Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാർട്ടി ഉണ്ടാക്കും മുമ്പ് എംപിയായി മത്സരിക്കാൻ ഇറങ്ങിയതോടെ ശിഷ്ടകാലം വീരേന്ദ്രകുമാറിന് സ്വതന്ത്രനായി കഴിയേണ്ടി വരും; അയോഗ്യതാപേടിയിൽ പുതിയ പാർട്ടി ഉണ്ടാക്കിയാലും പദവി സ്വീകരിക്കാനാവാതെ സോഷ്യലിസ്റ്റ് നേതാവ്

പാർട്ടി ഉണ്ടാക്കും മുമ്പ് എംപിയായി മത്സരിക്കാൻ ഇറങ്ങിയതോടെ ശിഷ്ടകാലം വീരേന്ദ്രകുമാറിന് സ്വതന്ത്രനായി കഴിയേണ്ടി വരും; അയോഗ്യതാപേടിയിൽ പുതിയ പാർട്ടി ഉണ്ടാക്കിയാലും പദവി സ്വീകരിക്കാനാവാതെ സോഷ്യലിസ്റ്റ് നേതാവ്

തിരുവനന്തപുരം: കേരളത്തിലെ സോഷ്യലിസ്റ്റുകളുടെ നേതാവായ എംപി.വീരേന്ദ്രകുമാറിന് ഇനി പാർട്ടി പദവികൾ തൽകാലത്തേക്ക് ഏറ്റെടുക്കാനാവില്ല. വീരേന്ദ്രകുമാർ 'സ്വതന്ത്രനായി' രാജ്യസഭയിലെത്തുന്നതോടെ കേരളത്തിൽ ജനതാദൾ(യു) സംസ്ഥാന അധ്യക്ഷസ്ഥാനം വീരേന്ദ്രകുമാറിന് ഒഴിയേണ്ടിവരും.

ഭരണഘടനയും ജനപ്രാതിനിധ്യ നിയമവും അനുശാസിക്കുന്നതനുസരിച്ചു നിലവിൽ ഒരു രാഷ്ട്രീയപ്പാർട്ടിയുടെ ഭാഗമായി എംപിയോ എംഎൽഎയോ ആകുന്നവർ സ്വയം ആ പാർട്ടിയിൽ നിന്നുമാറി മറ്റൊന്നിന്റെ ഭാഗമായാൽ അയോഗ്യത നേരിടേണ്ടിവരും. സ്വതന്ത്രനായി മത്സരിച്ചു ജയിക്കുന്നവർക്കും ഇതു ബാധകമാണ്. അതുകൊണ്ട് തന്നെ സ്വതന്ത്രനായി ജയിച്ച് രാജ്യസഭയിലെത്തുന്ന വീരേന്ദ്രകുമാറിന് മറ്റൊരു പാർട്ടിയുടെ ഭാഗമാകാനാവില്ല. രാജ്യസഭയിലേക്കു സ്വതന്ത്രനായി നാമനിർദ്ദേശം ചെയ്യപ്പെടുന്നവർക്ക് ആറുമാസത്തിനു ശേഷം രാഷ്ട്രീയപ്പാർട്ടിയിൽ ചേരാൻ തടസ്സമില്ല.

അതുകൊണ്ട് തന്നെ രാജ്യസഭയിലെ ശേഷിക്കുന്ന നാലു വർഷത്തോളം ഏതെങ്കിലും പാർട്ടിയുടെ ഭാഗമായി പ്രവർത്തിക്കുന്നതിന് വീരന് വിലക്കുണ്ട്. ദേശീയതലത്തിൽ നിതീഷ്‌കുമാർ അധ്യക്ഷനായ ജനതാദളി(യു)നാണു തിരഞ്ഞെടുപ്പു കമ്മിഷന്റെ അംഗീകാരമുള്ളത്. കമ്മിഷന്റെ വിധിക്കെതിരെ കോടതിയെ ശരദ് യാദവ് വിഭാഗം സമീപിച്ചെങ്കിലും തീരുമാനമായിട്ടില്ല. ഇതിനിടെ സമാജ് വാദി ജനതാദൾ എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിക്കാൻ ചില നീക്കങ്ങൾ സമാന്തരമായി ശരദ് യാദവ് തുടങ്ങിവച്ചുവെങ്കിലും അതും പൂർത്തിയായില്ല. ഈ ഘട്ടത്തിൽ തന്നെ രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വന്നു. ഇതോടെ സ്വതന്ത്രനായി വീരേന്ദ്രകുമാർ പട്ടിക നൽകി. സ്വതന്ത്രനായി രാജ്യസഭാംഗമായതിനാൽ പിന്നീട് ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും. ഇതാണ് വീരേന്ദ്രകുമാറിന് വിനയാകുന്നത്.

2016 മാർച്ചിലാണു യുഡിഎഫ് നോമിനിയായി ആദ്യം വീരേന്ദ്രകുമാർ രാജ്യസഭയിലെത്തുന്നത്. ഈ മാസം 23 നു നടക്കുന്ന തിരഞ്ഞെടുപ്പിൽ ജയിച്ചാൽ 2022 വരെ അദ്ദേഹത്തിനു രാജ്യസഭാ കാലാവധിയുണ്ട്. അതുവരെ പക്ഷേ ഏതെങ്കിലും പാർട്ടിയുടെ ഔദ്യോഗികപദവികൾ വഹിക്കാൻ കഴിയില്ല. രാജ്യസഭാ സീറ്റിലേക്ക് വീരേന്ദ്രകുമാറിന് യുഡിഎഫ് എതിരാളിയുണ്ട്. ബാബു പ്രസാദാണ് മത്സരിക്കുന്നത്. എന്നാൽ നിയമസഭയിലെ കക്ഷിബലം വച്ച് ഇടത് പിന്തുണയുള്ള വീരേന്ദ്രകുമാറേ ജയിക്കൂ. കെ എം മാണി ആർക്ക് വോട്ട് ചെയ്യുമെന്നതാണ് നിർണ്ണായകം. എംപി.വീരേന്ദ്രകുമാറിനും ഭാര്യയ്ക്കുമായി 49.15 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് നാമനിർദ്ദേശ പത്രിക വ്യക്തമാക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി ബാബു പ്രസാദിനു 27.94 ലക്ഷം രൂപയുടെ സ്വത്തുണ്ട്. നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം ഇരുവരും വരണാധികാരിക്കു നൽകിയ സത്യവാങ്മൂലത്തിലാണ് ഈ വിവരം.

വീരേന്ദ്രകുമാറിന്റെ കൈവശം 15,000 രൂപയും ഭാര്യയുടെ കയ്യിൽ 5000 രൂപയുമാണുള്ളത്. ഇരുവരുടെയും പേരിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിലായി സ്ഥിരം നിക്ഷേപം, കമ്പനികളിൽ ഓഹരി, വാഹനം, 25 പവൻ സ്വർണം എന്നിവയുമുണ്ട്. വീരേന്ദ്രകുമാറിന്റെ പേരിലെ സ്ഥിരം നിക്ഷേപത്തിനും മറ്റ് ആസ്തികൾക്കും 3.76 കോടി രൂപയുടെ മൂല്യവും ഭാര്യ ഉഷയുടെ പേരിൽ 27.78 ലക്ഷം രൂപയുമുണ്ട്. ഇതിനു പുറമെ ഇരുവരുടെയും പേരിൽ 170 ഏക്കർ സ്ഥലം, വാണിജ്യ കെട്ടിടങ്ങൾ, വീടുകൾ എന്നിവയുൾപ്പെടെയാണു 49.15 കോടിയുടെ ആസ്തി. രണ്ടു പേർക്കുമായി 1.98 കോടിയുടെ വായ്പയുമുണ്ട്.

ബാബു പ്രസാദിന്റെ കൈവശം 2000 രൂപയാണുള്ളത്. ഒരു കാർ, സ്‌കൂട്ടർ എന്നിവയ്ക്കു പുറമെ 18.42 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം, 52,000 രൂപയുടെ സ്വർണം എന്നിവയടക്കമാണ് 27.94 ലക്ഷം രൂപയുടെ സ്വത്ത്. 14.24 ലക്ഷം രൂപയുടെ വായ്പയും ബാബു പ്രസാദിന്റെ പേരിലുണ്ട്. ഇരുവരുടെയും പത്രിക സൂക്ഷ്മ പരിശോധനയ്ക്കു ശേഷം സ്വീകരിച്ചു. നാളെയാണു പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP