Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗൂഢാലോചന നടത്തി തട്ടിക്കൊണ്ട് പോയി രക്ഷപെടാൻ ആകാത്ത വിധം വാഹനത്തിൽ തടഞ്ഞ് വച്ച് ബലാത്സംഗം ചെയ്തുവെന്നത് പൾസറിനും ദിലീപിനുമെതിരായ കുറ്റാരോപണം; ആദ്യ ദിനം പ്രതികളെ പേരുവിളിച്ച് പ്രതിക്കൂട്ടിൽ കയറ്റി നിർത്തും; നാളെ അഭിഭാഷകർ ഹാജരായാലും മതി; കുറ്റപത്രം വായനയും വിചാരണയും തുടങ്ങുക മധ്യവേനൽ അവധിക്ക് ശേഷവും; പൾസറിനൊപ്പം ഒറ്റക്കൂട്ടിൽ നിൽക്കാൻ നാളെ ജനപ്രിയ നായകൻ എത്തുമോ? എല്ലാ കണ്ണുകളും എറണാകുളം കോടതിയിലേക്ക്

ഗൂഢാലോചന നടത്തി തട്ടിക്കൊണ്ട് പോയി രക്ഷപെടാൻ ആകാത്ത വിധം വാഹനത്തിൽ തടഞ്ഞ് വച്ച് ബലാത്സംഗം ചെയ്തുവെന്നത് പൾസറിനും ദിലീപിനുമെതിരായ കുറ്റാരോപണം; ആദ്യ ദിനം പ്രതികളെ പേരുവിളിച്ച് പ്രതിക്കൂട്ടിൽ കയറ്റി നിർത്തും; നാളെ അഭിഭാഷകർ ഹാജരായാലും മതി; കുറ്റപത്രം വായനയും വിചാരണയും തുടങ്ങുക മധ്യവേനൽ അവധിക്ക് ശേഷവും; പൾസറിനൊപ്പം ഒറ്റക്കൂട്ടിൽ നിൽക്കാൻ നാളെ ജനപ്രിയ നായകൻ എത്തുമോ? എല്ലാ കണ്ണുകളും എറണാകുളം കോടതിയിലേക്ക്

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: രക്ഷപെടാൻ ആകാത്ത വിധം വാഹനത്തിൽ തടഞ്ഞ് വച്ച് ബലാത്സംഗം ചെയ്യുക, ഗൂഢാലോചന നടത്തി തട്ടിക്കൊണ്ട് പോകുക,തെളിവ് നശിപ്പിക്കാൻ ശ്രമിക്കുക തുടങ്ങിയ ഒന്നാം പ്രതിക്കെതിരെയുള്ള പ്രധാനകുറ്റങ്ങൾ. ബലാത്സംഗത്തിനും ,തട്ടിക്കൊണ്ട് പോകലിനും ,തെളിവ് നശിപ്പിക്കലിനുമുള്ള ഗൂഢാലോചനയിൽ എട്ടാം പ്രതിക്ക് പങ്ക് .മറ്റുള്ളവർ കൂട്ടായും ഉത്സാഹികളുമായി കുറ്റകൃത്യത്തിൽ പങ്കെടുത്തവരെന്നും പരാമർശം.

നടിയെ ആക്രമിച്ച കേസിൽ പ്രതികൾ നടത്തിയിട്ടുള്ള കുറ്റകൃത്യങ്ങളെ സംബന്ധിച്ച് പ്രൊസിക്യൂഷൻ സമർപ്പിച്ചിട്ടുള്ള കുറ്റപത്രത്തിലെ പ്രധാന സൂചന ഇങ്ങിനെ. നാളെ വിചാരണ കോടതി പ്രതികളെ സമൻസ് അയച്ച് വിളിപ്പിച്ചിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി പൾസർ സുനിയും എട്ടാം പ്രതി നടൻ ദിലീപുമാണ്. കേസിൽ ഇവരുൾപ്പെടെ 12 പേർക്കെതിരെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.

നാളെ മറ്റു നടപടിയൊന്നും ഉണ്ടാവില്ല. പേരുവിളിച്ച് പ്രതിക്കൂട്ടിൽ കയറ്റി നിർത്തും. പ്രതികൾക്കുവേണ്ടി അഭിഭാഷകർ ഹാജരായാലും മതി. തുടർന്നു കക്ഷികളുടെ പ്രാരംഭ വാദവും കുറ്റപത്രം വായിച്ചു കേൾക്കാനും വേണ്ടി കേസ് മറ്റൊരു ദിവസത്തിലേക്കു മാറ്റും. പിന്നീടാകും വിസ്താരം ആരംഭിക്കുക. ഇപ്പോഴത്തെ സാഹചര്യത്തിൽ മധ്യവേനൽ അവധിക്കുശേഷമാകും വിചാരണ ആരംഭിക്കുക. വിചാരണ തുടങ്ങിയാൽ ഇടയ്ക്കിടെ താരം കോടതി കയറേണ്ടി വരും. അതുകൊണ്ടുതന്നെ സിനിമാ അഭിനയത്തിൽനിന്നു തൽക്കാലം വിട്ടുനിൽക്കാനാണ് ദിലീപ് ആലോചിക്കുന്നത്. നാളെ കോടതയിൽ ദിലീപ് എത്തുമോ എന്നത് ഏവരും ആകാംഷയോടെ ഉറ്റുനോക്കുന്ന കാര്യമാണ്. പൾസറും ദിലീപും നാളെ ഒരു പ്രതിക്കൂട്ടിൽ നിൽക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.

355 സാക്ഷികളുള്ള കേസിൽ പ്രൊസിക്യൂഷൻ 272 രേഖകളും പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അറുപത് ദിവസത്തിനുള്ളിൽ ആദ്യകുറ്റപത്രം സമർപ്പിച്ചിരുന്നു. കഴിഞ്ഞ മെയ് 19 മുതൽ പെരുമ്പാവൂർ സി ഐ ബൈജു പൗലോസിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ദിലീപ് കുടുങ്ങിയത്. അറുമാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ നവംമ്പറിലാണ് കേസിൽ ദിലീപിനെ പൊലീസ് അനുബന്ധകുറ്റപത്രം സമർപ്പിക്കുന്നത്. കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിനാവശ്യമായ ശക്തമായ തെളിവുകളും സാക്ഷികളുമുണ്ടെന്നും പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി ഐ ബൈജു പൗലോസ് മറുനാടനോട് വ്യക്തമാക്കി.

ഐ പി സി 376 ഡിയാണ് പൾസർ സുനിക്കെതിരെ ചുമത്തിയിട്ടുള്ള പ്രധാന വകുപ്പ്. ഒറ്റയ്‌ക്കോ കൂട്ടായോ സ്ത്രീയെ മാനഭംഗപ്പെടുത്തുക എന്നത്് ഈ വകുപ്പിന്റെ നിർവ്വചനത്തിൽ ഉൾപ്പെടും. ദേഹോപദ്രവം എൽപ്പിച്ചതിൽ പ്രധാന പങ്ക് പൾസർ സുനിക്കാണെന്നാണ് പ്രൊസിക്യൂഷൻ വിവരിച്ചിട്ടുള്ളത്. മറ്റുള്ളവർ കൈയിൽ പിടിക്കുകയും മറ്റ് ചെയ്ത് സുനിയെ സഹായിക്കുക മാത്രമാണ് ചെയ്തതന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ശിക്ഷാനിയമത്തിൽ അടുത്തകാലത്തുണ്ടായ മാറ്റമുൾക്കൊണ്ടാണ് പൾസർ സുനിക്കെതിരെ പൊലീസ് ഐ പി സി 376 ഡി ചുമത്തിയതെന്നാണ് ചൂണ്ടികാണിപ്പെടുന്നത്.

നേരത്തെ ബലപ്രയോഗത്തിലൂടെ ശാരീരിക ബന്ധത്തിലേർപ്പെട്ടാൽ മാത്രമേ കുറ്റവാളിക്കെതിരെ പൊലീസ് ഈ വകുപ്പ് ചുമത്തിയിരുന്നുള്ളു. എന്നാൽ ഇപ്പോൾ ദുരുദ്ദേശ്യത്തോടെ സ്ത്രികളുടെ രഹസ്യഭാഗങ്ങളിൽ സ്പർശിച്ചാൽ പോലും ഈ വകുപ്പ് ഉൾപ്പെടുത്തി പ്രതിക്കെതിരെ പൊലീസിന് കേസെടുക്കാമെന്ന സ്ഥിതിയിലേക്ക് നിയമം പരിഷ്‌കരിച്ചിട്ടുണ്ടെന്ന് നിയമ വിദഗ്ദ്ധർ വ്യക്തമാക്കി. ഈ വകുപ്പുകളെല്ലാം പ്രധാന ഗൂഢാലോചനക്കാരനായ ദിലീപിനെതിരേയും പൊലീസ് ചുമത്തുന്നു.

നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ വിചാരണ വൈകിപ്പിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ നിർണായക തെളിവായ മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ പകർപ്പും ഇതിന്റെ ശബ്ദരേഖയും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ വാക്കാലുള്ള പരാമർശം. ദൃശ്യങ്ങളുടെ പകർപ്പിന് തനിക്ക് അവകാശം ഉണ്ടെന്നും ഇതു നിഷേധിക്കുന്നത് നിയമവിരുദ്ധമാണെന്നും ദിലീപ് ഹർജിയിൽ പറയുന്നു.

ദൃശ്യങ്ങളുടെ പകർപ്പും ശബ്ദരേഖയും തനിക്ക് ലഭ്യമാകുന്നതുവരെ വിചാരണ നടപടികൾ നിറുത്തി വെയ്ക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതു സാധ്യമല്ലെന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്. തുടർന്ന് കേസിൽ സർക്കാരിന്റെ നിലപാടറിയിക്കാൻ നിർദേശിച്ച് ഹർജി മാർച്ച് 21 ലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP