Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിവറേജസ് വില്പനശാലകളിൽ നിന്ന് വിദേശ നിർമ്മിത വിദേശ മദ്യം വാങ്ങാനുള്ള കാത്തിരിപ്പ് ഇനിയും നീളും; വിദേശ മദ്യനിർമ്മാതാക്കൾക്ക് കേരളം ഇഷ്ടമാർക്കറ്റും; എന്നാലും ഇതിനായി സർക്കാർ കടക്കേണ്ടത് മദ്യനയത്തിലെ പല കടമ്പകൾ; പ്രമുഖ കമ്പനികൾ കേളത്തിലേക്ക് എത്തിയേക്കുമെന്ന് സൂചന

ബിവറേജസ് വില്പനശാലകളിൽ നിന്ന് വിദേശ നിർമ്മിത വിദേശ മദ്യം വാങ്ങാനുള്ള കാത്തിരിപ്പ് ഇനിയും നീളും; വിദേശ മദ്യനിർമ്മാതാക്കൾക്ക് കേരളം ഇഷ്ടമാർക്കറ്റും; എന്നാലും ഇതിനായി സർക്കാർ കടക്കേണ്ടത് മദ്യനയത്തിലെ പല കടമ്പകൾ; പ്രമുഖ കമ്പനികൾ കേളത്തിലേക്ക് എത്തിയേക്കുമെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബെവ്‌കോ-കൺസ്യൂമർ ഫെഡ് ചില്ലറ വില്പനശാലകളിൽ നിന്ന് വിദേശ നിർമ്മിത വിദേശ മദ്യം വാങ്ങാനുള്ള കാത്തിരിപ്പ് നീളും. പുതിയ മദ്യനയത്തിലെ ഒരു വ്യവസ്ഥ അടക്കം പല കടമ്പകളാണ് ഇതിനായി കടക്കേണ്ടത്. എങ്കിലും ബിവറേജസ് കോർപറേഷൻ ഇതിനുള്ള നടപടി ക്രമങ്ങളുമായി മുന്നോട്ടു പോവുകയാണ്.

വിദേശ നിർമ്മിത വിദേശ മദ്യ കമ്പനികളെ മദ്യം സപ്‌ളൈ ചെയ്യാൻ ക്ഷണിച്ചുകൊണ്ടുള്ള ഇ-ടെൻഡർ കാലാവധി മാർച്ച് 23 ന് അവസാനിക്കും. മൂന്ന് ദിവസത്തിനു ശേഷം ടെൻഡർ തുറന്നാലേ എത്ര കമ്പനികൾ പങ്കെടുത്തുവെന്ന് വ്യക്തമാവൂ. വിദേശ മദ്യനിർമ്മാതാക്കൾ കേരള മാർക്കറ്റിലേക്ക് വരാൻ വലിയ താത്പര്യം കാട്ടിയിട്ടുണ്ടെന്ന് ബെവ്‌കോ അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പ്രമുഖ കമ്പനികളുടെ പ്രതിനിധികൾ ബെവ്‌കോ അധികൃതരുമായി ചർച്ചനടത്തി.

വിദേശത്തെയും ഇവിടുത്തെയും മദ്യക്കുപ്പികളുടെ അളവുകളിലെ വ്യത്യാസമാണ് ഒരു പ്രധാന കടമ്പ. വിദേശത്തെ ഒട്ടുമിക്ക ബ്രാൻഡുകളുടെയും സ്റ്റാൻഡേർഡ് അളവ് ഒരു ലിറ്ററാണ്. അതു കഴിഞ്ഞാൽ സാധാരണമായത് അര ലിറ്ററും രണ്ടു ലിറ്ററും. എന്നാൽ വളരെ മുന്തിയ ചില ബ്രാൻഡുകൾ, സ്റ്റാൻഡിൽ വച്ച് ചരിച്ച് ഒഴിക്കാൻ കഴിയുന്ന നാല് ലിറ്റർ കാനുകളും ഇറക്കാറുണ്ട്. എന്നാൽ കേരളത്തിൽ 180, 375,500, 750 മില്ലിലിറ്ററുകളിലാണ് സാധാരണ ബ്രാൻഡുകൾ ഇറങ്ങുന്നത്. ജനപ്രിയ മദ്യങ്ങൾ ഒരു ലിറ്റർ ബോട്ടിലും ഇറക്കുന്നുണ്ട്. ഈ ഘടന അവരും സ്വീകരിക്കേണ്ടിവരുമോ എന്നതാണ് ഒരു പ്രശ്‌നം. നികുതി ഘടനയെക്കുറിച്ചും ഇതേവരെ സർക്കാർ വ്യക്തത വരുത്തിയിട്ടില്ല.

പുതിയ മദ്യനയത്തിലെ ഒന്നാമത്തെ വ്യവസ്ഥ പരിസര മലിനീകരണം തടയുന്നതിന് പ്‌ളാസ്റ്റിക് കുപ്പികളിലെ മദ്യവിതരണം ഘട്ടംഘട്ടമായി നിറുത്തലാക്കുമെന്നതാണ്. മദ്യ കമ്പനികൾ നേരത്തെ തന്നെ ഇതിൽ വിമുഖത പ്രകടിപ്പിച്ചിട്ടുണ്ട്. ബെവ്‌കോ വിതരണം ചെയ്യുന്ന മുക്കാൽ പങ്ക് ബ്രാൻഡുകളും പ്‌ളാസ്റ്റിക് കുപ്പികളിലാണ് എത്തുന്നത്. ഗ്‌ളാസ് കുപ്പികളെ അപേക്ഷിച്ച് പ്‌ളാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചാൽ ഓരോ ലോഡിലും കൂടുതൽ കെയ്‌സ് മദ്യം കയറ്റാമെന്ന ന്യായമാണ് കമ്പനികൾ പറയുന്നത്. കുപ്പികൾ പൊട്ടുന്നതുമൂലമുള്ള ഡാമേജ് നഷ്ടവും ഒഴിവാകും. കയറ്റിറക്കും ലളിതമാവും.

പ്‌ളാസ്റ്റിക് കുപ്പികൾ മൂലമുള്ള പരിസര മലിനീകരണം ഒഴിവാക്കുന്നതിനെക്കുറിച്ച് സർക്കാർ നിർദ്ദേശാനുസരണം ശുചിത്വ മിഷനുമായി ബെവ്‌കോ അധികൃതർ കഴിഞ്ഞമാസം ചർച്ച നടത്തിയിരുന്നു. ബാറുകളിൽ കുന്നുകൂടുന്നതും പൊതു നിരത്തുകളിൽ ഉപേക്ഷിക്കപ്പെടുന്നതുമായ പ്‌ളാസ്റ്രിക് കുപ്പികൾ എങ്ങനെ ഒഴിവാക്കാമെന്നതാണ് ചർച്ചചെയ്തത്. ഇതേക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കാമെന്നാണ് ശുചിത്വമിഷൻ സമ്മതിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP