Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുറച്ച് മാവോ വാദികളും വിധ്വംസക ശക്തികളും കലാപത്തിന് വേണ്ടി നടത്തിയ മാർച്ച്; ബിജെപി വരെ ചെങ്കൊടി പിടിച്ച ജനകീയ സമരത്തെ തള്ളിപ്പറഞ്ഞ് കെ സുരേന്ദ്രൻ; പിന്നെന്തിന് ബിജെപി സർക്കാർ വഴങ്ങിക്കൊടുത്തുവെന്ന് സോഷ്യൽ മീഡിയ

കുറച്ച് മാവോ വാദികളും വിധ്വംസക ശക്തികളും കലാപത്തിന് വേണ്ടി നടത്തിയ മാർച്ച്; ബിജെപി വരെ ചെങ്കൊടി പിടിച്ച ജനകീയ സമരത്തെ തള്ളിപ്പറഞ്ഞ് കെ സുരേന്ദ്രൻ; പിന്നെന്തിന് ബിജെപി സർക്കാർ വഴങ്ങിക്കൊടുത്തുവെന്ന് സോഷ്യൽ മീഡിയ

 

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ കർഷക സമരത്തെ അവഹേളിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഇതിലൂടെ വലിയൊരു കലാപമായിരുന്നു അവരുടെ ലക്ഷ്യമെന്നും ഒരു വെടിവെപ്പും അതിലൂടെ രാഷ്ട്രീയ മുതലെടുപ്പാണ് സമരക്കാർ ആഗ്രഹിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു. എന്നാൽ സുരേന്ദ്രനെതിരെ അതി ശക്തമായാണ് സോഷ്യൽ മീഡിയ പ്രതികരിച്ചത്.

മഹാരാഷ്ട്ര ഗവൺമെന്റിനെ തന്നെ ഞെട്ടിച്ച സമരത്തെ ഇത്തരത്തിൽ കാണുന്നത് മനോ വൈകല്യം മൂലമാണ് എന്നാണ് സോഷ്യൽ മീഡിയ പ്രതികരിക്കുന്നത്. ആവശ്യങ്ങളെല്ലാം പരിഹരിക്കാമെന്ന് സംസ്ഥാനസർക്കാർ രേഖാമൂലം ഉറപ്പുനൽകിയത് പിന്നെ എന്തുകൊണ്ടാണ് എന്നാണ് സുരേന്ദ്രനോട് ജനങ്ങൾ ചോദിക്കുന്നത്.

മുംബൈയിലെ രാഷ്ട്രീയ, സാസ്‌കാരിക, സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും അത്യപൂർവപിന്തുണ ഏറ്റുവാങ്ങിയ സമരം ഒത്തുതീർക്കാൻ സംസ്ഥാനസർക്കാർ നിർബന്ധിതമായത് ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു. പല ബിജെപി പ്രവർത്തകരും സമരത്തെ അംഗീകരിച്ച് രംഗത്തെത്തിയിരുന്നു.

ലോങ് മാർച്ചിനെ ചിലർ പൂക്കൾ വിതറിയാണ് സ്വീകരിച്ചത്. ചോര വാർന്നൊലിക്കുന്ന കാലുകൾക്കു ചെരിപ്പുകളുമായി ചിലർ ഓടിയെത്തി, മറ്റു ചിലർ ഈന്തപ്പഴവും വടാപാവും വെള്ളവുമായി രാത്രിയിലുടനീളം കാത്തുനിന്നു. നാസിക്കിൽ നിന്നു 180 കിലോമീറ്റർ പിന്നിട്ടെത്തിയ കർഷക മാർച്ചിനെ മുംബൈ സ്നേഹം കൊണ്ട് സ്വീകിരച്ചു. രാഷ്ട്രീയം മറന്ന് ഏവരും ഒരുമിച്ചു. ഇതോടെ സമരം വലിയ വിജയമായി. ഐഐടി വിദ്യാർത്ഥികൾ കർഷകർക്കൊപ്പം ജാഥയിൽ അണിനിരന്നു. റസിഡന്റ്സ് അസോസിയേഷനുകൾ വലിയ വാട്ടർ ട്രക്കുകൾ വരെ ഏർപ്പെടുത്തിയിരുന്നു.

ഇതിനെയെല്ലാമാണ് കെ സുരേന്ദ്രൻ അവഹേളിച്ചത്. അതേ സമയം സമരത്തെ അവഹേളിച്ച് സുരേന്ദ്രനെതിരെ അതിശക്തമായാണ് ജനങ്ങൾ പ്രതികരിക്കുന്നത്.

കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സത്യത്തിൽ വലിയൊരു കലാപമായിരുന്നു ലക്ഷ്യം. ഒരു വെടിവെപ്പും അതിലൂടെ രാഷ്ട്രീയ മുതലെടുപ്പും. ഗുജറാത്ത് ഹിമാചൽ തെരഞ്ഞെടുപ്പുകൾക്കുശേഷം മഹാരാഷ്ട്രയിൽ ഇതു രണ്ടാം തവണയാണ് ഈ ഗൂഢാലോചന നടക്കുന്നത്. ആദ്യം പ്ളാൻ ചെയ്തത് വലിയൊരു ജാതി കലാപമായിരുന്നു. അതു ദയനീയമായി പരാജയപ്പെട്ടു. ദേവേന്ദ്ര ഫട്നാവീസ് ഈ നീക്കവും സമർത്ഥമായി നേരിട്ടു.

ബംഗാളിൽ കൃഷിക്കാരെ കോർപ്പറേററുകൾക്കുവേണ്ടി വെടിവെച്ചുകൊന്നവരാണ് ഇപ്പോൾ കർഷകരുടെ സംരക്ഷകരായി സമരം ചെയ്യുന്നത്. അതും സലീം ഗ്രൂപ്പിനുവേണ്ടി കൂട്ടക്കുരുതി നടത്തിയവർ. വിയററ് നാം യുദ്ധത്തിൽ കമ്യൂണിസ്ടുകളെ കൊന്നൊടുക്കാൻ പണം വാരി എറിഞ്ഞവർക്കുവേണ്ടിയാണ് അവർ കൃഷിക്കാരെ കുരുതി കൊടുത്തത് എന്നോർമ്മിക്കണം. ഇനിയും ഇത്തരം നീക്കങ്ങൾ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പുവരെ പ്രതീക്ഷിക്കാം.

വലിയ വായിൽ സമരത്തെ പുകഴ്‌ത്തുന്നവരെ ഒരു കാര്യം വിനയത്തോടെ ഓർമ്മിപ്പിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ സി. പി. എമ്മിനു കിട്ടിയത് വെറും ഒന്നേ കാൽ ശതമാനം വോട്ടാണ്. കേരളത്തിൽനിന്നു പോയ കിസാൻ സഭക്കാരും പിന്നെ കുറെ മാവോവാദികളും വിധ്വംസക ശക്തികളും ചേർന്നാണ് ഈ സമരം നടത്തിയത്. പിന്തുണ പ്രഖ്യാപിച്ച പിണറായി വിജയൻ സ്വന്തം നാട്ടിലെ കൃഷിക്കാരൊക്കെ വലിയ നിലയിലെത്തിക്കഴിഞ്ഞു എന്നാണോ വിചാരിക്കുന്നത്? അല്ലെങ്കിൽ തന്നെ രാഷ്ട്രീയ കൃഷിയല്ലാതെ എന്താണ് കേരളത്തിൽ പച്ചപിടിച്ച വേറൊരു കൃഷിയുള്ളത്?

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP