Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രസാദ് സർ ആർക്ക് വേണ്ടിയാണ് താങ്കൾ നെൽവയൽ സംരക്ഷിക്കുന്നത്? വെറുതെ കിടക്കുന്ന പാടം കാണുമ്പോൾ വിളയുന്ന നെല്ലല്ല പിടക്കുന്ന നോട്ടാണ് മനസിൽ വരുന്നത്; ഭൂവിനിയോഗത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ സംരക്ഷിച്ചു നിറുത്തുന്ന ഭൂമി അടുത്ത തലമുറ വിറ്റ് വെള്ളം കുടിക്കുമെന്ന് ഓർമിപ്പിക്കുന്നു മുരളി തുമ്മാരുകുടി

പ്രസാദ് സർ ആർക്ക് വേണ്ടിയാണ് താങ്കൾ നെൽവയൽ സംരക്ഷിക്കുന്നത്? വെറുതെ കിടക്കുന്ന പാടം കാണുമ്പോൾ വിളയുന്ന നെല്ലല്ല പിടക്കുന്ന നോട്ടാണ് മനസിൽ വരുന്നത്; ഭൂവിനിയോഗത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ സംരക്ഷിച്ചു നിറുത്തുന്ന ഭൂമി അടുത്ത തലമുറ വിറ്റ് വെള്ളം കുടിക്കുമെന്ന് ഓർമിപ്പിക്കുന്നു മുരളി തുമ്മാരുകുടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാറിയ കാലത്ത്, പുതിയ തലമുറയുടെ മാറിയ അഭിരുചികളും പ്രകൃതി സംരക്ഷണത്തിനും ഭൂവിവിനിയോഗത്തിനും നേരിടേണ്ടി വരുന്ന വൈഷമ്യങ്ങളും ചേർത്തുവായിക്കുകയാണ് മുരളി തുമ്മാരുകുടി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ.നെൽവയൽ സംരക്ഷണ നിയമം അട്ടിമറിക്കുന്നതിനെതിരെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച കൂട്ടധർണയിൽ യുവജനപങ്കാളിത്തം തീരെക്കുറവ്. ഭൂവിനിയോഗത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്താത്തിടത്തോളം കാലം ഇപ്പോൾ സംരക്ഷിച്ചു നിറുത്തുന്ന ഭൂമി, അടുത്ത തലമുറ വിറ്റ് വെള്ളം കുടിക്കുമെന്നതിന്റെ സൂചനയാണിതെന്ന് ഓർമിപ്പിക്കുന്നു അദ്ദേഹം.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പ്രസാദ് സാർ, ആർക്ക് വേണ്ടിയാണ് താങ്കൾ നെൽവയൽ സംരക്ഷിക്കുന്നത് ?

നെൽവയൽ സംരക്ഷണ നിയമം അട്ടിമറിക്കുന്നതിനെതിരെയുള്ള കൂട്ട ധർണ്ണയുടെ ഒരു ചിത്രം കണ്ടു, ഇന്നലെ. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ധർണ്ണ ഉൽഘാടനം ചെയ്തത് ശ്രീ എം കെ പ്രസാദ് ആണ്. ആകെ ഒരു ഡസൻ ആളുകളുണ്ട് പന്തലിൽ.

ഈ ചിത്രത്തിൽ എന്നെ വിഷമിപ്പിച്ചത് അവിടുത്തെ ആളുകളുടെ കുറവല്ല. സത്യത്തിൽ നല്ല സമരം നടത്താൻ ഒരുപാട് ആളുകളുടെ ആവശ്യമില്ല. ഒറ്റയാൾ ആണെങ്കിലും മതി. എന്നാൽ ഈ ഇരിക്കുന്ന ഒരു ഡസൻ ആളുകളിൽ നാല്പതു വയസ്സിനു താഴെയുള്ള ഒറ്റ ആളെ പോലും കണ്ടില്ല.

ഏകദേശം നാല്പത് വർഷമെങ്കിലും ആയിക്കാണും പ്രസാദ് സാർ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി പ്രസംഗിക്കാനും ധർണ്ണയിരിക്കാനും തുടങ്ങിയിട്ട്. എന്നിട്ടും ഇന്നും ഒരു സമരം നടത്തണമെങ്കിൽ സാറും സാറിന്റെ തൊട്ടു താഴെയുള്ള തലമുറയും തന്നെ വേണം. ആർക്കുവേണ്ടിയാണോ സാർ ഈ നെൽവയലും പരിസ്ഥിതിയും ഒക്കെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് അവരൊന്നും പന്തലിലും ഇല്ല, പുറത്തും ഇല്ല.

അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നമ്മുടെ പുതിയ തലമുറക്ക് പരിസ്ഥിതിയെക്കുറിച്ച് പുസ്തകം വായിച്ചോ ഡോക്യൂമെന്ററി കണ്ടോ നേടിയ അറിവേ ഉള്ളൂ. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം അവർ നേരിട്ടറിയുന്നില്ല. എന്റെ ചെറുപ്പകാലത്ത് വെങ്ങോലയിൽ ആളുകൾ കിണർ വെള്ളമാണ് കുടിക്കുന്നത്. കുളിക്കുന്നത് കുളത്തിൽ, കഴിക്കുന്നത് വെങ്ങോലയിലെ പാടത്ത് ഉണ്ടായ അരിയും പച്ചക്കറികളും. അപൂർവ്വം പേർക്കേ പുറം ജോലിയുള്ളൂ, തൊഴിലെടുക്കുന്നത് പറമ്പിലും പാടത്തും, ഫീസ് കൊടുക്കുന്നത് തേങ്ങയും റബറും വിറ്റിട്ടാണ്, അസുഖം വന്നാൽ കഷായമുണ്ടാക്കുന്നത് കുറുന്തോട്ടിയോ ഗരുഡക്കൊടിയോ പോലെയുള്ള ചെടികൾ പറമ്പിൽ നിന്നും പറിച്ചാണ്. ഫുട്ബോൾ കളിക്കുന്നത് പാടത്താണ്. ഇങ്ങനെ ഒക്കെ വളർന്ന ഒരു തലമുറക്ക് പാടവും പറമ്പും അവരുടെ ജീവിതവും തമ്മിലുള്ള ബന്ധം അറിയാം. വയൽ നികത്തിയാൽ, നീരുറവകൾ ഇല്ലാതായാൽ, കൃഷി നിലച്ചാൽ എന്തൊക്കെ സംഭവിക്കും എന്നും.

വെങ്ങോലയിൽ പോലും ഇന്നത്തെ ജീവിതം പഴയതു പോലെയല്ല. വെള്ളം എവിടെ നിന്നോ പൈപ്പിലൂടെ വരുന്നു, അരി സൂപ്പർമാർക്കറ്റിൽ നിന്ന്, കുളി ബാത്റൂമിൽ, കളി കംപ്യൂട്ടറിലും. പണം പിന്നെ എ ടി എമ്മിൽ ഉണ്ടല്ലോ. അസുഖം വന്നാൽ ആശുപത്രിയിൽ പോകാം. അപ്പോൾ പിന്നെ എന്ത് പാടം... എന്ത് പറമ്പ്...? വെങ്ങോലയിൽ നിന്നും ബാംഗ്ലൂരും ബോംബെയിലും പോയി ജീവിക്കുന്നവർ അവരുടെ സ്ഥലം വിറ്റ് കൂടുതൽ വലിയ ഫ്‌ളാറ്റ് വാങ്ങാനായി ശ്രമിക്കുന്നതും അതിനായി വീടുകളിൽ വഴക്കുണ്ടാകുന്നതുമൊക്കെ മിക്ക വീടുകളിലും പതിവാണ്. ഇപ്പോഴും ഗ്രാമമായ വെങ്ങോലയിലെ സ്ഥിതി ഇതാണെങ്കിൽ വെങ്ങോലയെക്കാളും നഗരവൽക്കരിക്കപ്പെട്ട കേരളത്തിലെ മറ്റു പ്രദേശങ്ങളിലെ സ്ഥിതി എന്തായിരിക്കും? വീണ്ടും ചില വീട്ടുകാര്യങ്ങളിലെ റോയി പറയുന്നില്ലേ 'ഞാൻ ഉണ്ടായപ്പോഴേക്കും അപ്പന് പണമായി, അപ്പോൾ ബുദ്ധിമുട്ട് ഒന്നും അനുഭവിക്കേണ്ടി വന്നില്ല, അതുകൊണ്ടാണ് ഞാൻ ഉഴപ്പനായി പോയത്' എന്ന്. അതുപോലെ പ്രകൃതിയിൽ നിന്നും വേറിട്ടൊരു ജീവിതം നമ്മുടെ കുട്ടികൾക്ക് സാധ്യമാക്കിയതിലൂടെ നാം പ്രകൃതിയിൽ നിന്നും അവരെ അകറ്റിയിരിക്കയാണ്. അവർക്കിപ്പോൾ വെറുതെ കിടക്കുന്ന പാടം കാണുമ്പോൾ വിളയുന്ന നെല്ലല്ല, പിടക്കുന്ന നോട്ടാണ് മനസ്സിൽ വരുന്നത്. എന്ത് ചെയ്യാം ?

കേരളത്തിന്റെ പുതിയ സാമ്പത്തിക സാഹചര്യത്തിൽ കൃഷിക്ക് തൽക്കാലം വലിയ സാധ്യതയൊന്നും ഇല്ല. അപ്പോൾ നമ്മുടെ പരിസ്ഥിതി സംരക്ഷിക്കണമെങ്കിൽ സ്ഥലവും പണവും തമ്മിലുള്ള ബന്ധം മുറിച്ചാലേ പറ്റൂ. കേരളത്തിൽ വർഷാവർഷം കൃഷിക്കോ മറ്റാവശ്യത്തിനോ സ്ഥലത്തിന്റെ ആവശ്യം കുറഞ്ഞു വരികയാണ്. മറ്റുള്ളവർ കൂടുതൽ വിലക്ക് വാങ്ങും എന്നതിനാൽ മാത്രമാണ് ഇപ്പോൾ ബഹുഭൂരിപക്ഷം സ്ഥലക്കച്ചവടവും നടക്കുന്നത്. സ്ഥലത്തിന്റെ വില മൊത്തമായി കീഴോട്ട് വന്നാൽ പിന്നെയാരും പാടം നികത്താനും മലയിടിക്കാനും സ്ഥലം തുണ്ടാക്കി വിൽക്കാനും പോകില്ല. എന്നാൽ ശരാശരി മലയാളിയുടെ ബാങ്ക് ബാലൻസും ഇൻഷുറൻസും ഒക്കെ ഇപ്പോഴും അവന്റെ ഭൂമിയാണ്. അതിന്റെ വില കുറച്ചാൽ അത് കേരളത്തിന്റെ ഭാവിക്ക് നല്ലതാണെങ്കിലും ആ തീരുമാനം എടുക്കുന്ന രാഷ്ട്രീയപ്പാർട്ടിയുടെ വർത്തമാനവും ഭാവിയും അപകടത്തിലാകും എന്നതിൽ സംശയം വേണ്ട. പൂച്ചക്കാരും മണി കെട്ടാത്തത് മണിയില്ലാത്തതുകൊണ്ടോ, മടിയായിട്ടോ അല്ല... ചുമ്മാ പൂച്ചയുടെ കടി കൊള്ളണ്ടല്ലോ എന്ന് കരുതിയിട്ടാണ്.

പ്രസാദ് സാറിനൊക്കെ ആരോഗ്യം ഉള്ളിടത്തോളം കാലം അവർ നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാൻ നോക്കും. പക്ഷെ ഭൂവിനിയോഗത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്താത്തിടത്തോളം കാലം അങ്ങനെ സംരക്ഷിച്ചു നിറുത്തുന്ന ഭൂമി, അടുത്ത തലമുറ വിറ്റ് വെള്ളം കുടിക്കും. ഭൂമി നികത്താതെ വിൽക്കാതെ കണ്ണിലെണ്ണയൊഴിച്ച് നോക്കിയിരുന്ന നമ്മൾ മണ്ടന്മാരാവുകയും ചെയ്യും. തൽക്കാMURലം ഇതിന് വേറെ ചികിത്സയൊന്നും ഞാൻ നോക്കിയിട്ട് കാണുന്നില്ല.

മുരളി തുമ്മാരുകുടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP