Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടു തല ചേർന്നാലും നാല് മുല ചേരില്ലെന്നും ഫെമിനിച്ചി എന്ന് വിളിച്ചും പരിഹസിക്കും; ശരിക്കും ഫെമിനിസം എന്ന വാക്കു പലരും തെറ്റിദ്ധരിക്കപ്പെട്ടതാണ്; നിങ്ങൾ തെങ്ങിൽ കയറുന്നു ഞങ്ങൾക്കും കയറണം എന്ന നിലയിലുള്ള ഒന്നല്ല അത്; സൈബർ ആക്രമണങ്ങളെക്കുറിച്ച് രഹാന ഫാത്തിമ മനസ്സ് തുറക്കുന്നു

രണ്ടു തല ചേർന്നാലും നാല് മുല ചേരില്ലെന്നും ഫെമിനിച്ചി എന്ന് വിളിച്ചും പരിഹസിക്കും; ശരിക്കും ഫെമിനിസം എന്ന വാക്കു പലരും തെറ്റിദ്ധരിക്കപ്പെട്ടതാണ്; നിങ്ങൾ തെങ്ങിൽ കയറുന്നു ഞങ്ങൾക്കും കയറണം എന്ന നിലയിലുള്ള ഒന്നല്ല അത്; സൈബർ ആക്രമണങ്ങളെക്കുറിച്ച് രഹാന ഫാത്തിമ മനസ്സ് തുറക്കുന്നു

കൊച്ചി: ഓരോ പെൺകുട്ടികളും പല രീതിയിൽ അപമാനിക്കപ്പെടുന്നുണ്ടെന്നും ഫെമിനിസം എന്ന വാക്ക് പോലും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു എന്ന് പറയുകയാണ് ഏക എന്ന ചിത്രത്തിലെ നായികയായ ഫാത്തിമ രഹാന. ഇതിനൊരു മാറ്റം ഉണ്ടാവാൻ ഇപ്പോൾ വീട്ടിലെ കാര്യങ്ങളിൽ നമ്മൾ ചെയ്യുന്ന ജോലികളിൽ അവരെ പങ്കാളികളാക്കുക അവരുടെ കാര്യങ്ങളിൽ നമ്മളെയും ഉൾക്കൊള്ളിക്കുക അതാണ് വേണ്ടതെന്ന് രഹാന പറയുനു. മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

സ്ത്രീകൾക്ക് പൊതുവെ ഇപ്പോൾ അവരുടേതായുള്ള ഒരു ഇടം എല്ലായിടത്തുമുണ്ട്. സ്ത്രീകൾ പുരുഷന് എല്ലാ രീതിയിലും വെല്ലുവിളിയായി തീരുമോ എന്ന ഭയം കൊണ്ടായിരിക്കാം ഇത്തരത്തിലുള്ള വെല്ലുവിളികൾ ഉയരുന്നത്. നമ്മൾ ജീവിച്ചു വളരുന്ന സാഹചര്യത്തിൽ നമ്മൾ ഇടപെടുന്ന പല അന്തരീക്ഷവുമുണ്ടല്ലോ അതിനെ മനുഷ്യർ നന്നായി സ്ത്രീകൾക്കെതിരെ ഉപയോഗിക്കുന്നുണ്ട്.

അതിപ്പോൾ രാഷ്ട്രീയപരമായാണെങ്കിലും മതപരമായാണെങ്കിലും. പരിധിയിൽ നിൽക്കാതെ വരുമ്പോൾ അവരുടെ ഭയങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കാം. അങ്ങനെ ബോഡിഷെയിമിങ്ങും സെക്‌സ് ഷെയിമിങ്ങും ഒക്കെ ഉണ്ടാവും. പക്ഷേ ഇതിൽ കൂടുതൽ എനിക്കൊന്നും വരാനില്ല എന്ന നിലപാടിൽ പിടിച്ചു നിൽക്കാൻ സ്ത്രീകളെ കൊണ്ടാവണം. അങ്ങനെ വന്നാൽ ഭയം ഇല്ലാതാകും കുറഞ്ഞത് പ്രകടമാകാതെയെങ്കിലുമിരിക്കും.

പൊതുവെ ഇത്തരത്തിൽ സ്ത്രീകളെ അപമാനിക്കുന്നവരുടെ ഉദ്ദേശം ശരീരത്തിന്റേയും ലൈംഗികതയുടെയും ഒക്കെ കാര്യത്തിൽ അപമാനിച്ചാൽ അത് എല്ലാവരും സ്വീകരിക്കും അവർക്കു വേണ്ടി ആരും സംസാരിക്കില്ല എന്നൊക്കെയാണ്. അപ്പോൾ സ്ത്രീകൾ ഒറ്റപ്പെടുമല്ലോ. അങ്ങനെയുള്ള കുറേ വഴികളുണ്ട് സ്ത്രീകളെ ഒറ്റപ്പെടുത്താൻ. ഇപ്പോൾ ഒരു ടീച്ചറോ വക്കീലോ ഒക്കെയാണ് പൊതു സഭയിൽ സംസാരിക്കുന്നതെങ്കിൽ അവർക്ക് അത്രയ്ക്കും എതിർപ്പുകൾ നേരിടേണ്ടി വരില്ല, പക്ഷേ ഒരു സാധാരണ സ്ത്രീ സാഹചര്യങ്ങൾ കൊണ്ട് പ്രതികരിക്കേണ്ടി വന്നാൽ അവൾ മറ്റൊരു രീതിയിൽ തരം താഴ്ന്നു പോകപ്പെട്ടവളാകുന്നു.

പറയണമെന്നില്ല, സമൂഹമാധ്യമങ്ങളിലൊക്കെ എഴുതുന്ന സ്ത്രീകൾക്കും ഇതൊക്കെ നേരിടേണ്ടി വരുന്നുണ്ട്. ഇപ്പോൾ തന്നെ നോക്കൂ, ലൈംഗികതയെക്കുറിച്ച് പൊതുവെ പുരുഷന്മാരെഴുതിയ പുസ്തകങ്ങളും വാക്കുകളുമാണ് നമ്മുടെ മുന്നിലുള്ളത്. അതിൽ നിന്ന് വ്യത്യസ്തമായി ഒരു സ്ത്രീ അവളുടെ ലൈംഗികതയെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും പറയുമ്പോൾ അത് സ്വീകരിക്കാൻ നമ്മുടെ സമൂഹം എപ്പോഴും പര്യാപ്തമായിട്ടില്ല.

അവർ അങ്ങനെ പറയില്ല എന്നാണ് അവർ വിലയിരുത്തുന്നത്. അവർക്കെന്തോ പ്രശ്‌നമുണ്ട് അവർ വേശ്യയാണ് അല്ലെങ്കിൽ സ്ത്രീയുടെ പേരിൽ പുരുഷനാണ് പറയുന്നതെന്ന് വരുത്തി തീർക്കും. സ്ത്രീകളെ തങ്ങളുടെ പരിധിക്കുള്ളിൽ നിർത്തിയാൽ മാത്രമേ അവർക്ക് നിലനിൽപ്പുള്ളൂ എന്ന പോലെയാണ് ഇടപെടലുകൾ. ഇതിൽ സ്ത്രീകളും പുരുഷന്മാരുമുണ്ട്.

ഇപ്പോൾ പൊതുവെ സ്ത്രീകൾക്ക് പഴയ പേടികളൊക്ക കുറേ മാറിയിട്ടുണ്ട്. സ്വന്തം പേരും മുഖവുക്കെ ഇടാൻ അവർ ശ്രദ്ധിക്കുന്നുണ്ട്. അല്ലാതെ എപ്പോഴും ഫേക്ക് ഐഡികളിൽ വരുന്നവർക്ക് വളരെ സ്വകാര്യമായ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാവാം. കുട്ടിക്കാലം മുതൽ തന്നെ പെൺകുട്ടികൾ ഓരോന്നും അനുഭവിച്ചു തന്നെയാണ് വളർന്നു വരുന്നത്. എല്ലാവരുടെയും കഥകളിലുമുണ്ടാകും അവരെ അപമാനിച്ച പുരുഷന്മാർ, അങ്ങനെയുള്ള സ്ത്രീകൾ ഒന്നിച്ചു നിൽക്കുക എന്നൊരവസ്ഥ വന്നാൽ പോലും പുരുഷന്മാർ നമ്മളെ അപമാനിക്കും.

രണ്ടു തല ചേർന്നാലും നാല് മുല ചേരില്ലെന്നും ഫെമിനിച്ചി എന്ന് വിളിച്ചും പരിഹസിക്കും. ശരിക്കും ഫെമിനിസം എന്ന വാക്കു പലരും തെറ്റിദ്ധരിക്കപ്പെട്ടതാണ്. നിങ്ങൾ തെങ്ങിൽ കയറുന്നു ഞങ്ങൾക്കും കയറണം എന്ന നിലയിലുള്ള ഒന്നല്ല അത്. പുരുഷനെ പോലെ തുല്യത നമ്മൾ എല്ലാവരും അവരവരുടേതായ ജോലികൾ ചെയ്യുന്നവരാണ്, അത് പങ്കിടുക വലിയൊരു കാര്യമാണ്. ഇപ്പോൾ വീട്ടിലെ കാര്യങ്ങളിൽ നമ്മൾ ചെയ്യുന്ന ജോലികളിൽ അവരെ പങ്കാളികളാക്കുക അവരുടെ കാര്യങ്ങളിൽ നമ്മളെയും ഉൾക്കൊള്ളിക്കുക അതാണ് വേണ്ടത്.

പലയിടത്തും അമ്മമാർ തന്നെയാണ് ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടത്. നമ്മൾ ആൺകുട്ടികൾക്ക് കരുതൽ കൊടുക്കും പെൺകുട്ടികൾ മാത്രം പണിയെടുക്കണം എന്ന തലത്തിലാണ് കാര്യങ്ങൾ. ആ രീതി തന്നെ മാറണം. ഇനിയെങ്കിലും നമ്മുടെ വീട്ടിലെ പുരുഷന്മാരോട് അതേക്കുറിച്ച് നമുക്ക് സംസാരിക്കാനാകണം. ആദ്യമൊക്കെ നമുക്കാവശ്യമുള്ള സഹായം നാം ചോദിച്ചു വാങ്ങണം. കാരണം അവർക്കറിയില്ലല്ലോ, അവരങ്ങനെയാണ് പരിശീലിക്കപ്പെട്ടത്. പക്ഷേ വീട്ടിൽത്തന്നെ അങ്ങനെ ഒരു പങ്കാളിത്ത തലത്തിൽ എല്ലാം വന്നാൽ അത് സമൂഹത്തിലേക്കും കൊണ്ടു വരാനാകും.

വനിതകൾക്ക് മാത്രമായി ഒരു ദിനം അപ്പോൾ ബാക്കിയുള്ള ദിവസങ്ങൾ പുരുഷന്മാർക്കുള്ളതാണോ അങ്ങനെയൊക്കെ ചോദ്യങ്ങളുണ്ട്. എന്നും വനിതകൾക്കു വേണ്ടി എന്ത് പറയുമ്പോഴും ഈ ദിവസം പോലും ആരും ആഘോഷിക്കാറോ ജീവിതത്തിൽ പ്രാവർത്തികമാക്കാറോ ഇല്ല. വനിതാ ദിനത്തിൽ ഏതെങ്കിലും സ്ത്രീകൾ, അവൾക്കു വേണ്ടി കുറച്ചെങ്കിലും ജീവിക്കാറുണ്ടോ? അങ്ങനെയൊന്നും ഉണ്ടാകുന്നതേയില്ല. പുരുഷനെന്നും പലരീതിയിൽ വ്യത്യസ്തമായിരിക്കും ഓഫീസ് അല്ലെങ്കിൽ സുഹൃത്തുക്കൾ, അവരുടെ ആനന്ദങ്ങൾ അങ്ങനെയൊക്കെ ഓപ്ഷനുകൾ അവർക്കുണ്ട്. പക്ഷേ സ്ത്രീകൾക്ക് അത്തരം സാധ്യതകൾ കുറവാണ്. അങ്ങനെയൊക്കെ നോക്കുമ്പോൾ ഇത്തരം ദിവസങ്ങൾ ആവശ്യം തന്നെയാണെന്ന് ഫാത്തിമ രഹാന പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP