനമന്ത്രിയായി അദ്ദേഹം. ഇരുവർക്കും ഭാരതരത്‌ന സമ്മാനിക്കുന്നതിൽ സന്തോഷമുണ്ടെന്ന് രാഷ്ട്രപതി പ്രണബ് മുഖർജി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇതുവരെ 43 പേരാണ് ഭാരതരത്‌ന നേടിയിട്ടുള്ളത്. വാജ്‌പേയിക്ക് ഭാരതരത്‌ന നൽകണമെന്ന ആവശ്യം യുപിഎ സർക്കാരിന്റെ കാലം തൊട്ടേ ബിജെപി ഉന്നയിച്ചുവരുന്നതാണ്. ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാർ, മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല എന്നിവരും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ, മുതിർന്ന ശാസ്ത്രജ്ഞൻ സി.എൻ.ആർ. റാവു എന്നിവർക്കായിരുന്നു ബഹുമതി.

മഹാമാന എന്ന പേരിലറിയപ്പെടുന്ന മദൻ മോഹൻ മാളവ്യ സ്വാതന്ത്ര സമര സേനാനിയും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു. പ്രശസ്തമായ ബനാറസ് ഹിന്ദു സർവകലാശാലയുടെ സ്ഥാപകനും വൈസ് ചാൻസലറുമായിരുന്നു മാളവ്യ. രണ്ടുതവണ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്. മരണാനന്തര ബഹുമതിയായാണ് മദൻ മോഹൻ മാളവ്യക്ക് ഭാരതരത്‌ന നൽകുക. സ്വാതന്ത്ര്യ സമരനേതാവ്, വിദ്യാഭ്യാസപ്രവർത്തകൻ, എന്നീനിലകളിൽ പ്രസിദ്ധനായ രാഷ്ട്രീയക്കാരനാണ് മദൻ മോഹൻ മാളവ്യ.

സ്വതന്ത്ര്യപത്രപ്രവർത്തനം, സ്വദേശിവ്യവസായങ്ങളുടെ നവീകരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹം ഹൈന്ദവ ദേശീയതയോടുള്ള ആഭിമുഖ്യം കൊണ്ടും ശ്രദ്ധേയനായി. പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ദേശീയ പ്രസിഡന്റായി നാലുതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ സർവ്വകലാശാലയായ, ലോകത്തിലെ വലിയ സർവ്വകലാശാലകളിൽ ഒന്നായ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ സ്ഥാപകനായാണ് (1916)അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്. ആർട്‌സ്, സയൻസ്, എഞ്ചിനീയറിങ്, സാങ്കേതിക വിദ്യാ രംഗങ്ങളിൽ നിരവധി കോഴ്‌സുകൾ നടത്തുന്ന ഈ റെസിഡൻഷ്യൽ യൂണിവേഴ്‌സിറ്റിയുടെ വൈസ്ചാൻസലറായി ദീർഘകാലം അദ്ദേഹം സേവനമനുഷ്ഠിച്ചു.

ഇന്ത്യൻ സ്‌കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളുമായിരുന്നു അദ്ദേഹം. മദൻ മോഹൻ മാളവ്യയുടെ നേതൃത്വത്തിൽ അലഹബാദിൽ നിന്നും 1909 ൽ ആരംഭിച്ച ദി ലീഡർ എന്ന ഇംഗ്ലീഷ് പത്രം ഏറെ സ്വാധീനവും പ്രചാരവുമുള്ള പത്രമായിരുന്നു. 1924 മുതൽ 1946 വരെ ഹിന്ദുസ്ഥാൻ ടൈംസിന്റെ ചെയർമാൻ പദവി അലങ്കരിച്ച മാളവ്യ അതിന്റെ ഹിന്ദി പതിപ്പ് പുറത്തിറക്കുന്നതിനും ചുക്കാൻ പിടിച്ചു. ജാതിവ്യത്യാസങ്ങലെ കഠിനമായി എതിർത്ത മാളവ്യ ഹരിജനങ്ങൾക്ക് ക്ഷേത്ര പ്രവേശനത്തിനായുള്ള സമരങ്ങൾക്കും നേതൃത്വം നൽകി. 1946 നവംബർ 12 ന് മദന്മോഹൻ മാളവ്യ അന്തരിച്ചു.

മദൻ മോഹൻ മാളവ്യയ്ക്ക് ഭാരതരത്‌നം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് കാലത്ത് തന്നെ സൂചിപ്പിച്ചിരുന്നു. മോദിയുടെ മണ്ഡലമായ വാരണാസി കേന്ദ്രീകരിച്ച് പ്രവർത്തിച്ച വ്യക്തിയാണ് മാളവ്യ. അദ്ദേഹത്തിന്റെ നേട്ടങ്ങളെ സ്മരിച്ചു കൊണ്ടാണ് പ്രചരണ രംഗത്തും മോദി സജീവമായിരുന്നത്. വാരണാസിയിലെ പ്രാദേശിക രാഷ്ട്രീയം കൂടുതൽ അനുകൂലമാക്കാനും ഈ ഭാരതരത്‌ന പ്രഖ്യാപനത്തിലൂടെ മോദി ലക്ഷ്യമിടുന്നുണ്ട്.

(ക്രിസ്മസ് പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (25.12.2014) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും ക്രിസ്മസ് ആശംസകൾ- എഡിറ്റർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP