Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കുടുംബത്തിന്റെ' ഭദ്രതക്ക് വേണ്ടി എം ഫില്ലിന് റാങ്ക് കിട്ടിയ പെൺകുട്ടി ക്ലർക്കായി തൊഴിൽ ചെയ്യുന്നതും എഞ്ചിനീറിംഗിൽ റാങ്ക് കിട്ടിയ കുട്ടി വീട്ടമ്മയായി കഴിയുന്നതും കേരളത്തിൽ 'സ്വഭാവികം'; അഭ്യസ്തവിദ്യരായ വനിതകൾ ഇപ്പോഴും വീട്ടിലെ ബി നിലവറയിലെ രത്‌നങ്ങളായി കഴിയുന്നു; വനിതാ ദിനത്തിൽ മുരളി തുമ്മാരുകുടിയുടെ ചിന്ത

'കുടുംബത്തിന്റെ' ഭദ്രതക്ക് വേണ്ടി എം ഫില്ലിന് റാങ്ക് കിട്ടിയ പെൺകുട്ടി ക്ലർക്കായി തൊഴിൽ ചെയ്യുന്നതും എഞ്ചിനീറിംഗിൽ റാങ്ക് കിട്ടിയ കുട്ടി വീട്ടമ്മയായി കഴിയുന്നതും കേരളത്തിൽ 'സ്വഭാവികം'; അഭ്യസ്തവിദ്യരായ വനിതകൾ ഇപ്പോഴും വീട്ടിലെ ബി നിലവറയിലെ രത്‌നങ്ങളായി കഴിയുന്നു; വനിതാ ദിനത്തിൽ മുരളി തുമ്മാരുകുടിയുടെ ചിന്ത

മുരളി തുമ്മാരുകുടി

പ്പോൾ ലോകത്ത് എല്ലാ ഐഡിയോളോജി ഉള്ള രാജ്യങ്ങളിലും വനിതാ ദിനം ആഘോഷിക്കുന്നുണ്ടെങ്കിലും ആയിരത്തി തൊള്ളായിരത്തി പത്തിൽ രണ്ടാമത്തെ സോഷ്യലിസ്റ്റ് ഇന്റർനാഷണൽ ആണ് മാർച്ച് എട്ടിനെ വനിതാ ദിനം ആയി പ്രഖ്യാപിച്ചത്. സ്ത്രീകൾക്ക് നേതൃസ്ഥാനം പോയിട്ട് വോട്ടവകാശം പോലും ഇല്ലാതിരുന്ന ഒരു കാലത്താണ് ഇങ്ങനൊരു ചിന്ത എന്നോർക്കണം.

സ്ത്രീകളുടെ കാര്യത്തിൽ എനിക്ക് ഒരു പ്രത്യേക താല്പര്യമുണ്ടെന്ന് എന്റെ വായനക്കാർക്ക് അറിയാമല്ലോ. അതിന്റെ കാരണം ജൈവികം മാത്രമല്ല. മനുഷ്യകുലത്തിലെ കഴിവുകളും നേതൃത്വഗുണവും ആൺകുട്ടികളിലും പെൺകുട്ടികളിലും ഒരുപോലെയാണ് വിന്യസിക്കപ്പെട്ടിരിക്കുന്നതെന്ന് ഞാൻ ആത്മാർഥമായി വിശ്വസിക്കുന്നതുകൊണ്ടുകൂടിയാണ്. അത് വളരാനും പ്രകടിപ്പിക്കാനും കുടുംബവും സമൂഹവും വേണ്ടത്ര പിന്തുണ കൊടുക്കാത്തതുകൊണ്ടാണ് സ്ത്രീകൾക്ക് എഞ്ചിനീയർ മുതൽ എം പി വരെയുള്ള സ്ഥാനങ്ങളിൽ വേണ്ടത്ര പ്രാതിനിധ്യം ലഭിക്കാതിരിക്കാൻ കാരണമാകുന്നത്. എന്നാൽ ഇതിന്റെ നഷ്ടം സ്ത്രീകൾക്ക് മാത്രമല്ല എന്നതാണ് സത്യം. ലഭ്യമായ ടാലന്റ് പൂളിന്റെ പകുതി ഭാഗം നാം ഉപയോഗിക്കാതിരിക്കുകയും, മറ്റേ പകുതിയിൽ നിന്നു മാത്രം ബഹുഭൂരിപക്ഷം നേതാക്കളെയും എൻജിനീയർമാരെയും മാനേജർമാരെയും നാം കണ്ടെത്തുകയും ചെയ്യുമ്പോൾ, ഓരോ പദവിക്കും ഏറ്റവും അനുയോജ്യർ ആയവർ അല്ല അവിടെ എത്തുന്നത്. ഇതിലൂടെ സമൂഹത്തിനും വലിയ നഷ്ടം സംഭവിക്കുന്നുണ്ട്. ഇതുകൊണ്ടാണ് വീണ്ടും വീണ്ടും സ്ത്രീകൾക്ക് കുട്ടികൾ ആയിരിക്കുമ്പോൾ തന്നെ തുല്യ അവസരങ്ങൾ കൊടുക്കണം എന്ന് ഞാൻ എപ്പോഴും വാദിക്കുന്നത്.

സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ അവസരങ്ങളുടെ കുറവ് ലോകത്ത് എങ്ങും ഉള്ള പ്രശ്‌നം ആണ്. അതുകൊണ്ടു തന്നെ ലഭ്യമായ ടാലന്റുകളിൽ ഏറ്റവും നല്ലത് ആ സമൂഹത്തിന് ഉപയോഗിക്കാൻ പറ്റാതെ വരുന്നതും പാശ്ചാത്യ രാജ്യങ്ങൾ ഉൾപ്പടെ സ്ത്രീ വിമോചനത്തിൽ ഒക്കെ ഏറെ മുന്നോട്ടു പോയിട്ടുണ്ട് എന്ന് നാം വിശ്വസിക്കുന്ന രാജ്യങ്ങളിൽ വരെ സാധാരണമാണ്. എന്നാൽ ഇക്കാര്യത്തിൽ കേരളം മറ്റുള്ളവയെക്കാൾ കൂടുതൽ നഷ്ടം അനുഭവിക്കുന്ന സ്ഥലമാണ്. ഒരുദാഹരണം പറയാം. കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷം കേരളത്തിലെ യൂണിവേഴ്‌സിറ്റികളിൽ നിന്നും വിവിധ വിഭാഗങ്ങളിൽ ആദ്യത്തെ മൂന്ന് റാങ്ക് കിട്ടിയ വിദ്യാർത്ഥികളുടെ ലിസ്റ്റ് എടുത്താൽ അതിൽ ആൺകുട്ടികൾ ബഹുഭൂരിപക്ഷവും കേരളത്തിന് പുറത്തായിരിക്കും ഇപ്പോൾ ജോലി ചെയ്യുന്നത്. കാരണം സാമ്പത്തികവും സാമൂഹ്യവുമായ പുരോഗതി നേടുന്നുണ്ടെങ്കിലും തൊഴിലുകളുടെ 'സോഫിസ്റ്റിക്കേഷൻ' വെച്ചുനോക്കിയാൽ കേരളം ഇപ്പോഴും ഒരു കുഗ്രാമമാണ്. ഒരു ഡിഗ്രി തോറ്റവർക്ക് ചെയ്യാൻ പറ്റാത്ത ജോലികൾ കേരളത്തിൽ അപൂർവമാണ്, അപ്പോൾ റാങ്ക് നേടുന്നവരുടെ കാര്യം പറയാനും ഇല്ലല്ലോ. മിടുക്കന്മാർക്ക് കേരളത്തിൽ നിൽക്കാൻ അവസരമില്ല, അവർ നിൽക്കാറുമില്ല. (അപവാദങ്ങൾ കണ്ടേക്കാം).

അതേസമയം റാങ്ക് കിട്ടിയ സ്ത്രീകളിൽ ഏറെപ്പേർ വീട്ടുകാരുടെ സമ്മർദ്ദം കൊണ്ടും വീട്ടമ്മമാരായി ജീവിക്കുന്നതുകൊണ്ടും ഇപ്പോഴും കേരളത്തിൽ തന്നെയുണ്ട്. പക്ഷെ, പഠനം കഴിഞ്ഞാൽ പിന്നെ അവരുടെ കഴിവുകളെപ്പറ്റി ആരും അന്വേഷിക്കാറില്ല, അതിനെ പ്രയോജനപ്പെടുത്താൻ കേരളത്തിൽ ഇപ്പോൾ സംവിധാനങ്ങളുമില്ല. കേരളത്തിന് പുറത്ത് വളർന്ന വിവാഹശേഷം കേരളത്തിലേക്ക് തിരിച്ചു വരുന്ന മലയാളി പെൺകുട്ടികളുടെ കാര്യവും ഇതുപോലെയാണ്. കേരളത്തിന് പുറത്ത് വളർന്ന ആൺകുട്ടികളിൽ ഒരു ശതമാനം പോലും കേരളത്തിലേക്ക് തിരിച്ചു വരാറില്ല, പക്ഷെ കുടുംബങ്ങൾ തീരുമാനിക്കുന്ന വിവാഹങ്ങളുടെ ഭാഗമായി ഏറെ പെൺകുട്ടികൾ, അവർക്ക് നല്ല വിദ്യാഭ്യാസവും, ഭാഷ പരിജ്ഞാനവും ലോകപരിചയവും ഒക്കെ ഉണ്ട്, തിരിച്ചു കേരളത്തിൽ എത്തി തൊഴിലില്ലാതെയോ അവരുടെ യോഗ്യതക്ക് ഒത്ത തൊഴിൽ കിട്ടാതെയോ ജീവിക്കുന്നു.

'കുടുംബത്തിന്റെ' ഭദ്രതക്കും സൗകര്യത്തിനും വേണ്ടി എം ഫില്ലിന് റാങ്ക് കിട്ടിയ പെൺകുട്ടി ക്ലർക്കായി തൊഴിൽ ചെയ്യുന്നതും എഞ്ചിനീറിംഗിൽ റാങ്ക് കിട്ടിയ കുട്ടി വീട്ടമ്മയായി തൊഴിൽരംഗത്തു നിന്നും മാറിനിൽക്കുന്നതും സമൂഹം തികച്ചും 'സ്വഭാവികമായി'ട്ടാണ് കാണുന്നത്. എന്നിട്ടോ ഇവരേക്കാൾ പല തരത്തിലും കഴിവ് കുറഞ്ഞവർ തൊഴിൽ രംഗത്തും നേതൃത്വ രംഗത്തും മുന്നോട്ട് കുതിക്കുന്നു. ജീവിതത്തിൽ മുന്നോട്ട് പോകുന്നത് അക്കാദമിക് മികവിന്റെ മാത്രം ബലത്തിൽ ആണെന്നോ ആകണമെന്നോ വിശ്വസിക്കുന്ന ആളല്ല ഞാൻ. എന്നാൽ അക്കാദമിക് മികവുള്ള സ്ത്രീകൾ തൊഴിൽ രംഗത്തു മുന്നോട്ടു പോകാത്തത് അവർക്ക് മറ്റു കഴിവുകൾ ഇല്ലാത്തതിനാലല്ല, മറിച്ച് സമൂഹം ആ കഴിവുകൾ അറിയാനും ഉപയോഗിക്കാനുമുള്ള അവസരം ഉണ്ടാക്കുന്നില്ല എന്നതിനാലാണ്.

അഭ്യസ്തവിദ്യരായ, ലോകം കണ്ടിട്ടുള്ള, പല ഭാഷകൾ അറിയുന്ന എഞ്ചിനീയറിങ് തൊട്ട് പി എച്ച് ഡി വരെ വിദ്യാഭ്യാസമുള്ള ധാരാളം വനിതകളാണ് വീട്ടമ്മമാരായും സാധാരണ ജോലിക്കാരായും സമൂഹത്തിന്റെ ബി നിലവറയിലും സി നിലവറയിലും ഒക്കെ അടച്ചിട്ടപ്പെട്ടിരിക്കുന്നത്. പലരും കുറച്ചു നാൾ ഒക്കെ കേരളത്തിന് അകത്തും പുറത്തും ഒക്കെ ജോലി ചെയ്തവരും ആണ്. കുട്ടികൾ ആകുന്നതോടെ പലപ്പോഴും തൊഴിൽ ഉപേക്ഷിക്കും, പിന്നെ കുട്ടികൾ ഒക്കെ വലുതായി കഴിയുമ്പോഴേക്കും തിരിച്ചു തൊഴിൽ രംഗത്ത് എത്തിപ്പറ്റാൻ കഴിയാതെ വരും. അങ്ങനെ വ്യക്തിപരമായി നിരാശരായിരിക്കുന്ന ഏറെ പേരെ നമുക്കെല്ലാം അറിയാം. അതേ സമയം ഭാഷ പഠിപ്പിക്കൽ തൊട്ട് കോപ്പി എഡിറ്റിങ് വരെ പാലിയേറ്റിവ് കെയർ തൊട്ട് ഓൾഡ് ഏജ് ഹോം വരെ അനവധി തൊഴിലിലും വളണ്ടിയർ സംവിധാനത്തിലും ഇവരുടെ സമയവും കഴിവുകളും ഉപയോഗിക്കാൻ ഉള്ള ഏറെ സാധ്യതകൾ ഉണ്ട്. ഇവരിൽ പലരും മുഴുവൻ സമയം ജോലിയല്ല അന്വേഷിക്കുന്നത്, അധികം ശമ്പളം കിട്ടണം എന്ന ആഗ്രഹവും ഇല്ല. അവരുടെ കഴിവുകൾ അംഗീകരിക്കപ്പെടണം എന്നതാണ് അവരുടെ ആദ്യത്തെ ആഗ്രഹം, ചെറുതാണെങ്കിലും 'സ്വന്തം' എന്ന് പറയാൻ ആയിരം രൂപ എങ്കിലും മാസം ഉണ്ടാക്കണം, വീടിനു പുറത്ത് മറ്റുള്ളവരും ആയി ഇടപഴകാൻ ഉള്ള അവസരം വേണം ഇതൊക്കെയാണ് കൂടുതൽ പ്രധാനം. ഇതൊന്നും ഞാൻ വെറുതെ പറയുന്നതല്ല. കഴിഞ്ഞ പത്തു വർഷമായി ഇത്തരത്തിൽ ഉള്ള അനവധി സ്ത്രീകളെ ഞാൻ പരിചയപ്പെട്ടിട്ടുണ്ട്, അത്യാവശ്യം ഉള്ള സമയത്ത് ഞാൻ ഇന്റർനെറ്റ് ഗവേഷണം മുതൽ കോപ്പി എഡിറ്റിങ് വരെ ബാങ്കിങ് കാര്യങ്ങൾ മുതൽ ഇൻവെസ്റ്റ്‌മെന്റ് വരെ ഉള്ള ഉത്തരവാദിത്തങ്ങൾ അവരെ ഏൽപ്പിച്ചിട്ടുണ്ട്. ഏറെ സന്തോഷത്തോടെ, കാര്യക്ഷമമായി അവർ ഈ കാര്യങ്ങൾ നടത്തി തരാറുണ്ട്, ഇപ്പോഴും ചെയ്യുന്നു. ചെയ്യുന്ന തൊഴിലിന് ന്യായമായ പണം നൽകുന്നു. അവരും ഹാപ്പി ഞാനും ഹാപ്പി.

കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ പ്രത്യേക താല്പര്യം എടുക്കണം. ആദ്യം വേണ്ടത് നിലവറയിലെ കണക്കെടുപ്പാണ്. ഏതൊക്ക സ്‌കിൽ ഉള്ള സ്ത്രീകൾ ആണ് നമ്മുടെ വീട്ടമ്മമാരിൽ ഉള്ളത്, അവരിൽ എത്ര പേർ പാർട്ട് ടൈം ആയി തൊഴിലിനോ വളണ്ടീയറിങ്ങിനോ തയ്യാറാണ് എന്നൊക്ക കണ്ടു പിടിക്കുക. ഇവരിൽ എത്ര പേർ കുടുംബശ്രീ പോലുള്ള സംവിധാനങ്ങളുടെ പുറത്താണ്, എന്തുകൊണ്ട് എന്നൊക്കെ പഠനവിധേയം ആക്കണം. എന്നിട്ട് ഇവരെ ഒറ്റക്കും കൂട്ടായും സമൂഹത്തിന് ഉപകാരപ്പെടുന്ന എന്തെങ്കിലും ഒക്കെ മേഖലകളിലേക്ക് തിരിച്ചു വിടാൻ ഉള്ള പദ്ധതികൾ ഉണ്ടാക്കുക. ഈ സ്റ്റാർട്ട് അപ്പ് എന്നതൊക്കെ എൻജിനീയറിങ് കഴിഞ്ഞ കുട്ടികളുടെ മാത്രം കുത്തകയല്ലല്ലോ. അതിലേക്ക് ഇവരെ കൊണ്ടുവരാൻ ഉള്ള പരിശീലനം നൽകുക.

ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്ക് കേരളം എത്തിച്ചേരണം എങ്കിൽ നമ്മുടെ മണ്ണിലും സ്വർണ്ണത്തിലും നാം കുഴിച്ചിട്ടിരിക്കുന്ന പണം മാത്രം പുറത്തു വന്നാൽ പോരാ, വിദേശത്തേക്ക് നാം കയറ്റി അയച്ചിരിക്കുന്ന ടാലന്റുകളും നമ്മുടെ കുടുംബത്തിൽ നാം തളച്ചിട്ടിരിക്കുന്ന കഴിവുകളും ഒക്കെ പുറത്തെത്തിക്കണം. അവർ സമൂഹത്തിലും നേതൃത്വത്തിലും എത്തണം. അതിൽ പ്രധാനമായത് നമ്മുടെ സ്ത്രീകൾ തന്നെയാണ്. നമ്മുടെ സ്ത്രീകൾ തൊഴിൽ രംഗത്തും നേതൃത്വ രംഗത്തും തുല്യമോ അതിനപ്പുറമോ ഉള്ള സ്ഥാനം വഹിക്കുന്ന, ലോകത്തിന് മാതൃകയായ, ഒരു സ്ഥലം തന്നെയാണ് ഞാൻ സ്വപ്നം കാണുന്ന കിനാശ്ശേരി.

എല്ലാവർക്കും വനിതാ ദിന ആശംസകൾ...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP