Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡോക്ടർമാർ മരണം വിധിയെഴുതിയപ്പോൾ നിശ്ചയദാർഡ്യം കൊണ്ട് പൊരുതി തോൽപ്പിച്ചു; കൈയും കാലും തളർന്ന് സംസാര ശേഷിയും നഷ്ടമായതോടെ പുരിക കൊടി കൊണ്ട് ആശയ വിനിമയം നടത്തി: സഞ്ചരിക്കുന്ന ചക്ര കസേരയിൽ ഒരു പ്രത്യേകതരം ഉപകരണം ഘടിപ്പിച്ച് ആശയ വിനിമയം കൂടുതൽ എളുപ്പമാക്കി ലോകം മുഴുവൻ ചുറ്റി നടന്ന് ലോകത്തിന് പ്രചോദനമായി: മറഞ്ഞ് പോയത് ലോകത്തെ എട്ടാമത്തെ അത്ഭുതം

ഡോക്ടർമാർ മരണം വിധിയെഴുതിയപ്പോൾ നിശ്ചയദാർഡ്യം കൊണ്ട് പൊരുതി തോൽപ്പിച്ചു; കൈയും കാലും തളർന്ന് സംസാര ശേഷിയും നഷ്ടമായതോടെ പുരിക കൊടി കൊണ്ട് ആശയ വിനിമയം നടത്തി: സഞ്ചരിക്കുന്ന ചക്ര കസേരയിൽ ഒരു പ്രത്യേകതരം ഉപകരണം ഘടിപ്പിച്ച് ആശയ വിനിമയം കൂടുതൽ എളുപ്പമാക്കി ലോകം മുഴുവൻ ചുറ്റി നടന്ന് ലോകത്തിന് പ്രചോദനമായി: മറഞ്ഞ് പോയത് ലോകത്തെ എട്ടാമത്തെ അത്ഭുതം

മറുനാടൻ മലയാളി ബ്യൂറോ

ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിരുന്നു സ്റ്റീഫൻ ഹോക്കിങ്‌സ് എന്ന അതുല്യ പ്രതിഭ. ആർക്കും പ്രചോദനമാകുന്ന ജീവിത പ്രതിഭ. മനസ്സിൽ ഒരു ജീവിത ലക്ഷ്യവും അതു നേടണമെന്ന നിശ്ചയ ധാർഡ്യവും അണയാതെ ജ്വലിച്ചു നിൽക്കുന്നവരുടെ ഡിക്ഷനറിയിൽ 'അസാധ്യം' എന്ന ഒരു വാക്കില്ലെന്നു പറഞ്ഞത് നെപ്പോളിയനായിരുന്നു. എന്നാൽ അക്ഷരാർത്ഥത്തിൽ ഈ വാക്കുകൾ ജീവിതത്തിൽ പ്രാവർത്തികമാക്കിയത് സ്റ്റീഫൻ ഹോക്കിങ്‌സ് തന്നെ ആയിരുന്നു.

രണ്ട് വർഷത്തിനുള്ളിൽ മരിക്കുമെന്ന് ഡോക്ടർമാർ വിധി എഴുതിയപ്പോൾ ആത്മശക്തി കൊണ്ട് മരണത്തെയും തോൽപ്പിച്ച് ലോകത്തിന് ഒരിക്കലും മറക്കാനാവാത്ത പല സിദ്ധാന്തങ്ങളും ആവിഷ്‌ക്കരിച്ച അതുല്യ പ്രതിഭ. മനസ്സ് നിറയെ അദ്ദേഹം കണ്ട സ്വപ്‌നങ്ങളായിരിക്കാം ചലന ശേഷിയോ ഭക്ഷണം കഴിക്കാനുള്ള ശേഷിയോ പോലും ഇല്ലാതിരുന്നിട്ടും അദ്ദേഹത്തെ ജീവിക്കാൻ പ്രേരിപ്പിച്ചത്.

അച്ഛനും അമ്മയ്ക്കും മകനെ ഡോക്ടറാക്കാനായിരുന്നു മോഹം. എന്നാൽ സ്റ്റീഫൻ ഹോക്കിങ്‌സിന് താത്പര്യം ഭൗതിക ശാസ്ത്രത്തോടും ഗണിത ശാസ്ത്രത്തോടുമായിരുന്നു. അങ്ങനെയാണ് ബിരുദ പഠനത്തിനായി ഓക്‌സ്‌ഫോർഡിൽ എത്തിയത്. തുടർന്ന് പ്രശസ്തമായ കേംബ്രഡ്ജ് യൂണിവേഴ്‌സിറ്റിയിൽ ഡോക്ടറൽ ഗവേഷണം തുടങ്ങുമ്പോഴാണ് ആ ദുരന്തം ഹോക്കിങ്‌സിന്റെ ജീവിതത്തെ മാറ്റി മറിച്ചത്.

ശരീരത്തിൽ കൊച്ചു കൊച്ച് മാറ്റങ്ങൾ അനുഭവപ്പെട്ടു തുടങ്ങി. നടക്കുമ്പോൾ വേച്ചു പോകുന്നു. സംസാരിക്കുമ്പോൾ കുഴഞ്ഞു പോകുന്നു. കയ്യിലേയും കാലിലേയും മസിലുകൾ കോച്ചി വലിക്കുന്നു. തെല്ലും ആശങ്കയില്ലാതെയാണ് ഹോക്കിങ്‌സ് ഡോക്ടറെ കാണാൻ പോയത്. തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് ' മോട്ടോർ ന്യൂറോൺ ഡിസീസ്' എന്ന രോഗം അദ്ദേഹത്തെ പിടിപെട്ടതായി കണ്ടെത്തിയത്. ശരീരത്തിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്ന കോശങ്ങളെയും മസിലുകളെയും ക്രമേണ തളർത്തിക്കളയുന്ന ഒരു തരം വൈകല്യമാണിത്.

ഇത് ബാധിക്കുന്നയാളുടെ സംസാരശേഷി, ചലന ശേഷി തുടങ്ങിയവ ക്രമേണ നഷ്ടപ്പെട്ട് ഒടുക്കം ശ്വാസകോശത്തിന്റെ മസിലുകളുടെ പ്രവർത്തനം പോലും നിലച്ച് മരണത്തിനു കീഴടങ്ങും. ഏറിയാൽ രണ്ടു കൊല്ലം മാത്രം. സ്റ്റീഫൻ ഹോക്കിങ്‌സിന്റെ ആയുസ്സിന് ഡോക്ടർമാർ വിധി എഴുതി. ലോകത്തെ കുറിച്ചും ശാസ്ത്രത്തെ കുറിച്ചും ഏറെ സ്വപ്‌നങ്ങൾ കണ്ട ആ ചെറുപ്പക്കാരനെ അത് പാടെ തകർത്തു കളഞ്ഞു.

പക്ഷേ ആ ആശുപത്രിയിൽ നിന്നു തന്നെ ഹോക്കിങ്‌സ് ഉയർത്തെഴുന്നേൽക്കുകയും ചെയ്തു. ആശുപത്രി കിടക്കയിൽ പരിചയപ്പെട്ട കാൻസർ ബാധിതനായ പത്തു വയസ്സുള്ള കുട്ടിയായിരുന്നു ഹോക്കിങ്‌സിനെ സ്വപ്‌നം കാണാൻ വീണ്ടും പ്രേരിപ്പിച്ചത്. തളരാത്ത ആത്മവിശ്വാസവുമായി ആ ആശുപത്രി കിടക്കയിൽ നിന്നു തന്നെ അദ്ദേഹം ഉയർത്തെഴുന്നേറ്റു.

പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്തതു പോലെ കോളേജിലേക്ക് വീണ്ടുമെത്തി ഡോക്ടറേറ്റിനു വേണ്ടിയുള്ള തന്റെ ഗവേഷണം തുടർന്നു. അപ്പോഴും ഹോക്കിങ്‌സിന്റെ ശരീരത്തെ രോഗം കാർന്നു തിന്നു കോണ്ടിരുന്നു. ആദ്യത്തെ ബുദ്ധിമുട്ടുകൾ കൂടി കൂടി വന്നു. നടക്കാൻ വടിയുടെ സഹായം ആവശ്യമായി. നാക്ക് കുഴയാൻ തുടങ്ങിയതോടെ പറയുന്നത് ആർക്കും മനസ്സിലാവാത്ത അവസ്ഥയുമായി. പലപ്പോഴും നടക്കുന്നതിനിടെ കുഴഞ്ഞ് വീണ് തുടങ്ങി. വീൽ ചെയർ ഉപയോഗിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു.

21-ാം വയസ്സിൽ രോഗ ബാധിതനായ അദ്ദേഹം ഡോക്ടർമാർ വിധിയെഴുതിയ രണ്ട് വർഷങ്ങൾക്കിപ്പുറം 65ൽ തന്റെ ഡോക്ടറൽ തീസിസ് പൂർത്തിയാക്കി. ഡോ. സ്റ്റീഫൻ ഹോക്കിങ് ആയി മാറി. 'വികസിക്കുന്ന പ്രപഞ്ചം' ആയിരുന്നു ഗവേഷണ വിഷയം. ശാസ്ത്ര ലോകത്ത് വളരെയേറെ ശ്രദ്ധിക്കപ്പെട്ട ഒരു പ്രബന്ധമായിരുന്നു അദ്ധേഹത്തിന്റെത്. വിവാഹ ജീവിതത്തിലേക്കും അദ്ദേഹം കാലെടുത്തു വെച്ചു. മൂന്ന് മക്കൾക്കും അദ്ദേഹം ജന്മം നൽകി. ഇതിനിടയിൽ രോഗാവസ്ഥയും അദ്ദേഹത്തിന് മേൽ കൂടുതൽ പിടിമുറുക്കി

ജീവിത വിജയങ്ങൾക്കിടയിലും രോഗം അദ്ദേഹത്തെ കൂടുതൽ കൂടുതൽ തളർത്താൻ ശ്രമിച്ചു കൊണ്ടേയിരുന്നു. 1985- ൽ ഫ്രാൻസിലെക്കുള്ള യാത്രാ മദ്ധ്യേ അദ്ദേഹത്തിന് മാരകമായ രീതിയിൽ ന്യൂമോണിയ പിടിപെട്ടു. ദിവസങ്ങൾ കൃത്രിമ ശ്വാസം സ്വീകരിച്ചു ജീവൻ നിലനിർത്തി വെന്റിലെറ്ററിൽ കിടക്കേണ്ടി വന്നു. ഇനിയൊരു തിരിച്ചു വരവില്ലെന്നു ഡോക്ടർമാർ പോലും കരുതിയെങ്കിലും സ്റ്റീഫൻ മരണത്തെ തോൽപ്പിച്ച് ജീവൻ നിലനിർത്തി.

ശരീരത്തെ പൂർണ്ണമായും തളർത്തി കളഞ്ഞ ന്യൂമോണിയ ആകെ ചലന ശേഷി ഉണ്ടായിരുന്ന രണ്ടു വിരലുകളുടെ ചലന ശേഷിയും ഇല്ലാതാക്കി. കൃത്രിമ ശ്വാസം നല്കാൻ തൊണ്ട തുളയ്‌ക്കേണ്ടി വന്നതിനാൽ സ്വന പേടകങ്ങൾ മുറിഞ്ഞു പോയതോടെ ഒരു സ്വരം പോലും ആ ശരീരത്തിൽ നിന്നും കേൾക്കാതായി.

കണ്ണുകൾ ചലിപ്പിക്കാം, പുരികവും , ചുണ്ടും കവിളും പതിയെ ഒന്നനക്കാം. അക്ഷരാർത്ഥത്തിൽ ഒരു ജീവച്ഛവം. എന്നാൽ ആ അവസ്ഥയിലും ജീവിതത്തോട് മല്ലടിച്ചു. ആശയ വിനിമയം നടത്താൻ ഒരു സഹായിയെ വെച്ചു. ഹോക്കിങ് പുരികം ചലിപ്പിക്കുന്നത് അനുസരിച്ച് അക്ഷരങ്ങൾ ഇയാൾ തൊട്ടു കാണിക്കും. അങ്ങനെ ആശയ വിനിമയം നടത്താൻ ശീലിച്ചു. അങ്ങനെയിരിക്കെ, അമേരിക്കയിലെ കാലിഫോർണിയയിലെ സിലിക്കോൺ വാലിയിൽ ഒരു കമ്പ്യൂട്ടർ വിദഗ്ദ്ധൻ ശരീരം തളർന്നവർക്കായി വികസിപ്പിചെടുത്ത പ്രത്യേകതരം ഉപകരണത്തെക്കുറിച്ച് സ്റ്റീഫൻ അറിയാനിടയായി. തന്റെ വീൽ ചെയറിൽ അത് പിടിപ്പിച്ച് ആശയവിനിമയം അത് വഴിയാക്കി.

കവിളിലെ മസിലുകളുടെ ചെറിയ ചലനങ്ങൾ തിരിച്ചറിഞ്ഞ് അവയെ വാക്കുകളാക്കി മാറ്റുന്ന ഒരു സെൻസർ ഘടിപ്പിച്ച അതിസങ്കീർണ്ണമായ ഒരു ഉപകരണമായിരുന്നു അത്. വളരെ പെട്ടന്ന് സ്റ്റീഫൻ അത് ഉപയോഗിക്കാൻ ശീലിച്ചു. ഒരു യന്ത്ര മനുക്ഷ്യൻ സംസാരിക്കും പോലെ അതിന്റെ സ്പീക്കറിലൂടെ അദ്ദേഹത്തിന് പറയാനുള്ള കാര്യങ്ങൾ വിനിമയം ചെയ്യാമെന്നായി. 1988-ൽ 'A Brief History of Time ' എന്ന പേരിൽ തന്റെ ആദ്യ ഗ്രന്ഥം സ്റ്റീഫൻ പുറത്തിറക്കി. അഭൂത പൂർവ്വമായ പ്രതികരണമാണ് ഈ പുസ്തകത്തിന് വായനക്കാരിൽ നിന്ന് ലഭിച്ചത്.

വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഈ ശാസ്ത്ര ഗ്രന്ഥം ഏറ്റമധികം കോപ്പികൾ വിറ്റഴിക്കപ്പെട്ടതിനുള്ള ഗിന്നസ് റിക്കോർഡ് നേടി! സ്‌റീഫൻ ഹോക്കിങ്ങിനെ ലോകം മുഴുവൻ അറിഞ്ഞു. തന്റെ കണ്ടു പിടുത്തങ്ങൾ ശാസ്ത്ര ലോകത്ത് അദ്ധേഹത്തെ ന്യൂട്ടൻ, ഐൻസ്റ്റയിൻ എന്നിവർക്ക് തുല്യരാക്കിയതായി ലോകം വിലയിരുത്തി.

ഇങ്ങനെ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച ഹോക്കിങ് ഈ യുഗത്തിലെത്തന്നെ ഏറ്റവും പേരുകേട്ട ശാസ്ത്രജ്ഞനായി മാറി. തമോഗർത്തങ്ങളെ മനസിലാക്കുന്നതിലും കണികാ പ്രപഞ്ചഘടനാ വിജ്ഞാനീയത്തിലും വലിയ സംഭാവനകൾ നല്കി. അതോടൊപ്പം വീൽചെയറിൽ ഇരുന്ന് ജീവിതം നയിച്ച ഹോക്കിങ് ഒരു സാംസ്‌കാരിക ബിംബവും കീഴടക്കാനാകാത്ത പ്രജ്ഞയുടെ പ്രതീകവുമായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP